To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday, 10 August 2018

A Tribute to Violinist A.Kanyakumari

വയലിനിലെ പെൺപെരുമ:
രജീഷ് പാലവിള/തായ് ലാൻഡ്


കർണ്ണാട്ടിക് സംഗീതലോകത്തെ താരപ്രതിഭയാണ് സുപ്രസിദ്ധ വയലിൻവാദകയായ എ.കന്യാകുമാരി(അവസരാള കന്യാകുമാരി). പുരുഷകലാകാരന്മാർ അടക്കിവാണിരുന്ന വയലിൻ വാദനകലയിൽ  വിജയശ്രീലാളിതയായ സ്ത്രീരത്നമാണ് അവർ. 2015 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അനന്യയായ ഈ കലാകാരി ലിംകബുക്ക് റെക്കോർഡ് ഉൾപ്പടെ അനവധി പുരസ്കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട് . എന്നുമാത്രമല്ല സംഗീതകലാകാരന്മാരുടെ സ്വപ്നപദവിയായ മദ്രാസ്സ് മ്യൂസിക്ക് അക്കാഡമിയുടെ സംഗീതകലാനിധിപട്ടം കിട്ടിയ ആദ്യസ്ത്രീ വയലിനിസ്റ്റ് എന്ന ചരിത്രപദവിയും കന്യാകുമാരിക്ക്‌ സ്വന്തമാണ്.

സുബ്ബുഡു എന്നറിയപ്പെടുന്ന വിഖ്യാത സംഗീത-നൃത്തകലാ നിരൂപകൻ  പി.വി.സുബ്രമണ്യൻ, കന്യാകുമാരിയുടെ വയലിൻ വാദനത്തെ ദേവി കന്യാകുമാരിയുടെ തിളക്കമാർന്ന മൂക്കുത്തിയോടാണ് ഉപമിച്ചത്.അദ്ദേഹത്തെപ്പോലെ ഒരാളിൽനിന്നും അങ്ങനെ ഒരു പ്രകീർത്തനമുണ്ടായത് കന്യാകുമാരിയിലെ കലാകാരിക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു.എം.എസ്.സുബ്ബലക്ഷ്മിയാകട്ടെ 'ധനുർവീണപ്രവീണ' എന്നൊരു പദവിയും കന്യാകുമാരിക്ക്‌ സമ്മാനിച്ചു.ഇതിലെല്ലാമുപരി കന്യാകുമാരിയുടെ സംഗീതജീവിതത്തിന്റെ മഹത്തായ നേട്ടം സാക്ഷാൽ എം.എൽ.വസന്തകുമാരി തന്റെ പക്കമേളസംഘത്തിലേക്ക് അവരെ തിരഞ്ഞെടുത്തതായിരുന്നു.അവരുടെ ജീവിതത്തെ മാറ്റിമറിച്ചതും പ്രശസ്തിയുടെ കൊടുമുടികളിൽകൊണ്ടെത്തിച്ചതും മഹാസംഗീതജ്ഞയായ എം.എൽ.വിയുടെ അവാച്യമായ സംഗീതസാന്നിധ്യമായിരുന്നു!




ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ 1952 ഡിസംബർ 31ൽ ഒരു സംഗീതകുടുംബത്തിലാണ്  കന്യാകുമാരിയുടെ ജനനം .അച്ഛൻ അവസരാള രാമരത്നവും വീണാവാദകകൂടിയായ  അമ്മ ജയലക്ഷ്മിയും കന്യാകുമാരിക്ക് ബാല്യത്തിലേ സംഗീതശിക്ഷണങ്ങൾ നൽകി.പ്രസിദ്ധ വയലിനിസ്റ്റ് ഐവാതിരി വിജയേശ്വരറാവുവിൽനിന്നും വയലിൻപഠനം ആരംഭിച്ച കന്യാകുമാരി പിന്നീട് കുടുംബത്തോടൊപ്പം അന്നത്തെ മദ്രാസിലേക്ക് താമസംമാറ്റിയത് അവരിലെ സംഗീതജ്ഞയ്ക്ക് കൂടുതൽ മിഴിവേകി.സംഗീതകലാനിധി ചന്ദ്രശേഖരൻറെ ശിക്ഷണത്തിൽ പഠനംതുടർന്ന അവർ മദ്രാസ്സിലെ ‘ക്വീൻ മേരി മ്യൂസിക് കോളേജി’ൽനിന്നും സംഗീതത്തിൽ ബിരുദംനേടി .1971ൽ  സംഗീതകലാനിധി എം.എൽ.വസന്തകുമാരിയുടെ ഗാനസംഘത്തിൽ ചേരാൻകഴിഞ്ഞത് കന്യാകുമാരിയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.


 
ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾ എം.എൽ.വസന്തകുമാരിയ്ക്കുവേണ്ടി വയലിൻവായിച്ചത് കന്യാകുമാരി ആയിരുന്നു.എം.എൽ.വിയുടെ പക്കമേളത്തിലെ ഒരംഗം മാത്രമായിരുന്നില്ല എം.എൽ.വിയുടെ ശിഷ്യകൂടിയായിരുന്നു അവർ. ശിഷ്യർക്കിടയിലെ ഒരേയൊരു വയലിനിസ്റ്റും കന്യാകുമാരി ആയിരുന്നു! തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ എം.എൽ.വിയോടൊപ്പം വേദികളിൽ വയലിൻ അകമ്പടിതുടങ്ങിയ കന്യാകുമാരി എം.എൽ.വിയുടെ അവസാന നിമിഷംവരെ കച്ചേരികളിൽ അവരെ പിന്തുടർന്നു.എം.എൽ.വിയെപ്പോലെ കൃതഹസ്തയും ശ്രദ്ധേയയുമായ ഒരുമുൻനിര സംഗീതജ്ഞയ്ക്കൊപ്പം ചെറിയപ്രായത്തിൽതന്നെ വേദികൾ പങ്കിടാൻലഭിച്ച അപൂർവ്വഅവസരം കന്യാകുമാരിയുടെ സംഗീതജീവിതത്തിലെ ശ്രുതിമധുരമായ ഒരദ്ധ്യായം തന്നെയായിരുന്നു;വിശേഷിച്ചും സൂക്ഷ്മമായ മനോധർമ്മംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച എം.എൽ.വിയുടെ ശബ്ദത്തിന് അനുപദമായി  വയലിൻവായിക്കാനുള്ള കന്യാകുമാരിയുടെ പാടവം അവരുടെ അസാമാന്യപ്രതിഭയുടെകൂടി തെളിവായിരുന്നു!എം.എൽ.വി  തന്റെ ഗുരുവും അമ്മയും മാതൃകയുമായിരുന്നെന്നും കർണ്ണാട്ടിക്ക് രാഗങ്ങളെ കൂടുതൽ ആഴത്തിൽപഠിക്കാൻ അവർക്ക് കഴിഞ്ഞതും എം.എൽ.വിയുമൊത്തുള്ള സംഗീതയാത്രകളും അനുഭവങ്ങളുമായിരുന്നു എന്നും കന്യാകുമാരി എക്കാലവും അനുസ്മരിച്ചിട്ടുണ്ട്.

സംഗീതപ്രതിഭകളെ സംബന്ധിച്ച് മദ്രാസ്സ് അക്കാഡമിയുടെ സംഗീതകലാനിധി പട്ടം വിലമതിക്കാനാവാത്ത ഒരു പുരസ്കാരമാണല്ലോ.അതവർക്ക് നൽകുന്ന അഭിമാനവും സ്ഥാനവും ചെറുതല്ല.ഒരുപക്ഷെ മ്യൂസിക്ക് അക്കാഡമിക്ക് കർണ്ണാട്ടിക്ക് സംഗീതലോകത്തുള്ള ചരിത്രപരമായ പ്രാധാന്യം കൊണ്ടാകാമിത്.അതുകൊണ്ടുതന്നെ മ്യൂസിക്ക് അക്കാഡമിയുടെ അംഗീകാരം കിട്ടിയാൽ മറ്റൊരുപുരസ്കാരവും ലഭിച്ചില്ലെങ്കിലും അതൊരു ബഹുമതിയാണ്.അതുപോലെ ഏതു പുരസ്‌കാരം ലഭിച്ചാലും സംഗീതകലാനിധിപ്പട്ടം ഇല്ലെങ്കിൽ അതൊരു കുറവുതന്നെയാണ് എന്നാണ് സംഗീതലോകത്തെ പരസ്യമായ രഹസ്യം!!സംഗീതകലാനിധിയായിരുന്ന  എം.എൽ.വിയുടെ മൂന്നുപ്രമുഖ ശിഷ്യർക്കും  സംഗീതലാനിധിപട്ടം നേടാൻകഴിഞ്ഞത് എടുത്തുപറയേണ്ട കാര്യമാണ്.കന്യാകുമാരിക്ക്‌ മുൻപേ  എം.എൽ.വിയുടെ സംഗീതശിക്ഷണത്തിൽവളർന്ന അവരുടെ മറ്റുരണ്ടു പ്രധാനശിഷ്യർ സുപ്രസിദ്ധസംഗീതജ്ഞ സുധാരഘുനാഥും മൃദംഗവിദ്വാൻ തിരുവരൂർ ഭക്തവത്സലവും മദ്രാസ്സ് മ്യൂസിക്ക് അക്കാഡമിയുടെ പരമോന്നതബഹുമതിയായ 'സംഗീതകലാനിധിപ്പട്ടം' കരസ്ഥമാക്കി. എം.എൽ.വി എന്ന സംഗീതജ്ഞയുടെ ശിക്ഷണപാടവത്തിന്റെകൂടി  തെളിവായി അതിനെ വിലയിരുത്തേണ്ടതുണ്ട്!


വോക്കൽകച്ചേരികളുടെ പക്കമേളങ്ങൾക്ക് പുറമേ  ഇതര ഉപകരണസംഗീതജ്ഞരുമായി അനവധി വേദികളിൽ  'വാദ്യലഹരി'  പരിപാടികളും ജുഗൽബന്ദികളും കന്യാകുമാരി നടത്തിവരുന്നു.സുപ്രസിദ്ധ ഉപകരണസംഗീതജ്ഞരായ കാദ്രി ഗോപിനാഥ്‌ (സാക്സോഫോൺ),എ.കെ.പളനിവേൽ (തവിൽ),സക്കീർ ഹുസൈൻ (തബല) തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർക്കൊപ്പം അവർ നടത്തിയ വയലിൻ കച്ചേരികൾ ആസ്വാദകരുടെ മനംകവർന്നവയാണ്.എണ്ണമറ്റ ഉപകരണകലാകാരന്മാരെ അണിനിരത്തി ഫ്യുഷൻ സംഗീതത്തിന്റെ പുതിയപരീക്ഷണങ്ങളും അവർ വിജയകരമായി ചെയ്തിട്ടുണ്ട് .രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്ത അത്തരം പരിപാടികളിലൂടെ അനേകം വിദേശരാജ്യങ്ങളിൽ കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ആരാധകരെ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. .ഇവയ്‌ക്കെല്ലാം പുറമേ 'സപ്താദ്രി' എന്ന പേരിൽ ഏഴ് പുതിയ രാഗങ്ങൾ കന്യാകുമാരിയുടേതായുണ്ട്.

‘വയലിനിലെ പെൺപെരുമ’ ശ്രദ്ധേയമായ സാന്നിധ്യമായി ജീവിതസായാഹ്നത്തിലും തന്റെ ജൈത്രയാത്ര തുടരുകയാണ്

A Tribute to Subbaraya Shasthrikal

സൗഭാഗ്യശ്രീമാനായ ഒരു സംഗീതജ്ഞൻ
രജീഷ് പാലവിള ,തായ് ലാൻഡ്




 കലയിൽ പ്രത്യേകിച്ചും സംഗീതത്തിൽ ഏറ്റവും സവിശേഷമായ ഒന്നാണ് പ്രതിഭാധനരും  പരിചയസമ്പന്നരുമായ  ഗുരുക്കന്മാരെ  ലഭിക്കുക എന്നത് .ശിഷ്യന്മാരുടെ കഴിവ്തിരിച്ചറിയാനും വേണ്ടവിധത്തിൽ പരിപോഷിപ്പിക്കാനും നല്ലൊരു ഗുരുവിനുമാത്രമേ കഴിയൂ.സംഗീതത്തിനുവേണ്ടി ആത്മസമർപ്പണംചെയ്തവരും ശ്രദ്ധാലുക്കളും  നിത്യഗാനോപാസകരുമായ സംഗീതജ്ഞർക്കാകട്ടെ ജിജ്ഞാസുക്കളും പ്രതിഭകളുമായ  ശിഷ്യന്മാരെ കണ്ടെത്തിഅഭ്യസിപ്പിക്കുക എന്നത് അത്രമേൽ അനായാസവും ആനന്ദകരവുമായ ഒരുപ്രവൃത്തിയിരിക്കും.അത്തരം ഗുരുക്കന്മാരെ ലഭിക്കുന്നതിൽപരം വലിയൊരുഭാഗ്യം സംഗീതലോകത്തിലില്ല .ഗുരുക്കന്മാർ 'ചമയുന്നവരുടെ' എണ്ണംകൂടുന്ന ഇക്കാലത്ത് കോലാഹലങ്ങൾ ചില്ലറയല്ലല്ലോ! ഭാഷയോടും അർത്ഥഭംഗിയോടും യാതൊരുവിധ നീതിയുംപുലർത്താതെ കേവലം  ശബ്ദകസറത്തുകൾ നടത്താനായിട്ട് കുട്ടികളെ  'ട്യൂൺ' ചെയ്തുവിടുന്നതാണ് കർണ്ണാട്ടിക് സംഗീതമെന്നപോലെയാണ് ഇത്തരം  'അധ്യാപകവേഷങ്ങൾ' അഭ്യാസംനടത്തുന്നത് .പൂന്താനം പാടിയപോലെ വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാൻമാരെന്നുനടിക്കുന്ന ഇവർ  'ഗുരുദക്ഷിണ'യുടെ പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയും വിദ്യാർത്ഥികളുടെ കലോത്സവവേദികളിലൊക്കെ വഴക്കിട്ടും വീമ്പുപറഞ്ഞും തമ്മിൽതല്ലുന്ന 'അപസ്വരങ്ങളായി'  ഈ രംഗത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു എന്നത് അതിശയോക്തിയല്ല.എങ്കിലും  മഹാസംഗീതജ്ഞർ പകർന്നുതന്ന മഹത്തായ സംഗീതപാരമ്പര്യത്തെ മുറുകെപിടിക്കുന്ന അനേകംപേരുണ്ട്.അവരുടെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കർണാടിക് സംഗീതത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും നിലനിർത്തുന്നതിൽ വലിയപങ്കുവഹിക്കുന്നു.നിറവും മണവും മധുവുമുള്ള പൂക്കളെത്തേടി ശലഭങ്ങൾഎന്നപോലെ പ്രയത്നശാലികളും പ്രതിഭകളുമായ സംഗീതവിദ്യാർത്ഥികൾ ഇത്തരം ഗുരുക്കന്മാരെത്തേടിയെത്തി തങ്ങളുടെ സംഗീതജീവിതം കൂടുതൽ ശ്രുതിമധുരമാക്കുന്നു.


ഏതെങ്കിലും തരത്തിലുള്ള ശബ്ദറെക്കോർഡിങ്സംവിധാനങ്ങളോ റേഡിയോയോ ഒന്നുമില്ലാതിരുന്ന കാലഘട്ടങ്ങളിൽ ജീവിച്ച  മഹാസംഗീതജ്ഞരുടെ കൃതികളും ശൈലികളുമൊക്കെ നമുക്ക് പകർന്നുകിട്ടിയത് അവരുടെ ശിഷ്യപരമ്പരകളിലൂടെയാണ്.അതുകൊണ്ടുതന്നെ ഗുരു-ശിഷ്യപാരമ്പര്യത്തിന്റെ ചരിത്രംകൂടിയാണ് സംഗീതത്തിനുള്ളത്.കർണ്ണാട്ടിക് സംഗീതത്തിന്റെ പിതാമഹൻ എന്ന് പുകഴ്പെട്ട പുരന്തരദാസന്റെയോ    ത്രിരത്നങ്ങളായ ത്യാഗരാജസ്വാമികളുടേയോ  ശ്യാമശാസ്ത്രികളുടേയോ  മുത്തുസ്വാമി ദീക്ഷിതരുടേയോ ഒക്കെ  എണ്ണമറ്റ ശിഷ്യപരമ്പരകളുടെ കണ്ണികളാവുക എന്നത്പോലും  സംഗീതവിദ്യാർത്ഥികളെ സംബന്ധിച്ച്  മഹാഭാഗ്യങ്ങളാണ്.പ്രതിഭകൊണ്ടും സംഗീതപാഠവംകൊണ്ടും  അദ്വിതീയന്മാരായ ഈ സംഗീതരാജാക്കന്മാരുടെ ശിഷ്യന്മാരൊക്കെ കർണാടിക് സംഗീതചരിത്രത്തിന്റെ മഹാശില്പികളുമാണ്.സംഗീതപ്രഭുക്കളായ ആ ഗുരുക്കന്മാരുടെ ശിഷ്യരായി അവരോടൊപ്പം ജീവിക്കാനും ആ കൃതികളുടെ അവാച്യസുന്ദരമായ ആലാപനത്തിന്റെ മാസ്മരികലോകങ്ങളിൽ അഭിരമിക്കാൻ ഭാഗ്യംലഭിക്കുകയും അവരുടെ കൃതികളും ശൈലികളുമൊക്കെ പകർത്തിവച്ച്  വരുംതലമുറകൾക്ക്കൂടി അതിരില്ലാത്ത ആനന്ദത്തിന്റെ അനുഭൂതികൾ പകർന്നുവച്ച ആ മഹാനുഭാവന്മാരെ കൃതജ്ഞതയോടെ എക്കാലവും സ്മരിക്കണം.

ത്യാഗരാജനോ ശ്യാമശാസ്ത്രികളോ എങ്ങനെയായിരിക്കും പാടിയതെന്നും അവരുടെ ശബ്ദവും ഭാവവുമൊക്കെ എങ്ങനെയായിരുന്നു എന്നുമൊക്കെ ചിന്തിച്ചു നോക്കുന്നതുപോലും നമ്മിൽ ഉണർത്തുന്ന കൗതുകവും ആവേശവും ചെറുതല്ല .അപ്പോൾ അവരുടെ ശിഷ്യരാകാൻ കഴിഞ്ഞവരുടെ ഭാഗ്യത്തെക്കുറിച്ച് പറയാൻ വാക്കുകളുമില്ല !സംഗീത-ചക്രവർത്തിമാരിൽ  ഒരാളുടെയെങ്കിലും ശിഷ്യനോ ആ ശിഷ്യപരമ്പരകളുടെ കണ്ണിയാവുക  എന്നത്പോലും അനുപമമായ പദവിയാണ്. അങ്ങനെയിരിക്കെ ആ സംഗീത ത്രിരത്നങ്ങളെ  മൂന്നുപേരെയും  ഒരാൾക്ക്ഗുരുക്കന്മാരായി ലഭിച്ചാലുള്ള കഥയെന്താവും !അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ മഹാഭാഗ്യം ലഭിച്ച ഒരു മഹാസംഗീതജ്ഞനുണ്ട് ,സാക്ഷാൽ സുബ്ബരായ ശാസ്ത്രികൾ! ശ്യാമശാസ്ത്രികളുടെ ഇളയമകനായിരുന്ന അദ്ദേഹത്തിന് മഹാനായ അച്ഛനിൽനിന്നും സംഗീതം പഠിക്കുന്നതിനൊപ്പം ത്യാഗരാജസ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും കീഴിൽ സംഗീതംപഠിക്കാനുള്ള അപൂർവ്വഭാഗ്യമുണ്ടായി .ഇങ്ങനെയൊരു സൗഭാഗ്യശ്രീമാനാവാൻ കഴിഞ്ഞത് സുബ്ബരായ ശാസ്ത്രികൾക്ക് മാത്രമായിരുന്നു.തന്റെ കീഴിൽ സംഗീതാഭ്യാസം തുടങ്ങിയ പ്രിയ പുത്രനെ തിരുവൈയാറിലെ ത്യാഗരാജസ്വാമികളുടെ അടുക്കലേക്ക് അയച്ചത് ശ്യാമശാസ്ത്രികളായിരുന്നു .ശാസ്ത്രികളോട് സ്നേഹ-ബഹുമാനങ്ങളുണ്ടായിരുന്ന ത്യാഗരാജൻ തന്റെശിഷ്യനായി സുബ്ബരായനെ സ്വീകരിക്കുകയും സംഗീതം പഠിപ്പിക്കുകയുംചെയ്തു.പ്രതിഭാധനനായിരുന്ന ആ സംഗീതവിദ്യാർത്ഥി ത്യാഗരാജന്റെ പ്രിയശിഷ്യനായിത്തീരുകയും ചെയ്തു .കുറച്ചുകാലം ത്യാഗരാജനോടൊപ്പമുള്ള  പഠനത്തിനുശേഷം സുബ്ബരായൻ,അച്ഛന്റെ ശിക്ഷണത്തിൽ  തന്റെസ്വദേശമായ തഞ്ചാവൂരിൽ പഠനം തുടർന്നു.അക്കാലത്ത് അവിടെയെത്തിയ സാക്ഷാൽ മുത്തുസ്വാമി ദീക്ഷിതർ ശ്യാമശാസ്ത്രികളുടെ വീടിനടുത്ത് താമസിക്കാനിടവരികയും ആ മഹാസംഗീതജ്ഞന്മാർക്ക് തങ്ങളിൽ കാണാനും സംഗീതസല്ലാപങ്ങൾ നടത്താൻ അവസരമുണ്ടാവുകയും ചെയ്തു.ശ്യാമശാസ്ത്രികളോടൊപ്പം ആ ചർച്ചകളിൽ സുബ്ബരായനും പങ്കെടുക്കുകയും അച്ഛന്റെ ആവശ്യപ്രകാരം താൻ സ്വന്തമായി ചിട്ടപ്പെടുത്തിയ ചില കൃതികൾ മുത്തുസ്വാമി ദീക്ഷിതരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആലാപനത്തിലും സംഗീതത്തിലും സംതൃപ്തനായ ദീക്ഷിതർ തന്റെശിഷ്യന്റെ സ്ഥാനംകൊടുത്ത്കൊണ്ട് സുബ്ബരായനെ തന്റെകൃതികൾ ചൊല്ലിപ്പഠിപ്പിക്കുകയുംചെയ്തു .മഹാജ്ഞാനികളായ ആ മൂന്നുസംഗീതജ്ഞരുടേയും സ്വാധീനം സുബ്ബരായന്റെ സംഗീതത്തിൽ പ്രകടമായി എന്നൊരു വിശേഷംകൂടി അതുകൊണ്ടുണ്ടായി.അച്ഛൻ ശ്യാമശാസ്ത്രിയുടെ  ചിട്ടസ്വരങ്ങളും ത്യാഗരാജസ്വാമികളുടെ 'മധ്യമകാലം' ദീക്ഷിതരുടെ 'മൃദുവേഗത' എന്നിവ സുബ്ബരായ ശാസ്ത്രികളുടെ കൃതികളുടെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.വളരെക്കുറച്ചു കൃതികൾമാത്രം ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ അധികവും ശ്യാമശാസ്ത്രികളുടേത്പോലെ ദേവീസ്തുതികളായിരുന്നു.തെലുങ്കിൽ രചിക്കപ്പെട്ട ജനനീ നിനുവിന,നിന്നുസേവിഞ്ചിന,ഓ ജഗതാംബ തുടങ്ങിയ അദ്ദേഹത്തിന്റെ സുപ്രസിദ്ധകൃതികളിൽ ചിലതാണ്.സുബ്ബരായ ശാസ്ത്രികൾ മികച്ച വയലിനിസ്റ്റ് എന്ന നിലയിലും അറിയപ്പെട്ടിരുന്നു.സുബ്ബരായ കൃതികളുടെ ഏറ്റവും ശ്രദ്ധേയമായ ആലാപനങ്ങൾ കർണ്ണാട്ടിക് സംഗീതലോകത്തെ സുവർണ്ണതാരമായ സംഗീതകലാനിധി  എം.ഡി.രാമനാഥന്റേതായി വിലയിരുത്തപ്പെടുന്നു.  

കർണ്ണാട്ടിക് സംഗീതത്തിലെ മൂർത്തികളായ  മൂന്നുമഹാസംഗീതജ്ഞരുടെ ശിക്ഷണംലഭിച്ച സുബ്ബരായശാസ്ത്രികളുടെ ആ അപൂർവ്വഭാഗ്യം കർണ്ണാട്ടിക് സംഗീതചരിത്രത്തിലെ   അവിസ്മരണീയമായ ഒരേടായി അദ്ദേഹത്തിന്റെ കൃതികളോടൊപ്പം എക്കാലവും വാഴ്ത്തപ്പെടും



A Tribute to M.L.Vasanthakumari

'എം.എൽ.വി'  എന്ന വസന്തകോകിലത്തെ ഓർക്കുമ്പോൾ
രജീഷ് പാലവിള ,തായ് ലാൻഡ്

കർണ്ണാട്ടിക് സംഗീതലോകത്തെ എക്കാലത്തെയും അപൂർവ്വമഹാപ്രതിഭയാണ്   'എം.എൽ.വി' എന്ന ചുരുക്കപേരിൽ ആസ്വാദകർ ആരാധനയോടെ വിളിക്കുന്ന സംഗീതകലാനിധി-പദ്മഭൂഷൺ എം.എൽ.വസന്തകുമാരി.
കർണ്ണാട്ടിക് സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത മധുരോപഹാരങ്ങൾനൽകി മണ്മറഞ്ഞ ആ അതുല്യപ്രതിഭയുടെ തൊണ്ണൂറാം ജന്മവാർഷികമായിരുന്നു ജൂലൈ 3ന്.രാഗവിസ്താരങ്ങളിലെ സൂക്ഷ്മതയും സങ്കീർണ്ണമായ താളവിന്യാസത്തിലെ വിസ്മയകരമായ തന്മയത്വവുംനിറഞ്ഞ അവരുടെ ആലാപനങ്ങൾ കർണ്ണാടിക് സംഗീതലോകത്തെ ചക്രവർത്തിമാരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.എം.എസ്.സുബ്ബലക്ഷ്മിക്കും ഡി.കെ.പട്ടമ്മാളിനുമൊപ്പം സംഗീതത്തിലെ സ്ത്രീ-ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുമ്പോഴും മാസ്മരികമായ മനോധർമ്മത്തിന്റെ സാങ്കേതികതയിലും കയ്യടക്കത്തിലും ജ്ഞാനത്തിലും ആലാപനത്തിന്റെ മാധുര്യത്തിലും മറ്റുരണ്ടുപേരെക്കാളും ഒരുപടിമുന്നിലായിരുന്നു എം.എൽ.വി എന്നാണ് അവരുടെ സംഗീതാസ്വാദകൻ എന്ന നിലയിൽ എന്റെ വിശ്വാസം
സംഗീതത്തിന്റെ വായ്ത്താരികൾനിറഞ്ഞ കുടുംബത്തിലായിരുന്നു  എം.എൽ.വിയുടെ പിറവി.പ്രമുഖസംഗീതജ്ഞരായിരുന്ന കുത്തനൂർ അയ്യാസ്വാമി അയ്യരുടേയും ലളിതാംഗിയുടേയും മകളായി 1928 ജൂലൈ 3ന് ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രവിശ്യയിലാണ് അവർ ജനിച്ചത്. എം.എൽ.വിയുടെ ജീവിതത്തെ മാറ്റിമറിച്ചത് സാക്ഷാൽ ജി.എൻ.ബാലസുബ്ര്യമണ്യ(ജി.എൻ.ബി )മെന്ന പ്രതിഭാധനനായ സംഗീതജ്ഞനായിരുന്നു. 'എം.എൽ.വി' തൻറെ പതിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ കച്ചേരിനടത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ജി.എൻ.ബി  അവരുടെ അസാധാരണമായ  ആലാപനം ശ്രദ്ധിക്കുകയും അവരെ ശിഷ്യയായി സ്വീകരിക്കുകയും ചെയ്തു. അവരിലെ പ്രതിഭയെ വേണ്ടവിധത്തിൽ പ്രോജ്ജ്വലിപ്പിച്ച അദ്ദേഹം ശിഷ്യയുടെ അറിവിലും മനോധർമ്മത്തിലും തികഞ്ഞവിശ്വാസവും ആദരവും പ്രകടിപ്പിച്ചു .തന്നിൽനിന്നും സംഗീതത്തിന്റെ അറിവുകൾ സ്വാംശീകരിച്ച് തന്റേതായ വഴികണ്ടെത്തിയ പ്രതിഭ എന്നാണ് അദ്ദേഹം 'എം.എൽ.വി' യെക്കുറിച്ച് പറഞ്ഞത്. കച്ചേരിക്കുള്ള യാത്രകളിൽ കാറിലിരുന്ന് മനോധർമ്മം ശീലിക്കുന്ന 'എം.എൽ.വി' യെക്കുറിച്ച് പലരും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.കൗതുകത്തോടെയും ആകാംക്ഷയോടുമല്ലാതെ അവരുടെ കച്ചേരിയിൽ പക്കമേളക്കാർക്ക് ഇരിക്കാൻ കഴിയുമായിരുന്നില്ല .അത്ര സൂക്ഷ്മമായ മനോധർമ്മമായിരുന്നു അവരുടേത്  . 'എം.എൽ.വി' യുടെ പ്രശസ്തശിഷ്യയായ ശ്രീമതി സുധാരഘുനാഥൻ ഇതിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് തന്റെ പന്ത്രണ്ടുവർഷത്തെ ശിക്ഷണത്തിനിടയിൽ ഒരിക്കൽപോലും അമ്മ ('എം.എൽ.വി' ) വീട്ടിലിരുന്നു സാധകം ചെയ്യുന്നത് കണ്ടിട്ടേയില്ല എന്നാണ് .അവരെ അത്ഭുതപ്പെടുത്തിയ ഒരു സംഗതി ഒരിക്കൽ ഒരു കച്ചേരിയ്ക്ക് പോകുംവഴി കാറിലിരുന്ന് 'എം.എൽ.വി' ഒരു പല്ലവി ചിട്ടപ്പെടുത്തിയ കാര്യമാണ് .കച്ചേരി നടക്കുന്ന ഇടം കല്യാണസ്ഥലമോ സംഗീതസഭയോ ക്ഷേത്രാങ്കണമോ എവിടെ ആയാലും കൃതഹസ്തയായ ആ സംഗീതജ്ഞ ആസ്വാദകരുടെ ശ്രദ്ധ തന്റെഗാനത്തിലേക്ക്  ആകർഷിക്കാൻപോന്ന കയ്യടക്കമുള്ള ആളായിരുന്നു! ശ്രുതിഭേദംവരുത്തി നിമിഷങ്ങൾക്കുള്ളിൽ പല്ലവികൾ പാടാനുള്ള അവരുടെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു.ഒരുകാലത്തും ചോദ്യം ചെയ്യപ്പെടാൻ ഇടയില്ലാത്ത സംഗീതലോകത്തിന്റെ മഹാറാണിയാണ് 'എം.എൽ.വി' എന്നാണ്  സുധാരഘുനാഥൻ ഗുരുവിനെക്കുറിച്ച്  അഭിമാനത്തോടെ പറയുന്നത്. സ്ത്രീകളുടെ കച്ചേരിക്ക് പക്കമേളത്തിൽ പങ്കെടുക്കുകയില്ല എന്ന ശാഠ്യമുണ്ടായിരുന്ന മൃദംഗവിദ്വാൻ  സാക്ഷാൽ പാലക്കാട്ട് മണിഅയ്യർ 'എം.എൽ.വി' ക്ക് വേണ്ടി മൃദംഗം വായിച്ചപ്പോൾ പറഞ്ഞത് അവർക്ക് വേണ്ടി കൊട്ടാതെ തന്റെ സംഗീതസപര്യ പൂർണ്ണമാകില്ല എന്നായിരുന്നു.അതായിരുന്നു 'എം.എൽ.വി'   ! പുരന്ദരദാസകൃതികളുടെ ഉപാസകയായിരുന്ന അമ്മ ലളിതാംഗിയുടെ സ്വാധീനമെന്നോണം 'എം.എൽ.വി' യും പിൽക്കാലത്ത് പുരന്ദരദാസകൃതികൾ തന്റെ കച്ചേരികളിൽ കൂടുതൽഉൾപ്പെടുത്തുകയും തന്റെ സിദ്ധിയിലൂടെ അവയ്ക്ക് പുതുജീവൻ നൽകുകയും ചെയ്തു.
സംഗീതജ്ഞ എന്ന നിലയിൽ മാത്രമല്ല ചലച്ചിത്രപിന്നണിഗായിക എന്നനിലയിലും അവർ ഖ്യാതിനേടി . ഭാരതീയാരുടെ ‘ചിന്നൻചിറ കിളിയേ’ എന്ന ഒറ്റഗാനം മാത്രംമതി ചലച്ചിത്രഗാനലോകത്തെ അവരുടെ ലബ്ധപ്രതിഷ്‌ഠയ്ക്ക്! 'എം.എൽ.വി' ആലപിച്ച ഭരതനാട്യപദങ്ങളുടെ കാര്യംകൂടി പറയാതെവയ്യ.രാജ്യത്തെ നർത്തകർക്കിടയിൽ വലിയ പ്രചാരമാണ് അതിനു ലഭിച്ചത്.നൃത്തത്തിന് അനുഗുണമായതലത്തിൽ താളങ്ങളുടെ സൂക്ഷ്മസമ്മേളനങ്ങൾ നിറഞ്ഞ അവയുടെസൗന്ദര്യം അത്രനേൽ സ്തുത്യർഹവും എക്കാലത്തും മാറ്റോടുകൂടിനിൽക്കുന്നതുമാണ്. തമിഴ്  തെലുങ്ക് കന്നഡ ഇംഗ്ളീഷ് തുടങ്ങിയ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ അവർക്ക് കഴിയുമായിരുന്നു .കീർത്തനങ്ങളുടെ അർത്ഥം ഗ്രഹിക്കാനുള്ള അവരുടെ ഇച്ഛാശക്തിയും സമർപ്പണബോധവും എടുത്ത്പറയേണ്ടതുമാണ്
ആ മഹാസംഗീതജ്ഞയുടെ ഓർമ്മകൾക്ക്മുന്നിൽ സംഗീതപ്രണാമം





Wednesday, 10 August 2016

Sound Noise

അപശബ്ദങ്ങള്‍

ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വര്‍ഗ്ഗീയവാദികളുടെ കവലപ്രസംഗം വേണ്ടിവന്നു എന്നതാണ് ഏറ്റവും സഹതാപകരമായ കാര്യം. ഈവിഷയം കൂട്ടുത്തരവാദിത്വത്തിന്റെതാണ്.
ഒരുപരിപാടിനടക്കുന്ന ഇത്രചുറ്റളവില്‍ അനുവദനീയമായ സമയത്തിലും ശബ്ദത്തിലുംമാത്രം  മൈക്രോഫോണ്‍/ലൌഡ്സ്പീക്കര്‍ സംവിധാനങ്ങള്‍
ഉപയോഗിക്കണം എന്നതില്‍  നമുക്ക് ഇനിയും ബോധമുണ്ടായിട്ടില്ല.
ശബ്ദനിയന്ത്രണത്തില്‍ രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍
ആരും തയ്യാറല്ല .ഒരുപരിപാടി  അവിടെ ഒത്തുകൂടുന്നവരിലേക്ക്
അവിടുത്തെ ശബ്ദങ്ങളൊക്കെ ഒതുക്കി നിര്‍ത്തുന്നത് നമുക്കത്രമേല്‍ കുറച്ചിലാണ് .പോക്കറ്റ് റേഡിയോയ്ക്ക്പോലും കൂട്ടിവക്കാന്‍ തരത്തില്‍ ഒച്ചയുണ്ടെന്ന്‍ അനവസരത്തിലും നാം കാണിച്ചുകൊടുക്കും !
കഴിയുന്നത്ര ഉച്ചത്തില്‍ മറ്റുള്ളവരിലേക്ക് ശബ്ദവിസര്‍ജ്ജ്യനം നടത്തുക എന്നതിലാണ്  നമ്മുടെ ആവേശവും സുഖവും .ഇത് ഒരവകാശംപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ മതസ്ഥാപനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും മതേതരസ്ഥാപനങ്ങളും  ആര്‍ട്ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട്സ് ക്ലബ്ബുകളും  ഒക്കെയുണ്ട്.രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ പൊതുജനജീവിതം പലരീതിയില്‍ താറുമാറാകുന്ന നമ്മുടെ രാജ്യത്ത് ഇതൊക്കെ പൂര്‍ണ്ണമായും അവസാനിക്കപ്പെടണം എന്നത്
'എത്ര മനോഹരമായൊരു നടക്കാത്ത സ്വപ്നം' മാത്രമായിരിക്കും .ഇക്കാര്യത്തില്‍ നിഷ്പക്ഷമായി സംസാരിക്കാന്‍പോലും  ആര്‍ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എം.എസ്.സുബ്ബലക്ഷ്മിയുടെ കൌസല്യസുപ്രഭാതവും സംഗീതാത്മകമായ ബാങ്ക് വിളിയും നേര്‍ത്ത മണിമുഴക്കവും ഒക്കെ
നമ്മുടെ സുപ്രഭാതങ്ങളുടെ പ്രതാപത്തിന്റെ ഭാഗമായി നാം ആസ്വദിച്ചവയാണ് .ഇന്ന് കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു .
ഒരു പ്രദേശത്ത് ഒന്നിലധികം ആരാധനാലയങ്ങള്‍  പണിയുക എന്നത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള
രീതിയായാണ് ഓരോ വിശ്വാസസമൂഹവും കാണുന്നത് .രാഷ്ട്രീക്കാര്‍ അവരുടെ സാന്നിധ്യം  കാണിക്കാന്‍ മുക്കിനുമുക്കിന് കൊടിമരങ്ങള്‍ നാട്ടുന്നത് പോലെ .എണ്ണം കൂട്ടുക എന്നതാണ്  ശക്തിപ്രകടനത്തിന്റെ ഒരു രീതി!ഇതിങ്ങനെ അനിയന്ത്രിതമായി പൊയ്ക്കൊണ്ടിരിക്കുകയാണ്.
കാണിക്കവഞ്ചികളും നേര്‍ച്ചപ്പെട്ടികളും കവലകളില്‍ എങ്ങും നിരന്നിരിപ്പുണ്ട്.നേരം വെളുക്കും മുതല്‍ ഇരുട്ടുംവരെ
വിശ്രമമില്ലാത്ത പാവം ദൈവങ്ങള്‍!!റോഡില്‍ കുടിയേറിയിരിക്കുന്നവരോട് ഒഴിഞ്ഞുപോകണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടും
എഴുന്നേറ്റുപോകാന്‍ കഴിയാത്തതരത്തില്‍ അവര്‍ ക്ഷീണിതരാണ്! അല്ലെങ്കിലും സുപ്രീംകോടതിയൊക്കെ എന്നാണ് ഉണ്ടായത് ;)

ഒന്നോ രണ്ടോ മിനിറ്റില്‍ തീരുന്ന ഒരു ബാങ്കുവിളി,ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു പള്ളിയില്‍ നിന്നാണെങ്കില്‍ അത് സഹിക്കാവുന്നതാണ് .
കൂണുകള്‍ പോലെ പള്ളികള്‍ പൊന്തുകയും കൂട്ടബാങ്കുവിളി നടത്തുകയും ചെയ്യുമ്പോള്‍ അത് തികച്ചും നിലവിളി ശബ്ദമായിത്തീരും എന്ന്പറഞ്ഞാല്‍ അതൊരു അപ്രിയസത്യമാണ്.ഇതിലും ഭീകരമാണ് നാട്ടിലെ ക്ഷേത്രങ്ങളുടെ സംഭാവന .രാമായണമാസം,മണ്ഡലച്ചിറപ്പ്,സപ്താഹം,അഖണ്ഡനാമജപയജ്ഞം,
ലക്ഷാര്‍ച്ചന,ഭാഗവതപാരായണം,മൈക്കിലൂടെയുള്ള ചെണ്ടമേളം,വെടിക്കെട്ട്,ഉത്സവം തുടങ്ങി ശബ്ദമേളങ്ങളുടെ ഒരു ഘോഷയാത്രയാണ്.ഇതുകൂടാതെയാണ് അമ്പലം/പള്ളിവക പാട്ട്പെട്ടികളും പ്രഭാഷണഗുസ്തികളും.ആശുപത്രി/വിദ്യാലയം ഇത്തരം ഇടങ്ങള്‍പോലും
ഈ അവസ്ഥയില്‍ നിന്നും മുക്തമല്ല.രാഷ്ട്രീയാദി പരിപാടികളിലും വാഹനഹോണ്‍ ഉപയോഗങ്ങളിലുമെല്ലാം  ഇത്തരം ഔചിത്യങ്ങള്‍ സദാ ലംഘിക്കപ്പെടുന്നു.കോളാമ്പികള്‍ ഉപയോഗിക്കുന്നതില്‍ നിരോധനം ഉള്ളത് പലപ്പോഴും നടപ്പാക്കാറില്ല.അനുവദിച്ചിട്ടുള്ള ബോക്സുകളില്‍ ആര്‍ക്കുംകണ്ടുപിടിക്കാന്‍ കഴിയാത്തതരത്തില്‍ കോളാമ്പികളുടെ യൂണിറ്റുകള്‍ സ്ഥാപിച്ച്  വിരുതന്മാരായ മൈക്ക് ഓപ്പറേട്ടര്‍മാര്‍ തങ്ങളുടെ 'സൌണ്ട്'കച്ചവടം 'ഇടറാതെ' കാത്തുസൂക്ഷിക്കുന്നു.

ഓരോ സംസ്ഥാനവും ശബ്ദമേഖലകളെ തരംതിരിക്കുകയും ശബ്ദനിയന്ത്രണം നടത്തുകയും ചെയ്യണം എന്ന് പരിസ്ഥിതിസംരക്ഷണനിയമത്തില്‍
പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.ശബ്ദമലിനീകരണം കുറ്റകരമാണ് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.'അതൊന്നും അത്ര വലിയ കുറ്റമല്ല' എന്നാണ് നമ്മുടെ രാഷ്ട്രീയവും-മതപരവുമായ വികാരം!ആ വികാരത്തിന് മുന്നില്‍
നിശബ്ദരായി നില്‍ക്കുവോളം അപശബ്ദങ്ങള്‍ നമ്മെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും !!

Rejeesh Palavila
02/08/2016
Thailand


Ammini

അമ്മിണി
---------------
രജീഷ് പാലവിള//തായ് ലാന്‍ഡ്

വടക്കേമുറ്റത്തുള്ള വരിക്കപ്ലാവിനന്നു,-
തടിയ്ക്കില്ലത്രവണ്ണം,അടയ്ക്കാമരംപോലെ!
അതിന്റെ ചുവട്ടിലാ'ണമ്മിണി' പകലെല്ലാം;
അവളെന്‍ ആട്ടിന്‍കുട്ടി;യന്നത്തെ കളിത്തോഴി!!

പാലൊത്തനിറമുള്ള പഞ്ഞിക്കുപ്പായം,കണ്ണില്‍-
നീലിമ,കുറുകെയായി കറുത്തചതുര്‍ഭാഗം;
പ്ലാവിനോടടുത്തുള്ള ചീലാന്തിമരത്തിന്റെ
ഛായയിലവളുടെ കിടപ്പുണ്ടിന്നുമുള്ളില്‍;

'അമ്മിണി'യെന്നുള്ളൊരെന്‍ വിളികേട്ടാലുടനെ
'മുംമുമ്മ' ശബ്ദത്തോടെ ഓര്‍മ്മയിലിന്നുമവള്‍!
**ഇളംവരിക്കപ്പൊല്ല്;പച്ചപ്ലാവിലയില;
തെളിഞ്ഞകഞ്ഞിവെള്ള,മൊക്കെയും പ്രിയങ്കരം;

കാലത്തേയെഴുന്നേറ്റ് ചെല്ലുംഞാ,നവളുടെ
ചാരത്തായിത്തുടങ്ങുന്നു ചക്കരവര്‍ത്തമാനം!
മഞ്ഞിനാല്‍ കുളിര്‍ന്നതാം ചെവികള്‍തഴുകിയാ-
മുഞ്ഞിയില്‍ പകരുംഞാ,നുമ്മതന്നിളം ചൂട്!!

നെറ്റിയില്‍ പൊട്ടുകുത്തും;കഴുത്തില്‍ മാലചാര്‍ത്തും;
തട്ടിയുംതലോടിയു,മവളെയോമനിക്കും!
തിരക്കില്ലെനിക്കു,മറ്റൊന്നിനും നേരമില്ല;
ഒരുക്കുമവളെ ഞാ,നമ്മവിളിക്കുംവരെ!!

ചെറിയകുട്ടിഞാ,നന്നവളെ പിരിഞ്ഞെന്നാല്‍
ചെറുതല്ലല്ലോ ദുഃഖം;പൊരുതുമെന്റെ ശാഠ്യം!
സ്കൂളില്‍ ചെന്നിരുന്നാലു,മമ്മിണിയ്ക്കായെന്‍ മനം
പ്ലാവില തിരക്കുന്നു;പറമ്പില്‍ നടക്കുന്നു!!

പഠിപ്പുകഴിഞ്ഞു,ഞാന്‍ തിരികെവീട്ടില്‍വന്നാല്‍
നടക്കുമവളുമായ് വടക്കേമുറ്റത്തെങ്ങും!
കണക്ക്ക്ളാസ്സിലന്നു കടുപ്പംതല്ലിത്തന്ന
ഗുണനപ്പട്ടികയ,ന്നവളും പഠിച്ചീടും!!

ചെവിയുംകുലുക്കിക്കൊണ്ട,വളോടുന്നകണ്ടാ-
ലെനിക്കുചിരിവരു,മതിനെന്തലങ്കാരം!
കടലപ്പിണ്ണാക്കെന്റെ കൈകളിലുരുട്ടിഞാ-
നവളെക്കഴിപ്പിക്കും,'അമ്മയുംകുഞ്ഞും' ഞങ്ങള്‍!!

അന്നെന്റെമനസ്സിന്റെ കുഞ്ഞുലോകം മുഴുക്കെ-,
യമ്മിണിക്കലയുവാന്‍ തൊടിയുംപൂന്തോട്ടവും!
ചങ്ങാതിമാരോടെല്ലാം,പറയും കഥകള്‍ഞാന്‍;
അമ്മിണിയ്ക്കറിയാത്ത വാര്‍ത്തയും കാണുകില്ല!!

ഒരിക്കല്‍,മുറ്റത്തുള്ള തളിര്‍വാഴക്കൈതിന്ന,
കുരുത്തക്കേടിനവള്‍ക്കച്ഛന്റെ തല്ലുകിട്ടി!
അന്നവള്‍ക്കമ്മതീര്‍ത്തു,കഴുത്തില്‍വട്ടച്ചണം;
അന്നുതൊട്ടവള്‍ക്കുണ്ടാ,യെങ്ങോട്ടും നിയന്ത്രണം!!

ഞാനടുത്തുണ്ടെന്നാലോ,യവള്‍ക്കില്ലാബന്ധനം;
കാണേണ്ടതാണാലോക,ത്താനന്ദനൃത്തോത്സവം!
ഭാഷകള്‍ക്കതീതമാം സ്നേഹത്തെയറിയുവാന്‍
കാഴ്ചകള്‍ ഉണ്ടാകുന്നതത്രെയോയതിശയം!!

അവള്‍തന്‍കഴുത്തിലെ കയര്‍തന്നവളുടെ
മരണക്കുരുക്കാവുമെന്നാരുമറിഞ്ഞില്ല;
പ്ലാവിനോടടുത്തുള്ള ചീലാന്തിമരത്തിന്റെ
ഛായയിലവളുടെ കിടപ്പുണ്ടിന്നുമുള്ളില്‍;

അമ്മിണിമരിച്ചുപോയ്‌;നൊമ്പരമുണങ്ങാതെ-
സങ്കടപ്പനിമൂടി,യെത്രനാള്‍ കിടന്നുഞാന്‍;
നിര്‍മ്മലസ്നേഹത്തിന്റെ നിത്യമാമനുഭൂതി-
യിന്നുമുണ്ടെന്റെയുള്ളി,ലമ്മിണി,കളിത്തോഴി!!
-------------------------------------------------------------


**വരിക്കപ്പൊല്ല് :വരിക്കചക്കയുടെ ചവിണി

Stand With E A Jabbar

ജബ്ബാര്‍മാഷിന് ഐക്യദാര്‍ഢ്യം

''ഈ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ??'' ജബ്ബാര്‍മാഷിന്റെ ബ്ലോഗ്‌ വായിക്കുന്ന ആര്‍ക്കുംതോന്നുന്ന ചോദ്യം! ആ ചോദ്യം ഉണ്ടാകുന്നത് കേവലം ഇസ്ലാമോഫോബിയ കൊണ്ടല്ല ,ഇസ്ലാമിനകത്ത്നിന്നും പരിഷ്കാരങ്ങള്‍ക്ക് വേണ്ടി ധീരമായിശബ്ദിച്ച് ചരിത്രത്തില്‍ ''കാണാതെപോയ'' ചേകന്നൂര്‍മൌലിവിയെക്കൂടി ഓര്‍ത്തുപോകുന്നത്കൊണ്ടാണ്!ചേകന്നൂര്‍ നിരീശ്വരവാദിയായിരുന്നില്ല;അദ്ദേഹത്തിന്റെ ആശയസമരങ്ങള്‍ക്ക്മുന്നില്‍ അമ്പേപരാജയപ്പെട്ട  'സോ കാള്‍ഡ്മതപണ്ഡിതന്മാര്‍' പരമകാരുണ്യവാനായ ദൈവത്തിന്റെനാമത്തില്‍ അദ്ദേഹത്തെ ''മായ്ച്ചുകളഞ്ഞു''!!ചേകന്നൂരിന്റെ തിരോധാനംപോലെ കേരളം നടുക്കത്തോടെകേട്ട മറ്റൊന്നാണ് ജോസഫ്‌ മാഷിന്റെ കൈമുറിച്ചസംഭവം!
''ഒരാള്‍ ഖുറാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടല്ലേ'',''മറ്റേയാള്‍ പ്രവാചകനിന്ദ ചെയ്തിട്ടല്ലേ'' എന്നിങ്ങനെ അവര്‍ക്കുണ്ടായത് അവര്‍ അര്‍ഹിക്കുന്ന സ്വാഭാവികവിധികള്‍ മാത്രമാണെന്ന് ‘പറയാതെപറയുന്നവരാണ്’ ചുറ്റുമുള്ള അനേകംപേര്‍ .ഒരുവശത്ത് മതവിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പരസ്യമായ സംവാദങ്ങള്‍ക്ക് സ്വാഗതംചെയ്യുന്ന ഒരു കൂട്ടര്‍!ചൊരുക്ക് സഹിക്കാതെ വിധിനടപ്പാക്കുന്ന മറ്റൊരുകൂട്ടര്‍.ഈ സംഘടിതശക്തിയെക്കുറിച്ച് ഞങ്ങള്‍ക്കൊന്നുമറിയില്ലേ എന്ന ഭാവത്തില്‍ വേറൊരുകൂട്ടര്‍;മതം, കുറ്റപ്പെടുത്തലുകളാഗ്രഹിക്കുന്നില്ല.ചോദ്യം ചെയ്യലുകളില്‍ അതിന് പുകച്ചിലും പുളച്ചിലും ഉണ്ടാകുന്നു.വസ്തുനിഷ്ഠവും ക്രിയാത്മകവുമായ വിമര്‍ശനങ്ങളെയുംവിമര്‍ശകരെയും വച്ചുപുലര്‍ത്തുകയെന്നാല്‍ തലയ്ക്കുമുകളില്‍ വാള് തൂക്കിയിടുംപോലെ അപകടകരമാണ് എന്നറിയാവുന്നവരാണ് മതംകൊണ്ട് ജീവിക്കുന്നവര്‍.
ചരിത്രംമുഴുക്കെ അതിന്റെ തെളിവുകളുണ്ട്.അവര്‍ക്കിടയിലാണ് ഖുറാനും ഹദീസുകളും എടുത്ത് വച്ച് ,യുക്തിയുടെ നിശിതഖഢ്കംകൊണ്ട് അന്ധമായമതവിധേയത്വങ്ങളെ ചോദ്യംചെയ്ത് ജബ്ബാര്‍മാഷൊക്കെ ജീവിക്കുന്നത് എന്നത് ഒരത്ഭുതമല്ലാതെ മറ്റെന്താണ്?!!അതുകൊണ്ടാണ് ജബ്ബാര്‍മാഷിന്‍റെ കഥകേള്‍ക്കുന്നവര്‍ ''മലപ്പുറത്ത് ഇങ്ങനെയൊരു മതേതരജീവിതമോ?'' എന്നും ചോദിക്കുന്നത്! ചിന്തിക്കുവാന്‍ ധൈര്യപ്പെടുന്ന അനേകംപേര്‍ മുന്‍പെങ്ങും കേള്‍ക്കാത്ത ഉച്ചത്തില്‍ , മതഭ്രാന്തുകള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്നുണ്ട്.മതവിഭ്രാന്തികള്‍ അപകടകരമായി പെരുകുന്ന പുതിയലോകത്ത് അവരുടെശബ്ദം  അത്രമേല്‍ പ്രസക്തവും അനിവാര്യവുമാണ്‌!

ജബ്ബാര്‍മാഷിന് വധഭീഷണിയുണ്ട് എന്നത് ഗൌരവത്തോടെ കാണേണ്ടവാര്‍ത്തയാണ്.ഈ വാര്‍ത്തയോട് പ്രതികരിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നമുക്ക് ധാര്‍മ്മികതയുണ്ട്.ഇത്തരം ഭീഷണികള്‍ നാളെ നമുക്ക് നേര്‍ക്കുംവരും.സ്വതന്ത്രചിന്തകരുടെയും യുക്തിവാദികളുടേയും രക്തംകൊണ്ട് ഇനി ഒരുദൈവവും പള്ളിനീരാടരുത്.സമൂഹത്തിന്റെ തുണയും കരുതലും ഓരോരുത്തര്‍ക്കും ഉണ്ടാവണം .തങ്ങളുടേതല്ലാത്ത മതത്തെവിമര്‍ശിക്കുമ്പോള്‍മാത്രം യുക്തിവാദിയെ തോളിലെടുക്കുന്നവരെയല്ല ഇവിടെ പ്രതീക്ഷിക്കുന്നത്.അത്തരക്കാര്‍ ക്രൂരമായ നിശബ്ദതകൈക്കൊള്ളുക മാത്രമാണ് പതിവുപോലെ ചെയ്യുക. കൈവെട്ടിയവര്‍ക്കും ബലാത്സംഘംചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കും കള്ളക്കേസുകള്‍ ഉണ്ടാക്കുന്നവര്‍ക്കും സ്വീകരണവും ലഡ്ഡുവിതരണവും നടത്തുന്ന തിരക്കിലാണവര്‍ !
ഇനിഇവിടെ നരേന്ദ്രദാഭോല്‍ക്കര്‍മാര്‍ കൊല്ലപ്പെട്ടുകൂടാ! ചേകന്നൂര്‍മൌലവിമാര്‍  തിരോധാനം ചെയ്യപ്പെട്ടുകൂടാ! പെരുമാള്‍മുരുഗന്‍മാര്‍ എഴുതാന്‍ ഭയപ്പെട്ടുകൂടാ!
നമ്മുടെ ശബ്ദവുംശക്തിയും മാനവികതയുടെ കരുത്തായിപ്പടരട്ടെ 


ജബ്ബാര്‍മാഷിന് ഐക്യദാര്‍ഢ്യം