To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday, 10 August 2018

ഗുരുവന്ദനം????

ഗുരുവന്ദനം?
Rejeesh Palavila 







അനന്തപുരി ഫൗണ്ടേഷൻ എന്നൊരു സ്വകാര്യട്രസ്റ് ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടാം തീയതി പൊതുവിദ്യാഭ്യാസവകുപ്പിന് നൽകിയ കത്തിന്മേൽ 'ഗുരുവന്ദനം' എന്നൊരു പരിപാടി കേരളത്തിലെ സർക്കാർ സ്കൂളുകളിൽ നടത്തുന്നതിന് അവർക്ക് അനുമതിനല്കിക്കൊണ്ടു പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ ഒരു സർക്കുലർ കത്ത് കൈപ്പറ്റിയതിന്റെ  നാലാംനാൾ   പൊതുവിദ്യാലയങ്ങളുടെ ശ്രദ്ധയിലേക്ക് പുറപ്പെടുവിക്കുകയുണ്ടായി.മദ്യത്തിനും മയക്കുമരുന്നിനുമൊപ്പം മൽസ്യ-മാംസാദികളെപ്പെടുത്തി സസ്യാഹാരത്തിന്റെ ധാർമ്മികത ഉയർത്തിപ്പിടിച്ച ആദരണീയനായ വിദ്യാഭ്യാസമന്ത്രി ശ്രീ.രവീന്ദ്രനാഥിന്റെ വകുപ്പ്  ഇങ്ങനെ ഒരനുമതികൊടുത്തതിൽ ആർക്കും അതിശയംതോന്നാനിടയില്ല .
അനന്തപുരി ഫൗണ്ടേഷന്റെ  സെക്രട്ടറിക്ക് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനമുണ്ടോ എന്നറിയില്ല ,ഏതായാലും സംസ്ഥാനത്തെ വിദ്യാഭ്യാസ  ഉപഡയറക്‌ടർമാർക്കും ജില്ലാ/ഉപജില്ലാ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കുംവേണ്ടി പുറപ്പെടുവിച്ച പ്രസ്തുത സർക്കുലറിൽ അനന്തപുരി സെക്രട്ടറിക്കും 'പകർപ്പ്' വച്ചിട്ടുണ്ട് .  



'ഗുരുവന്ദനം' പരിപാടിയുടെ പ്രഖ്യാപിതലക്‌ഷ്യം 'മാതാപിതാക്കളെ പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയരുത്' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്നതാണ് .എന്താണ് ഈ പരിപാടിയുടെ രൂപരേഖ എന്നത് 
വ്യക്തമല്ല .തങ്ങളുടെ ആഗ്രഹപ്രകാരം സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളിൽ നടത്താൻ അനുവാദംകിട്ടിയ  'ഗുരുവന്ദനം' നടത്താനുള്ള ഒരുക്കത്തിലായിരിക്കാം സംഘാടകർ .ഇക്കഴിഞ്ഞ ഗുരുപൂർണ്ണിമയോട് അനുബന്ധിച്ച്  ആർ.എസ്.എസ്സിന്റെ സഞ്ജീവനി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നടന്ന 'ഗുരുപൂജ' എന്ന പരിപാടിയുടെ വിവാദപശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസകാര്യാലയത്തിന്റെ സർക്കുലർ 'അതുതാനല്ലയോ ഇത് എന്ന വർണ്യത്തിലാശങ്ക ഉണ്ടാക്കിയിരിക്കുകയാണ് .ആർ.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള വിവിധ ബാലഗോകുലങ്ങളിൽ ഇതേ സമയത്ത്  'ഗുരുവന്ദനം' എന്ന പേരിൽ  ഗുരുപൂർണിമ ആഘോഷിക്കപ്പെട്ടത്  ഇതിനോട് ചേർത്തുവായിക്കുന്ന ആർക്കും 'ശങ്ക' തോന്നുക സ്വാഭാവികം.ചേർപ്പ് സ്കൂളിന്റെ മാനേജ്മെന്റാകട്ടെ തങ്ങൾ നടത്തിയ ഗുരുപൂജ വിദ്യാഭ്യാസവകുപ്പിന്റെ  സർക്കുലറിന്റെ ഭാഗമാണെന്ന് വാദിക്കുകയും ചെയ്യുന്നു!അതിനെ നിഷേധിച്ചുകൊണ്ട് 'ഗുരുവന്ദനത്തിനും' 'ഗുരുപൂജയ്ക്കും' തമ്മിൽ യാതൊരുബന്ധവുമില്ല എന്നിങ്ങനെ ഒരു 'മറുപടി സർക്കുലർ' ഇറക്കേണ്ടിവന്ന ഗതികേടിലാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ  വിദ്യാഭ്യാസവകുപ്പ് !


ചേർപ്പ് സ്കൂളിൽ അതാത്‌ ക്ളാസ്സിലെ  വിവിധമതവിശ്വാസികളായ മുഴുവൻകുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു 'ഗുരുപൂജ' നടത്തിയത് .കസേരയിൽ ഇരിക്കുന്ന അധ്യാപകന്റെ കാൽക്കൽ പൂക്കളർപ്പിച്ച് നമ്രശിരസ്കരായി പാദംതൊട്ടുകുമ്പിടുന്ന വിദ്യാർത്ഥിയെ അധ്യാപകൻ കൈകളുയർത്തി തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതോടെ അവസാനിക്കുന്ന  ഒരുതരം മതചടങ്ങാണ്  കൊണ്ടാടപ്പെട്ടത്! പഠിപ്പിക്കുന്ന ഗുരുവിന്റെ കാല് തൊട്ടുവന്ദിക്കുന്നതിൽ എന്താണിത്ര അപരാധം എന്ന അതിശയോക്തിയുമായി  ആര്ഷഭാരതോദ്ധരണികളോടെ  അവതരിക്കുന്നവർ ധാരാളമുണ്ടാകാം.ആചാരവിശ്വാസങ്ങളുടെ മറവിൽ സംസ്കാരസംരക്ഷണം എന്ന പേരിൽ  സംഘപരിവാറിന്റെ അജണ്ടകൾ പൊതിയിടങ്ങളായ പള്ളിക്കൂടങ്ങളിൽ തന്ത്രപൂർവ്വം കൊണ്ടിറക്കുന്നു എന്നത് സംശയത്തോടെ കാണേണ്ടതുണ്ട്. 

സംസ്ഥാനത്തെ വിവിധ സ്കൂൾ മാനേജ് മെന്റുകൾ തങ്ങളുടെ മതപരമായ താത്പര്യങ്ങൾ വിദ്യാർത്ഥികളിൽ കെട്ടിയിറക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത് .വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ പച്ചയും കാവിയുമൊക്കെ പുരട്ടുന്ന മതവിദ്യാലയങ്ങളായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ് !

നല്ല അധ്യാപകർ കുട്ടികളുടെ മനസ്സിൽ ജീവിക്കുന്നത് വേഷംകെട്ടലുകളിലൂടെയല്ല.എല്ലാ മേഖലയിലുമെന്നപോലെ അധ്യാപകർക്കിടയിലും നല്ലവരും തെമ്മാടികളുമുണ്ട് .സവിശേഷമായ മഹത്തവൽക്കരണവും ആദർശവൽക്കരണവും തികച്ചും അതിരുകടന്നതാണ്.അറിവും വിവേകവും വിദ്യാർത്ഥികളോട് ആത്മബന്ധങ്ങളും സൂക്ഷിക്കാൻ കഴിയുന്ന അധ്യാപകർ  കുട്ടികളുടെ മനസ്സിലാണ്  ജീവിക്കുന്നത് .അതിനുപകരം മതാധിഷ്ഠിതസങ്കൽപ്പങ്ങളുടെ ഉപോല്പന്നമായ പാദപൂജയും വിഗ്രഹദണ്ഡനമസ്കാരവും കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാനാവില്ല.പാഠഭാഗങ്ങൾ ശ്രദ്ധയോടെ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്താൽപോരാ അധ്യാപകർ ഇങ്ങനെ തങ്ങളുടെ പാദങ്ങളിൽ കുമ്പിടുന്ന ശിഷ്യരിൽ സവിശേഷമായി ചൊരിയുന്ന അനുഗ്രഹംകൂടിയുണ്ടെങ്കിലെ സമ്പൂർണ്ണതയുണ്ടാകൂ എന്നതരം ഫ്യുഡൽഭക്തിചിന്ത കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുകയാണ് ഇത്തരം ആചാര്യസങ്കല്പങ്ങളും പൂജാദികർമ്മങ്ങളും.



പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികളിൽ ഇത്തരം ഏതെങ്കിലും തരത്തിലുള്ള മതബോധം സൃഷ്ടിക്കേണ്ടയിടങ്ങളല്ല.മതേതരമായിരിക്കണം ഓരോ വിദ്യാലയവും.അവിടുത്തെ വിദ്യാർത്ഥികളുടെ മതമോ വിശ്വാസമോ മതനിരാസമോ ഒന്നും സ്കൂളിന്റെ വിഷയമോ സ്കൂൾ ഇടപെടണ്ട കാര്യമോ ആവരുത്.നിർഭാഗ്യവശാൽ നമ്മുടെ വിദ്യാലയങ്ങൾ വിവിധമതശക്തികളുടെ നിയന്ത്രണത്തിലും അധികാരത്തിലുമാണ്.കുഞ്ഞുമസ്തിഷ്കങ്ങളിൽ കുത്തിവയ്ക്കപ്പെടാൻ ഇടയുള്ള സ്വാർത്ഥമായ മതചിന്തകൾ നശിപ്പിക്കുന്നത് നാളത്തെ തലമുറയെക്കൂടിയാണ്.പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നിയേക്കാവുന്ന പല പഠനരീതികളുടെയും ചടങ്ങുകളുടെയും മറവിൽ മതശക്തികളുടെ സങ്കുചിതതാൽപ്പര്യങ്ങൾ കടന്നുവന്നേക്കാം.സ്ത്രീവിരുദ്ധ പ്രഭാഷണങ്ങൾ  നടത്തി കയ്യടിവാങ്ങിയ രജിത്കുമാറിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ മൂല്യബോധക്‌ളാസ്സുകള് നടത്താൻ ഏൽപ്പിച്ച ദാരുണമായ നടപടി ഒരു സാംസ്‌കാരികദുരന്തമായിരുന്നു.അതിനെ അപലപിച്ച ഇടതു സർക്കാർ ഗുരുവന്ദനം എന്ന പേരിൽ പൊതുവിദ്യാലയങ്ങളിൽ എന്താണ് നടത്താൻ പോകുന്നതെന്ന് കേരളത്തിലെ പൊതുസമൂഹത്തോട് പറയേണ്ടതുണ്ട് .മതോൽപ്പന്നമായ മൂല്യബോധങ്ങൾ കെട്ടിവച്ച് ഒരു തലമുറയുടെ ദിശാബോധത്തെ നിരുത്തരവാദപരമായി നശിപ്പക്കരുതേ എന്നോർമ്മിപ്പിച്ചുകൊള്ളുന്നു !

Is Free thought is a crime in India ?


സ്വതന്ത്രചിന്ത ഇന്ത്യയിൽ അപരാധമോ ?
രജീഷ് പാലവിള ,തായ് ലാൻഡ്





2013 ആഗസ്റ്റ് 20, പ്രഭാതസമയം 7:20 .പൂനയിലെ ഓങ്കാരേശ്വരക്ഷേത്രപരിസരം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ പ്രഭാതസവാരിക്കിറങ്ങിയ ഒരുവൃദ്ധന്റെ നേർക്ക് പോയിന്റ് ബ്ളാങ്കിൽ നാലുതവണ വെടിയുതിർത്തു.തലയിലും നെഞ്ചിലും  വെടിയുണ്ടകൾതറച്ച് ആ മനുഷ്യൻ നിമിഷങ്ങൾക്കകം നിലംപതിച്ചു.തൻറെരാജ്യത്ത് തന്റെജനങ്ങളിൽനിന്നും തനിക്ക് സുരക്ഷിതത്വംവേണ്ടിവരികയാണെങ്കിൽ അതിലെന്തോ തകരാറുണ്ടെന്നും ഇന്ത്യയുടെ ഭരണഘടനയ്ക്കും നീതിന്യായത്തിനുംവേണ്ടിയാണ് താൻനിലകൊള്ളുന്നതെന്നും തന്റെപോരാട്ടങ്ങൾ ആർക്കെങ്കിലും എതിരെയല്ലെന്നും എല്ലാവർക്കുംവേണ്ടിയാണെന്നും പ്രഖ്യാപിച്ച്  ഇരുട്ട്നിറഞ്ഞ തെരുവുകളിൽ ഒരു ചെറുദീപനാളംപോലെ പ്രകാശിച്ച നരേന്ദ്ര ദാഭോൽക്കറായിരുന്നു അത് !ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉച്ചത്തിൽ ശബ്ദിക്കുകയും ക്രിയാത്മകമായി പ്രവർത്തിക്കുകയുംചെയ്തു എന്നതായിരുന്നു അദ്ദേഹംചെയ്ത അപരാധം.


2015 ഫെബ്രുവരി 16 മഹാരാഷ്ട്രയിലെ മറ്റൊരുപ്രഭാതം.സമയം:9:25 .പ്രഭാതസവാരികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വൃദ്ധദമ്പതികളുടെനേർക്ക് മോട്ടോർബൈക്കിലെത്തിയ രണ്ടുപേർ അഞ്ചുതവണ നിറയൊഴിച്ചു.കഴുത്തിന്റെപിൻഭാഗത്തും നെഞ്ചത്തും തലയിലുമായി വെടിയേറ്റ് ഗുരുതരമായ നിലയിലായ അവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. മരണത്തോട്മല്ലിട്ട് നാലുദിവങ്ങളോളം അബോധാവസ്ഥയിൽ കിടന്ന് അതിലൊരാൾ ഫെബ്രുവരി ഇരുപതാം തീയതി മരണപ്പെട്ടു.ഇടതുചിന്തകനും ഇരുപത്തിയൊന്നോളം പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും സാമൂഹികപരിഷ്കർത്താവുമായിരുന്ന അഡ്വക്കേറ്റ് ഗോവിന്ദ് പൻസരെയായിരുന്നു തന്റെഎൺപത്തിയേഴാംവയസ്സിൽ ദാരുണമായി കൊല്ലപ്പെട്ട ആമനുഷ്യൻ. വീരശിവജിയെക്കുറിച്ച് മറാത്തിഭാഷയിൽ
രചിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതും ഏറ്റവുംമനോഹരവുമായ ജീവചരിത്രത്തിൽ 'ആരായിരുന്നു ശിവജി' എന്നദ്ദേഹം വിശദീകരിച്ചു എന്നതായിരുന്നു പ്രകോപനം.ചരിത്രത്തിലെ ശിവജി 'ഹിന്ദുത്വവാദി'കളുടെ ശിവജിയല്ലെന്നും തന്റെസൈന്യത്തിലും സഭയിലും അനേകംമുസ്ലിങ്ങൾക്ക് അർഹമായപദവികൾനൽകിയ മതേതരബോധമുണ്ടായിരുന്ന പ്രജാസ്‌നേഹിയും പരിഷ്കർത്താവുമായിരുന്ന ശിവജിയായിരുന്നു എന്നദ്ദേഹം എല്ലാത്തെളിവുകളുംനിരത്തി ആധികാരികമായി വരച്ചിട്ടത് ഹിന്ദുഫാസിസ്റ്റുകളേയും ഹിന്ദുഭരണകൂടങ്ങളേയും ചൊടിപ്പിച്ചു.തങ്ങൾ തീരുമാനിക്കുന്ന 'ധർമ്മ'ത്തിനുവേണ്ടി അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു.'ധർമ്മത്തിനുവേണ്ടി' ആരെയും കൊല്ലാമെന്നാണ്‌ അവരുടെ വേദാന്തം!മഹാരാഷ്ട്രയിൽ സമാനമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട ദാഭോൽക്കറുടേയും പൻസരെയുടേയും കൊലപാതകങ്ങൾക്ക്പിന്നിൽ ഒരേ ബുദ്ധികേന്ദ്രമായിരുന്നു എന്നആരോപണത്തോടും വിമർശനത്തോടും അന്നത്തെ പോലീസ്മേധാവിയായിരുന്ന കെ.എൽ.ബിഷ്‌ണോയി ലാഘവത്തോടെപറഞ്ഞത് ഇരുവരും പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു എന്നതൊഴിച്ചാൽ ഇരുകൊലപാതകങ്ങൾക്കും മറ്റൊരുബന്ധവുമില്ലെന്നായിരുന്നു!



2015 ആഗസ്റ്റ് 30 കർണ്ണാടകയിലെ ധാർവാഡ് ജില്ലയിൽ ഒരുപ്രഭാതം .കല്യാൺനഗറിലെ ഒരുവീട്ടിലേക്ക് രണ്ടുപേർ ബൈക്കിലെത്തി. കതകിൽതട്ടിവിളിച്ച അതിഥികൾക്ക് വാതിൽതുറന്നുകൊടുത്ത പ്രായമായ സ്ത്രീയോട് വന്നവർ ഗൃഹനാഥന്റെശിഷ്യരാണ് എന്നുപറയുന്നു.
അവർക്കുള്ള കോഫിയുമായിവന്ന ആ സ്ത്രീ പിന്നീട്കേട്ടത് രണ്ടുറൌണ്ട് വെടിയൊച്ചയായിരുന്നു.ഗൃഹനാഥനെ ചോരപുതപ്പിച്ച് അക്രമികൾ കടന്നുകളഞ്ഞു.കന്നഡസാഹിത്യത്തിനും നവോത്ഥാനത്തിനും മൗലികമായ സംഭാവനകൾനൽകി കേന്ദ്ര-കന്നഡസാഹിത്യഅക്കാഡമികളുടേതുൾപ്പടെ അനവധിപുരസ്കാരങ്ങൾനേടിയ എം.എം.കൽബുർഗിയായിരുന്നു എഴുപത്തിയാറാംവയസ്സിൽ ക്രൂരമായികൊല്ലപ്പെട്ട ആഗൃഹനാഥൻ !




2017 സെപ്റ്റംബർ 5 ,ബംഗലുരുവിലെ രാജരാജേശ്വരി നഗറിൽ രാത്രി 8 മണി .ജോലികഴിഞ്ഞ് വസതിയിലേക്ക് മടങ്ങിയെത്തിയ ഒരു പത്രപ്രവർത്തകയെ അവരുടെ വീടിന്റെ പരിസരത്ത് മറഞ്ഞിരുന്ന ഒരാൾ പോയിന്റ് ബ്ളാങ്കിൽ വെടിവയ്ക്കുന്നു.അവരെ പിന്തുടർന്ന് ഒപ്പം വന്ന മറ്റുരണ്ടുപേർ തുടർന്നും വെടിവയ്ക്കുന്നു.തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകൾതുളച്ചുകയറി നിമിഷങ്ങൾക്കകം അവർകൊല്ലപ്പെട്ടു. പത്രികയിലൂടെയും പ്രസംഗങ്ങളിലൂടെയും ആത്മീയവ്യവസായങ്ങളെയും സംഘപരിവാർ അക്രമങ്ങളെയും നിശിതമായി വിമർശിച്ചതിന്റെ പ്രതികാരമായിരുന്നു ആഅക്രമം.
അമ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന ആ സ്ത്രീയിൽ ലക്‌ഷ്യംകണ്ടത് ഏഴോളം വെടിയുണ്ടകൾ!കർണ്ണാടകയിലെ
 വിഖ്യാതമായ ലങ്കേഷ്പത്രികയുടെ പത്രാധിപയായിരുന്ന ഗൗരിലങ്കേശായിരുന്നു അവിടെ നിഷ്കരുണംകൊല്ലപ്പെട്ടത്.


മേൽവിവരിച്ച ഏതാണ്ട്സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട സാമൂഹികപ്രവർത്തകരും എഴുത്തുകാരും
 അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രക്തസാക്ഷികളാണ്.അവരുടെ അരുംകൊലകളിലേക്ക് നീണ്ടുചെന്ന  പലതരംഅന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് അപകടകരമായ നിലയിൽ കരുത്താർജ്ജിക്കുന്ന ഹിന്ദുതീവ്രവാദത്തെകുറിച്ചാണ്.സനാതന സത്നപോലെയുള്ള കടുത്ത തീവ്രവാദസംഘടനകൾ തങ്ങളുടെ അജണ്ടകൾ നേടിയെടുക്കാൻ ഉയരാനിടയുള്ള ഏതുതരം ഭിന്നസ്വരങ്ങളെയും ഭയപ്പെടുത്തി അടക്കംചെയ്യാനും അതിനുകൂസാക്കാതെ എതിർപ്പുകൾ തുടരുന്നവരെ കൊന്നൊടുക്കാനും പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടവിഷയമാണ്.ഗൗരിലങ്കേഷ് വധവുമായി അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വളരെആസൂത്രിതമായ അക്രമണങ്ങളാണ് ഇതെല്ലാമെന്നായിരുന്നു.ഇരകളുടെ പേരുവിവരങ്ങൾ തയ്യാറാക്കി അവസരോചിതമായി ആക്രമിക്കാൻ പദ്ധതികൾരൂപീകരിച്ച് അതിനുവേണ്ടി ജീവത്യാഗംചെയ്യാൻവരെ തയ്യാറാകുന്നതരത്തിൽ മസ്തിഷ്കപ്രക്ഷാളനംചെയ്യപ്പെട്ട യുവാക്കളെ സംഘടിപ്പിച്ച് അവർക്ക് പണവും പാരിതോഷികവുംനൽകി ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന ഫാസിസത്തിന്റെ ക്രൂരമായസാമ്രാജ്യങ്ങൾ രാജ്യത്ത് വിശാലമായിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.ഗൗരി കൊല്ലപ്പെട്ട സമയത്ത് മോഡിഭക്തന്മാരും കേന്ദ്രമന്ത്രിമാരുംവരെനടത്തിയ പ്രതികരണങ്ങളും അർഹമായ ശിക്ഷയെന്നുപരിഹസിച്ചുനടത്തിയ ട്വീറ്റുകളുമൊക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നുവെന്നതിന് അടിവരയിടുന്നു.

ഇത്തരത്തിൽ എഴുത്തുകാരെയും സാമൂഹികപ്രവർത്തകരെയും ഒരുഭാഗത്ത് ഭീഷണിപ്പെടുത്തിയും ഇല്ലാതെയാക്കിയും കൈകാര്യംചെയ്യുമ്പോൾ മറ്റൊരു ഭാഗത്ത് പശുസംരക്ഷണത്തിന്റെ പേരിൽനടക്കുന്ന ആൾക്കൂട്ടവിചാരണകളും അരുംകൊലകളുമാണ്.പശുസ്നേഹത്തിന്റെ അക്രമങ്ങളെന്നപേരിൽ സംഘടിതമായി പലരും ഇതിനെലഘൂകരിക്കുമ്പോഴും,വളരെ ആസൂത്രിതമായി ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുംമേലുള്ള വംശീയഹത്യകളാണ് ഇതെന്നത് പ്രശ്നങ്ങളെ വിലയിരുത്തുന്ന ആർക്കും ബോധ്യമാകും.എന്തുകൊണ്ട് മുൻപെങ്ങുമില്ലാത്തതരത്തിൽ ഇത്തരത്തിൽ ജനക്കൂട്ടവിചാരണകൾ ശക്തമായി എന്നത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.നരേന്ദ്രമോഡിസർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് ഇത്തരംകൊലപാതകങ്ങൾ പരക്കെആരംഭിച്ചതും തുടർക്കഥയായിമാറിയതും.ഇത്തരത്തിൽ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥകളെ  വെല്ലുവിളിച്ച് നിയമംകയ്യിലെടുക്കാൻ ആൾക്കൂട്ടങ്ങൾക്ക് പ്രചോദനമായത് ഭാരതീയ ജനതാപാർട്ടിയുടേയും സംഘപരിവാർ സംഘടനകളുടേയും നേതാക്കളും പ്രവർത്തകരും 'പശു' എന്ന ബിംബത്തെ ഉയർത്തിക്കാട്ടി പലപ്പോഴായി നടത്തിയതും തുടരുന്നതുമായ  നാടകങ്ങളും

പ്രസ്താവനകളുമായിരുന്നു.ഇരകളിൽ തൊണ്ണൂറുശതമാനവും മുസ്ലിംങ്ങളായിരുന്നു എന്നത് മതാധിഷ്ഠിത ഭീകരതയുടെ മുഖംകൂടി  വെളിപ്പെടുത്തുന്നതാണ്.ദാരുണമായ ഈ അരുംകൊലകളിലെല്ലാം രാജ്യത്തെ മതേതരസമൂഹവും ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കുകയും ഒച്ചവയ്ക്കുകയും ചെയ്യുമ്പോഴും ബഹു:പ്രധാനമന്ത്രി നിഗൂഢമായ നിശബ്ദത പുലർത്തുകയാണുണ്ടായത്.
ഫലത്തിൽ അക്രമങ്ങൾ വർദ്ദിക്കുകയാണ്.''ബീഫ്'' ഭയം രാജ്യവ്യാപകമായി ഉണ്ടാക്കാൻ കഴിഞ്ഞതിൽനിന്നും ഏറ്റവും നേട്ടമുണ്ടാക്കിയത് രാജ്യത്തെ ബീഫ്കയറ്റുമതിക്കാരാണ്.കഴിഞ്ഞ നാലുവർഷംകൊണ്ടു ബീഫ്കയറ്റുമതിയിൽ അമേരിക്കയേയും ആസ്ട്രേലിയായേയും പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.ഇന്ത്യയുടെ ബീഫ് കയറ്റുമതിക്കാർ അധികവും ഹിന്ദുമുതലാളിമാരും സംഘപരിവാർഅനുകൂലികളോ പ്രവർത്തകരോ എന്നറിയുമ്പോഴാണ് 'ബീഫ്' വിഷയത്തിന്റെ വ്യാവസായികരാഷ്ട്രീയം ബോധ്യപ്പെടുന്നത്.



ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ ചിരകാലസ്വപ്നത്തെ ആസന്നഭാവിയിൽ സാക്ഷാത്ക്കരിക്കാനുള്ള ചരടുവലികളാണ് സംഘപരിവാരങ്ങൾ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്.ഹിന്ദുക്കളുടെ സംരക്ഷകരായി അവതരിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ധ്രുവീകരണം നടപ്പാക്കുന്നതിൽ അവർ അക്ഷീണം പ്രവർത്തിക്കുകയാണ് .ഇസ്‌ലാമിക മതമൗലികവാദികളും തീവ്രസംഘടനകളും പരോക്ഷമായി സംഘപരിവാരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മതേതരസമൂഹം ഏറ്റവും ജാഗ്രതയോടെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയശക്തികളെ എല്ലാ രീതിയിലും ഒറ്റപ്പെടുത്തുകയും 'നാനാത്വത്തിൽ ഏകത്വം' എന്ന നമ്മുടെ ഭരണഘടനയുടെ പ്രഖ്യാപിത ആദർശത്തിനും വൈവിധ്യത്തിനുംവേണ്ടി നിലകൊള്ളേണ്ടതുണ്ട് .ജനാധിപത്യത്തെ ശക്തിപ്പെടുത്തുകമാത്രമാണ് മതശക്തികളെ ദുർബലപ്പെടുത്തുവാനുള്ള മാർഗ്ഗം.മതരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് നമ്മുടെ സമൂഹങ്ങൾ വിഭജിക്കപ്പെട്ടാൽ സമാധാനപരമായി ജീവിക്കുക എന്നത് ഒരുമനോഹരമായ സ്വപ്നം മാത്രമായിരിക്കും.നമ്മുടെ ജനാധിപത്യഭരണഘടനതരുന്ന എല്ലാഅവകാശങ്ങളും നിലനിൽക്കേണ്ടതിൽ ഉത്തരവാദിത്തത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ഓരോരുത്തർക്കും കടമയുണ്ട്. കരുത്താർജ്ജിക്കുന്ന ഭൂരിപക്ഷവർഗ്ഗീയതയോടും  അതിനുകൂടുതൽ കരുത്തേകുന്ന ന്യൂനപക്ഷവർഗ്ഗീയതയോടും നാം കരുതലോടെ ഇരുന്നേമതിയാകൂ !





A Tribute to Violinist A.Kanyakumari

വയലിനിലെ പെൺപെരുമ:
രജീഷ് പാലവിള/തായ് ലാൻഡ്


കർണ്ണാട്ടിക് സംഗീതലോകത്തെ താരപ്രതിഭയാണ് സുപ്രസിദ്ധ വയലിൻവാദകയായ എ.കന്യാകുമാരി(അവസരാള കന്യാകുമാരി). പുരുഷകലാകാരന്മാർ അടക്കിവാണിരുന്ന വയലിൻ വാദനകലയിൽ  വിജയശ്രീലാളിതയായ സ്ത്രീരത്നമാണ് അവർ. 2015 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അനന്യയായ ഈ കലാകാരി ലിംകബുക്ക് റെക്കോർഡ് ഉൾപ്പടെ അനവധി പുരസ്കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട് . എന്നുമാത്രമല്ല സംഗീതകലാകാരന്മാരുടെ സ്വപ്നപദവിയായ മദ്രാസ്സ് മ്യൂസിക്ക് അക്കാഡമിയുടെ സംഗീതകലാനിധിപട്ടം കിട്ടിയ ആദ്യസ്ത്രീ വയലിനിസ്റ്റ് എന്ന ചരിത്രപദവിയും കന്യാകുമാരിക്ക്‌ സ്വന്തമാണ്.

സുബ്ബുഡു എന്നറിയപ്പെടുന്ന വിഖ്യാത സംഗീത-നൃത്തകലാ നിരൂപകൻ  പി.വി.സുബ്രമണ്യൻ, കന്യാകുമാരിയുടെ വയലിൻ വാദനത്തെ ദേവി കന്യാകുമാരിയുടെ തിളക്കമാർന്ന മൂക്കുത്തിയോടാണ് ഉപമിച്ചത്.അദ്ദേഹത്തെപ്പോലെ ഒരാളിൽനിന്നും അങ്ങനെ ഒരു പ്രകീർത്തനമുണ്ടായത് കന്യാകുമാരിയിലെ കലാകാരിക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു.എം.എസ്.സുബ്ബലക്ഷ്മിയാകട്ടെ 'ധനുർവീണപ്രവീണ' എന്നൊരു പദവിയും കന്യാകുമാരിക്ക്‌ സമ്മാനിച്ചു.ഇതിലെല്ലാമുപരി കന്യാകുമാരിയുടെ സംഗീതജീവിതത്തിന്റെ മഹത്തായ നേട്ടം സാക്ഷാൽ എം.എൽ.വസന്തകുമാരി തന്റെ പക്കമേളസംഘത്തിലേക്ക് അവരെ തിരഞ്ഞെടുത്തതായിരുന്നു.അവരുടെ ജീവിതത്തെ മാറ്റിമറിച്ചതും പ്രശസ്തിയുടെ കൊടുമുടികളിൽകൊണ്ടെത്തിച്ചതും മഹാസംഗീതജ്ഞയായ എം.എൽ.വിയുടെ അവാച്യമായ സംഗീതസാന്നിധ്യമായിരുന്നു!




ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ 1952 ഡിസംബർ 31ൽ ഒരു സംഗീതകുടുംബത്തിലാണ്  കന്യാകുമാരിയുടെ ജനനം .അച്ഛൻ അവസരാള രാമരത്നവും വീണാവാദകകൂടിയായ  അമ്മ ജയലക്ഷ്മിയും കന്യാകുമാരിക്ക് ബാല്യത്തിലേ സംഗീതശിക്ഷണങ്ങൾ നൽകി.പ്രസിദ്ധ വയലിനിസ്റ്റ് ഐവാതിരി വിജയേശ്വരറാവുവിൽനിന്നും വയലിൻപഠനം ആരംഭിച്ച കന്യാകുമാരി പിന്നീട് കുടുംബത്തോടൊപ്പം അന്നത്തെ മദ്രാസിലേക്ക് താമസംമാറ്റിയത് അവരിലെ സംഗീതജ്ഞയ്ക്ക് കൂടുതൽ മിഴിവേകി.സംഗീതകലാനിധി ചന്ദ്രശേഖരൻറെ ശിക്ഷണത്തിൽ പഠനംതുടർന്ന അവർ മദ്രാസ്സിലെ ക്വീൻ മേരി മ്യൂസിക് കോളേജിൽനിന്നും സംഗീതത്തിൽ ബിരുദംനേടി .1971ൽ  സംഗീതകലാനിധി എം.എൽ.വസന്തകുമാരിയുടെ ഗാനസംഘത്തിൽ ചേരാൻകഴിഞ്ഞത് കന്യാകുമാരിയുടെ ജീവിതത്തിലെ വലിയ വഴിത്തിരിവായി.


 
ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾ എം.എൽ.വസന്തകുമാരിയ്ക്കുവേണ്ടി വയലിൻവായിച്ചത് കന്യാകുമാരി ആയിരുന്നു.എം.എൽ.വിയുടെ പക്കമേളത്തിലെ ഒരംഗം മാത്രമായിരുന്നില്ല എം.എൽ.വിയുടെ ശിഷ്യകൂടിയായിരുന്നു അവർ. ശിഷ്യർക്കിടയിലെ ഒരേയൊരു വയലിനിസ്റ്റും കന്യാകുമാരി ആയിരുന്നു! തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ എം.എൽ.വിയോടൊപ്പം വേദികളിൽ വയലിൻ അകമ്പടിതുടങ്ങിയ കന്യാകുമാരി എം.എൽ.വിയുടെ അവസാന നിമിഷംവരെ കച്ചേരികളിൽ അവരെ പിന്തുടർന്നു.എം.എൽ.വിയെപ്പോലെ കൃതഹസ്തയും ശ്രദ്ധേയയുമായ ഒരുമുൻനിര സംഗീതജ്ഞയ്ക്കൊപ്പം ചെറിയപ്രായത്തിൽതന്നെ വേദികൾ പങ്കിടാൻലഭിച്ച അപൂർവ്വഅവസരം കന്യാകുമാരിയുടെ സംഗീതജീവിതത്തിലെ ശ്രുതിമധുരമായ ഒരദ്ധ്യായം തന്നെയായിരുന്നു;വിശേഷിച്ചും സൂക്ഷ്മമായ മനോധർമ്മംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച എം.എൽ.വിയുടെ ശബ്ദത്തിന് അനുപദമായി  വയലിൻവായിക്കാനുള്ള കന്യാകുമാരിയുടെ പാടവം അവരുടെ അസാമാന്യപ്രതിഭയുടെകൂടി തെളിവായിരുന്നു!എം.എൽ.വി  തന്റെ ഗുരുവും അമ്മയും മാതൃകയുമായിരുന്നെന്നും കർണ്ണാട്ടിക്ക് രാഗങ്ങളെ കൂടുതൽ ആഴത്തിൽപഠിക്കാൻ അവർക്ക് കഴിഞ്ഞതും എം.എൽ.വിയുമൊത്തുള്ള സംഗീതയാത്രകളും അനുഭവങ്ങളുമായിരുന്നു എന്നും കന്യാകുമാരി എക്കാലവും അനുസ്മരിച്ചിട്ടുണ്ട്.

സംഗീതപ്രതിഭകളെ സംബന്ധിച്ച് മദ്രാസ്സ് അക്കാഡമിയുടെ സംഗീതകലാനിധി പട്ടം വിലമതിക്കാനാവാത്ത ഒരു പുരസ്കാരമാണല്ലോ.അതവർക്ക് നൽകുന്ന അഭിമാനവും സ്ഥാനവും ചെറുതല്ല.ഒരുപക്ഷെ മ്യൂസിക്ക് അക്കാഡമിക്ക് കർണ്ണാട്ടിക്ക് സംഗീതലോകത്തുള്ള ചരിത്രപരമായ പ്രാധാന്യം കൊണ്ടാകാമിത്.അതുകൊണ്ടുതന്നെ മ്യൂസിക്ക് അക്കാഡമിയുടെ അംഗീകാരം കിട്ടിയാൽ മറ്റൊരുപുരസ്കാരവും ലഭിച്ചില്ലെങ്കിലും അതൊരു ബഹുമതിയാണ്.അതുപോലെ ഏതു പുരസ്‌കാരം ലഭിച്ചാലും സംഗീതകലാനിധിപ്പട്ടം ഇല്ലെങ്കിൽ അതൊരു കുറവുതന്നെയാണ് എന്നാണ് സംഗീതലോകത്തെ പരസ്യമായ രഹസ്യം!!സംഗീതകലാനിധിയായിരുന്ന  എം.എൽ.വിയുടെ മൂന്നുപ്രമുഖ ശിഷ്യർക്കും  സംഗീതലാനിധിപട്ടം നേടാൻകഴിഞ്ഞത് എടുത്തുപറയേണ്ട കാര്യമാണ്.കന്യാകുമാരിക്ക്‌ മുൻപേ  എം.എൽ.വിയുടെ സംഗീതശിക്ഷണത്തിൽവളർന്ന അവരുടെ മറ്റുരണ്ടു പ്രധാനശിഷ്യർ സുപ്രസിദ്ധസംഗീതജ്ഞ സുധാരഘുനാഥും മൃദംഗവിദ്വാൻ തിരുവരൂർ ഭക്തവത്സലവും മദ്രാസ്സ് മ്യൂസിക്ക് അക്കാഡമിയുടെ പരമോന്നതബഹുമതിയായ 'സംഗീതകലാനിധിപ്പട്ടം' കരസ്ഥമാക്കി. എം.എൽ.വി എന്ന സംഗീതജ്ഞയുടെ ശിക്ഷണപാടവത്തിന്റെകൂടി  തെളിവായി അതിനെ വിലയിരുത്തേണ്ടതുണ്ട്!


വോക്കൽകച്ചേരികളുടെ പക്കമേളങ്ങൾക്ക് പുറമേ  ഇതര ഉപകരണസംഗീതജ്ഞരുമായി അനവധി വേദികളിൽ  'വാദ്യലഹരിപരിപാടികളും ജുഗൽബന്ദികളും കന്യാകുമാരി നടത്തിവരുന്നു.സുപ്രസിദ്ധ ഉപകരണസംഗീതജ്ഞരായ കാദ്രി ഗോപിനാഥ്‌ (സാക്സോഫോൺ),എ.കെ.പളനിവേൽ (തവിൽ),സക്കീർ ഹുസൈൻ (തബല) തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർക്കൊപ്പം അവർ നടത്തിയ വയലിൻ കച്ചേരികൾ ആസ്വാദകരുടെ മനംകവർന്നവയാണ്.എണ്ണമറ്റ ഉപകരണകലാകാരന്മാരെ അണിനിരത്തി ഫ്യുഷൻ സംഗീതത്തിന്റെ പുതിയപരീക്ഷണങ്ങളും അവർ വിജയകരമായി ചെയ്തിട്ടുണ്ട് .രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്ത അത്തരം പരിപാടികളിലൂടെ അനേകം വിദേശരാജ്യങ്ങളിൽ കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ആരാധകരെ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. .ഇവയ്‌ക്കെല്ലാം പുറമേ 'സപ്താദ്രി' എന്ന പേരിൽ ഏഴ് പുതിയ രാഗങ്ങൾ കന്യാകുമാരിയുടേതായുണ്ട്.

വയലിനിലെ പെൺപെരുമ ശ്രദ്ധേയമായ സാന്നിധ്യമായി ജീവിതസായാഹ്നത്തിലും തന്റെ ജൈത്രയാത്ര തുടരുകയാണ്

A Tribute to Subbaraya Shasthrikal

സൗഭാഗ്യശ്രീമാനായ ഒരു സംഗീതജ്ഞൻ
രജീഷ് പാലവിള ,തായ് ലാൻഡ്




 കലയിൽ പ്രത്യേകിച്ചും സംഗീതത്തിൽ ഏറ്റവും സവിശേഷമായ ഒന്നാണ് പ്രതിഭാധനരും  പരിചയസമ്പന്നരുമായ  ഗുരുക്കന്മാരെ  ലഭിക്കുക എന്നത് .ശിഷ്യന്മാരുടെ കഴിവ്തിരിച്ചറിയാനും വേണ്ടവിധത്തിൽ പരിപോഷിപ്പിക്കാനും നല്ലൊരു ഗുരുവിനുമാത്രമേ കഴിയൂ.സംഗീതത്തിനുവേണ്ടി ആത്മസമർപ്പണംചെയ്തവരും ശ്രദ്ധാലുക്കളും  നിത്യഗാനോപാസകരുമായ സംഗീതജ്ഞർക്കാകട്ടെ ജിജ്ഞാസുക്കളും പ്രതിഭകളുമായ  ശിഷ്യന്മാരെ കണ്ടെത്തിഅഭ്യസിപ്പിക്കുക എന്നത് അത്രമേൽ അനായാസവും ആനന്ദകരവുമായ ഒരുപ്രവൃത്തിയിരിക്കും.അത്തരം ഗുരുക്കന്മാരെ ലഭിക്കുന്നതിൽപരം വലിയൊരുഭാഗ്യം സംഗീതലോകത്തിലില്ല .ഗുരുക്കന്മാർ 'ചമയുന്നവരുടെ' എണ്ണംകൂടുന്ന ഇക്കാലത്ത് കോലാഹലങ്ങൾ ചില്ലറയല്ലല്ലോ! ഭാഷയോടും അർത്ഥഭംഗിയോടും യാതൊരുവിധ നീതിയുംപുലർത്താതെ കേവലം  ശബ്ദകസറത്തുകൾ നടത്താനായിട്ട് കുട്ടികളെ  'ട്യൂൺ' ചെയ്തുവിടുന്നതാണ് കർണ്ണാട്ടിക് സംഗീതമെന്നപോലെയാണ് ഇത്തരം  'അധ്യാപകവേഷങ്ങൾ' അഭ്യാസംനടത്തുന്നത് .പൂന്താനം പാടിയപോലെ വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാൻമാരെന്നുനടിക്കുന്ന ഇവർ  'ഗുരുദക്ഷിണ'യുടെ പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയും വിദ്യാർത്ഥികളുടെ കലോത്സവവേദികളിലൊക്കെ വഴക്കിട്ടും വീമ്പുപറഞ്ഞും തമ്മിൽതല്ലുന്ന 'അപസ്വരങ്ങളായിഈ രംഗത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു എന്നത് അതിശയോക്തിയല്ല.എങ്കിലും  മഹാസംഗീതജ്ഞർ പകർന്നുതന്ന മഹത്തായ സംഗീതപാരമ്പര്യത്തെ മുറുകെപിടിക്കുന്ന അനേകംപേരുണ്ട്.അവരുടെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കർണാടിക് സംഗീതത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും നിലനിർത്തുന്നതിൽ വലിയപങ്കുവഹിക്കുന്നു.നിറവും മണവും മധുവുമുള്ള പൂക്കളെത്തേടി ശലഭങ്ങൾഎന്നപോലെ പ്രയത്നശാലികളും പ്രതിഭകളുമായ സംഗീതവിദ്യാർത്ഥികൾ ഇത്തരം ഗുരുക്കന്മാരെത്തേടിയെത്തി തങ്ങളുടെ സംഗീതജീവിതം കൂടുതൽ ശ്രുതിമധുരമാക്കുന്നു.


ഏതെങ്കിലും തരത്തിലുള്ള ശബ്ദറെക്കോർഡിങ്സംവിധാനങ്ങളോ റേഡിയോയോ ഒന്നുമില്ലാതിരുന്ന കാലഘട്ടങ്ങളിൽ ജീവിച്ച  മഹാസംഗീതജ്ഞരുടെ കൃതികളും ശൈലികളുമൊക്കെ നമുക്ക് പകർന്നുകിട്ടിയത് അവരുടെ ശിഷ്യപരമ്പരകളിലൂടെയാണ്.അതുകൊണ്ടുതന്നെ ഗുരു-ശിഷ്യപാരമ്പര്യത്തിന്റെ ചരിത്രംകൂടിയാണ് സംഗീതത്തിനുള്ളത്.കർണ്ണാട്ടിക് സംഗീതത്തിന്റെ പിതാമഹൻ എന്ന് പുകഴ്പെട്ട പുരന്തരദാസന്റെയോ    ത്രിരത്നങ്ങളായ ത്യാഗരാജസ്വാമികളുടേയോ  ശ്യാമശാസ്ത്രികളുടേയോ  മുത്തുസ്വാമി ദീക്ഷിതരുടേയോ ഒക്കെ  എണ്ണമറ്റ ശിഷ്യപരമ്പരകളുടെ കണ്ണികളാവുക എന്നത്പോലും  സംഗീതവിദ്യാർത്ഥികളെ സംബന്ധിച്ച്  മഹാഭാഗ്യങ്ങളാണ്.പ്രതിഭകൊണ്ടും സംഗീതപാഠവംകൊണ്ടും  അദ്വിതീയന്മാരായ ഈ സംഗീതരാജാക്കന്മാരുടെ ശിഷ്യന്മാരൊക്കെ കർണാടിക് സംഗീതചരിത്രത്തിന്റെ മഹാശില്പികളുമാണ്.സംഗീതപ്രഭുക്കളായ ആ ഗുരുക്കന്മാരുടെ ശിഷ്യരായി അവരോടൊപ്പം ജീവിക്കാനും ആ കൃതികളുടെ അവാച്യസുന്ദരമായ ആലാപനത്തിന്റെ മാസ്മരികലോകങ്ങളിൽ അഭിരമിക്കാൻ ഭാഗ്യംലഭിക്കുകയും അവരുടെ കൃതികളും ശൈലികളുമൊക്കെ പകർത്തിവച്ച്  വരുംതലമുറകൾക്ക്കൂടി അതിരില്ലാത്ത ആനന്ദത്തിന്റെ അനുഭൂതികൾ പകർന്നുവച്ച ആ മഹാനുഭാവന്മാരെ കൃതജ്ഞതയോടെ എക്കാലവും സ്മരിക്കണം.

ത്യാഗരാജനോ ശ്യാമശാസ്ത്രികളോ എങ്ങനെയായിരിക്കും പാടിയതെന്നും അവരുടെ ശബ്ദവും ഭാവവുമൊക്കെ എങ്ങനെയായിരുന്നു എന്നുമൊക്കെ ചിന്തിച്ചു നോക്കുന്നതുപോലും നമ്മിൽ ഉണർത്തുന്ന കൗതുകവും ആവേശവും ചെറുതല്ല .അപ്പോൾ അവരുടെ ശിഷ്യരാകാൻ കഴിഞ്ഞവരുടെ ഭാഗ്യത്തെക്കുറിച്ച് പറയാൻ വാക്കുകളുമില്ല !സംഗീത-ചക്രവർത്തിമാരിൽ  ഒരാളുടെയെങ്കിലും ശിഷ്യനോ ആ ശിഷ്യപരമ്പരകളുടെ കണ്ണിയാവുക  എന്നത്പോലും അനുപമമായ പദവിയാണ്. അങ്ങനെയിരിക്കെ ആ സംഗീത ത്രിരത്നങ്ങളെ  മൂന്നുപേരെയും  ഒരാൾക്ക്ഗുരുക്കന്മാരായി ലഭിച്ചാലുള്ള കഥയെന്താവും !അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ മഹാഭാഗ്യം ലഭിച്ച ഒരു മഹാസംഗീതജ്ഞനുണ്ട് ,സാക്ഷാൽ സുബ്ബരായ ശാസ്ത്രികൾ! ശ്യാമശാസ്ത്രികളുടെ ഇളയമകനായിരുന്ന അദ്ദേഹത്തിന് മഹാനായ അച്ഛനിൽനിന്നും സംഗീതം പഠിക്കുന്നതിനൊപ്പം ത്യാഗരാജസ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും കീഴിൽ സംഗീതംപഠിക്കാനുള്ള അപൂർവ്വഭാഗ്യമുണ്ടായി .ഇങ്ങനെയൊരു സൗഭാഗ്യശ്രീമാനാവാൻ കഴിഞ്ഞത് സുബ്ബരായ ശാസ്ത്രികൾക്ക് മാത്രമായിരുന്നു.തന്റെ കീഴിൽ സംഗീതാഭ്യാസം തുടങ്ങിയ പ്രിയ പുത്രനെ തിരുവൈയാറിലെ ത്യാഗരാജസ്വാമികളുടെ അടുക്കലേക്ക് അയച്ചത് ശ്യാമശാസ്ത്രികളായിരുന്നു .ശാസ്ത്രികളോട് സ്നേഹ-ബഹുമാനങ്ങളുണ്ടായിരുന്ന ത്യാഗരാജൻ തന്റെശിഷ്യനായി സുബ്ബരായനെ സ്വീകരിക്കുകയും സംഗീതം പഠിപ്പിക്കുകയുംചെയ്തു.പ്രതിഭാധനനായിരുന്ന ആ സംഗീതവിദ്യാർത്ഥി ത്യാഗരാജന്റെ പ്രിയശിഷ്യനായിത്തീരുകയും ചെയ്തു .കുറച്ചുകാലം ത്യാഗരാജനോടൊപ്പമുള്ള  പഠനത്തിനുശേഷം സുബ്ബരായൻ,അച്ഛന്റെ ശിക്ഷണത്തിൽ  തന്റെസ്വദേശമായ തഞ്ചാവൂരിൽ പഠനം തുടർന്നു.അക്കാലത്ത് അവിടെയെത്തിയ സാക്ഷാൽ മുത്തുസ്വാമി ദീക്ഷിതർ ശ്യാമശാസ്ത്രികളുടെ വീടിനടുത്ത് താമസിക്കാനിടവരികയും ആ മഹാസംഗീതജ്ഞന്മാർക്ക് തങ്ങളിൽ കാണാനും സംഗീതസല്ലാപങ്ങൾ നടത്താൻ അവസരമുണ്ടാവുകയും ചെയ്തു.ശ്യാമശാസ്ത്രികളോടൊപ്പം ആ ചർച്ചകളിൽ സുബ്ബരായനും പങ്കെടുക്കുകയും അച്ഛന്റെ ആവശ്യപ്രകാരം താൻ സ്വന്തമായി ചിട്ടപ്പെടുത്തിയ ചില കൃതികൾ മുത്തുസ്വാമി ദീക്ഷിതരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആലാപനത്തിലും സംഗീതത്തിലും സംതൃപ്തനായ ദീക്ഷിതർ തന്റെശിഷ്യന്റെ സ്ഥാനംകൊടുത്ത്കൊണ്ട് സുബ്ബരായനെ തന്റെകൃതികൾ ചൊല്ലിപ്പഠിപ്പിക്കുകയുംചെയ്തു .മഹാജ്ഞാനികളായ ആ മൂന്നുസംഗീതജ്ഞരുടേയും സ്വാധീനം സുബ്ബരായന്റെ സംഗീതത്തിൽ പ്രകടമായി എന്നൊരു വിശേഷംകൂടി അതുകൊണ്ടുണ്ടായി.അച്ഛൻ ശ്യാമശാസ്ത്രിയുടെ  ചിട്ടസ്വരങ്ങളും ത്യാഗരാജസ്വാമികളുടെ 'മധ്യമകാലം' ദീക്ഷിതരുടെ 'മൃദുവേഗത' എന്നിവ സുബ്ബരായ ശാസ്ത്രികളുടെ കൃതികളുടെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.വളരെക്കുറച്ചു കൃതികൾമാത്രം ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ അധികവും ശ്യാമശാസ്ത്രികളുടേത്പോലെ ദേവീസ്തുതികളായിരുന്നു.തെലുങ്കിൽ രചിക്കപ്പെട്ട ജനനീ നിനുവിന,നിന്നുസേവിഞ്ചിന,ഓ ജഗതാംബ തുടങ്ങിയ അദ്ദേഹത്തിന്റെ സുപ്രസിദ്ധകൃതികളിൽ ചിലതാണ്.സുബ്ബരായ ശാസ്ത്രികൾ മികച്ച വയലിനിസ്റ്റ് എന്ന നിലയിലും അറിയപ്പെട്ടിരുന്നു.സുബ്ബരായ കൃതികളുടെ ഏറ്റവും ശ്രദ്ധേയമായ ആലാപനങ്ങൾ കർണ്ണാട്ടിക് സംഗീതലോകത്തെ സുവർണ്ണതാരമായ സംഗീതകലാനിധി  എം.ഡി.രാമനാഥന്റേതായി വിലയിരുത്തപ്പെടുന്നു.  

കർണ്ണാട്ടിക് സംഗീതത്തിലെ മൂർത്തികളായ  മൂന്നുമഹാസംഗീതജ്ഞരുടെ ശിക്ഷണംലഭിച്ച സുബ്ബരായശാസ്ത്രികളുടെ ആ അപൂർവ്വഭാഗ്യം കർണ്ണാട്ടിക് സംഗീതചരിത്രത്തിലെ   അവിസ്മരണീയമായ ഒരേടായി അദ്ദേഹത്തിന്റെ കൃതികളോടൊപ്പം എക്കാലവും വാഴ്ത്തപ്പെടും



A Tribute to M.L.Vasanthakumari

'എം.എൽ.വിഎന്ന വസന്തകോകിലത്തെ ഓർക്കുമ്പോൾ
രജീഷ് പാലവിള ,തായ് ലാൻഡ്

കർണ്ണാട്ടിക് സംഗീതലോകത്തെ എക്കാലത്തെയും അപൂർവ്വമഹാപ്രതിഭയാണ്   'എം.എൽ.വി' എന്ന ചുരുക്കപേരിൽ ആസ്വാദകർ ആരാധനയോടെ വിളിക്കുന്ന സംഗീതകലാനിധി-പദ്മഭൂഷൺ എം.എൽ.വസന്തകുമാരി.
കർണ്ണാട്ടിക് സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത മധുരോപഹാരങ്ങൾനൽകി മണ്മറഞ്ഞ ആ അതുല്യപ്രതിഭയുടെ തൊണ്ണൂറാം ജന്മവാർഷികമായിരുന്നു ജൂലൈ 3ന്.രാഗവിസ്താരങ്ങളിലെ സൂക്ഷ്മതയും സങ്കീർണ്ണമായ താളവിന്യാസത്തിലെ വിസ്മയകരമായ തന്മയത്വവുംനിറഞ്ഞ അവരുടെ ആലാപനങ്ങൾ കർണ്ണാടിക് സംഗീതലോകത്തെ ചക്രവർത്തിമാരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.എം.എസ്.സുബ്ബലക്ഷ്മിക്കും ഡി.കെ.പട്ടമ്മാളിനുമൊപ്പം സംഗീതത്തിലെ സ്ത്രീ-ത്രിമൂർത്തികളിൽ ഒരാളായി അറിയപ്പെടുമ്പോഴും മാസ്മരികമായ മനോധർമ്മത്തിന്റെ സാങ്കേതികതയിലും കയ്യടക്കത്തിലും ജ്ഞാനത്തിലും ആലാപനത്തിന്റെ മാധുര്യത്തിലും മറ്റുരണ്ടുപേരെക്കാളും ഒരുപടിമുന്നിലായിരുന്നു എം.എൽ.വി എന്നാണ് അവരുടെ സംഗീതാസ്വാദകൻ എന്ന നിലയിൽ എന്റെ വിശ്വാസം
സംഗീതത്തിന്റെ വായ്ത്താരികൾനിറഞ്ഞ കുടുംബത്തിലായിരുന്നു  എം.എൽ.വിയുടെ പിറവി.പ്രമുഖസംഗീതജ്ഞരായിരുന്ന കുത്തനൂർ അയ്യാസ്വാമി അയ്യരുടേയും ലളിതാംഗിയുടേയും മകളായി 1928 ജൂലൈ 3ന് ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രവിശ്യയിലാണ് അവർ ജനിച്ചത്. എം.എൽ.വിയുടെ ജീവിതത്തെ മാറ്റിമറിച്ചത് സാക്ഷാൽ ജി.എൻ.ബാലസുബ്ര്യമണ്യ(ജി.എൻ.ബി )മെന്ന പ്രതിഭാധനനായ സംഗീതജ്ഞനായിരുന്നു. 'എം.എൽ.വി' തൻറെ പതിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ കച്ചേരിനടത്തിയപ്പോൾ സദസ്സിലുണ്ടായിരുന്ന ജി.എൻ.ബി  അവരുടെ അസാധാരണമായ  ആലാപനം ശ്രദ്ധിക്കുകയും അവരെ ശിഷ്യയായി സ്വീകരിക്കുകയും ചെയ്തു. അവരിലെ പ്രതിഭയെ വേണ്ടവിധത്തിൽ പ്രോജ്ജ്വലിപ്പിച്ച അദ്ദേഹം ശിഷ്യയുടെ അറിവിലും മനോധർമ്മത്തിലും തികഞ്ഞവിശ്വാസവും ആദരവും പ്രകടിപ്പിച്ചു .തന്നിൽനിന്നും സംഗീതത്തിന്റെ അറിവുകൾ സ്വാംശീകരിച്ച് തന്റേതായ വഴികണ്ടെത്തിയ പ്രതിഭ എന്നാണ് അദ്ദേഹം 'എം.എൽ.വി' യെക്കുറിച്ച് പറഞ്ഞത്. കച്ചേരിക്കുള്ള യാത്രകളിൽ കാറിലിരുന്ന് മനോധർമ്മം ശീലിക്കുന്ന 'എം.എൽ.വി' യെക്കുറിച്ച് പലരും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.കൗതുകത്തോടെയും ആകാംക്ഷയോടുമല്ലാതെ അവരുടെ കച്ചേരിയിൽ പക്കമേളക്കാർക്ക് ഇരിക്കാൻ കഴിയുമായിരുന്നില്ല .അത്ര സൂക്ഷ്മമായ മനോധർമ്മമായിരുന്നു അവരുടേത്  . 'എം.എൽ.വി' യുടെ പ്രശസ്തശിഷ്യയായ ശ്രീമതി സുധാരഘുനാഥൻ ഇതിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് തന്റെ പന്ത്രണ്ടുവർഷത്തെ ശിക്ഷണത്തിനിടയിൽ ഒരിക്കൽപോലും അമ്മ ('എം.എൽ.വി' ) വീട്ടിലിരുന്നു സാധകം ചെയ്യുന്നത് കണ്ടിട്ടേയില്ല എന്നാണ് .അവരെ അത്ഭുതപ്പെടുത്തിയ ഒരു സംഗതി ഒരിക്കൽ ഒരു കച്ചേരിയ്ക്ക് പോകുംവഴി കാറിലിരുന്ന് 'എം.എൽ.വി' ഒരു പല്ലവി ചിട്ടപ്പെടുത്തിയ കാര്യമാണ് .കച്ചേരി നടക്കുന്ന ഇടം കല്യാണസ്ഥലമോ സംഗീതസഭയോ ക്ഷേത്രാങ്കണമോ എവിടെ ആയാലും കൃതഹസ്തയായ ആ സംഗീതജ്ഞ ആസ്വാദകരുടെ ശ്രദ്ധ തന്റെഗാനത്തിലേക്ക്  ആകർഷിക്കാൻപോന്ന കയ്യടക്കമുള്ള ആളായിരുന്നു! ശ്രുതിഭേദംവരുത്തി നിമിഷങ്ങൾക്കുള്ളിൽ പല്ലവികൾ പാടാനുള്ള അവരുടെ കഴിവ് ആരെയും അമ്പരപ്പിക്കുന്നതുമായിരുന്നു.ഒരുകാലത്തും ചോദ്യം ചെയ്യപ്പെടാൻ ഇടയില്ലാത്ത സംഗീതലോകത്തിന്റെ മഹാറാണിയാണ് 'എം.എൽ.വി' എന്നാണ്  സുധാരഘുനാഥൻ ഗുരുവിനെക്കുറിച്ച്  അഭിമാനത്തോടെ പറയുന്നത്. സ്ത്രീകളുടെ കച്ചേരിക്ക് പക്കമേളത്തിൽ പങ്കെടുക്കുകയില്ല എന്ന ശാഠ്യമുണ്ടായിരുന്ന മൃദംഗവിദ്വാൻ  സാക്ഷാൽ പാലക്കാട്ട് മണിഅയ്യർ 'എം.എൽ.വി' ക്ക് വേണ്ടി മൃദംഗം വായിച്ചപ്പോൾ പറഞ്ഞത് അവർക്ക് വേണ്ടി കൊട്ടാതെ തന്റെ സംഗീതസപര്യ പൂർണ്ണമാകില്ല എന്നായിരുന്നു.അതായിരുന്നു 'എം.എൽ.വി'   ! പുരന്ദരദാസകൃതികളുടെ ഉപാസകയായിരുന്ന അമ്മ ലളിതാംഗിയുടെ സ്വാധീനമെന്നോണം 'എം.എൽ.വി' യും പിൽക്കാലത്ത് പുരന്ദരദാസകൃതികൾ തന്റെ കച്ചേരികളിൽ കൂടുതൽഉൾപ്പെടുത്തുകയും തന്റെ സിദ്ധിയിലൂടെ അവയ്ക്ക് പുതുജീവൻ നൽകുകയും ചെയ്തു.
സംഗീതജ്ഞ എന്ന നിലയിൽ മാത്രമല്ല ചലച്ചിത്രപിന്നണിഗായിക എന്നനിലയിലും അവർ ഖ്യാതിനേടി . ഭാരതീയാരുടെ ചിന്നൻചിറ കിളിയേ എന്ന ഒറ്റഗാനം മാത്രംമതി ചലച്ചിത്രഗാനലോകത്തെ അവരുടെ ലബ്ധപ്രതിഷ്‌ഠയ്ക്ക്! 'എം.എൽ.വി' ആലപിച്ച ഭരതനാട്യപദങ്ങളുടെ കാര്യംകൂടി പറയാതെവയ്യ.രാജ്യത്തെ നർത്തകർക്കിടയിൽ വലിയ പ്രചാരമാണ് അതിനു ലഭിച്ചത്.നൃത്തത്തിന് അനുഗുണമായതലത്തിൽ താളങ്ങളുടെ സൂക്ഷ്മസമ്മേളനങ്ങൾ നിറഞ്ഞ അവയുടെസൗന്ദര്യം അത്രനേൽ സ്തുത്യർഹവും എക്കാലത്തും മാറ്റോടുകൂടിനിൽക്കുന്നതുമാണ്. തമിഴ്  തെലുങ്ക് കന്നഡ ഇംഗ്ളീഷ് തുടങ്ങിയ ഭാഷകൾ ഒഴുക്കോടെ സംസാരിക്കാൻ അവർക്ക് കഴിയുമായിരുന്നു .കീർത്തനങ്ങളുടെ അർത്ഥം ഗ്രഹിക്കാനുള്ള അവരുടെ ഇച്ഛാശക്തിയും സമർപ്പണബോധവും എടുത്ത്പറയേണ്ടതുമാണ്
ആ മഹാസംഗീതജ്ഞയുടെ ഓർമ്മകൾക്ക്മുന്നിൽ സംഗീതപ്രണാമം