To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Wednesday, 31 October 2012

പ്രച്ഛന്നവേഷംപ്രച്ഛന്നവേഷം/രജീഷ് പാലവിള
_______________________

കവിതയുടെ കുമ്പസാരക്കൂട്ടില്‍
ചങ്ങമ്പുഴ,'പാടുന്ന പിശാച് ' ചൊല്ലുന്നു.
ദൈവനാമത്തില്‍ കൂദാശ കൈക്കൊള്ളുന്ന
പുരോഹിതന്‍റെ ഭാവമായിരുന്നില്ല വായനക്കാരന് !

അപഥസഞ്ചാരങ്ങളോര്‍ത്ത്
അനുതാപത്തോടെ നെടുവീര്‍പ്പിട്ടും
പറഞ്ഞും കരഞ്ഞും ശപിച്ചും പഴിച്ചും
കവി അസ്വസ്ഥനായി !!

അനുനയിപ്പിക്കുവാന്‍ വാക്കുകളില്ലാതെ
ആത്മകഥാനുഭൂതിയില്‍
വായനക്കാരന്‍ നിശബ്ദന്‍ !

പാപികളുടെ കല്ലുകള്‍ നേരിട്ട്
ഗന്ധര്‍വന്‍റെ പ്രച്ഛന്നവേഷം !

കവി ,പിശാചല്ല !
കവിയ്ക്ക് പിശാചാകാനാകില്ല !!
 

Sunday, 28 October 2012

ദൈവമുണ്ട് ;സൂക്ഷിക്കുക

ദൈവമുണ്ട് ;സൂക്ഷിക്കുക 
___________________
കാരിരുമ്പഴിക്കുള്ളില്‍
കനത്തചങ്ങലകൊണ്ട് ബന്ധിച്ചിട്ടും
കാണിക്കവഞ്ചി
പലതവണ മോഷ്ടിക്കപ്പെട്ടു !
പ്രതിവിധിയാരാഞ്ഞ്
ആസ്ഥാനജ്യോത്സ്യന്‍
കവടി നിരത്തിയപ്പോഴാണ്
ദൈവഹിതം ,നാട്ടുകാരറിഞ്ഞത് !
കുതിരയോളം പൊക്കമുള്ള
ആ ഉശിരന്‍നായ
അങ്ങനെയാണ് അവിടെ 'നടയിരുത്തപ്പെട്ടത് ' !!
നേര്‍ച്ചപ്പെട്ടിയുടെ അരികില്‍
അവന്‍ എപ്പോഴും കാവലിരുന്നു .
ഭണ്ഡാരപ്പെട്ടി വളരുകയും
ക്ഷേത്രം ഗ്രാമത്തിനു പുറത്തേക്ക്
സഞ്ചരിക്കുകയും ചെയ്തു !
അവന്‍ ആരാധിക്കപ്പെടുകയും
വാഴ്ത്തപ്പെടുകയും ചെയ്തു !
തിന്നു കൊഴുത്ത നായയ്ക്ക്
എല്ല് കുത്താന്‍ തുടങ്ങിയപ്പോഴാണ്
അമ്പലവഴിയില്‍ ഒരു ബോര്‍ഡ്‌ കണ്ടത് :

"ദൈവമുണ്ട് ;സൂക്ഷിക്കുക !"

(രജീഷ് പാലവിള /28-10-2012)

Friday, 26 October 2012

തുലയാതെ പെയ്യൂ..തുലാവര്‍ഷമേ

തുലയാതെ പെയ്യൂ..തുലാവര്‍ഷമേ 

---------------------------------------
വെളുവെളെയാകാശ,മുഷ്ണവാതം !കൊടും-

വറുതിയിലേക്കീ ദിനപ്രവാഹം !!

ദലമര്‍മ്മരങ്ങളപശ്രുതി!മുട്ടി -
യുഴറുകയാണീ മഹാപ്രകൃതി !!

കുടിനീരിന്‍ ഉറവയില്‍ മധുരം നിറച്ചുപൂ-
ങ്കുളിരുമായി പെയ്യൂ തുലാവര്‍ഷമേ !!

താന്തമാം മണ്ണിന്‍ഞരമ്പിലൂടൂര്‍ന്നുശോ-
കാന്തമിരമ്പൂ..പ്രഭാവര്‍ഷമേ !!

ഇരുളാര്‍ന്നമേഘമാ,യിന്ദ്രധനുസ്സുമാ-
യിടതൂര്‍ന്നു പെയ്യൂ ..മഹാവര്‍ഷമേ !

വറുമത്തുയിര്‍പോക്കി മിന്നല്‍ക്കൊടിയുമായി-
ത്തുടുതുടെ പെയ്യൂ ..പെരുംവര്‍ഷമേ !

നിലതെറ്റിവീഴുമീരാശിചക്രത്തില്‍ നീ 
തുലയാതെ പെയ്യൂ ..തുലാവര്‍ഷമേ !!

---------------------------------------------

വഴിമാറിപ്പോകാറ്റെ ! ഇവിടെത്തണുത്തുറ-
ഞ്ഞിടിവെട്ടി പെയ്യട്ടെ കാലവര്‍ഷം !!

കൊതിതീരെപെയ്യുമ്പോള്‍ കോരിത്തരിച്ചെന്റെ 
കടലാസുവള്ളങ്ങള്‍ ഞാനൊഴുക്കും !!

(രജീഷ് പാലവിള /26-10-2012)

Sunday, 21 October 2012

കേരളോത്സവം

കേരളോത്സവം
-------------------------
വേദി -ഒന്ന്
കവിതാലാപനം

ഹൃദയരക്തം കൊണ്ടെഴുതിയ കവിത
ഭാവാര്‍ദ്രമായി അവതരിപ്പിക്കുന്ന ഒരു കവിഹൃദയം !
ആളില്ലാക്കസേരകള്‍ക്കുമുന്നില്‍
അന്തംവിട്ടിരിക്കുന്ന വിധികര്‍ത്താക്കള്‍ .
ശപിക്കപ്പെട്ട നിമിഷങ്ങളുടെ ആലസ്യത്തില്‍
പകുതിയടഞ്ഞ കണ്ണുകളുള്ള മൈക്ക് ഓപ്പറേറ്റര്‍.

വേദി -രണ്ട്
മിമിക്രി

അനുകരണകലയിലെ
വാഗ്ദാനമെന്നു വാഴ്ത്തപ്പെട്ട
യുവാവിന്റെ മിന്നുന്ന പ്രകടനം !
ദ്വയാര്‍ത്ഥങ്ങളുടെ രതിമൂര്‍ച്ഛയില്‍
ഇളകിമറിയുന്ന പുരുഷാരം !!

കലാപ്രതിഭയിലേക്ക്
കവിയ്ക്ക്‌ ഏറെ ദൂരം !!
-------------------------------------------
(രജീഷ്പാലവിള /22-10-2012)

Saturday, 20 October 2012

സപ്താഹം

സപ്താഹം
------------------
അടുത്തൊരമ്പലത്തില്‍ സപ്താഹം .
തലയ്ക്കുമുകളില്‍
ഇടിമുഴക്കത്തോടെ അലറിവിളിക്കുന്ന
നീണ്ട കോളാമ്പികള്‍ !
അവതാരകരുടെ ഘനഗംഭീരമായ
പാരായണം !
അക്ഷരപ്പിശകുകളില്‍ രാഗവിസ്താരം !
അര്‍ത്ഥവിശദീകരണത്തില്‍ മസ്തിഷ്കപ്രക്ഷാളനം !!
മീനും ആമയും പന്നിയും പോയപ്പോള്‍ 
വീടിന്റെ കുടല്‍മാലയുമായി നരസിംഹം !!
ഇടവേളകളില്‍ ഗുരുവായൂരപ്പന്റെ
കൊലവെറിപ്പാട്ട് !,
യുദ്ധഭൂമിയില്‍ ഏഴ് പകലുകള്‍ !!

എട്ടാംനാള്‍ ..
കോളാമ്പികള്‍ നിലത്തിറങ്ങുന്നത്
ഒരു ദീര്‍ഘനിശ്വാസത്തോടെ
നോക്കിനിന്ന എന്നോട്
സംഘാടകന്റെ അന്വേഷണം :
"എങ്ങനെയുണ്ടായിരുന്നു സപ്താഹം ?''

"ഗംഭീരം! അന്നദാനത്തിനു
ഇത്തവണയും നല്ല തിരക്കുണ്ടായിരുന്നു !!"
അവലോകനത്തിന്റെ അപ്രിയസത്യം .

Tuesday, 16 October 2012

തോക്കിന്‍മുന്നിലെ ശലഭങ്ങള്‍

'മലാല' !,സ്വാത് താഴ്വരയിലൊരു കുഞ്ഞുപൂമ്പാറ്റ !!
അപ്പൂഞ്ചിറകിലേക്ക് തുറിച്ചെത്രതോക്കുകള്‍ !!

അക്ഷരപ്പൂക്കള്‍വിടര്‍ന്ന മുറ്റങ്ങളില്‍
അഗ്നികുണ്ധങ്ങള്‍ തീര്‍ത്തന്ത്യമാംശാസനം ..

പള്ളിയില്‍ ,പള്ളിക്കുടങ്ങളില്‍പോകുവാന്‍
പെണ്ണ്കൊതിച്ചാല്‍പൊറുക്കണോദൈവം?!

കൂര്‍ത്തനഖങ്ങളില്‍ രക്തക്കറപൂണ്ട
കാട്ടുമൃഗങ്ങള്‍പോല്‍ താലിബാന്‍സേനകള്‍ !!

ഗോത്രദൈവത്തിന്റെ നീതിപീഠത്തിനാ-
യാര്‍ത്തു വിളിക്കുന്ന പ്രാകൃതജീവികള്‍ !

ബുര്‍ഖകള്‍ക്കുള്ളിലിരുണ്ടലോകത്ത് ദു :-
ഖാര്‍ത്തമൊടുങ്ങുന്ന ജീവിതങ്ങള്‍ക്കുമേല്‍ ..

ഓരോവിലക്കുകള്‍തീര്‍ത്തുതേര്‍വാഴ്ചകള്‍ !
ക്രൂരം!കിരാത,മസഹ്യമക്കാഴ്ചകള്‍ !!
ക്ഷീരപഥങ്ങളില്‍ശാസ്ത്രരഥജയ -
ഭേരിമുഴങ്ങുന്ന പുതിയനൂറ്റാണ്ടിലും ..
വീണ്ടുമോരോരോ ഹദീസുമായെത്തുന്നു
വീണ്ടുവിചാരമില്ലാത്ത 'മലക്കുകള്‍ ' !!

അവിടെയാ പെണ്‍കൊടി സ്വപ്‌നങ്ങള്‍ കാണ്പൂ!
അറിവിന്‍ പ്രകാശമവള്‍ക്കാരു നല്‍കും !!

ഉന്മുദ്രമാക്കുഞ്ഞുഹൃദയത്തില്‍ നിന്നും 
ഉച്ചത്തില്‍ കേള്‍ക്കുന്നു സ്വാതന്ത്ര്യഗാനം !

ചോരമണക്കുമത്താഴ്വര തോറും 
ചോലകള്‍പാടിയാ പ്രാണസംഗീതം  !!
By Rejeesh Palavila on 16/10/2012

Tuesday, 9 October 2012

മാനസാന്തരങ്ങള്‍

മാനസാന്തരങ്ങള്‍ / രജീഷ് പാലവിള
----------------------------------------------------------
സുഹൃത്തിന്റെ ചിതാഗ്നിക്കരികില്‍
മുറിവേറ്റു നിക്കുമ്പോഴാണ്
ബുദ്ധനെ ഞാന്‍ ആദ്യമായി കാണുന്നത് !
കാതുകള്‍ അസാധാരണമായി നീണ്ടതോ
തലമുടി ,രുദ്രാക്ഷമണികള്‍ -
അടുക്കിവച്ചത്പോലെയോ ആയിരുന്നില്ല !!
മഞ്ഞവസ്ത്രവും ഭിക്ഷാപാത്രവും
അലങ്കാരങ്ങളായിരുന്നു !
അവബോധത്തിന്റെ ധര്‍മ്മപഥത്തിലൂടെ
ഞാന്‍ ബുദ്ധനെ  അനുഗമിച്ചു !
ഓരോ ശരീരവും മരണത്തിന്റെ തണുപ്പ് പുതയ്ക്കുമെന്നും
ഓരോ വീടിനും ആ മരവിപ്പ് ഉണ്ടാകുമെന്നും
അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു !!
ബുദ്ധനോടൊപ്പം നടക്കുമ്പോള്‍
അംഗുലിമാലിയുടെ വിഭ്രാന്തിയില്‍ നിന്നും
ആനന്ദന്റെ  ജാഗ്രതയിലേക്ക്
ഞാന്‍ മാനസാന്തരപ്പെട്ടു !!
നിലാവില്‍ ആമ്പല്‍പ്പൂക്കള്‍ മുഖമുയര്‍ത്തി .

കളിയരങ്ങില്‍ വീണ്ടുമിരുളിന്റെ
തിരശീലയുയര്‍ന്നു !
മറ്റൊരു ചങ്ങാതിയുടെ
വിവാഹാഘോഷവേളയില്‍
മദ്യതിലേക്ക് വലിച്ചെറിയാന്‍
ആരൊക്കെയോ എന്നെപ്പൊക്കിയെടുത്തപ്പോള്‍
ബുദ്ധന്‍ വന്നു തടയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു !
എന്നാല്‍ ,അയാള്‍ ആ പഴയ
സിദ്ധാര്‍ത്ഥന്റെ  പണികാണിച്ചു കളഞ്ഞു !!

Friday, 5 October 2012

ശീര്‍ഷാസനം

ശീര്‍ഷാസനം 
----------------
ചുറ്റും തീ കത്തിപ്പടരുകയായിരുന്നു !
ഞാന്‍ അലറി നിലവിളിച്ചു !
അപ്പോഴും കവി,അയാളുടെ ദന്തഗോപുരത്തില്‍ 
ആത്മസംഘര്‍ഷങ്ങളും നഷ്ടപ്രണയങ്ങളും 
ഇഷ്ടാനിഷ്ടങ്ങളും വര്‍ണിക്കുകയായിരുന്നു !!
എന്റെ കണ്ണീരില്‍ ഞാന്‍ മുങ്ങി മരിച്ചു !!
എന്റെ ശവമഞ്ചം കടന്നു പോകുന്ന ആ വഴിയരികില്‍ 
ജ്ഞാനപീഠത്തിലേക്കുള്ള ദൂരം അളന്നുകൊണ്ട് 
ശീര്‍സാസനത്തില്‍ അപ്പോഴും തന്നെകുറിച്ച് 
കവി പാടികൊണ്ടിരിക്കുന്നു !!

ഉറുമ്പും തീക്കട്ടയും /രജീഷ് പാലവിള

ഉറുമ്പും തീക്കട്ടയും /രജീഷ് പാലവിള 
_______________________________


_______________________________
ഒരിയ്ക്കെലെങ്കിലും ഒരു തീക്കട്ട അരിയ്ക്കണം !!
ഒരുറുമ്പ് തന്റെ ആഗ്രഹം റാണിയോട് പങ്കുവച്ചു.
പരിണാമങ്ങളിലൂടെ നമ്മുടെ ആളുകള്‍
ഡിഡിറ്റി പോലും അതിജീവിച്ചിട്ടുണ്ട് ,പക്ഷെ തീക്കട്ട !,
മഹാറാണി ഉത്കണ്ഠ പ്രകടിപ്പിച്ചു !!
തന്റെ ചിരകലാസ്വപ്നത്തെ മനസ്സില്‍ താലോലിച്ചും
ആഗ്രഹപൂര്‍ത്തി വരുത്താന്‍ മാര്‍ഗമന്വേഷിച്ചും
ഉറുമ്പ് യാത്രതുടങ്ങി !
അനേകവര്‍ഷം അലഞ്ഞുതിരിഞ്ഞ്
അവന്‍ ഒരു വീട്ടില്‍ എത്തിച്ചേര്‍ന്നു !
അവിടെ ഗൃഹനാഥന്‍ തീക്കട്ട തിന്നുന്നത്
അവന്‍ കൌതുകത്തോടെ കണ്ടു നിന്നു !
തീക്കട്ട തിന്നുമ്പോഴെല്ലാം
ഏതോ പ്രക്ഷുബ്ധതയില്‍ അയാള്‍ ഇളകിമറിഞ്ഞു !!
ഞരമ്പുകള്‍ വലിഞ്ഞു മുറുകയും
കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്തു !
അയാളുടെ രാത്രികള്‍ ഉറക്കമില്ലാത്തതായിരുന്നു !!
എങ്കിലും ആര്‍ത്തിയോടെ
അയാള്‍ തീക്കട്ടകള്‍ വിഴുങ്ങുന്നത് കണ്ടപ്പോള്‍
ഉറുമ്പിനു കൊതിതോന്നി !!
എന്നാല്‍ അതിന്റെ ചുവന്നകണ്ണുകള്‍
അവനെ ഭയപ്പെടുത്തി !!
ഗൃഹനാഥനാകട്ടെ
തന്റെ കൈവെള്ളയില്‍ അത് കോരിവയ്ക്കുകയും
ഹൃദയത്തിലേക്കിട്ട് ഊതിമിനുക്കുകയും ചെയ്തു !!
അയാളുടെ മരണശേഷമാണ്
താന്‍ കണ്ടത് ഒരു കവിയെ ആണെന്ന്
ഉറുമ്പ് തിരിച്ചറിഞ്ഞത് !!
കവിയുടെ കുഴിമാടത്തില്‍ അപ്പോഴും
തീക്കട്ടകള്‍ തുടിച്ചുകൊണ്ടിരുന്നു ..!!
അയാള്‍ വലിച്ചെറിഞ്ഞ കടലാസുതുണ്ടിലെ
അക്ഷരങ്ങളിലൂടെ കയറിഇറങ്ങി
ഉറുമ്പ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചു !!