To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 17 June 2011

ശ്രീബുദ്ധന്‍-കവിത രജീഷ് പാലവിള


ശ്രീബുദ്ധന്‍


തങ്കനിലാവെഴുമരയാല്‍ത്തറയില്‍
നിന്നുമുണര്‍ന്നാ ചൈതന്യം
ഇരുളിന്‍ കോട്ടകള്‍ തച്ചുതകര്‍ക്കാന്‍
ഇവിടീ മണ്ണില്‍പ്പടരുമ്പോള്‍..
പൂണൂലുകളിലുരഞ്ഞു പുഴുത്ത കരങ്ങള്‍
ഈയമുരുക്കും ലോകത്തില്‍,
മണിയടി നാദം കേട്ടാലുടനെ
മറഞ്ഞു നില്‍ക്കേണ്ടവരുടെ കാതില്‍..
മാറ്റൊലി കൊണ്ടു പുതിയൊരു ശബ്ദം:
"ബുദ്ധം..ശരണം..ഗച്ഛാമി.."!
* * * * * * * * * * * * * * * * * * * * * * * * * * *
മന്ത്രം ചൊല്ലി മയക്കി മനസ്സില്‍
ബിംബങ്ങള്‍ക്കുയിര്‍ ചേര്‍ത്തവര്‍തന്‍,
പല്ലക്കിന്‍റെ പുറന്തടിതട്ടി-
യെല്ലുമുറിഞ്ഞവരുടെ കരളില്‍..
കുളിരല ചിന്നിച്ചൊഴുകി നിറഞ്ഞു:
"ധര്‍മ്മം..ശരണം..ഗച്ഛാമി...!!".
* * * * * * * * * * * * * * * * *  * * * * * * * * * * **  * *
കൊടിയ മരീചിക ഭാരത മണ്ണില്‍
ജാതിക്കോലം തീര്‍ക്കുമ്പോള്‍..
ഇരുണ്ട കോവിലകങ്ങളിലെങ്ങോ
തപസ്സിരുന്നു ..ദൈവങ്ങള്‍!!! !
അവരെക്കാണാ,നര്‍ച്ചന നല്‍കാന്‍
കഴിയാത്തവരുടെ കാതുകള്‍ മുട്ടി
തേനൊലിപോലെ കാറ്റിലുയര്‍ന്നു:
"സംഘം..ശരണം..ഗച്ഛാമി..!!"
____________________________
നീഹാരക്കുടമുല്ലകള്‍ ചൂടിയ 
ഹിമവല്‍പര്‍വതശൃംഖങ്ങള്‍ 
നിവര്‍ന്നുനിന്നൂ,വിശുദ്ധമാമൊരു
മെതിയടി ശബ്ദം കാതോര്‍ക്കെ !
അതിന്റെ മുഗ്ദ്ധത കണ്ടു നടുങ്ങി
വിമൂഢബ്രാഹ്മണ ശാര്‍ദ്ദൂലങ്ങള്‍ !
അതിന്റെ മാറ്റൊലി കൊണ്ട് തകര്‍ന്നു 
അഭിശ്രവണ മണ്ഡപശിലകള്‍ !!
മഞ്ഞജമന്തീ മാലകള്‍ പോലാ 
മഞ്ഞപ്പട്ടിന്‍ മഞ്ജിമ ചിതറി !
ആ മെതിയടിപതിയുന്ന പദങ്ങളി -
ലായിരമാമ്പല്‍പ്പൂവുകള്‍ മരുവി!!
പരിണാമങ്ങളിലൂടെ മനുഷ്യന്‍ 
പൂര്‍ണത നേടിയ പുതിയ ചരിത്രം 
പനയോലകളില്‍ കുറിച്ചു വച്ചു 
അഭിനവഭാരത ശാസ്ത്ര മുഖങ്ങള്‍ !!
നാസ്തികന്‍ എന്ന് വിളിച്ചു ചിലരാ -
ശാക്യമുനിക്കൊരു ജാതകമെഴുതി !
പൊട്ടക്കിണറില്‍ ചാടിമറിഞ്ഞൊരു
തവള പറഞ്ഞത് കേട്ടിട്ടില്ലേ ;
"കടലുകള്‍ എന്നാല്‍ ഞങ്ങള്‍ക്കറിയാം 
ഇക്കിണറിനു പോന്നൊരു വ്യാസം തോന്നും !!"
സത്യം കാണാന്‍ കഴിയാത്തവരുടെ 
ജല്പ്പനമിങ്ങനെ തുടരുമ്പോഴും 
ബുദ്ധനെ അറിയാനുള്‍ക്കാഴ്ചയുമായി
ധ്യാനമിരുന്നൂ ഭാരതഹൃദയം !!
വാഗാതീതതലങ്ങളില്‍ മൌനം 
വേരുകളാഴ്ത്തിയ  ബുദ്ധഹൃദന്തം 
വാടിയപൂവിതള്‍പോലോളിമങ്ങിയ 
ലോകത്തോട് വിളിച്ചു പറഞ്ഞു :
"പോകുക !പോകുക !ഉള്ളില്ലിരിക്കും 
ബോധം പൂകുക ! നിര്‍വാണം !!"


ബോധിമരത്തിന്‍ ഇലകളിലൂടെ 
കാറ്റ് കളിച്ചു നടക്കുമ്പോള്‍ ..
കേള്‍ക്കാറില്ലേ നാമാ ശബ്ദം !
പ്രാണപരിഗ്രഹ നിര്‍മാല്യം !!


'ബുദ്ധം..ശരണം..ഗച്ഛാമി..!
ധര്‍മ്മം..ശരണം..ഗച്ഛാമി..!
ബുദ്ധംശരണം,ധര്‍മ്മം..ശരണം
സംഘം..ശരണം..ഗച്ഛാമി..!!'










































No comments:

Post a Comment