To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Saturday 19 October 2013

തൃപ്പൂത്ത്


Friday 13 September 2013


ഭാഷ



ഈശ്വരപ്രാര്‍ത്ഥന


ആരാമം


വധശിക്ഷാവിധി

ഇന്ത്യയുടെ മനസ്സ്‌ ആഗ്രഹിച്ചതാണ് ഡല്‍ഹി സാകേത് കോടതിയുടെ വധശിക്ഷാവിധി .വിധി,വരുംനാളില്‍ നിയമത്തിന്‍റെ പഴുതുകളില്‍ നേര്‍ത്ത് പോകാം !ആരും വധിക്കപ്പെടുന്നത് ആഘോഷിക്കപ്പെട്ടുകൂടാ;എങ്കിലും ,ക്രൂരമായി വേട്ടയാടപ്പെട്ട ആ പെണ്‍കുട്ടിയെ സ്വന്തം മകളുടെയോ സഹോദരിയുടെയോ സ്ഥാനത്ത് കാണുന്ന ആര്‍ക്കും കോടതിവിധിയില്‍ സന്തോഷം തോന്നും.ഇങ്ങനെ ഒരു വിധിക്ക്‌ അര്‍ഹതയുണ്ടായിരുന്ന അനേകം കാടന്മാര്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയില്‍ സുഖലോലുപരായി വിലസുന്നുണ്ട് എന്നോര്‍ക്കുമ്പോള്‍ അമര്‍ഷവും തോന്നും .ഇത് പറയുമ്പോള്‍ കൊലപാതകത്തിനു ശിക്ഷ കൊലപാതകമോ എന്ന അതിശയോക്തിയോടെ ബുദ്ധിജീവികള്‍ കഴുത്ത് നീട്ടിയേക്കാം. വിഷപാമ്പ്‌ വീട്ടിനുള്ളില്‍ കടന്നുവന്നാല്‍ നിവൃത്തികേടുകൊണ്ട്നാം എന്താണ് ചെയ്യുക?

ഈ പ്രഖ്യാപനം കൊണ്ട് ഈ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതമായിരിക്കുന്നു എന്നൊന്നും ആരും കരുതുന്നില്ല.മാധ്യമങ്ങളുടെയോ ജനകീയ സമരങ്ങളുടെയോ പിന്തുണ കിട്ടാതെ പോയ,നീതി നിഷേധിക്കപ്പെട്ടവരുടെ നീണ്ട പട്ടിക ഇവിടെയുണ്ടുതാനും .കുറ്റവാളികളുടെ സ്വാധീനവും ശക്തിയും നിയമത്തിന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ ഈ രാജ്യത്ത്‌ നടന്നു.ഡല്‍ഹി സംഭവത്തിന്‌ ശേഷവും അതൊക്കെ നടന്നു.ഇപ്പോഴും നടക്കുന്നു .ഇരകളുടെയും വേട്ടക്കാരുടെയും വര്‍ണ്ണവും വര്‍ഗ്ഗവും ഗോത്രവും നോക്കാതെ നീതിക്കുവേണ്ടി സുശക്തമായ നിലപാടെടുക്കാന്‍ നമ്മുടെ സമൂഹവും നീതിപീഠവും കൂടുതല്‍ ജാഗ്രതപ്പെടട്ടെ എന്നാശിക്കാം .


രജീഷ് പാലവിള 
13/09/2013

ഇന്നസെന്റ്

മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ ഇത്തവണത്തെ ഓണപ്പതിപ്പ് വായനക്കാരന് നല്‍കുന്നത് രോഗികളുടെ ലോകത്തെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളും കാഴ്ചപ്പാടുകളും ആയിരിക്കും .കവിതകളും കഥകളും തിരയുന്നവര്‍ക്ക് മുന്നില്‍ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ആഴ്ചപ്പതിപ്പ്‌ പുറത്തിറങ്ങിയത് .ഏറെ സാഹിത്യ വിഭവങ്ങള്‍ കാത്തിരുന്ന സഹൃദയര്‍ 'അസുഖപതിപ്പ്' എന്നും മറ്റും വിമര്‍ശിക്കുകയും ചെയ്തു .ആഴ്ചപ്പതിപ്പ്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ ആദ്യം വായിച്ചത് ജോഷി ജോസഫ്‌ ,വിജയന്‍ മാഷിനെ കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പും സിനിമാ നടന്‍ ഇന്നസെന്റ് തന്റെ രോഗകാലത്തെക്കുറിച്ച് എഴുതിയ ഓര്‍മ്മകളുമാണ്.നര്‍മ്മവും മര്‍മ്മവുമുള്ള ഭാഷകൊണ്ട് ഇന്നസെന്റ് നമ്മുടെ മനസ്സില്‍ ക്യാന്‍സര്‍ രോഗത്തെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നു .താന്‍ അവിശ്വാസിയല്ലെന്നു പറയുമ്പോഴും ,ജീവിത പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ പതറുന്ന മനുഷ്യരുടെ മുന്നില്‍ ആശ്വാസത്തിന്റെ മൊത്തവിതരണക്കാരായി എത്തിച്ചേരുന്ന സംഘടിത ശക്തികളെ യുക്തിബോധം കൊണ്ട് അദ്ദേഹം പരിഹസിക്കുന്നുണ്ട്. ഒരു ഉദാഹരണം ഇവിടെ പകര്‍ത്തി വയ്ക്കുന്നു.ഇനി അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ......
-----------------------------------------------------------------------

എല്ലാ രോഗികള്‍ക്കും സന്ദര്‍ശകര്‍ ഉണ്ടാകും.രോഗി അല്പം പ്രശസ്തന്‍ കൂടിയാണെങ്കില്‍ സന്ദര്‍ശകരുടെ എണ്ണവും തരവും കൂടും.ക്യാന്‍സര്‍ കാലത്ത് എന്തെല്ലാം തരം ആളുകളാണ് എന്റെ മുന്നില്‍ വന്നത് !ഒറ്റമൂലിക്കാര്‍,മൂത്രചികിത്സകര്‍,സുവിശേഷപ്രസംഗകര്‍,കന്യാസ്ത്രീകള്‍ ..എല്ലാവരും എന്റെ ആരോഗ്യതിനാണ് വന്നത് .എന്നാല്‍ എല്ലാവരും എന്നില്‍ ചിരിയാണ് ഉണ്ടാക്കിയത് .അത്തരത്തില്‍ അത് ഒരൌഷധമായി .ബാന്ഗ്ലൂരില്‍ നിന്നോ മറ്റോ ആണ് സുവിശേഷ പ്രസംഗകര്‍ വന്നത് .അവര്‍ പറഞ്ഞു 

''കര്‍ത്താവ് ഇന്നലെ രാത്രി സ്വപ്നത്തില്‍ വന്ന് ഞങ്ങളോട് പറഞ്ഞു ;ഇന്നസെന്റിന്റെ അടുത്ത്‌ ചെന്ന് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ''

''ഇന്നലെ ഏകദേശം എത്രമണിക്കാണ് കര്‍ത്താവ്‌ നിങ്ങളുടെ വീട്ടില്‍ എത്തിയത് ?'' ഞാന്‍ ചോദിച്ചു 

''ഒരു പതിനൊന്നര പന്ത്രണ്ടു മണിയായിക്കാണും ''..അവര്‍ പറഞ്ഞു 

''അതിനു വഴിയില്ലല്ലോ;രാത്രി പന്ത്രണ്ടര വരെ കര്‍ത്താവ് ഇവിടെ ഇബടെണ്ടായിരുന്നു ''.അത് കേട്ട് സുവിശേഷകര്‍ കണ്ണ് മിഴിച്ചിരുന്നു അധികസമയം അവര്‍ സുവിശേഷം തുടര്‍ന്നില്ല .

എന്തെങ്കിലും രോഗം വരുമ്പോഴേക്കും ദൈവത്തെ വിളിച്ച് അലമുറയിടാനും പ്രാര്‍ഥനകളുടെ എണ്ണം കൂട്ടാനും ഞാന്‍ തയ്യാറല്ല.പ്രാര്‍ത്ഥനയുടെ എണ്ണം കുറഞ്ഞു എന്നത് കൊണ്ട് മാത്രം എന്നെപ്പോലെ ഒരു സാധു മനുഷ്യന് മേല്‍ ഇത്തരത്തില്‍ ഒരു രോഗം ചാര്‍ത്താന്‍ ദൈവം തീരുമാനിക്കുകയാണെങ്കില്‍ അത്തരം ദൈവം എന്തൊരു ബോറനായിരിക്കും.കുറേ പ്രാര്‍ത്ഥിച്ചാല്‍ എല്ലാം മറന്ന് രോഗിയെ രക്ഷപ്പെടുത്തുമെങ്കില്‍ ദൈവം എത്രമാത്രം മുഖസ്തുതിപ്രിയനായിരിക്കും ?

(ഇന്നസെന്റ് /മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ;ഓണപ്പതിപ്പ്‌ )

രജീഷ് പാലവിള
11/09/2013

129 കോടി രൂപ പാഴായി

129 കോടി രൂപ പാഴായി !!
--------------------------------------
കോടികള്‍ പാഴാവുന്നത് ഇവിടെ ഇന്നൊരു വാര്‍ത്തയല്ല .എങ്കിലും ഇതുമായി ബന്ധപ്പെട്ട്മു ഇന്ന് കേട്ട ഒരു കോടതിവിധി ഒരു വാര്‍ത്തയാവേണ്ടാതുണ്ട് . മുസ്ലിം മതപുരോഹിതര്‍ക്ക് പൊതു ഖജനാവില്‍ നിന്നും തുകയെടുത്ത് വേതനം നല്‍കുന്ന നടപടിയെ ഇന്ന് കോടതി ചോദ്യം ചെയ്തു .(ബംഗാള്‍ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് മുസ്ലിം മതപുരോഹിതര്‍ക്ക് വേതനം നല്കിയ മമതാ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധി.)

ഇതില്‍ ഏറ്റവും വിചിത്രമായി തോന്നിയ സംഗതി
ഭരണഘടനയുടെ 282 മത് വകുപ്പ് പ്രകാരം പൊതു താല്പര്യം കണക്കിലെടുത്താണ് ഇമാമുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വേതനം നല്കാനുള്ള തീരുമാനം എടുത്തത് എന്ന സര്‍ക്കാരിന്റെ വാദമാണ് .സ്വതന്ത്ര ചിന്തയോടുകൂടി വളര്‍ന്നു വരുന്നതിനു വിഘാതം സൃഷ്ടിക്കുന്നവയാണ് മതപാഠശാലകള്‍ .അത് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്നതിനു ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് വികലമായ മതപ്രീണനം മാത്രമാണ് .ജനാധിപത്യ മതേതര സമൂഹത്തില്‍ അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു.മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ അനുവദിച്ചത് അടക്കം ഉപദ്രവകരവും ഉപയോഗശൂന്യവുമായ കാര്യങ്ങള്‍ക്ക് പൊതുഖജനാവിലെ പണം വിനിയോഗിക്കുന്നത് ദുഃഖകരമാണ് .ബംഗാളില്‍ മാത്രം ഏതാണ്ട് 129 കോടി രൂപ ഇത്തരത്തില്‍ മതപുരോഹിതന്മാര്‍ക്ക് വേതനം നല്‍കിയ ഇനത്തില്‍ പാഴായി!!

അതിനെ ചോദ്യം ചെയ്ത ബംഗാള്‍
ഹൈക്കോടതിയെ അഭിനന്ദിക്കുന്നു .

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍,അങ്ങയുടെ വെളിച്ചം കെട്ടടങ്ങുകയില്ല......
-----------------------------------------------------------------------
ശാസ്ത്രാവബോധം വളര്‍ത്താന്‍ ഓരോ പൌരനും പരിശ്രമിക്ക്ണം എന്ന് ഉദ്ഘോഷിച്ച നിയമസംഹിതകളാല്‍ അലങ്കരിക്കപ്പെട്ട ഈ രാജ്യത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദിച്ചു എന്ന കുറ്റത്തിന് മുംബയിലെ തെരുവില്‍ ഒരു സാധുമനുഷ്യന്‍ വെടിയേറ്റു മരിച്ചു .മതസംഘടനകള്‍ക്കും ആശ്രമങ്ങള്‍ക്കും പിന്നില്‍ ഭീകരമായ മാഫിയാസംഘങ്ങള്‍ വിലസുകയാണ് .ആളുകളുടെ വിശ്വാസവും ദൌര്‍ബല്യവും മുതലെടുത്ത് പകല്‍കൊള്ള നടത്തുന്ന ഈ തെമ്മാടിക്കൂട്ടങ്ങളെ തിരിച്ചറിയാത്ത ഒരു സമൂഹത്തിനും പുരോഗതി സാധ്യമല്ല .അധികാരവും നിയമവും അധീനപ്പെടുത്തി ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന അരാജകത്വം നാം മറികടന്നെ മതിയാകൂ!തടിച്ചു കൊഴുക്കുന്ന ആത്മീയ വ്യവസായവും അതിന്‍റെ സാമ്രാജ്യവും സംരക്ഷിക്കാന്‍ ആരെയും എന്തും ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല .ഇത്തരം കപടതകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വലിയൊരു വിശ്വാസലോകമാണ് അവരുടെ അടിസ്ഥാനം ഉറപ്പിച്ചു കൊടുക്കുന്നത്.

മാജിക്‌ സ്വാമിമാരെയും മന്ത്രവാദികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ രാജ്യം.ഉന്നതവിദ്യാഭ്യാസവും ശാസ്ത്രജ്ഞാനവും ഉള്ളവര്‍ പോലും അവരുടെ ഇരകളാണ് എന്ന വസ്തുത അത്യന്തം ദുഖകരമാണ് .ക്ഷുദ്രരാഷ്ട്രീയക്കാരും ജ്യോതിഷികളും പുരോഹിതന്മാരും മതവക്താക്കളും എല്ലാം ഒത്തുചേര്‍ന്ന് ഘോരാന്ധകാരത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.ഇതിനിടയില്‍ യുക്തിവാദികളുടെയും മനുഷ്യസ്നേഹികളുടെയും ശബ്ദം ഒറ്റപ്പെട്ടു പോകുന്നു.വിശ്വാസങ്ങള്‍ സൃഷ്ടിക്കുന്ന ചിന്താപരമായ അടിമത്തത്തിന്റെ വേരറുക്കാതെ ഈ മായാവലയത്തെ സ്വയം തിരിച്ചറിയാന്‍ ആര്‍ക്കും സാധ്യമല്ല !എല്ലാ മതവും ചൂഷണമാണ് ..എല്ലാ വിശ്വാസവും ചൂഷണമാണ് .ആള്‍ദൈവങ്ങളുടെയും പുരോഹിതത്വത്തിന്റെയും കാല്‍ക്കീഴില്‍നിന്നും ഉണര്‍ന്നെണീക്കാത്ത സമൂഹം നശിപ്പിക്കുന്നത് തലമുറകളെക്കൂടിയാണ് .

ഡോ.നരേന്ദ്ര ദബോല്‍ക്കറിന്‍റെ അരുംകൊല ഏറ്റവും നിര്‍ഭാഗ്യകരമാണ് .മണ്ണില്‍ വാര്‍ന്നൊഴുകിയ അദ്ധേഹത്തിന്റെ ചുടുരക്തം മനസ്സില്‍ ഉണ്ടായിരിക്കട്ടെ ! .തങ്ങളെ ചോദ്യം ചെയ്യരുത് എന്ന് ശഠിക്കുന്ന മതമാഫിയാസംഘങ്ങളെ നമുക്ക് തുടച്ചുനീക്കിയെ മതിയാകൂ ..ശാസ്ത്രത്തിന്റെ പ്രകാശം പരക്കുന്ന വഴികളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ യുക്തിയുടെ പ്രചണ്ഡവാതങ്ങള്‍ കൊണ്ട് ചിതറിപ്പറത്തുവാന്‍ നാം കൂടുതല്‍ സജ്ജരാകണം .

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍,അങ്ങയുടെ വെളിച്ചം കെട്ടടങ്ങുകയില്ല......ഈ രക്തസാക്ഷിത്വത്തിനു മുന്നില്‍ കണ്ണീര്‍പുഷ്പങ്ങള്‍ 

രജീഷ് പാലവിള
21/08/2013

പണമുള്ളവരേ,ഇതിലേ..ഇതിലേ

പണമുള്ളവരേ,ഇതിലേ..ഇതിലേ 
-------------------------------------------------
മഹാത്മാ ഗാന്ധിയുടെ 'വേലയില്‍ വിളയുന്ന വിദ്യാഭ്യാസം ' എന്നൊരു പാഠം പണ്ട് സ്കൂളില്‍ പഠിച്ചതോര്‍ക്കുന്നു.അറിവിന്റെയും തൊഴിലിന്റെയും മഹത്വം ഉദ്ഘോഷിക്കുന്ന ഗംഭീരമായ ഒരുസുഭാഷിതം.ഗാന്ധിജിയുടെ ദാര്‍ശനികമായ ഈ സങ്കല്‍പ്പം ഇനി കൂടുതല്‍ പ്രസക്തമാകാന്‍ പോകുകയാണ് !!

പാവപ്പെട്ട കുട്ടികള്‍ക്ക് എല്ലുമുറിയെ പണിയെടുത്ത് പത്ത് കാശുണ്ടാക്കാതെ ഭാവിയില്‍ പഠിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല .ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്കാരം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ .പതിവുപോലെ ഈ പദ്ധതിയും കൂടുതല്‍ പ്രയോജനപ്പെടുക ഈ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തന്നെ !കേട്ടാല്‍ ,ഇപ്പോള്‍ ശരിക്കും ചിരി വരുമെങ്കിലും ലാഭത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്നൊരു വിലക്ക് ഈ രാജ്യത്തുണ്ട്.അതൊക്കെ പാടെ നീക്കം ചെയ്ത് ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വമ്പന്‍ കമ്പനികള്‍ക്കും മുതലാളിമാര്‍ക്കും ഇനി ഇഷ്ടത്തിനു ഫീസും വാങ്ങി ഇനി ഇവിടെ കോളേജുകള്‍ തുടങ്ങാം .സാമ്പത്തികവും അക്കാദമികവും ഭരണപരവുമായ എല്ലാവിധ സ്വയംഭരണാധികാരവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.അങ്ങനെ ലോകനിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ വരുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പാവപ്പെട്ടവന്റെ മക്കള്‍ക്ക്‌ ഭാവിയില്‍ ഉന്നതപഠനം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കും എന്ന് തീര്‍ച്ച .കൂണുകള്‍ പോലെ മുളച്ചു പൊങ്ങിയ എഞ്ചിനീയറിംഗ് കോളേജുകളിലെ സ്ഥിതി നാം കാണുന്നതാണ് .കാലാകാലങ്ങളില്‍ അവര്‍ക്കായി സര്‍ക്കാര്‍ നീട്ടുന്ന സഹായഹസ്തങ്ങളും എല്ലാം ചേര്‍ന്ന് തുരങ്കം വയ്ക്കുന്നത് സമൂഹത്തിലെ സാധാരണക്കാരുടെ പഠനസ്വപ്നങ്ങളാണ് .(ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകള്‍ കൂടി പെരുകുമ്പോള്‍ എന്താണ് സംഭവിക്കുക എന്നത് ആശങ്കാജനകം .പണം ഉള്ളത് കൊണ്ട് മാത്രം പലരും ഡോക്ടര്‍ ആകും .മനുഷ്യശരീരങ്ങള്‍ വെറും കളിപ്പാട്ടങ്ങളാക്കും !)

സ്വകാര്യ -പൊതു നിക്ഷേപത്തിന്റെ അനുപാതം 50:50 എന്നൊക്കെ ആക്കുമെന്ന് പറയുമ്പോഴും ഭാവിയില്‍ അത് പൊതു മേഖലയില്‍ നിന്നും പിടിവിട്ട് സ്വകാര്യവ്യക്തികളുടെ കൈകളില്‍ എത്തിച്ചേരുമെന്ന് ഭയപ്പെട്ടു പോകുന്നു!!

രജീഷ് പാലവിള 

മക്കള്‍ തിരക്കിലാണ് !

മക്കള്‍ തിരക്കിലാണ് !-
-----------------------------
----
നമ്മുടെ നാട്ടില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും വൃദ്ധസദനങ്ങള്‍ ഇന്ന് കൂടി വരികയാണ് .അവിടെ തളച്ചിടപ്പെടുന്ന ജീവിതങ്ങള്‍ നമ്മെ അസ്വസ്ഥതപ്പെടുത്തുന്നു .വലിച്ചെറിയപ്പെട്ട കരിമ്പിന്‍ തണ്ടുകള്‍ പോലെ ഉപയോഗശൂന്യരായ ഒരു കൂട്ടം മനുഷ്യര്‍ കരഞ്ഞും പറഞ്ഞും അവിടെ കഴിഞ്ഞുകൂടുന്നു .അവരുടെ മക്കള്‍ തിരക്കിലാണ് !ജീവിതത്തിന്റെ വെട്ടിപ്പിടുത്തലുകള്‍ക്ക് വേണ്ടി അ
വര്‍ നെട്ടോട്ടമോടുകയാണ് ! തങ്ങളും ഒരിക്കല്‍ പ്രായം ചെല്ലുമെന്നും തങ്ങള്‍ക്കും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരും എന്നൊന്നും ചിന്തിക്കാന്‍ അവര്‍ക്ക് സമയമില്ല .ജീവിതത്തിന്റെ വസന്തങ്ങളില്‍ ആസക്തിയോടെ അവര്‍ പായുകയാണ് .അതിനിടയില്‍ പുരാവസ്തുക്കള്‍ ചുമന്നു നടക്കാന്‍ നേരമില്ല!

'മണങ്ങളെല്ലാം മറന്നു പോകരുത് ' എന്ന പേരില്‍
ശ്രീ .പുനത്തില്‍ കുഞ്ഞബ്ദുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുറച്ചു നാള്‍ മുന്‍പ്‌ എഴുതിയ ലേഖനം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു .വാര്‍ദ്ധക്യത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ അതോര്‍മ്മപ്പെടുത്തി.ഒരുപാട് കാലത്തിന് അപ്പുറത്ത്‌ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു .കാലടിയിലെ സായിശങ്കരശാന്തികേന്ദ്രം എന്ന വൃദ്ധസദനത്തില്‍ നിന്നും എം.പി.കരുണാകരന്‍ എന്ന് പേരുള്ള ഒരന്തേവാസി പുനത്തിലിന്റെ ലേഖനത്തിലെ ഒരു ഭാഗം അനുസ്മരിച്ചു കൊണ്ട് ആവര്‍ത്തിച്ചത് ആ ലേഖനം വായിച്ചതിലേറെ മനസ്സിനെ നൊമ്പരപ്പെടുത്തി .

''ഇപ്പോള്‍ എനിക്ക് തോന്നുന്നത് 70 കഴിഞ്ഞ ആള്‍ക്കാരെ വെടിവച്ചു കൊല്ലണം എന്നാണ് .നിങ്ങള്‍ക്ക്‌ അവരുടെ ക്ഷേമം നോക്കാന്‍ സമയമില്ല .അവര്‍ക്ക് വേണ്ടി ഒരുകാര്യം ചെയ്യാനും സമയമില്ല .നിയമമുണ്ടാക്കി കൊല്ലണം .എനിക്ക് 74 വയസ്സായി.എന്നെ കൊല്ലേണ്ട സമയം കഴിഞ്ഞു.ഞാനിപ്പോള്‍ സമൂഹത്തിനു ഒരു ബാധ്യതയാണ്.വേണ്ടാത്ത ബാധ്യതകള്‍ സമൂഹം ഏറ്റെടുക്കേണ്ടതില്ലല്ലോ!വൃദ്ധന്മാര്‍ ഇത്തരം സ്റ്റേറ്റിനു ഒരു ബാധ്യതയാണ് ''

നമുക് എന്തിനാണ് ഇത്ര തിരക്ക് ??
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല !!

അദൃശ്യശക്തികള്‍

അദൃശ്യശക്തികള്‍ 
--------------------------
ഓണം ആഘോഷിക്കാന്‍ മലയാളികള്‍ പണം നിറച്ച ബാഗുമായി തെരുവില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് 'അദൃശ്യശക്തികള്‍!'.കാണം വിറ്റും ഓണം ഉണ്ണണം എന്ന വാശി നമുക്ക്‌ ഇപ്പോഴുമുണ്ടെന്ന് അവര്‍ക്കറിയാം .മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ടണ്‍കണക്കിന് പച്ചക്കറികള്‍ ഇതിനകം തന്നെ അവര്‍ സംഭരിച്ചു കഴിഞ്ഞു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് കൂടുതല്‍ ലാഭത്തിനു അവ വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് അവര്‍.

പൂഴ്ത്തിവയ്പ്പ് തടയുന്നതിന് വ്യാപകമായി റെയ്‌‌ഡുകൾ നടത്താനും അമിതവില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കിയെങ്കിലും പക്വതയില്ലാത്ത കുട്ടിയുടെ വാക്കുകള്‍ പോലെ മാത്രമേ ഉദ്വോഗസ്തര്‍ അത് കണ്ടുള്ളൂ!ഒരു രൂപയുടെയും രണ്ടു രൂപയുടെയും അരിയും ഗോതമ്പും മറ്റും 'മേക്കപ്പ്‌ അണിഞ്ഞ്' ബസുമതിഅരിയും കമനീയ കവറുകളില്‍ ഗോതമ്പ് പൊടിയായി എത്തുന്നതിനുമൊക്കെ കയ്യഴിഞ്ഞു സഹായിക്കുന്ന ഉദ്വോഗസ്തര്‍ക്ക് ഓണമോക്കെ ചാകരയാണ് !ഇത്തരം ഉദ്വോഗസ്തരും 'അദൃശ്യശക്തികളും' തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.കൃഷിവകുപ്പ് മന്ത്രിയും ഭക്ഷ്യമന്ത്രിയും തമ്മില്‍ ആലോചിച് മാവേലി സ്റ്റോറുകള്‍ വഴി പച്ചക്കറികള്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ്.എന്നിട്ടെന്തായി ,മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിമാര്‍ അതൊക്കെ അട്ടിമറിച്ചു .മാവേലി സ്റ്റോറുകളില്‍ സ്ഥലം ഇല്ലെന്നു പറഞ്ഞു സാക്ഷാല്‍ സിവിൽ സപ്ളൈസുകാർ കലിതുള്ളി!പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന് പറഞ്ഞ ഹോർട്ടികൾച്ചർ മിഷൻ ‌നിശബ്ദമായി .അദൃശ്യശക്തികളുടെ കരങ്ങള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് അറിയുമ്പോള്‍ നാം മൂക്കത്ത് വിരല് വയ്ക്കും (പാവം നമ്മള്‍!)

NB:
''പാവങ്ങള്‍ പാവങ്ങളായിക്കഴിയണം
പാടില്ലവര്‍ക്കാര്‍ക്കുമഭ്യുദയം !!'' എന്ന് ചങ്ങന്പുഴ നമ്മെ നോക്കി പാടും .പക്ഷെ ,'കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത് പോലെ ഇതെല്ലാം ഒരു പ്രതിഭാസം മാത്രമാണ് !!!!!!!

രജീഷ് പാലവിള 

Wednesday 30 January 2013

വ്യെക്തിയും വിചാരവും


ഇന്നത്തെ വ്യെക്തിയും വിചാരവും പംക്തിയില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് ഒരു വിശിഷ്യ വ്യെക്തിയെ ആണ് . കണ്ടു പരിചരിച്ച മുഖങ്ങള്‍ക്കിടയില്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആകാതെ വായിച്ചു പോകുന്ന ഒരു കവി. അതെ യുവ കവികളില്‍ ശ്രദ്ധേയനും തികഞ്ഞ ഒരു യുക്തിവാദിയും ആയ ശ്രീ രജീഷ് പാലവിള .

ഈ കവിയെ കുറിച്ച് അധികം പറഞ്ഞു തരേണ്ട കാര്യം ഇല്ല മുഖപത്രത്തില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു . പഴയ കാവ്യ സങ്കേതം കടമെടുക്കുന്ന ഈ കവിയുടെ കവിതകള്‍ എല്ലാം തന്നെ ആനുകാലിക സംഭവങ്ങളെ ഒരു തീക്കണ്ണ് കൊണ്ട് നോക്കി കാണുന്നവ ആണ് . കനലുകളില്‍ ചവിട്ടുന്ന ഒരു അനുഭവം ആണ് ഈ കവിയുടെ കവിതകള്‍ നല്‍കുന്ന വായനാനുഭവം .
ചെറുപ്പകാലം മുതല്‍ കവിതകള്‍ എഴുതുകയും , ഈണമിട്ടു അവ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ കലാകാരനെ വളരെ ആരാധനാ പൂര്‍വം നിങ്ങളുടെ മുന്നിലേക്ക്‌ ആനയിക്കുന്നു . കവിതകളില്‍ പുതു വിസ്മയം ശ്രിഷ്ടിക്കാന്‍ ശ്രമിക്കുന്ന ഈ കൊല്ലം കാരനെ ചോദ്യങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിക്കാന്‍ എല്ലാ വായനക്കാരെയും ക്ഷണിക്കുന്നു .   




ബിജു ജി നാഥ് സ്കാറ്റെര്‍ ബ്രെയിന്‍ മീഡിയ തെരഞ്ഞെടുത്ത 50 കവികളില്‍
ശ്രീ രജീഷും ഉണ്ട് .അവര്‍ ഇറക്കാന്‍ പോകുന്ന കവിതാ സമാഹാരത്തില്‍ ശ്രീ രജീഷിന്റെ കവിതയുണ്ട്
ആനുകാലികങ്ങളിലും സൈബര്‍ ലോകത്തും നിരന്തരമായി എഴുതുന്നു .താളവും സന്ഗീതത്മകവുമായ കവിതകളാണ് ഏറെ പ്രിയം .കാലിക പ്രസക്തമായ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട് .കൊല്ലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ജോലി ചെയ്യുന്നു .

രജീഷ് പാലവിള സ്വാഗതം ഈ ലോകത്തിലേക്ക്



ബിജു ജി നാഥ് കവിതാ സങ്കേതങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉള്ള മാനദന്ടങ്ങള്‍ എന്തൊക്കെ ആണ് . കവിതയ്ക്ക് സ്വായത്തമായ ഒരു ഭാഷ ഉരുത്തിരിയുന്നുണ്ടോ ബ്ലോഗ്‌ എഴുത്തുകളില്‍ ? എഴുത്തിന്റെ ലോകത് താങ്കളെ സ്വാധീനിച്ചത് ആരാണ് ? എന്തൊക്കെ ഘടകങ്ങള്‍ ആണ് ?



Rejeesh Palavila "ഈ" ലോകത്തിന്റെ ഈ വലിയ അംഗീകാരത്തിനു ആദ്യമായ്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി .വിശാലമായ കാവ്യ ലോകത്തിനു കീഴിയില്‍ പകച്ചു നില്‍ക്കുന്ന എന്റെ ഹൃദയത്തെ ഈ സ്നേഹം കൂടുതല്‍ നിറം പിടിപ്പിക്കുന്നു.



Rejeesh Palavila കവിത എനിക്കും ഒരു ലഹരിയാണ്.അതിന്റെ വിവിധ മാനങ്ങളെ ഞാന്‍ എത്രത്തോളം അറിഞ്ഞിട്ടുണ്ട് എന്നത് ഞാന്‍ സ്വയം ചോദിക്കാറുണ്ട്.അന്വേഷിക്കാറുണ്ട് .ആത്യന്തികമായ്‌ ഞാന്‍ എത്തിച്ചേര്‍ന്ന നിലപാട് എന്റെ എഴുത്തുകള്‍ മാനവികത്യ്ക്ക് വേണ്ടി ആയിരിക്കണം എന്നാണ്.അതിന്റെ വാനവിശാലത തേടുമ്പോള്‍ ഞാന്‍ കൂടുതല്‍ ക്രിയാത്മകമാകുന്നു.എന്റെ വേരുകള്‍ സജീവമാകുന്നു.ബ്ലോഗ്‌ എഴുത്ത് വലിയ ഒരാശ്വാസമായിരുന്നു .സൃഷ്ടികള്‍ അയത്നലളിതമായി ലോകത്തെ കാണിച്ചു കൊടുക്കാനുള്ള വലിയ അവസരം.അതിന്റെ സാധ്യത ഞാന്‍ എത്രമാത്രം ഉപയോഗപ്പെടുത്തി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.സ്വാദീനം ഒരു തുടര്‍ പ്രക്രിയയാണ് ..കൂടുതല്‍ വായിക്കും തോറും ഏറിയ രീതിയില്‍ വ്യക്തിപ്രഭാവങ്ങളാല്‍ സ്വാദീനിക്കപ്പെടുന്നു .എങ്കിലും കവികളില്‍ ആരാണ് എന്ന് ചോദിച്ചാല്‍ സംശയലേശമെന്യേ ഞാന്‍ പറയും ചങ്ങന്പുഴ ,വൈലോപ്പിള്ളി,ആശാന്‍,പി.കുഞ്ഞിരാമന്‍നായര്‍,തുടങ്ങി പുതു കവികളില്‍ കുരീപ്പുഴ ശ്രീകുമാര്‍ വരെ



Dixon PV വിമര്‍ശനപരമായ കവിതകള്‍ എഴുതുന്നതിനു താങ്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് ?



ബിജു ജി നാഥ് എന്തുകൊണ്ടാണ് താങ്കളില്‍ ഇന്നും പഴയ ആ വൈലോപ്പിള്ളി , ആശാന്‍ ശീലുകളെ തുണയ്ക്കുന്ന രീതിയില്‍ ഉള്ള രചനകള്‍ ഉണ്ടാകുന്നു എന്നതിന് ഉള്ള ഉത്തരം ആണ് മുകളില്‍ താന്കള്‍ തന്നത് . ആ ഉത്തരം മനസ്സില്‍ വച്ച് കൊണ്ട് ചോദിക്കട്ടെ . എന്ത് കൊണ്ട് ആണ് പുതുകവികള്‍ താങ്കളില്‍ സ്വാധീനം ചെലുത്തപ്പെടാതെ പോയത് ?



Rejeesh Palavila ഹൃദയത്തില്‍ തട്ടുന്ന വിഷയങ്ങളോട് പ്രതികരിക്കുന്നു .പരസ്പരാശ്രിത ജീവിതത്തിന്റെ കണ്ണികളാണ് നമ്മള്‍.ചുറ്റുപാടിനെ കാണാതിരിക്കാന്‍ നമുക് കഴിയുന്നില്ല.അത്തരത്തില്‍ നാം യോജിപ്പും വിയോജിപ്പും കുറിക്കുന്നു Dixon PVൊന്



Rejeesh Palavila പുതുകവികള്‍ എന്നെ സ്വാദീനിക്കുന്നില്ല എന്ന് പറഞ്ഞാല്‍ അത് വലിയ നുണയാകും.തീര്‍ച്ചയായും സ്വാദീനമുണ്ട് .



ബിജു ജി നാഥ് ഒരേ സമയം യുക്തിവാദി ആയിരിക്കുമ്പോള്‍ തന്നെ താന്കള്‍ രചനകളില്‍ ആത്മീയതയുടെ ചാലുകള്‍ കീറിയിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് . ഈ വായനകള്‍ വായനക്കാരനെ താങ്കളിലെ നിലപാടുകളെ ചോദ്യം ചെയ്യാന്‍ അവസരം ആകുന്നതു പോലെ അനുഭവപ്പെടുന്നില്ലേ ?



Dixon PV ഒരു മത വിശ്വാസിയില്‍ നിന്നും യുക്തി ചിന്തകളിലേക്ക് മാറിയപ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് താങ്കളുടെ ചിന്തകളിലും എഴുത്തിലും അതിനുപരി ജീവിതത്തിലും ഉണ്ടായതു ?



Usman Mohammed ബ്ലോഗ്‌ എഴുത്തിന്റെയും ഓര്‍ക്കൂട്ട് സാഹിത്യ കൂട്ടായ്മകളുടെ ഹാങ്ങ്‌ ഓവര്‍ പേറി നടക്കുന്ന ചിലകവികള്‍ പുതിയ സാഹചര്യത്തിന്റെ ഒഴുക്കും തിരക്കും കാണാതെ പരസ്പരം പുറം ചൊരിഞ്ഞു മഹത്വ വല്ക്കരണത്തിന്റെ പാരസ്പര്യം ആഘോഷിക്കുന്നു ...മുന്‍പ് എങ്ങോ ഒന്നോ രണ്ടോ രചനകള്‍ എഴുതിയ ചിലര്‍ സംഘം ചേര്‍ന്ന് പുതിയ കവികളെ നിസ്സാരവല്‍ക്കരിക്കുന്നതായി ചിലരൊക്കെ പറയാറുണ്ട്‌ ,,സൈബരില്‍ പോലും പുതിയ വരേണ്യത അടിചെല്‍പ്പിക്കപ്പെടുന്നു എന്നാണു ആക്ഷേപം ..എന്ത് പറയുന്നു ?



Rejeesh Palavila ബിജു ജി ,ശരിയാണ്.അത്തരത്തില്‍ പല സംശയങ്ങളും കവിത വായിച്ചവര്‍ ചോദിക്കാറുണ്ട്.കവിതയുടെ വിഷയം അനുസരിച്ച് പല സങ്കേതങ്ങളും ഉപയോഗിച്ച് എന്നുവരാം.അതിലുപരി പല ബിംബങ്ങളും ആത്മീയവല്ക്കരിക്കപെടുകയാണ് ഉണ്ടായത്.നമ്മുടെ ഭാഷയിലെ പല വാക്കുകളും അത്തരത്തില്‍ ആത്മീയവല്ക്കരിക്കപ്പെട്ടിട്ടുണ്ട്.യുക്തിവാദികളായ പല മഹാകവികളും അത്തരത്തില്‍ കവിതയുടെ വിഷയങ്ങള്‍ക്കനുസരിച്ച്‌ പല ആത്മീയ ബിംബങ്ങളെയും സ്വീകരിച്ചിട്ടുണ്ട്.എന്റെ നിലപാട് ആത്യന്തികമായി ഞാന്‍ ഊന്നിപ്പറയാന്‍ ശ്രമിക്കാറുണ്ട്.



Usman Mohammed മലയാളിയുടെ കാവ്യ സംല്‍കല്പങ്ങളും ഭാവുകത്വ പരിണാമങ്ങളും ഗുണകരമായ സ്ഥിതി വിശേഷത്തില്‍ തന്നെയാണോ ഉള്ളത് ? അതോ ബാലിശമായ കുത്തി കുരിക്കള്‍ മാത്രമായി അവ ചെന്ന് പതിച്ചു എന്ന് തോന്നുണ്ടോ ?



Usman Mohammed സമീപ കാലത്ത് ചില ഫൈസ് ബുക്ക്‌ കവികള്‍ പറയുന്ന ഒരു വാക്കുണ്ട് "പോയട്രി മാഫിയ " അഥവാ കവികളെയും കവിതകളെയും കയ്യടക്കുകയും തങ്ങളുടെ സ്വോദീനം ഉറപ്പിക്കാന്‍ ഗ്രൂപ്പ്‌ സാഹിത്യ കൂട്ടായ്മകള്‍ അര്‍ഹത ഇല്ലാത്തവരെ വളര്‍ത്തുകയും അര്‍ഹത ഉള്ളവരെ താഴയുകയും ചെയ്യുന്നു എന്നാണു ഇതിന്റെ അടിസ്ഥാനം ...........അങ്ങിനെ തോന്നിയിട്ടുണ്ടോ ?



Usman Mohammed പുതുകവിത ..അതിന്റെ വര്‍ണ്ണ ശബളിമയായ പ്രതലം കണ്ടതി കഴിഞ്ഞു എന്ന് ഞാന്‍ വിശ്വോസിക്കുന്നു ..കവിതയുടെ പ്രാചീനമായ ചിട്ടവട്ടങ്ങള്‍ തൃണവല്ഗനിച്ചു അതിന്റെ പ്രാഗ് രൂപങ്ങളില്‍ നിന്ന് സ്വോയം മോചിതമായി പുതിയ ഭാവുകത്വങ്ങളില്‍ കുറ്റിയടിക്കപ്പെട്ടിരിക്കുന്നു ....പലപ്പോഴും ഞാന്‍ പറയാറുള്ള കവിതയിലെ ജനാധിപത്യം ..............എന്ത് പറയുന്നു ?



Rejeesh Palavila Dixon PV വിശ്വാസങ്ങള്‍ എപ്പോഴും ചില ചട്ടക്കൂടുകള്‍ സൃഷ്ടിക്കും.എന്റെ കണ്ണുകളെ അത്തരം എല്ലാ ബന്ധനങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കാനുള്ള ശ്രമകരമായ ദൌത്യമാണ് ഞാന്‍ ഏറ്റെടുക്കുന്നത്.യുക്തിവാദം എന്നത് ഒരു പ്രയോഗം മാത്രമാണ്.ഞാന്‍ അതിനെ സത്യാന്വേഷണം എന്ന് വിളിക്കും.ശാസ്ത്രകാരന്റെ ധിഷണയും സഹൃദയത്വത്തിന്റെ സാരള്യവും നേടാനാണ് എന്റെ എല്ലാ പരിശ്രമവും.അതെന്നെ സന്തോഷിപ്പിക്കുന്നു.പരാശ്രയത്വത്തിന്റെ പടവുകളില്‍ നിന്നും മണ്ണിലേക്ക് കൊണ്ടുവരുന്നു.അതെന്റെ ചിന്തയെയും സ്വാഭാവികമായി എഴുത്തിനെയും രൂപപ്പെടുത്തുന്നു



Usman Mohammed പുതിയ കാലത്തിന്റെ കവികളായി ചിലരെ മാത്രം എഴുന്നള്ളിക്കുന്നതിന്റെ അയുക്തിയും നൈതിക രാഹിത്യവും ചിലയിടങ്ങളില്‍ എങ്കിലും ചര്‍ച്ചയാണ് ......ബ്ലോഗ്‌ കാലം മനോഹരമായി ഉപയോഗപ്പെടുത്തിയ ചിലര്‍ സംഘം ചേര്‍ന്ന് പുതിയ സാഹചര്യങ്ങളെ കളിയാക്കുന്നത് മറ്റൊരു അര്‍ത്ഥത്തില്‍ കവിതയിലും സാഹിത്യത്തിലും തങ്ങള്‍ക്കു മാത്രം സ്ഥിര പ്രതിഷ്ഠ നേടാം എന്ന വ്യാമോഹം കൊണ്ടായിരിക്കുമോ ?



Rejeesh Palavila ഭാവുകത്വത്തിലെ പരിണാമങ്ങള്‍ ഗുണപരമായിരുന്നുവോ എന്നത് ആത്യന്തികമായി കാലമാണ് തെളിയിക്കുന്നത്.എല്ലക്കാലങ്ങളിലും മൌലികമായ രചനകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് നമ്മുടെ ഭാഷ.പ്രതിഭകള്‍ കാലത്തിലൂടെ മാറ്റുരച്ച് എടുത്ത്തുയര്ത്തപ്പെടും.അല്ലാത്തവ കെട്ടടങ്ങും Usman Mohammed ഇക്ക



ബിജു ജി നാഥ് നിയതികള്‍ക്കും നിയമങ്ങള്‍ക്കും അതീതന്‍ ആണോ കവി ? കവിത കാലങ്ങളിലെക്കാണോ വര്തമാനത്തിലെക്കാണോ രചിക്കപ്പെടെണ്ടത് ?



Rejeesh Palavila ഫേസ് ബുക്ക് കവികള്‍ എന്നത് അലങ്കാരമായാലും ആക്ഷേപമായാലും അത്തരം വിളിപ്പേര് സൃഷ്ടിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.മാസികക്കവികള്‍ ,ഫേസ് ബുക്ക് കവികള്‍ തുടങ്ങിയ വേര്‍തിരിവുകളുടെ കഥയില്ലാഴ്മകള്‍ നാം തിരിച്ചറിയണം.കവിത എവിടെയും പിറവി കൊള്ളാം.അതാരുടെയും തട്ടകത്തിലെ നര്‍ത്തകിയല്ല.



Rejeesh Palavila സാഹിത്യ ലോകത്തെ കൂട്ടഴ്മകളില്‍ നിക്ഷിപ്തതാല്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുപാട് പേരുണ്ട്.യഥാര്‍ത്ഥ കലാകാരന്‍ അത്തരം ചവിട്ടുനാടകങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ല.അത്തരക്കാര്‍ വിചാരിച്ചത് കൊണ്ട് മാത്രം ആരെയും ഉയര്‍ത്താനോ തളര്‍ത്താനോ സാധ്യമല്ല. Usman Mohammedന് ഇക്ക



Rejeesh Palavila കവിയുടെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും ദീര്‍ഘ ദര്‍ശിത്വവും ചിലപ്പോള്‍ നിയതികളും നിയമങ്ങളും സൃഷ്ടിച്ചു എന്ന് വരാം.കവിത ഉള്ളവ എല്ലാ കാലത്തിലും ശക്തിയുള്ളവ ആയിരിക്കും.



Kkdas Insight പാനം ചെയ്തും പുണര്‍ന്നും ,പ്രണയപരവശം കൊണ്ട് പൂമെയ്‌തളര്‍ന്നും ; വെണ്മണി കവിതകളെപ്പറ്റി രണ്ടുവാക്ക്‌ .



Rejeesh Palavila സംസ്കൃതത്തിന്റെ ബലിഷ്ഠമായ കരങ്ങളില്‍ നിന്നും കവിതയെ ഏറെക്കുറെ മലയാളത്തിലേക്ക് നടത്തിയതില്‍ വെണ്മണി കവികള്‍ക്ക് പങ്കുണ്ട് .



Rejeesh Palavila ഞാന്‍ മടങ്ങി വരാം.പവര്‍ കട്ട്‌ തുടങ്ങി.ചോദ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാം.മറുപടി വൈകില്ല



Usman Mohammed ജാതിക്കും മതത്തിനും മദം പൊട്ടിയ ഇത്തരുണത്തില്‍ നമ്മുടെ രാഷ്ട്രീയവും മത പരിസരങ്ങളില്‍ എന്ത് പോളിചെഴുതാണ് അനിവാര്യമായിട്ടുള്ളത് ?



Usman Mohammed പാരമ്പര്യ ശീലുകളുടെ തോഴന്‍ എന്ന മുദ്രയില്‍ നഷ്ടമാകുന പുതിയ കാലത്തിന്റെ വായന സാധ്യതകളെ കുറിച്ച് താന്കള്‍ ബോധാവാന്‍ ആണോ ?



Manjesh Alex Vaidyan രജീഷ് ഭായ് ആവശ്യമായിരുന്ന ഒരു അഭിമുഖം ആണ് ഇത്.. പക്ഷെ ഞാന്‍ ഓണ്‍ലൈന്‍ വന്നപോഴേക്കും ഉദേശിച്ച ചോദ്യം മിക്കതും ചോദിച്ചു...



Manjesh Alex Vaidyan ഓണ്‍ലൈന്‍ ലോകത്ത് നമ്മള്‍ കാണുന്ന കവികളെ താങ്കള്‍ എത്രയായി തരം തിരിക്കാം



Manjesh Alex Vaidyan എന്ത് കൊണ്ട് കവിത ?



Rejeesh Palavila വലിയ അപചയങ്ങളിലും മൂല്യച്ചുതികളിലും നമ്മുടെ ചുറ്റുപാടുകള്‍ കൂപ്പുകുത്തുന്നതായി നാം അടുത്തറിയുന്നു.അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറിയ ധാരണകളും നമ്മുക്കുണ്ട് .ലോകത്ത് ഉണ്ടായിട്ടുള്ള വ്യവസ്ഥകളില്‍ സമുന്നതമായ ഒന്നാണ് ജനാധിപത്യം .ജാതി-മത താല്പര്യങ്ങള്‍ അതിനെ നിയന്ത്രിക്കുന്നത്‌ അപകടമാണ്.അത് കൂടുതല്‍ കൂടുതല്‍ അങ്ങനെ ആയിത്തീരുന്നത് ഭയത്തോടെ നോക്കിക്കാണുന്നു.സമ്പത്തും അധികാരവും ഉള്ളവര്‍ കൂടുതല്‍ കരുത്തരാകുമ്പോള്‍ അധികാരവികേന്ദ്രീകരണം എന്ന മൌലിക സങ്കല്പം കാലഹരണപ്പെടുന്നതായി ഞാനും ഭയപ്പെടുന്നു .Usman Mohammed ഇക്ക



Usman Mohammed മലയാളിയുടെ വായനാ അഭിരുചികള്‍ ശുഷ്കമായ പൈന്കിളികളില്‍ കൂപ്പുകുത്തി ദയനീയമായി നിലകൊള്ളുന്നു എന്ന് ഒരു വിമര്‍ശകന്‍ സംഭാഷണ മദ്ധ്യേ പറഞ്ഞു ..നിലവാരമില്ലാത്ത സീരിയലുകളും ബലഹീനമായ നോവല കഥ പരിസരവും സത്വ പ്രകാശനം മാത്രമായി ചുരുങ്ങുന്ന കാവ്യ പരിസരവും ............എന്ത് പറയുന്നു യുവ കവീ ?



Manjesh Alex Vaidyan പ്രണയവും മഴയും അല്ലാതെ മറ്റൊരു വിഷയം കിട്ടാതെ ഉഴലുന്ന കവികളോട് ഉള്ള ഉപദേശം



Rejeesh Palavila പാരമ്പര്യ ശീലുകളുടെ തോഴന്‍ എന്ന മുദ്രയില്‍ നഷ്ടമാകുന പുതിയ കാലത്തിന്റെ വായന സാധ്യതകളെ കുറിച്ച് താന്കള്‍ ബോധാവാന്‍ ആണോ ?>>എന്നെ പഴഞ്ചന്‍ എന്ന് പരിഹസിച്ചവരുണ്ട്.പിന്‍ഗാമി എന്ന പേരില്‍ ഒരു കവിത എഴുതി സമ്പന്നമായ പാരമ്പര്യത്തിന്റെ കണ്ണിയായി തീരാനുള്ള എന്റെ അഭിനിവേശം ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.ഗദ്യ രീതിയില്‍ ഒരു ദിവസം ചുരുങ്ങിയത് നൂറു കവിത എഴുതാം.പദ്യ രീതിയുടെ ഭാഷാ ശിക്ഷണമോ പദസമ്പത്തോ അതിനു ആവിശ്യമില്ല.ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം കവിതയുടെ പദ്യവാദമല്ല!പദ്യമായാലും ഗദ്യമായാലും കവിതയുണ്ടാവണം എന്ന് നമുക്കറിയാം.എന്നാല്‍ പദ്യത്തിലും ഗദ്യത്തിലും എഴുതാന്‍ ഹൃദയത്തില്‍ കവിതയുള്ളവന് കഴിയും.പുതിയ കാലത്തിന്റെ വായനയുടെ സാധ്യതകളെ അപഗ്രഥിക്കുന്നതില്‍ വേര്‍തിരിവുകള്‍ തടസ്സമല്ല എന്നാണ് എന്റെ നിരീക്ഷണം .Usman Mohammed ഇക്ക



Rejeesh Palavila ഓണ്‍ലൈന്‍ ലോകത്ത് നമ്മള്‍ കാണുന്ന കവികളെ താങ്കള്‍ എത്രയായി തിരിക്കും ...>>>എന്നെ കവികളുടെ ശത്രുവാക്കാനുള്ള ചോദ്യമാണല്ലോ ഇത് ശ്രീ Manjesh Alex Vaidyan



Rejeesh Palavila പ്രണയവും മഴയും അല്ലാതെ മറ്റൊരു വിഷയം കിട്ടാതെ ഉഴലുന്ന കവികളോട് ഉള്ള ഉപദേശം>>കുറെ എഴുതിക്കഴിയുമ്പോള്‍ അവര്‍ക്കും മടുപ്പ് തോന്നും .അപ്പോള്‍ പുതിയത് സ്വയം അന്വേഷിച്ചോളും.



Nirmala Akavoor രാഷ്ട്രീയത്തിലും സമൂഹത്തിലും ജാതീയ ശക്ത്തികള്‍ ഇടപെടുന്നതിനെ കുറിച്ചു എന്താണ് അഭിപ്രായം? സുകുമാരന്‍ നായരുടെ അഭിപ്ര്രായ പരകടനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?



Nirmala Akavoor കവിതയും സമൂഹവും...ഒരു കവിക്ക്‌ സമൂഹത്തിനോട് പ്രതിബദ്ധതയുണ്ടോ ....ഏതു തരത്തില്‍ ?



Manjesh Alex Vaidyan എന്റെ ഒരു ചോദ്യം വിട്ടു... എന്ത് കൊണ്ട് കവിതാ ?



Rejeesh Palavila ജാതിയും മതവും എല്ലാക്കാലവും രാഷ്ട്രീയത്തില്‍ ഇടപ്പെട്ടിരുന്നു.ഇത്തരം ശക്തികളെ നിലയ്ക്ക്നിര്‍ത്താന്‍ നമ്മുടെ വ്യവസ്ഥകള്‍ക്ക് കഴിയാതെ പോകുന്നു എന്നതാണ് സത്യം.അതിന്റെ ഒളിഞ്ഞും പാത്തുമുള്ള ഇടപെടലുകള്‍ ഇന്ന് കൂടുതല്‍ പരസ്യമായി തീരുന്നു എന്നാണ് മനസ്സിലാക്കെട്നത്..സുകുമാരനായര്‍ ഒകെ എന്ത് രാഷ്ട്രീയ പാരമ്പര്യത്തിന്റെ പേരിലാണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് !..ഇത്തരം സാമൂദായിക സംഘടനകള്‍ക്ക് തങ്ങളെ ഭരിക്കാനുള്ള അവകാശം ചാര്‍ത്തി കൊടുക്കുന്ന നേതാക്കള്‍ ജനാധിപത്യസംവിധാനങ്ങളെ അപമാനിക്കുകയാണ്.Nirmala Akavoor ചേച്ചി



Manjesh Alex Vaidyan ഈ ഇടയായി യുവാക്കളുടെ ഇടയില്‍ ശക്തമായി വരുന്ന അരാഷ്ട്രീയ വാദം അത് പോലെ ജാതി മത (സഭ ) രഹിതമായ വിശ്വാസം/ അവിശ്വാസം ...നല്ലതോ ചീത്തയോ ? എന്ത് കൊണ്ട് ?



Rejeesh Palavila എന്ത് കൊണ്ട് കവിതാ ?>>എന്നെ സംബന്ധിച്ച് അതിനൊരു പാരമ്പര്യ ന്യായീകരണം കൂടിയുണ്ട്.അച്ഛന്‍ കവിത എഴുതാറുണ്ടായിരുന്നു.കുട്ടിക്കാലത്ത് രാമായണവും ഭാഗവതവും ഒകെ വായിക്കാന്‍ അച്ഛന്‍ പ്രേരിപ്പിച്ചിരുന്നു.സ്വാഭാവികമായി കവിത കേള്‍ക്കുന്നതും വായിക്കുന്നതും എഴുതുന്നതും എന്റെ ശീലമായി തീര്‍ന്നു.ഹൃദയം അസ്വസ്ഥമാകുമ്പോള്‍ ..ആനന്ദിക്കുമ്പോള്‍ ..ശൂന്യമാകുമ്പോള്‍ കവിതയുടെ ലഹരി നുണഞ്ഞു ഞാന്‍ സ്വയം നഷ്ടപ്പെടും!!



Nirmala Akavoor ഇന്നത്തെ കവിതകള്‍ വെറും ചവറുകളും കവികള്‍ നിലവാര്മില്ലത്തവ്രും ആണെന്ന് ചിലര്‍ അഭിപ്രായ പെടുന്നു ഇതില്‍ വ്വസ്തവമുണ്ടോ?



Rejeesh Palavila അരാഷ്ട്രീയവല്ക്കരിക്കപെടുന്ന ഒരു സമൂഹത്തെ ഞാന്‍ ഭയപ്പെടുന്നു.അവരുടെ മസ്തിഷ്കം കൊത്തി വിഴുങ്ങാന്‍ ക്ഷുദ്രശക്തികള്‍ ചുറ്റുമുണ്ട്.ജനാധിപത്യത്തിന്റെ കാവലാള്‍ ആകുവാന്‍ നിക്ഷ്പക്ഷമായ ദേശീയ ബോധവും സാമൂഹിക ഇടപെടലും അനിവാര്യമാണ്.മാനവികതയില്‍ നിന്നും വേറിട്ട വിശ്വാസമോ അവിശ്വാസമോ ലോകത്തിനു ഗുണം ചെയ്യില്ല.



Rejeesh Palavila കൈതയും സമൂഹവും...ഒരു കവിക്ക്‌ സമൂഹത്തിനോട് പ്രതിബദ്ധതയുണ്ടോ ....>>കവി അന്യലോകത്ത് നിന്നും അടര്‍ന്നു വീണവനല്ല.പരസ്പാരാശ്രിത സമൂഹത്തില്‍ അവനും ചില സാമൂഹിക ദൌത്യങ്ങളുണ്ട്‌.അതിനെ നിഷേധിക്കാന്‍ സാധ്യമല്ല.Nirmala Akavoor ചേച്ചി



Manjesh Alex Vaidyan രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെയും സ്വജനപക്ഷപാതവും മാത്രം കാട്ടി / അഴിമതി നടത്തി മുന്നേറുമ്പോള്‍..വിശ്വസിക്കാന്‍ / പിന്തുടരാന്‍ ഒരു പാര്‍ട്ടി ഇല്ലാത്തവന്‍ അരാഷ്ട്രീയ വാദി ആകുന്നതു എന്ത് പറഞ്ഞു എതിര്‍ക്കാന്‍ കഴിയും ?



Rejeesh Palavila ഇന്നത്തെ കവിതകള്‍ വെറും ചവറുകളും കവികള്‍ നിലവാര്മില്ലത്തവ്രും ആണെന്ന് ചിലര്‍ അഭിപ്രായ പെടുന്നു ഇതില്‍ വ്വസ്തവമുണ്ടോ?>>ചവറുകളും മൌലികവുമായവ എല്ലാ കാലത്തിലും ഉണ്ടായിട്ടുണ്ട്.ചവറുകളെ കാലം അതിന്റെ ചവറ്റു കുട്ടയില്‍ വലിച്ചെറിയുകതന്നെ ചെയ്യും.ഗദ്യ കവിതയുടെ പല സൌജന്യങ്ങളും കവികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.ആവര്‍ത്തന വിരസമായ ഒരു വായനാതലം അവ ഒരളവില്‍ സൃഷ്ടിക്കുന്നുണ്ട്.എന്നിരുന്നാലും ചോരയില്‍ വിരല്‍ മുക്കി എഴുതുന്നവര്‍ വേറിട്ട്‌ നില്‍ക്കുന്നു



Manjesh Alex Vaidyan ഇവിടെ വായിക്കുന്ന കവികളില്‍ താങ്കളെ അത്ഭുതപെടുത്തിയവര്‍ ... പ്രതീക്ഷ തരുന്നവര്‍



Rejeesh Palavila ഏതെന്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുടരുക എന്നതല്ല രാഷ്ട്രീയ ചിന്ത എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് .ജനാധിപത്യ ബോധമുള്ളവര്‍ ആകുക എന്നാണ് എന്റെ അഭിപ്രായം.അത് കൊണ്ട് തന്നെ വിശ്വസിച്ചു മുന്നോട്ടു പോകാന്‍ ഒരു പാര്‍ട്ടി ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ അരാഷ്ട്രീയവല്ക്കരിക്കപെടും എന്ന നിലപാടിനോട് ഞാന്‍ യോജിക്കില്ല



Rejeesh Palavila ഇവിടെ വായിക്കുന്ന കവികളില്‍ താങ്കളെ അത്ഭുതപെടുത്തിയവര്‍ ... പ്രതീക്ഷ തരുന്നവര്‍>>ആദ്യം ഓര്‍ക്കുന്നത് Jayadev Nayanar,Sudheer Raj .ഞാന്‍ ഇവിടെ വായിച്ച് അത്ഭുതപ്പെട്ടിട്ടുള്ളത് ഇവരുടെ ചില രചനകളാണ്.പ്രതീക്ഷ തരുന്ന വളരെപ്പെരുണ്ട്.പേരെടുത്തു പറയുന്നില്ല എന്ന് മാത്രം Manjesh Alex Vaidyan



വിനോദ് വൈജയന്തം പുതിയകാലത്തിന്റെ ആകുലതകള്‍ ആവിഷ്കരിക്കപ്പെടുമ്പോള്‍ കവിതയുടെ ലാവണ്യം നഷ്ടമാവുകയും കവിത പ്രഭാഷണത്തിന്റെ അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നുണ്ടോ ....... എന്താണ് താങ്കളുടെ കാഴ്ചപ്പാട്



Rejeesh Palavila പുതിയ കവിതാ ശൈലിയില്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുന്നു .ഏറെയും സുവിശേഷം പോലെ പ്രസ്താവന പോലെ അനുഭവപ്പെടുന്നു .അത് മടുപ്പുളവാക്കുന്നു.ക്രാഫ്റ്റ്‌ ആയി മാത്രം നില്‍ക്കുന്നവയുണ്ട്.



P.p. Anil Kumar രജീഷ് ഞാന്‍ ഇതൊക്കെ വായിക്കുന്നുണ്ട്. നിങ്ങളോടൊപ്പം ഞാനും ഇപ്പോള്‍ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ആ ഡിങ്കന്‍ എന്റെ മനസ്സില്‍ അത്ര മാത്രം ശക്തമായ ഒരു വികാരം സൃഷ്ടിച്ചു. ഒരു പക്ഷെ വളരെ ലളിതമായ വാക്കുകള്‍ ഉപയോഗിച്ച് ഹാസം എന്ന മൂര്‍ച്ചയേറിയ ആയുധം പ്രയോഗിക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചത് കൊണ്ടാകാം. ഞാന്‍ നിങ്ങളെ വിലയിരുത്തുന്നത് ഒരു ശരിയായ ക്രിയേറ്റിവ് വ്യക്തി ആയിട്ടാണ്. പഴമയും പുതുമയും കവിതയില്‍ ഒത്ത് ചേരുന്നിടത്ത്‌ മാത്രമേ ആധുനിക കവി വിജയിക്കുകയുള്ളൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മതം, ജാതി തുടങ്ങിയ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നമ്മുടെ സംസ്കാരം അമ്പതു വര്ഷം പുറകിലോട്ടു സഞ്ചരിക്കുമ്പോള്‍ ഒരു കവി എന്ന നിലയിലും സാമൂഹിക സംസ്കരണത്തിനു ചുക്കാന്‍ പിടിക്കെണ്ടവരില്‍ ഒരാള്‍ എന്ന നിലയിലും ഈ ലോകം എന്ത് ലക്‌ഷ്യം ആക്കണം എന്നാണ് താങ്കള്‍ക്ക് തോന്നുന്നത്.



Ayyappan Moolesseril മഴയും,പുഴയുമൊക്കെ കവിതയുടെ പടികെട്ടുക്കള്‍ ഇറങ്ങി പോയെന്നൊരു ആരോപണമുണ്ട് .....ന്യൂ ജനറേഷന്‍ കവികള്‍ എന്നൊരു ഫേസ്ബുക്ക്‌ വിഭാഗം തന്നെയുണ്ട്‌ ....ഇതു സംബദ്ധിച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്



Praveen V R Attukal അർഥവ്യാപ്തിയോ, വ്യാകരണങ്ങളോ ഇല്ലാത്ത എത്രയോ സുന്ദരമായ കവിതകൾ ജനമനസുകളിൽ ഇന്നും മായാതെ നില്ക്കുന്നുണ്ട് എന്നാൽ വാക്കുകൾ അടുക്കും ചിട്ടയുമില്ലാതെ പെറുക്കി വയ്ക്കുന്ന യാതൊരു അർഥവുമില്ലാത്ത വ്യാകരണങ്ങളാൽ സമ്പുഷ്ട്മായ കവിതകൾ മുഖപുസ്തകത്തിൽ മുഴുവനും നിറഞ്ഞു നില്ക്കുന്നു ഇവയിൽ രണ്ടിലുമുള്ള വ്യത്യാസം ഒന്നു അസ്വാദക പ്രിയവും മറ്റൊന്നു അസ്വാദകൻ വായിക്കാതെ പ്രകടിപ്പിക്കുന്ന ഇഷ്ടവുമാണു എന്നു തോന്നുന്നില്ലേ, എന്താണു രാജേഷ്ജീ താങ്കളൂടെ അഭിപ്രായത്തിൽ നല്ല കവിത?



Santhosh Palathunkal താങ്കള്‍ ഒരു യുക്തിവാദി ആണെന്ന് താങ്കളുടെ കവിതകള്‍ അടിവരയിടുന്നു.കലയും കവിതയും ഏറെക്കുറെ എല്ലാ ക്കാലത്തും മതങ്ങള്‍ ആരാധനകള്‍ ദൈവിക ബിംബങ്ങള്‍ മിത്തുകള്‍ എന്നിവയെ ആണ് ബേസ് ചെയ്തിട്ടുള്ളത് .ഇത്തരം പാരമ്പര്യങ്ങളെ താങ്കള്‍ എങ്ങിനെ മറികടക്കുന്നു?



Rejeesh Palavila മനുഷ്യനെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിച്ചവര്‍ വ്യക്തമായ നിക്ഷിപ്ത താല്പര്യമുള്ളവരായിരുന്നു.അവര്‍ മതിലുകള്‍ കെട്ടി മനുഷ്യനെ ചൂഷണം ചെയ്യുന്നു.ആ മതിലുകള്‍ ഉടച്ചു തകര്‍ക്കാന്‍ ,മാനവികതയുടെ വാനവിശാലതയിലേക്ക് പറക്കാന്‍ നാം കരുത്ത് നേടണം.അതിന്റെ ചാലകശക്തിയായ്‌ "ഇ' ലോകവും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.സാഹിത്യവും കലയും ഒകെ ആ വിശാലതയില്‍ മാത്രമേ ഉള്ത്തുടിപ്പ് ഉള്ളതാകൂ..പ്രിയ P.p. Anil Kumar സാര്‍



Santhosh Palathunkal കവിതയ്ക്ക് ഒരു ഭാഷയോ താളമോ ശീലമോ ആവിശ്യം ഉണ്ടോ?താങ്കള്‍ പലപ്പോഴും ഉപയോഗിക്കുന്നത് തരള ഭാഷയല്ലേ ?അതില്‍ രുചിക്കുന്നത് പലപ്പോഴും കാല്‍പനിക ഭാവം അല്ലേ?(ഞാന്‍ നിങ്ങളുടെ കവിതയെ വളരെയേറെ ഇഷ്ടപ്പെടുന്നു വെങ്കിലും....!)



Rejeesh Palavila പ്രിയ Praveen V R Attukal നല്ല കവിത ഏതെന്നു നിര്‍ണ്ണയിക്കുക എളുപ്പവും അതിനു ഒരു നിര്‍വചനം കൊടുക്കുക ശ്രമകരവുമാണ്.താളവും സംഗീതവും ഉണ്ടായാല്‍ നല്ല കവിതയാകും എന്ന് പറയാന്‍ പറ്റില്ലല്ലോ ..ആയുര്‍വേദ സൂക്തങ്ങള്‍ അങ്ങനെയെങ്കില്‍ കവിത എന്ന് പറയേണ്ടി വരും.അതോടൊപ്പം ഹൃദയത്തിലേക്ക് പടര്‍ന്നു കേറുന്ന ഗദ്യ രചനയിലും കവിത കണ്ടിട്ടുണ്ട്.



P.p. Anil Kumar എന്റെ മനസ്സില്‍ കുറച്ചു ദിവസം ആയി ഉള്ള ഒരു സന്ദേഹം ഞാന്‍ ഇവിടെ നിങ്ങളോട് പങ്കിടുകയാണ്. കവിയും വ്യക്തിയും ഒരു സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്നതാണോ ഒരു കവിത. അതായത് രജീഷ് ഒരു വിഷയം എങ്ങനെ തിരഞ്ഞെടുക്കുന്നു. എപ്പോള്‍ ആണ് ഒരു കവിത പിറവിയെടുക്കുന്നത്. ചിലര്‍ സ്വന്തം ലോകത്തില്‍ വിഹരിക്കുമ്പോള്‍ രതീഷ്‌ സമൂഹത്തോട് നേരിട്ട് പ്രതികരിക്കുന്നത് കാണുന്നുണ്ട്. ഒരു പക്ഷെ ഒരു സാമൂഹിക കവി എന്ന അര്‍ത്ഥത്തില്‍. രണ്ടിലും കവിത ഉണ്ട് എന്നതില്‍ തര്‍ക്കം ഇല്ല. പക്ഷെ ഒരു ശ്രേഷ്ഠ കവിത എന്ന് രതീഷ്‌ വിലയിരുത്തുന്നത് എന്താണ്.



Rejeesh Palavila പ്രിയ Santhosh Palathunkal മതങ്ങളിലെ സാഹിത്യവും കവിതയും ഞാന്‍ ആസ്വദിക്കുന്നു.അതിനുമപ്പുറം അവയിലെ അമാനുഷിക കല്പ്പനകളെ പുറംതള്ളുന്നു .അതുവഴി മതങ്ങളുടെ ബിംബങ്ങളെ ഞാന്‍ മറികടക്കുന്നു



Kkdas Insight എന്തുകൊണ്ട് താങ്കളിലെ കവി ഒരു മാനവിതാ വാദിയായി ?



Santhosh Palathunkal മതബിംബങ്ങള്‍ മിത്തുകള്‍ എന്നിവ എങ്ങനെ അമാനുഷിക ബിംബങ്ങള്‍ ആകും?അവ വെറും മനുഷ്യ ചിന്തയുടെ വിഭ്രാത്മത മാത്രം അല്ലേ എന്റെ പ്രിയ കവി ?



Rejeesh Palavila കവിതയ്ക്ക് ഒരു ഭാഷയോ താളമോ ശീലമോ ആവിശ്യം ഉണ്ടോ?താങ്കള്‍ പലപ്പോഴും ഉപയോഗിക്കുന്നത് തരള ഭാഷയല്ലേ ?അതില്‍ രുചിക്കുന്നത് പലപ്പോഴും കാല്‍പനിക ഭാവം അല്ലേ?>>ചുറ്റും ധാരാളം കവികള്‍ ഇതിനെ ലംഘിച്ചു കൊണ്ട് കവിത കുറിക്കുന്നു..അവിടെ ഞാന്‍ എന്റെ കവിതയെ താളത്തോടും സംഗീതത്തോടും ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നു.അതാണ്‌ എന്റെ ആനന്ദം.കവിത ദുര്‍ഗ്രഹമാകാതെ സാധാരണക്കാരനിലെക്കും കടന്നു ചെല്ലണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.എന്റെ കവിതയുടെ വായനക്കാരില്‍ ഏറെയും സാധാരണക്കാരാണ്.പണ്ഡിതന്മാരെ എന്റെ കവിത എത്രത്തോളം തൃപ്തിപ്പെടുത്തിയിട്ടുണ്ട് എന്ന് ഞാന്‍ അന്വേഷിചിട്ടുമില്ല .പറയാനുള്ളത് ചിലപ്പോള്‍ ഞാന്‍ തുറന്നു പറയും.ഉപരിപ്ലവമായ്‌ പോയല്ലോ എന്ന് എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുമുണ്ട്.Santhosh Palathunkal



Rejeesh Palavila പ്രിയ ശ്രീ P.p. Anil Kumar <<രജീഷ് ഒരു വിഷയം എങ്ങനെ തിരഞ്ഞെടുക്കുന്നു. എപ്പോള്‍ ആണ് ഒരു കവിത പിറവിയെടുക്കുന്നത്>>ഞാന്‍ കാണുന്ന സംഭവങ്ങള്‍ എന്റെ ചിന്തയില്‍ പാടുകള്‍ വീഴ്തുന്നവ അവയെ ഞാന്‍ കവിതയിലേക്ക് പകരുകയാണ് ചെയ്യുന്നത്.ഹൃദയത്തില്‍ സംഭവിച്ച ഒരു പ്രക്ഷുബ്ധതയെ/വികാരത്തെ ഭാഷയിലൂടെ പകര്‍ന്നു വയ്ക്കാന്‍ എത്രമാത്രം സാധിച്ചു എന്നതാണ് പരീക്ഷണം.ചിലപ്പോള്‍ അയത്നലളിതമായ്‌ കവിത അങ്ങനെ ഒഴുകിവരുന്നതായി തോന്നും.ചിലപ്പോള്‍ കവിത എഴുതാന്‍ കഴിയാതെ എന്നാല്‍ എഴുതണം എന്ന സമ്മര്‍ദ്ദത്തില്‍ അങ്ങനെ പിടയും.



Rejeesh Palavila Ayyappan Moolesseril താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം എന്റെ മുന്‍ കമന്റുകളില്‍ നിന്നും വായിചെടുക്കാവുന്നതാണ്.വീണ്ടും കുറിക്കണ്ടല്ലോ ?



Santhosh Palathunkal സംഗീതം മാത്രമേ താളം അന്വേഷിക്കുന്നുള്ളൂ ,കവിത താളത്തിനപ്പുറം കാലത്തെ പ്രതിനിധീകരിക്കണമെന്നു എനിക്ക് തോന്നുന്നു.ഈആധുനിക കാലത്ത് വിപത്ത് മതം വര്‍ഗീയ ഭ്രാന്ത്‌ എന്നിവയാണ്,കാലം ദേശം മതം ഭാഷ കുളം നിറം രാഷ്ട്രം എല്ലാം തകര്‍ക്കപ്പെടെണ്ടത് അല്ലേ?തങ്ങളുടെ കവിത ആ വഴിക്ക് നീങ്ങുമോ?



Rejeesh Palavila Kkdas Insight എന്ത്കൊണ്ട് താങ്കളിലെ കവി ഒരു മാനവിതാ വാദിയായി ?>>കവിതയ്ക്ക് സ്നേഹത്തിന്റെ ഭാഷ മാത്രമേ യുള്ളൂ ..അതല്ലാതെ അതിനു നിലനില്‍പ്പില്ല.പ്രസക്തിയില്ല.മാനിഷാദാ എന്ന് പ്രഖ്യാപിച്ച ആദി കവി മുതല്‍ ഓരോ കവിയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്നു ..അങ്ങനെ നിലകൊള്ളണം !..ദാസേട്ട



Usman Mohammed കവിതയുടെ കാല ഗണനയില്‍ ഇടം പിടിക്കാതെ പോയ ചിലരെങ്കിലും ഉണ്ട് ....ക്ലാസിക്‌ എന്നോ പൌരാനികം എന്നോ പ്രാചീനം എന്നോ അവരെ വിളിക്കാറില്ല ..അധൂനികമെന്നോ ഉത്തരധൂനികമെന്നോ അവര്‍ക്ക് പരിവേഷവും ഇല്ല .......എന്നിട്ടും അവര്‍ വയിക്കപ്പെട്ടിട്ടുണ്ട് ......ഇന്നുംവായിക്കപ്പെടുന്നു ..മുദ്രകള്‍ ,പരിവേഷങ്ങള്‍ കവിയുടെ കാലിലെ ചങ്ങലകള്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട് ..അതെ സമയം കാലഗണനയുടെ നാംധേയങ്ങളില്‍ അറിയപ്പെടുന്ന ചിലര്‍ നമുടെ മുഖ്യധാര കാവ്യധാരയില്‍ ചാലക് ശക്തിയായി വര്‍ത്തിക്കുന്നു .......പുതുകവി എന്നതും ആത്യന്തികമായി ഒരു പരിവേഷവും മുദ്രയും അല്ലെ ...............?



Shyamkumar Kuzhur കവിയുടെ അന്ത്യത്തില്‍ കവിതയുടെ അനുശോചനം എന്തായിരിക്കും...?



Rejeesh Palavila ഈആധുനിക കാലത്ത് വിപത്ത് മതം വര്‍ഗീയ ഭ്രാന്ത്‌ എന്നിവയാണ്,കാലം ദേശം മതം ഭാഷ കുളം നിറം രാഷ്ട്രം എല്ലാം തകര്‍ക്കപ്പെടെണ്ടത് അല്ലേ?തങ്ങളുടെ കവിത ആ വഴിക്ക് നീങ്ങുമോ?>>ആ വഴിക്ക് ബോധപൂര്‍വം നീങ്ങുന്ന ആളാണ്‌ ഞാന്‍ എന്നാണ് എന്റെ എളിയ അവകാശം Santhosh Palathunkal എന്റെ സൃഷ്ടികള്‍ അതിനു തെളിവാണ്



P.p. Anil Kumar ബോധ പൂര്‍വ്വം. അപ്പോള്‍ അതില്‍ വികാരമോ വിചാരമോ അധികം ഉണ്ടാകുക രജീഷ്. ഇത് തന്നെയായിരുന്നു എന്റെ സന്ദേഹം



Kkdas Insight അന്യതാ ചിന്തിദംസര്‍വം ദൈവമന്യത്ര ചിന്തയേല്‍ .എന്ത് പറയുന്നു ?



Santhosh Palathunkal നിങ്ങളെ പ്പോലെയുള്ളവരുടെ ബോധപൂര്‍വമായ ഇടപെടലുകളില്‍ സന്തോഷിക്കുന്നു കാലം മലയാള കവിതയുടെ വിശാലമായ ലോകത്ത് ഒരു ഇരിപ്പിടം നിങ്ങള്‍ക്കും പതിച്ചു തരുമെന്ന് ഞാനും വിചാരിക്കുന്നു,ബോധപൂര്‍വം എഴുതപ്പെടുന്നതാണ് കവിതകള്‍ എന്നും അവ ഹൃദയത്തിന്റെ ഭാഷ മാത്രം അല്ല തലച്ചോറിന്റെ ഭാഷകൂടിയാണ് എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ട് നിങ്ങളുടെ തീക്കനല്‍ ആയി ജ്വലിക്കുന്ന കവിതകള്‍ക്കായി കാത്തിരിക്കുന്നു.......!



Rejeesh Palavila പുതുകവി എന്നതും ആത്യന്തികമായി ഒരു പരിവേഷവും മുദ്രയും അല്ലെ ...............?>>ആവിഷ്കാരത്തില്‍ വേറിട്ട ശബ്ദം സൃഷ്ടിക്കുന്ന കവികളെ അങ്ങനെ ഒരു പരിവേഷം കൊടുക്കാം ..അത്തരം കവികള്‍ എല്ലാ കാലത്തും അക്കാലത്തെ പുതു കവികള്‍ ആയിരുന്നു..അതിലും അപ്പുറം ലേബല്‍ ചെയ്യപ്പെടുന്ന രീതി ഒരു തരം മുദ്രയാണ് Usman Mohammed ഇക്ക



Usman Mohammed നമ്മുടെ നാട്ടിലെ മഹാ കവികളെ പരിചയപ്പെടാത്തവര്‍ പോലും റൂമിയെ വായിക്കുന്നു ,നേരുദയെ വായിക്കുന്നു ,ഉമര്‍ ഖയാമിനെ ആരാധിക്കുന്നു ..ഈ വാക്കുകള്‍ എന്റേത് അല്ല ........മാത്ര്ഭൂമി പുസ്തക മേളയില്‍ വെച്ച് അവിടത്തെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് .തിരുനല്ലൂര്‍ കരുണാകരന്‍ പരിഭാഷപ്പെടുത്തിയ ഉമാര്ഖയ്യാമിന്റെ രുബയ്യാത് ചോദിച്ചപ്പോള്‍ ........എന്ത് പറയുന്നു ?



Rejeesh Palavila ബോധ പൂര്‍വ്വം. അപ്പോള്‍ അതില്‍ വികാരമോ വിചാരമോ അധികം ഉണ്ടാകുക രജീഷ്. ഇത് തന്നെയായിരുന്നു എന്റെ സന്ദേഹം>>എന്റെ കവിതയില്‍ ഇത് രണ്ടും വരും



Rejeesh Palavila <<അന്യതാ ചിന്തിദംസര്‍വം ദൈവമന്യത്ര ചിന്തയേല്‍ .എന്ത് പറയുന്നു ?>>>ഒരു പ്രീസ്റ്റ്‌ തലത്തില്‍ അദ്വൈതത്തിന്റെ സങ്കല്‍പ്പതിലായാല്‍ ഇത് കൊണ്ട് ദോഷമില്ല ദാസേട്ട Kkdas Insight



P.p. Anil Kumar ഞാന്‍ നിങ്ങളുടെ ക്രാഫ്റ്റ് എന്താണെന്ന് ശ്രദ്ധിക്കുന്നുണ്ട്. ഈ ലോകത്ത് എഴുതുന്നവരില്‍ ഒരു പഞ്ച് കൊണ്ട് വരാന്‍ സാധിക്കുന്ന ക്രാഫ്റ്റ് ഉള്ള കുറച്ചു പേരില്‍ ഒരാള്‍ ആണ് നിങ്ങള്‍. അതായത് സാമാന്യ ജനത്തിനു മനസ്സിലാകുന്ന ഭാഷയില്‍ എഴുതുന്ന ഒരു കവി. കവിത ജനകീയം ആകണം എന്നൊരു അഭിപ്രായം ഉണ്ടോ ?. അതോ ഒരു വരേണ്യ വര്‍ഗ്ഗത്തിന് മാത്രം രുചിക്കുന്ന സംസ്കൃത പദങ്ങളും, ദുര്ഗ്രഹ്യം ആയ ഘടനയും, വാക്കുകള്‍ തിരിച്ചും മറിച്ചും ഇട്ടു ഉണ്ടാക്കുന്ന സൌന്ദര്യവും ആണ് ഒരു നല്ല കവിതയെ സൃഷ്ടിക്കുന്നത് എന്ന് ഒരു തോന്നല്‍ വരാറുണ്ടോ. അത്തരത്തില്‍ ഒരു സ്വയം നിരൂപണം നടത്താറുണ്ടോ ?



Kiran Vr ആശംസകള്‍ .....



Rejeesh Palavila നാലുകെട്ടുകളില്‍ ഉണ്ട് ഏമ്പക്കം വിട്ടിരിക്കുമ്പോള്‍ നേരം പോക്കിന് അക്ഷര ശ്ലോകം കളിക്കാന്‍ പടച്ച കവിതകളുടെ കാലം കഴിഞ്ഞു.തെരുവിലും വയലിലും കവിത ഇറങ്ങിവന്നു.സാധാരണ ജനത്തിന് മനസ്സിലാവാത്ത കവിത കവിതയല്ല എന്നൊന്നും ഞാന്‍ പറയില്ല.എന്നാല്‍ കവിത ജനകീയമാകണം എങ്കില്‍ അതിന്റെ ഭാഷയ്ക്ക് ലാളിത്യവും സാരള്യവും വേണം..സത്യസന്ധത വേണം.



Manjesh Alex Vaidyan കൂട്ടത്തില്‍ ഒരു പരാതി കൂടി .... ഇവിടെ വരുന്ന പല കവിതകളിലും /പുതു കവികള്‍ക്ക് വ്യക്തമായ ഒരു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സജീവമായി താങ്കള്‍ ഉണ്ടാവണം ...കാരണം നിങ്ങളെ പോലെ ഗൈഡ് ചെയ്യാന്‍ കഴിവുള്ളവര്‍/മനസ്സ് ഉള്ളവര്‍ വളരെ കുറവു ആണ് ഈ ഓണ്‍ലൈന്‍ ലോകത്ത് ...


Rejeesh Palavila കവിയുടെ അന്ത്യത്തില്‍ കവിതയുടെ അനുശോചനം എന്തായിരിക്കും...?>>Shyamkumar Kuzhur കവിയുടെ ഉള്ളിലെ തീ ഇതാ എന്നില്‍ ജ്വലിക്കുന്നുണ്ട്



Rejeesh Palavila പ്രവാസികളായ സുഹൃത്തുക്കളെ ഇതാ എനിക്ക് ചുറ്റും ഇരുട്ട് ശക്തിപ്പെട്ടു..രാത്രി കനത്തു തുടങ്ങി..ഇവിടെ സമയം പതിനൊന്നര ആയി..എന്നാല്‍ ഇനി നാളെ കൂടാം.ചോദ്യങ്ങള്‍ തുടരട്ടെ ..സാധ്യമാകുന്ന രീതിയില്‍ മറുപടി കുറിക്കാം .ഇന്നത്തേക്ക്‌ വിട!



P.p. Anil Kumar കവിയിലെ ഉള്ളിലെ തീ ഓരോ കവിതയിലും ജ്വലിക്കും. പക്ഷെ ജ്വലിക്കണം എങ്കില്‍ എന്ത് വേണം ?. ഈ ലോകത്തും ചില ഏമ്പക്കങ്ങള്‍ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നു. മിണ്ടാതിരിക്കുന്ന കുറച്ചു വ്യക്തികള്‍ ഇവിടെ ഉണ്ട്. അവരോടാണ് ഞാന്‍ ഇത് പറയുന്നത്. രജീഷിനെ മനസ്സിലാക്കുന്നതിനോടൊപ്പം നമുക്ക് നമ്മളെയും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വേദി ആണ് ഇത്. പങ്കെടുക്കുക. ശുഭ രാത്രി രജീഷ്. എനിക്ക് വലിയ ഒരു സന്തോഷം തോന്നുന്നു.



ബിജു ജി നാഥ് ഇന്ന് ബ്ലോഗ്‌ കളിലും മുഖ പുസ്തകത്തിലും കാണുന്ന കവികളെയും , എഴുത്തുകാരെയും കാണുമ്പോള്‍ ഇതൊരു പുതിയ പ്രതിഭാസം ആണെന്ന് തോന്നാന്‍ തക്ക വണ്ണം ആധിക്യം ഉണ്ടെങ്കില്‍ അതിനര്‍ത്ഥം പണ്ടും ഇവരുണ്ടായിരുന്നു പക്ഷെ അവര്‍ക്കൊരു മാധ്യമം ഇല്ലാതിരുന്നതിനാല്‍ തിരസ്ക്രിതം ആയതാകും എന്നല്ലേ ?



Nisha Manjesh കവിതയുടെ പുതുവഴികളില്‍ രജീഷിന്റെ കാല്‍പ്പാടുകള്‍ തിളക്കമോടെ എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Yesterday at 07:15 · Edited · Unlike · 6



Nisha Manjesh ചുറ്റിലും ദാരിദ്രത്തിന്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റുകില്ലെനിക്കൊരു പൂവിനെത്തലോടുവാന്‍............എന്ന് എഴുതുന്ന ആത്മ നൊമ്പരം സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ ആല്‍ബം ഗാനങ്ങള്‍ എഴുതുമ്പോള്‍ രജീഷിന്റെ തൂലികയോട് എങ്ങെനെ ആണ് സഹകരിക്കുന്നത്?



Nisha Manjesh ചലച്ചിത്ര ഗാന ശാഖയുടെ ഇന്നത്തെ തകര്‍ച്ചയ്ക്ക് ഒരു കാരണം നല്ല എഴുത്തുകാരെ തിരഞ്ഞെടുക്കാത്തത് ആണോ?



Nisha Manjesh താങ്കളിലെ സത്യാന്വേഷി രജീഷ് എന്ന കവിയെ എത്രകണ്ട് സഹായിക്കുന്നുണ്ട്?



Nisha Manjesh "സ്വാര്‍ത്ഥമതികളും വഞ്ചകരുമായ നിരവധി പേര്‍ ഭരണ ചക്രം തിരിക്കുന്ന ഈ ലോകത്ത് ഗാന്ധിജി തന്റെ പ്രസക്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു."ഒന്ന് വിശദീകരിക്കൂ



Nisha Manjesh "ജിജ്ഞാസകള്‍ തല്ലികൊഴിച്ച മതങ്ങള്‍ തന്‍ ഉത്തരം "ഇങ്ങനെ തിരിച്ചറിഞ്ഞത് എപ്പോള്‍ ആണ്.താങ്കളില്‍ സത്യാന്വേഷിയുടെ വിത്തുകള്‍ പാകിയത്‌ ആരാണ്?ഇന്നും ഈ ഒരു തിരിച്ചറിവിലെയ്ക്ക് വളരാന്‍ നമ്മുടെ സമൂഹം മടിക്കുന്നത് എന്ത് കൊണ്ട് ആണ്?



Rejeesh Palavila ബിജു ജി ,സൈബര്‍ ലോകം അത്തരമൊരു അവസരം തുറന്നു കൊടുത്തു.പത്രാധിപരുടെ മേല്‍നോട്ടം ഇല്ലാതെ ഒരു സത്രം പോലെ അത് തുറന്നു കിടക്കുന്നു.അത് കൊണ്ട് ഗുണവും ദോഷവും ഉണ്ടായി.ആത്യന്തികമായി സൈബര്‍ എഴുത്ത് ലോകം എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നത് നാം അന്വേഷിക്കണം..എഴുത്തുകാര്‍ തന്നെയാണ് സൈബര്‍ ലോകത്തെ വായനക്കാരില്‍ ഏറെയും .ഒരുപാടുപേര്‍ക്ക് മുന്നില്‍ സൃഷ്ടികള്‍ പങ്കുവയ്ക്കാനുള്ള വലിയ സാധ്യത..ലോകത്ത് എവിടെ നിന്നും ആര്‍ക്കും അത് വായിക്കാനുള്ള അവസരം.അതൊക്കെ വലിയ നേട്ടമാണ്.ഒപ്പം എഴുത്തിന്റെ മൌലികത നഷ്ടപ്പെടാതെ ഇരുന്നില്ലെങ്കില്‍ സൈബര്‍ എഴുത്ത് ലോകം അപകീര്ത്തിപ്പെടും.



Rejeesh Palavila പ്രിയ Nisha Manjesh കവിത പൂര്‍ണ്ണമായും വ്യക്തിയുടെ ആത്മാവിഷ്കാരമാണ്.എന്നാല്‍ ഗാനങ്ങളിലേക്കും മറ്റും വരുമ്പോള്‍ പലരുടെയും ഇടപെടലും നിര്‍ദേശവും പരിഗണിക്കണം.പാട്ടിന്റെ അവസരവും സാഹചര്യവും അവിടെ പ്രധാനപ്പെട്ടതാണ്.നിര്‍ദേശിക്കുന്ന വിഷയത്തില്‍ ഊന്നി എഴുതേണ്ടി വരും.അതൊരു പക്ഷെ വ്യക്തിപരമായി കവിയുടെ നിലപാട് ആകണമെന്നില്ല .യുക്തിവാദി ആയ കവി ഭക്തിഗാനം എഴുതുന്നത്‌ പോലെ !!



Rejeesh Palavila ചലച്ചിത്ര ഗാന ശാഖയുടെ ഇന്നത്തെ തകര്‍ച്ചയ്ക്ക് ഒരു കാരണം നല്ല എഴുത്തുകാരെ തിരഞ്ഞെടുക്കാത്തത് ആണോ?>>നമ്മുടെ ചലച്ചിത്ര ഗാനചരിത്രത്തിനു കവിതയുടെ ഗന്ധമുണ്ട്.വയലാറും ഭാസ്കരന്‍ മാഷും ഒകെ എഴുതിയത് കവിതയുള്ള പാട്ടുകളായിരുന്നു.ഒപ്പം അവരോടൊപ്പം ഉണ്ടായിരുന്ന സംഗീത സംവിധായകരും മറ്റും അത്രതന്നെ സാഹിത്യ അവബോധമുള്ള ആളുകളായിരുന്നു.പാട്ടുകളെ സംബന്ധിച്ച് സംഗീതം വലിയ ഘടകമാണ്.നമുക്ക് അറിയാത്ത ഭാഷയിലെ പാട്ടുകള്‍ നാം കേള്‍ക്കുന്നു.സംഗീതമാണ് അതിലേക് നമ്മെ എത്തിക്കുന്നത്.അതോടൊപ്പം ഭാഷയുടെ ആന്തരിക സൌന്ദര്യം നമ്മളിലേക്ക് ഇറങ്ങിവരുമ്പോള്‍ ആ ഗാനം നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് അനുഭൂതിയാകുന്നു.പുതിയ തലമുറയ്ക്ക് ഇതൊക്കെയാണ് ഇഷ്ടം എന്ന് നിര്‍വചിച്ച് കുറച്ചു ട്യൂണ്കള്‍ സൃഷ്ടിച് വാക്കുകള്‍ കുത്തി നിറച്ച് ഭാഷയെ ശ്വാസം മുട്ടിക്കുന്ന പാട്ടുകള്‍ ഇന്ന് കൂടുതലായി ഇറങ്ങുന്നു.അത്തരം പാട്ടുകള്‍ക്ക് വരികള്‍ എഴുതാന്‍ ആര്‍ക്കും സാധിക്കും.അവിടെ കവിയുടെ ദൃഷ്ടിയോ വ്യുല്‍പ്പതിയോ വേണമെന്നില്ല.ഇതിനു അപവാദമായ നല്ല പാട്ടുകളും ഉണ്ടാവുന്നുണ്ട്.ആത്യന്തികമായി സിനിമയ്ക്ക് പണം മുടക്കുന്നവര്‍ക്ക് ഇതിലൊക്കെ ഒരു ധാരണ വേണം.എന്നാല്‍ ഇന്ന് അതിലൊക്കെ ആര്‍ക്കാണ് ശ്രദ്ധ .



Musthu Urpayi കലയുടെ കാര്യത്തില്‍ കുലപതിയായിരുന്നു കൈരളി. മൂല്യങ്ങളുടെ കരുതലും കാവലുംഏറ്റെടത്തു കളങ്കത്തോടും കലാപങ്ങളോടും കാലുഷ്യങ്ങളോടും കാടത്തങ്ങളോടും കാട്ടുനീതി തന്നെ കാട്ടാന്‍ കലക്കായിരുന്നു.സാഹിത്യം ബലഹീനതകളെ ഇക്കിളിപ്പെടുത്തുന്നുവെങ്കില്‍ സിനിമ പൊക്കിളിനും താഴോട്ട് താഴ്ന്നുകൊണ്ടിരിക്കുന്നു. പേറ്റുമുറിയിലും ഈറ്റില്ലങ്ങളിലും പെറ്റിട്ടിരുന്ന അന്തര്‍ജനങ്ങള്‍ അരങ്ങിലെത്താന്‍ അന്തര്‍മുഖത്തം കാട്ടുന്നില്ല.കലാകുലത്തിലെ കുലംകുത്തികളെ തിരിച്ചറിയാനും തിരിച്ചയക്കാനും വീണ്ടും തിരിച്ചുവരാനും നമുക്കവില്ലേ ???




Musthu Urpayi പ്രവാസികളുടെ സൃഷ്ട്ടികള്‍ അത് എന്തായാലും
മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരുന്നില്ലാ .മാത്രമല്ലാ
ഒരു രണ്ടാം തരമായി വക തിരിക്കുന്നതിനോടുള്ള
താങ്ങളുടെ അവിപ്രായം എന്താണ് ?



Rejeesh Palavila താങ്കളിലെ സത്യാന്വേഷി രജീഷ് എന്ന കവിയെ എത്രകണ്ട് സഹായിക്കുന്നുണ്ട്?>>ഒരേ ജോഡി കണ്ണുകളാണ് എനിക്കുള്ളത്!വ്യക്തിത്വം ദ്വന്ദവല്ക്കരിക്കപ്പെടരുത് എന്ന് ചിന്തിക്കുന്ന ആളാണ്‌ ഞാന്‍.



Rejeesh Palavila "സ്വാര്‍ത്ഥമതികളും വഞ്ചകരുമായ നിരവധി പേര്‍ ഭരണ ചക്രം തിരിക്കുന്ന ഈ ലോകത്ത് ഗാന്ധിജി തന്റെ പ്രസക്തി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു."ഒന്ന് വിശദീകരിക്കൂ>>ഏറെ കുറ്റങ്ങള്‍ പറയാനുണ്ടെങ്കിലും ഗാന്ധി ഒരു സുഗന്ധമാണ്.അദ്ധേഹത്തിന്റെ സാരള്യം സത്യത്തിന്റെതാണ്.അദ്ധേഹത്തിനു മുന്‍പോ പിന്‍പോ അങ്ങനെ ഒരു ജനകീയ നായകനെ ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ കാണുക പ്രയാസമാണ്.ഏറെ കാര്യങ്ങളില്‍ വിയോജിക്കുമ്പോഴും ടാഗോര്‍ സംശയലേശമെന്യേ ഗാന്ധിയെ മഹാത്മാവ് എന്ന് വിളിച്ചതും ആശയപരമായി വിയോജിക്കുമ്പോഴും സുഭാഷ്‌ ചന്ദ്രബോസ് ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചതും അത് കൊണ്ടാണ്.ഗാന്ധി എല്ലാക്കാലത്തും പ്രസക്തനാണ്.Nisha Manjesh



Rejeesh Palavila "ജിജ്ഞാസകള്‍ തല്ലികൊഴിച്ച മതങ്ങള്‍ തന്‍ ഉത്തരം "ഇങ്ങനെ തിരിച്ചറിഞ്ഞത് എപ്പോള്‍ ആണ്.താങ്കളില്‍ സത്യാന്വേഷിയുടെ വിത്തുകള്‍ പാകിയത്‌ ആരാണ്?ഇന്നും ഈ ഒരു തിരിച്ചറിവിലെയ്ക്ക് വളരാന്‍ നമ്മുടെ സമൂഹം മടിക്കുന്നത് എന്ത് കൊണ്ട് ആണ്?>>ഞാന്‍ വിശ്വാസികളായ അച്ഛനമ്മമാരുടെ മകനാണ്.പുരാണ ഇതിഹാസങ്ങളില്‍ എല്ലാം ഭക്തി ഉണ്ടായിരുന്ന ആള്‍ ..എന്നിരുന്നാലും വളര്‍ന്നു വന്നപ്പോള്‍ ക്ഷേത്ര വ്യവസായങ്ങളില്‍ വിമര്‍ശന ബുദ്ധിയാണ് എനിക്കുണ്ടായത്.വിവേകാനന്ദ സ്വാമികളോട് തോന്നിയ ആദരവ് എന്നെ ശ്രീ രാമകൃഷ്ണമിഷന്‍ ആശ്രമങ്ങളിലെക് അടുപ്പിച്ചു.തൃശൂര്‍ പുറന്നാട്ടു കരയിലെ ശ്രീ രാമകൃഷ്ണമിഷന്‍ മഠത്തിലെ പ്രസിഡന്‍റ് അന്തരിച്ച സ്വാമി ശക്രാനന്ദജിയുമായ്‌ വലിയ സൗഹൃദം ഉണ്ടായിരുന്നു.ക്രെമേണ അദ്വൈത ദര്‍ശനത്തില്‍ ഞാന്‍ ആകര്‍ഷിക്കപ്പെട്ടു.മാനവികതയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാന്‍ അതെന്നെ സഹായിച്ചു.ആ അന്വേഷണത്തില്‍ ഞാന്‍ വ്യക്തി ദൈവങ്ങളെ നിഷേധിച്ചു സഞ്ചരിച്ചു.മനുഷ്യന്‍ പ്രാര്‍ഥിക്കുമ്പോള്‍ വരം കൊടുക്കുന്ന ഒരു ദൈവം എന്നില്‍ നിന്നും പുറത്താക്കപ്പെട്ടു.മതങ്ങളുടെ ചൂഷണവും പിടിവാശികളും അംഗീകരിക്കാന്‍ കഴിയാതെയായി.അങ്ങനെ അങ്ങനെ ഞാന്‍ ഇങ്ങനെ ആയി എന്ന് ചുരുക്കിപ്പറയാം.സമൂഹം സംഘടിത മതങ്ങളുടെ ചൂഷണങ്ങള്‍ തിരിച്ചറിയുന്നുണ്ട്.ഇശ്വരരവിശ്വാസം വ്യക്തിപരമായി സൂക്ഷിക്കേണ്ട ഒന്നാണ് അത് കൊട്ടിഘോഷിക്കുംബോഴാണ് ബഹുജന ബഹു വിശ്വാസ സമൂഹങ്ങളില്‍ അസഹിഷ്ണുത ഉണ്ടാകുന്നത്.അത് എതിര്‍ക്കപ്പെടണം ..Nisha Manjesh



Rejeesh Palavila കലാകുലത്തിലെ കുലംകുത്തികളെ തിരിച്ചറിയാനും തിരിച്ചയക്കാനും വീണ്ടും തിരിച്ചുവരാനും നമുക്കവില്ലേ ???>>>തീര്‍ച്ചയായും നമുക് കഴിയും പ്രിയ Musthu Urpayi.അതിനു നമുക് വേണ്ടത് നമ്മുടെ ഭാഷയോടുള്ള സുദൃഢമായ ആത്മബന്ധമാണ്.മറ്റാരോടെങ്കിലും ഉള്ള വിധേയത്വത്തിന്റെ പേരില്‍ നാം കലയുടെ സംസ്കാരത്തെ അണുവിട കയ്യൊഴിയാന്‍ തയ്യാറായിക്കൂട!അങ്ങനെ നാം കരുത്തോടെ മുന്നോട്ടു പോകുംമെങ്കില്‍ നമുക് പലതും ചെയ്യാന്‍ കഴിയും.കൊടിയുടേയും തൊലിയുടെയും നിറം നോക്കി നിലപാട് പറയേണ്ടവന്‍ ആവരുത് കവി എന്നാണ് എന്റെ കാഴ്ചപ്പാട് .




Rejeesh Palavila പ്രവാസികളുടെ സൃഷ്ട്ടികള്‍ അത് എന്തായാലും
മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരുന്നില്ലാ .മാത്രമല്ലാ
ഒരു രണ്ടാം തരമായി വക തിരിക്കുന്നതിനോടുള്ള
താങ്ങളുടെ അവിപ്രായം എന്താണ് ?>>ആ നിരീക്ഷണം പൂര്‍ണ്ണമായും ശരിയല്ല.അടുത്ത കാലത്ത് മലയാള സഹൃദയത്വത്തെ ഹഠാല്‍ ആകര്‍ഷിച്ച ആടുജീവിതം എന്ന കൃതി പ്രവാസിയായ ബെന്ന്യമന്‍ എഴുതിയതല്ലേ.മൌലികമായ രചനകള്‍ വൈകിയായാലും തിരിച്ചറിയപ്പെടും എന്നാണ് എന്റെ വിശ്വാസം.'പ്രവാസി സാഹിത്യം ' എന്നത് ഒരു വേര്‍തിരിവല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.



Shiru Vty ആശംസകള്‍...



Sandeep Nair namaskaram Rejeesh Palavila



Shiru Vty ഞാന്‍ ചോദിക്കാന്‍ ഉദ്ദേശിച്ച ചിലവ ഓരോരുത്തര ചോദിച്ചത് കൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നില്ല.. നല്ല ക്രിയാത്മകമായ സര്‍ഗ്ഗ ശേഷി സമൂഹതിനു നേര്‍വാക്കുകള്‍ സമ്മാനിക്കട്ടെ എന്ന ആശംസ മാത്രം........



Rejeesh Palavila ഹൃദയം നിറഞ്ഞ നന്ദി


ബിജു ജി നാഥ് ശ്രീ രജീഷിന്റെ കൂടെ കുറെ ദൂരം നമ്മള്‍ സഞ്ചരിക്കുക ഉണ്ടായി . നമ്മുടെ സംശയങ്ങള്‍ക്കും , ചോദ്യങ്ങള്‍ക്കും സംയമനത്തോടെ പ്രതികരിച്ച പ്രിയ സ്നേഹിതാ നന്ദി . താങ്കളുടെ രചനകള്‍ ലോകം അറിയുന്നത് ആകട്ടെ എന്നും , താന്കള്‍ മുഖപുസ്തകത്ത്നും ബ്ലോഗിനും പുറത്തു അറിയപ്പെടുന്ന ഒരു വിലാസം ആകട്ടെ എന്നും അത് വഴി താങ്കളുടെ നാടിന്റെ യശസ്സ് ഉയരട്ടെ എന്നും ആഗ്രഹിക്കുന്നു . എല്ലാ സ്നേഹത്തോടും പ്രോല്സാഹനത്തോടും കൂടെ നമ്മള്‍ ഇ ലോകം താങ്കള്‍ക്ക് ഒപ്പം . സജീവ സാന്നിധ്യമായി തുടരുക നമ്മള്‍ക്കൊപ്പം നമ്മിലോരാളായി . ..... സ്നേഹാദരങ്ങളോടെ ഇ ലോകം .