To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Wednesday, 10 August 2016

Sound Noise

അപശബ്ദങ്ങള്‍

ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വര്‍ഗ്ഗീയവാദികളുടെ കവലപ്രസംഗം വേണ്ടിവന്നു എന്നതാണ് ഏറ്റവും സഹതാപകരമായ കാര്യം. ഈവിഷയം കൂട്ടുത്തരവാദിത്വത്തിന്റെതാണ്.
ഒരുപരിപാടിനടക്കുന്ന ഇത്രചുറ്റളവില്‍ അനുവദനീയമായ സമയത്തിലും ശബ്ദത്തിലുംമാത്രം  മൈക്രോഫോണ്‍/ലൌഡ്സ്പീക്കര്‍ സംവിധാനങ്ങള്‍
ഉപയോഗിക്കണം എന്നതില്‍  നമുക്ക് ഇനിയും ബോധമുണ്ടായിട്ടില്ല.
ശബ്ദനിയന്ത്രണത്തില്‍ രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍
ആരും തയ്യാറല്ല .ഒരുപരിപാടി  അവിടെ ഒത്തുകൂടുന്നവരിലേക്ക്
അവിടുത്തെ ശബ്ദങ്ങളൊക്കെ ഒതുക്കി നിര്‍ത്തുന്നത് നമുക്കത്രമേല്‍ കുറച്ചിലാണ് .പോക്കറ്റ് റേഡിയോയ്ക്ക്പോലും കൂട്ടിവക്കാന്‍ തരത്തില്‍ ഒച്ചയുണ്ടെന്ന്‍ അനവസരത്തിലും നാം കാണിച്ചുകൊടുക്കും !
കഴിയുന്നത്ര ഉച്ചത്തില്‍ മറ്റുള്ളവരിലേക്ക് ശബ്ദവിസര്‍ജ്ജ്യനം നടത്തുക എന്നതിലാണ്  നമ്മുടെ ആവേശവും സുഖവും .ഇത് ഒരവകാശംപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ മതസ്ഥാപനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും മതേതരസ്ഥാപനങ്ങളും  ആര്‍ട്ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട്സ് ക്ലബ്ബുകളും  ഒക്കെയുണ്ട്.രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ പൊതുജനജീവിതം പലരീതിയില്‍ താറുമാറാകുന്ന നമ്മുടെ രാജ്യത്ത് ഇതൊക്കെ പൂര്‍ണ്ണമായും അവസാനിക്കപ്പെടണം എന്നത്
'എത്ര മനോഹരമായൊരു നടക്കാത്ത സ്വപ്നം' മാത്രമായിരിക്കും .ഇക്കാര്യത്തില്‍ നിഷ്പക്ഷമായി സംസാരിക്കാന്‍പോലും  ആര്‍ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എം.എസ്.സുബ്ബലക്ഷ്മിയുടെ കൌസല്യസുപ്രഭാതവും സംഗീതാത്മകമായ ബാങ്ക് വിളിയും നേര്‍ത്ത മണിമുഴക്കവും ഒക്കെ
നമ്മുടെ സുപ്രഭാതങ്ങളുടെ പ്രതാപത്തിന്റെ ഭാഗമായി നാം ആസ്വദിച്ചവയാണ് .ഇന്ന് കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു .
ഒരു പ്രദേശത്ത് ഒന്നിലധികം ആരാധനാലയങ്ങള്‍  പണിയുക എന്നത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള
രീതിയായാണ് ഓരോ വിശ്വാസസമൂഹവും കാണുന്നത് .രാഷ്ട്രീക്കാര്‍ അവരുടെ സാന്നിധ്യം  കാണിക്കാന്‍ മുക്കിനുമുക്കിന് കൊടിമരങ്ങള്‍ നാട്ടുന്നത് പോലെ .എണ്ണം കൂട്ടുക എന്നതാണ്  ശക്തിപ്രകടനത്തിന്റെ ഒരു രീതി!ഇതിങ്ങനെ അനിയന്ത്രിതമായി പൊയ്ക്കൊണ്ടിരിക്കുകയാണ്.
കാണിക്കവഞ്ചികളും നേര്‍ച്ചപ്പെട്ടികളും കവലകളില്‍ എങ്ങും നിരന്നിരിപ്പുണ്ട്.നേരം വെളുക്കും മുതല്‍ ഇരുട്ടുംവരെ
വിശ്രമമില്ലാത്ത പാവം ദൈവങ്ങള്‍!!റോഡില്‍ കുടിയേറിയിരിക്കുന്നവരോട് ഒഴിഞ്ഞുപോകണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടും
എഴുന്നേറ്റുപോകാന്‍ കഴിയാത്തതരത്തില്‍ അവര്‍ ക്ഷീണിതരാണ്! അല്ലെങ്കിലും സുപ്രീംകോടതിയൊക്കെ എന്നാണ് ഉണ്ടായത് ;)

ഒന്നോ രണ്ടോ മിനിറ്റില്‍ തീരുന്ന ഒരു ബാങ്കുവിളി,ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു പള്ളിയില്‍ നിന്നാണെങ്കില്‍ അത് സഹിക്കാവുന്നതാണ് .
കൂണുകള്‍ പോലെ പള്ളികള്‍ പൊന്തുകയും കൂട്ടബാങ്കുവിളി നടത്തുകയും ചെയ്യുമ്പോള്‍ അത് തികച്ചും നിലവിളി ശബ്ദമായിത്തീരും എന്ന്പറഞ്ഞാല്‍ അതൊരു അപ്രിയസത്യമാണ്.ഇതിലും ഭീകരമാണ് നാട്ടിലെ ക്ഷേത്രങ്ങളുടെ സംഭാവന .രാമായണമാസം,മണ്ഡലച്ചിറപ്പ്,സപ്താഹം,അഖണ്ഡനാമജപയജ്ഞം,
ലക്ഷാര്‍ച്ചന,ഭാഗവതപാരായണം,മൈക്കിലൂടെയുള്ള ചെണ്ടമേളം,വെടിക്കെട്ട്,ഉത്സവം തുടങ്ങി ശബ്ദമേളങ്ങളുടെ ഒരു ഘോഷയാത്രയാണ്.ഇതുകൂടാതെയാണ് അമ്പലം/പള്ളിവക പാട്ട്പെട്ടികളും പ്രഭാഷണഗുസ്തികളും.ആശുപത്രി/വിദ്യാലയം ഇത്തരം ഇടങ്ങള്‍പോലും
ഈ അവസ്ഥയില്‍ നിന്നും മുക്തമല്ല.രാഷ്ട്രീയാദി പരിപാടികളിലും വാഹനഹോണ്‍ ഉപയോഗങ്ങളിലുമെല്ലാം  ഇത്തരം ഔചിത്യങ്ങള്‍ സദാ ലംഘിക്കപ്പെടുന്നു.കോളാമ്പികള്‍ ഉപയോഗിക്കുന്നതില്‍ നിരോധനം ഉള്ളത് പലപ്പോഴും നടപ്പാക്കാറില്ല.അനുവദിച്ചിട്ടുള്ള ബോക്സുകളില്‍ ആര്‍ക്കുംകണ്ടുപിടിക്കാന്‍ കഴിയാത്തതരത്തില്‍ കോളാമ്പികളുടെ യൂണിറ്റുകള്‍ സ്ഥാപിച്ച്  വിരുതന്മാരായ മൈക്ക് ഓപ്പറേട്ടര്‍മാര്‍ തങ്ങളുടെ 'സൌണ്ട്'കച്ചവടം 'ഇടറാതെ' കാത്തുസൂക്ഷിക്കുന്നു.

ഓരോ സംസ്ഥാനവും ശബ്ദമേഖലകളെ തരംതിരിക്കുകയും ശബ്ദനിയന്ത്രണം നടത്തുകയും ചെയ്യണം എന്ന് പരിസ്ഥിതിസംരക്ഷണനിയമത്തില്‍
പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.ശബ്ദമലിനീകരണം കുറ്റകരമാണ് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.'അതൊന്നും അത്ര വലിയ കുറ്റമല്ല' എന്നാണ് നമ്മുടെ രാഷ്ട്രീയവും-മതപരവുമായ വികാരം!ആ വികാരത്തിന് മുന്നില്‍
നിശബ്ദരായി നില്‍ക്കുവോളം അപശബ്ദങ്ങള്‍ നമ്മെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും !!

Rejeesh Palavila
02/08/2016
Thailand


Ammini

അമ്മിണി
---------------
രജീഷ് പാലവിള//തായ് ലാന്‍ഡ്

വടക്കേമുറ്റത്തുള്ള വരിക്കപ്ലാവിനന്നു,-
തടിയ്ക്കില്ലത്രവണ്ണം,അടയ്ക്കാമരംപോലെ!
അതിന്റെ ചുവട്ടിലാ'ണമ്മിണി' പകലെല്ലാം;
അവളെന്‍ ആട്ടിന്‍കുട്ടി;യന്നത്തെ കളിത്തോഴി!!

പാലൊത്തനിറമുള്ള പഞ്ഞിക്കുപ്പായം,കണ്ണില്‍-
നീലിമ,കുറുകെയായി കറുത്തചതുര്‍ഭാഗം;
പ്ലാവിനോടടുത്തുള്ള ചീലാന്തിമരത്തിന്റെ
ഛായയിലവളുടെ കിടപ്പുണ്ടിന്നുമുള്ളില്‍;

'അമ്മിണി'യെന്നുള്ളൊരെന്‍ വിളികേട്ടാലുടനെ
'മുംമുമ്മ' ശബ്ദത്തോടെ ഓര്‍മ്മയിലിന്നുമവള്‍!
**ഇളംവരിക്കപ്പൊല്ല്;പച്ചപ്ലാവിലയില;
തെളിഞ്ഞകഞ്ഞിവെള്ള,മൊക്കെയും പ്രിയങ്കരം;

കാലത്തേയെഴുന്നേറ്റ് ചെല്ലുംഞാ,നവളുടെ
ചാരത്തായിത്തുടങ്ങുന്നു ചക്കരവര്‍ത്തമാനം!
മഞ്ഞിനാല്‍ കുളിര്‍ന്നതാം ചെവികള്‍തഴുകിയാ-
മുഞ്ഞിയില്‍ പകരുംഞാ,നുമ്മതന്നിളം ചൂട്!!

നെറ്റിയില്‍ പൊട്ടുകുത്തും;കഴുത്തില്‍ മാലചാര്‍ത്തും;
തട്ടിയുംതലോടിയു,മവളെയോമനിക്കും!
തിരക്കില്ലെനിക്കു,മറ്റൊന്നിനും നേരമില്ല;
ഒരുക്കുമവളെ ഞാ,നമ്മവിളിക്കുംവരെ!!

ചെറിയകുട്ടിഞാ,നന്നവളെ പിരിഞ്ഞെന്നാല്‍
ചെറുതല്ലല്ലോ ദുഃഖം;പൊരുതുമെന്റെ ശാഠ്യം!
സ്കൂളില്‍ ചെന്നിരുന്നാലു,മമ്മിണിയ്ക്കായെന്‍ മനം
പ്ലാവില തിരക്കുന്നു;പറമ്പില്‍ നടക്കുന്നു!!

പഠിപ്പുകഴിഞ്ഞു,ഞാന്‍ തിരികെവീട്ടില്‍വന്നാല്‍
നടക്കുമവളുമായ് വടക്കേമുറ്റത്തെങ്ങും!
കണക്ക്ക്ളാസ്സിലന്നു കടുപ്പംതല്ലിത്തന്ന
ഗുണനപ്പട്ടികയ,ന്നവളും പഠിച്ചീടും!!

ചെവിയുംകുലുക്കിക്കൊണ്ട,വളോടുന്നകണ്ടാ-
ലെനിക്കുചിരിവരു,മതിനെന്തലങ്കാരം!
കടലപ്പിണ്ണാക്കെന്റെ കൈകളിലുരുട്ടിഞാ-
നവളെക്കഴിപ്പിക്കും,'അമ്മയുംകുഞ്ഞും' ഞങ്ങള്‍!!

അന്നെന്റെമനസ്സിന്റെ കുഞ്ഞുലോകം മുഴുക്കെ-,
യമ്മിണിക്കലയുവാന്‍ തൊടിയുംപൂന്തോട്ടവും!
ചങ്ങാതിമാരോടെല്ലാം,പറയും കഥകള്‍ഞാന്‍;
അമ്മിണിയ്ക്കറിയാത്ത വാര്‍ത്തയും കാണുകില്ല!!

ഒരിക്കല്‍,മുറ്റത്തുള്ള തളിര്‍വാഴക്കൈതിന്ന,
കുരുത്തക്കേടിനവള്‍ക്കച്ഛന്റെ തല്ലുകിട്ടി!
അന്നവള്‍ക്കമ്മതീര്‍ത്തു,കഴുത്തില്‍വട്ടച്ചണം;
അന്നുതൊട്ടവള്‍ക്കുണ്ടാ,യെങ്ങോട്ടും നിയന്ത്രണം!!

ഞാനടുത്തുണ്ടെന്നാലോ,യവള്‍ക്കില്ലാബന്ധനം;
കാണേണ്ടതാണാലോക,ത്താനന്ദനൃത്തോത്സവം!
ഭാഷകള്‍ക്കതീതമാം സ്നേഹത്തെയറിയുവാന്‍
കാഴ്ചകള്‍ ഉണ്ടാകുന്നതത്രെയോയതിശയം!!

അവള്‍തന്‍കഴുത്തിലെ കയര്‍തന്നവളുടെ
മരണക്കുരുക്കാവുമെന്നാരുമറിഞ്ഞില്ല;
പ്ലാവിനോടടുത്തുള്ള ചീലാന്തിമരത്തിന്റെ
ഛായയിലവളുടെ കിടപ്പുണ്ടിന്നുമുള്ളില്‍;

അമ്മിണിമരിച്ചുപോയ്‌;നൊമ്പരമുണങ്ങാതെ-
സങ്കടപ്പനിമൂടി,യെത്രനാള്‍ കിടന്നുഞാന്‍;
നിര്‍മ്മലസ്നേഹത്തിന്റെ നിത്യമാമനുഭൂതി-
യിന്നുമുണ്ടെന്റെയുള്ളി,ലമ്മിണി,കളിത്തോഴി!!
-------------------------------------------------------------


**വരിക്കപ്പൊല്ല് :വരിക്കചക്കയുടെ ചവിണി

Stand With E A Jabbar

ജബ്ബാര്‍മാഷിന് ഐക്യദാര്‍ഢ്യം

''ഈ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ??'' ജബ്ബാര്‍മാഷിന്റെ ബ്ലോഗ്‌ വായിക്കുന്ന ആര്‍ക്കുംതോന്നുന്ന ചോദ്യം! ആ ചോദ്യം ഉണ്ടാകുന്നത് കേവലം ഇസ്ലാമോഫോബിയ കൊണ്ടല്ല ,ഇസ്ലാമിനകത്ത്നിന്നും പരിഷ്കാരങ്ങള്‍ക്ക് വേണ്ടി ധീരമായിശബ്ദിച്ച് ചരിത്രത്തില്‍ ''കാണാതെപോയ'' ചേകന്നൂര്‍മൌലിവിയെക്കൂടി ഓര്‍ത്തുപോകുന്നത്കൊണ്ടാണ്!ചേകന്നൂര്‍ നിരീശ്വരവാദിയായിരുന്നില്ല;അദ്ദേഹത്തിന്റെ ആശയസമരങ്ങള്‍ക്ക്മുന്നില്‍ അമ്പേപരാജയപ്പെട്ട  'സോ കാള്‍ഡ്മതപണ്ഡിതന്മാര്‍' പരമകാരുണ്യവാനായ ദൈവത്തിന്റെനാമത്തില്‍ അദ്ദേഹത്തെ ''മായ്ച്ചുകളഞ്ഞു''!!ചേകന്നൂരിന്റെ തിരോധാനംപോലെ കേരളം നടുക്കത്തോടെകേട്ട മറ്റൊന്നാണ് ജോസഫ്‌ മാഷിന്റെ കൈമുറിച്ചസംഭവം!
''ഒരാള്‍ ഖുറാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടല്ലേ'',''മറ്റേയാള്‍ പ്രവാചകനിന്ദ ചെയ്തിട്ടല്ലേ'' എന്നിങ്ങനെ അവര്‍ക്കുണ്ടായത് അവര്‍ അര്‍ഹിക്കുന്ന സ്വാഭാവികവിധികള്‍ മാത്രമാണെന്ന് ‘പറയാതെപറയുന്നവരാണ്’ ചുറ്റുമുള്ള അനേകംപേര്‍ .ഒരുവശത്ത് മതവിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പരസ്യമായ സംവാദങ്ങള്‍ക്ക് സ്വാഗതംചെയ്യുന്ന ഒരു കൂട്ടര്‍!ചൊരുക്ക് സഹിക്കാതെ വിധിനടപ്പാക്കുന്ന മറ്റൊരുകൂട്ടര്‍.ഈ സംഘടിതശക്തിയെക്കുറിച്ച് ഞങ്ങള്‍ക്കൊന്നുമറിയില്ലേ എന്ന ഭാവത്തില്‍ വേറൊരുകൂട്ടര്‍;മതം, കുറ്റപ്പെടുത്തലുകളാഗ്രഹിക്കുന്നില്ല.ചോദ്യം ചെയ്യലുകളില്‍ അതിന് പുകച്ചിലും പുളച്ചിലും ഉണ്ടാകുന്നു.വസ്തുനിഷ്ഠവും ക്രിയാത്മകവുമായ വിമര്‍ശനങ്ങളെയുംവിമര്‍ശകരെയും വച്ചുപുലര്‍ത്തുകയെന്നാല്‍ തലയ്ക്കുമുകളില്‍ വാള് തൂക്കിയിടുംപോലെ അപകടകരമാണ് എന്നറിയാവുന്നവരാണ് മതംകൊണ്ട് ജീവിക്കുന്നവര്‍.
ചരിത്രംമുഴുക്കെ അതിന്റെ തെളിവുകളുണ്ട്.അവര്‍ക്കിടയിലാണ് ഖുറാനും ഹദീസുകളും എടുത്ത് വച്ച് ,യുക്തിയുടെ നിശിതഖഢ്കംകൊണ്ട് അന്ധമായമതവിധേയത്വങ്ങളെ ചോദ്യംചെയ്ത് ജബ്ബാര്‍മാഷൊക്കെ ജീവിക്കുന്നത് എന്നത് ഒരത്ഭുതമല്ലാതെ മറ്റെന്താണ്?!!അതുകൊണ്ടാണ് ജബ്ബാര്‍മാഷിന്‍റെ കഥകേള്‍ക്കുന്നവര്‍ ''മലപ്പുറത്ത് ഇങ്ങനെയൊരു മതേതരജീവിതമോ?'' എന്നും ചോദിക്കുന്നത്! ചിന്തിക്കുവാന്‍ ധൈര്യപ്പെടുന്ന അനേകംപേര്‍ മുന്‍പെങ്ങും കേള്‍ക്കാത്ത ഉച്ചത്തില്‍ , മതഭ്രാന്തുകള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്നുണ്ട്.മതവിഭ്രാന്തികള്‍ അപകടകരമായി പെരുകുന്ന പുതിയലോകത്ത് അവരുടെശബ്ദം  അത്രമേല്‍ പ്രസക്തവും അനിവാര്യവുമാണ്‌!

ജബ്ബാര്‍മാഷിന് വധഭീഷണിയുണ്ട് എന്നത് ഗൌരവത്തോടെ കാണേണ്ടവാര്‍ത്തയാണ്.ഈ വാര്‍ത്തയോട് പ്രതികരിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നമുക്ക് ധാര്‍മ്മികതയുണ്ട്.ഇത്തരം ഭീഷണികള്‍ നാളെ നമുക്ക് നേര്‍ക്കുംവരും.സ്വതന്ത്രചിന്തകരുടെയും യുക്തിവാദികളുടേയും രക്തംകൊണ്ട് ഇനി ഒരുദൈവവും പള്ളിനീരാടരുത്.സമൂഹത്തിന്റെ തുണയും കരുതലും ഓരോരുത്തര്‍ക്കും ഉണ്ടാവണം .തങ്ങളുടേതല്ലാത്ത മതത്തെവിമര്‍ശിക്കുമ്പോള്‍മാത്രം യുക്തിവാദിയെ തോളിലെടുക്കുന്നവരെയല്ല ഇവിടെ പ്രതീക്ഷിക്കുന്നത്.അത്തരക്കാര്‍ ക്രൂരമായ നിശബ്ദതകൈക്കൊള്ളുക മാത്രമാണ് പതിവുപോലെ ചെയ്യുക. കൈവെട്ടിയവര്‍ക്കും ബലാത്സംഘംചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്കും കള്ളക്കേസുകള്‍ ഉണ്ടാക്കുന്നവര്‍ക്കും സ്വീകരണവും ലഡ്ഡുവിതരണവും നടത്തുന്ന തിരക്കിലാണവര്‍ !
ഇനിഇവിടെ നരേന്ദ്രദാഭോല്‍ക്കര്‍മാര്‍ കൊല്ലപ്പെട്ടുകൂടാ! ചേകന്നൂര്‍മൌലവിമാര്‍  തിരോധാനം ചെയ്യപ്പെട്ടുകൂടാ! പെരുമാള്‍മുരുഗന്‍മാര്‍ എഴുതാന്‍ ഭയപ്പെട്ടുകൂടാ!
നമ്മുടെ ശബ്ദവുംശക്തിയും മാനവികതയുടെ കരുത്തായിപ്പടരട്ടെ 


ജബ്ബാര്‍മാഷിന് ഐക്യദാര്‍ഢ്യം