To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

Is it possible to implement Anti Superstitious law in Kerala ?

അന്ധവിശ്വാസനിരോധനനിയമം നടപ്പാക്കാൻ സർക്കാരിന് ആർജ്ജവമുണ്ടോ?
രജീഷ് പാലവിള തായ് ലാൻഡ്

വളരെ പൈശാചികമായ ഒരു കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാം. തൊടുപുഴ വണ്ണപ്പുറത്ത് ഒരു മന്ത്രവാദിയേയും  അയാളുടെ കുടുംബത്തേയും സന്തതസഹചാരിയായിരുന്ന ശിഷ്യനും കൂട്ടുകാരുംചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി.ഗുരു അവകാശപ്പെട്ടിരുന്ന  മുന്നൂറോളം  മൂർത്തികളുടെ ശക്തി തനിക്ക് സ്വന്തമാക്കണം എന്ന ചിന്തയാണ് ശിഷ്യനെ ഹീനമായ ഈ  കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചത്എന്നാണ് സംഭവത്തിൽ പോലീസിന് ലഭിച്ച വിശദീകരണം. ഇത്നടന്നത് ഉത്തരേന്ത്യയിലെ ഏതോ അപരിഷ്കൃത സമൂഹത്തിലല്ല ,സാക്ഷരതയിലും സാംസ്കാരികതയിലും മുന്നിൽനിൽക്കുന്നു എന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ! എന്നാലിതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞവർഷമാണ് കേരളത്തിന്റെ തലസ്ഥാനനഗരിയിൽ നന്തൻകോഡ് ഒരു വീട്ടിൽ കേദൽ ജിൻസൻരാജ് എന്ന യുവാവ് തന്റെ അച്ഛനമ്മമാരെയും സഹോദരിയേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തി വീടിനു തീവച്ചത്!ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് അയാൾ പോലീസിൽ കുറ്റബോധമില്ലാതെ മൊഴിനൽകിയത്! ഓരോരോ രീതികളിൽ-രൂപങ്ങളിൽ തട്ടിപ്പുകളും പീഡനങ്ങളും കൊലപാതകങ്ങളും കേരളത്തിലും നിത്യസംഭവങ്ങളാവുകയാണ്.



പതിവുപോലെ ഓരോ സമയത്തും  നമ്മൾ ചാനൽ ചർച്ചകൾ നടത്തും  ,തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ചാത്തൻസേവകളെക്കുറിച്ചും ബ്ലാക്ക് മാജിക്കുകളെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കും .രാഷ്ട്രീയക്കാരും ഭരണകൂടവും ഉന്നതപോലീസ് ഉദ്യോഗസ്ഥരും സാംസ്കാരികനായകരുമെല്ലാം  കേരളത്തെക്കുറിച്ചോർത്ത് കുണ്ഠിതപ്പെടും .പക്ഷെ ഒന്നും സംഭവിക്കില്ല!നന്ദൻകോഡ് നിന്നും ഇന്ന് നാം വണ്ണപ്പുറത്തേക്ക് എത്തുമ്പോൾ ബോധ്യപ്പെടുന്നത് വളരെ ആഴത്തിൽ വേരോടിക്കഴിഞ്ഞ  ഒന്നാണ് കേരളത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെന്നാണ്.മന്ത്രചരടും കൂടോത്രവും  ചെയ്തുകൊടുക്കുന്ന ലോക്കൽ ദിവ്യൻമുതൽ നരബലികൾവരെ നടത്തുന്ന മഹാമാന്ത്രികന്മാർവരെ  നമ്മുടെ ഇടയിൽ തടിച്ചുകൊഴുക്കുകയാണ്.നിരക്ഷരരും സാധുക്കളും മാത്രമല്ല ഉന്നത വിദ്യാഭ്യാസവും ഉയർന്നപദവികളും സമ്പത്തുമുള്ള ആളുകൾവരെ ഇവരുടെ വലയിലാണ് .കക്ഷിരാഷ്ട്രീയ-ജാതി-മതഭേദമന്യേ  രഹസ്യമായും പരസ്യമായും മന്ത്രവാദികളെയും ദിവ്യന്മാരെയുംതേടി ആളുകൾ പരക്കം പായുകയാണ്!

അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക്പോലും  അല്പസ്വല്പം വാചക കസറത്തൊക്കെ നടത്താനുള്ള കഴിവുണ്ടെങ്കിൽ നാട്ടിൽ ഒരു പെട്ടിക്കടജ്യോതിഷാലയമിട്ടാൽ ക്രമേണ വച്ചടി-വച്ചടി കയറ്റമുണ്ടാകുമെന്നത് തമാശയല്ല.'ഞങ്ങളെ പറ്റിച്ചോളൂഎന്ന് ആളുകൾ അവരോടു പറയാതെ പറയുകയാണ്.യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യംപോലും  ഒരു ജ്യോതിഷിയോ മന്ത്രവാദിയോ പറഞ്ഞാൽ പിന്നെ അതിന്റെ പ്രതിവിധിക്കും പ്രാപ്തിക്കുംവേണ്ടി എന്തും ചെയ്യുവാൻ നമ്മൾ തയ്യാറായി നിൽക്കുകയാണ്.വിവാഹപൊരുത്തം,ചൊവ്വാദോഷം,ഗ്രഹദോഷങ്ങൾ ശത്രുസംഹാരം,ഗാർഹികദോഷം,വിദ്യാഭ്യാസം,തൊഴിൽ എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചതുരക്കളവും നക്ഷത്രകണക്കുകളുമായി മുക്കിനുമുക്കിന് സ്ഥലത്തെ ദിവ്യന്മാർ ഇരുപത്തിനാലുമണിക്കൂറും റെഡിയാണ്. ഒരുകാലത്ത് ആളുകളുടെ പ്രായം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതും കലണ്ടറുകളും ക്ലോക്കുകളും കണ്ടുപിടിച്ചതോടുകൂടി അപ്രസക്തമായതുമായ 'ഗ്രഹനിലകൾവച്ച് അതുമിതുംപറഞ്ഞ് അനേകം മനുഷ്യരുടെ ജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ പന്താടുകയാണ്.വില്ലൊടിച്ചും അമ്പെയ്തും യുദ്ധംചെയ്തുമൊക്കെ വിജയിക്കുന്നവരെയും സ്വയംവരം ചെയ്തുമൊക്കെയാണ് ഹിന്ദുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വിവാഹകഥകൾ പറഞ്ഞിരിക്കുന്നത് എന്നത് ഇവിടെ ഓർത്തുപോകുന്നു . എപ്പോഴാണ് ഗ്രഹനിലകൾ കല്യാണംമുടക്കികളായി അവതരിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.

വിവിധതരം നിധികൾ,വെള്ളിമൂങ്ങഇരുതലമൂളി,നാഗമാണിക്യം,മാന്ത്രിക രത്നങ്ങൾ  എന്നുവേണ്ട കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇതിന്റെയൊക്കെ പേരിൽ രാജ്യത്തിനകത്തും പുറത്തുമൊക്കെ നടക്കുന്നത്.ക്ഷുദ്രപ്രയോഗങ്ങളുടെയും ആഭിചാരകർമ്മങ്ങളുടേയും മണിയടികളും മന്ത്രവാദവും എവിടെയും മുഴങ്ങുന്നത് ചെവിയോർത്താൽ ആർക്കും കേൾക്കാം.പ്രാകൃതമായ ചികിത്സാരീതികൾ,പ്രേതബാധ ഒഴിപ്പിക്കൽ ജനിക്കാൻപോകുന്ന കുഞ്ഞുങ്ങൾ ദോഷമാകുമെന്ന പ്രവചനങ്ങളിൽ ങ്ങൾക്കുമേൽ ഗർഭംകലക്കൽ,ശത്രുനിഗ്രഹം,കുഞ്ഞുങ്ങളെയും സ്ത്രീകളേയും ശാരീരികമായും മാനസികമായും പീഡിപ്പിക്കൽ ,മാനസികവൈകല്യമുള്ളവരെ വിശ്വാസചികിത്സകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കൽ,ശൂലംകുത്തലുകൾ,ചേലാകർമ്മങ്ങൾ എന്നുവേണ്ട വിശ്വാസങ്ങളുടെ മറവിൽ രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന അനേകം അസംബന്ധങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രയുക്തികളും സാമാന്യബോധവും പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്തതരത്തിൽ നമ്മെ ചൂഴ്ന്നുനിൽക്കുന്ന പരാശ്രയബോധവും പാപചിന്തകളും അങ്ങേയറ്റം അപലപനീയവും അപകടകരവുമാണ്!ചെറുതും വലുതുമായ മനോരോഗങ്ങളിലേക്കാണ് വിശ്വാസപരമായ ഈ വിധേയത്തങ്ങൾ സമൂഹത്തെ കൊണ്ടുപോകുന്നത്.അങ്ങനെയെല്ലാ അർത്ഥത്തിലും നമ്മൾ പുറകോട്ടു നടക്കുകയാണ്.വിശ്വാസങ്ങളുടെ പേരിൽ ആർക്കും ഏതുവിധവും കബളിപ്പിക്കാൻ കഴിയുന്നതരത്തിൽ നാം കീഴ്പ്പെടുകയാണ്.

ഇത്രയൊക്കെ കോളിളക്കങ്ങളും കോലാഹലങ്ങളും നടന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രതയും കരുതലുകളും കാണിക്കാത്തത്?എത്രയോ ദശാബ്ദങ്ങളായി കേരളത്തിലെ പുരോഗമനവാദികളും യുക്തിവാദികളും പരിഷത്തുമൊക്കെ  ആവശ്യപ്പെട്ടിട്ടും അനേകം കരടുരേഖകളും സെക്രട്ടറിയേറ്റ് മാർച്ചുകളും ജാഗ്രതാജാഥകൾ നടത്തിയിട്ടും അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ നമ്മുടെ സർക്കാരുകൾക്ക് നട്ടെല്ലില്ലാത്തത്മതപരമായ വികാരങ്ങൾ വൃണപ്പെടുകയും വോട്ടുബാങ്കുകൾ ഇല്ലാതെയാവുകയുംചെയ്യും എന്ന ഭയമാണ് ഓരോ കാലത്തും ഓരോ സർക്കാരുകളെയും ഈ വിഷയത്തിൽ ഒരുതീരുമാനമെടുക്കുന്നതിൽ പിന്നോട്ട് നയിച്ചത്.മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് എല്ലാരും എക്കാലവും പയറ്റുന്നത്.അതിന്റെ ദാരുണമായ തിക്തഫലങ്ങൾ രാജ്യത്തുടനീളം നാം പ്രതിനിമിഷം കണ്ടുകൊണ്ടിരിക്കുകയാണ്.വിശ്വാസങ്ങൾ ഭീകരമായ ആൾക്കൂട്ടങ്ങളായി നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ആക്രമിച്ച് അട്ടഹസിക്കുകയാണ്!



കേരളത്തിൽ വി .എസ്.അച്യുതാനന്ദനും ഉമ്മൻചാണ്ടിയുമൊക്കെ മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ഈ ആവിശ്യങ്ങളെല്ലാം ആവർത്തിക്കപ്പെട്ടു.അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രഖ്യാപിച്ച  ഒരുഇടതുപക്ഷ സർക്കാർ പിണറായി വിജയൻറെ നേതൃത്വത്തിൽ 'ദൃഢപ്രതിജ്ഞ ചെയ്ത്അധികാരമേറ്റെടുത്തിട്ട്  രണ്ടുവർഷമായി. നന്ദൻകോഡ് കൊലപാതങ്ങളും ഇപ്പോഴിതാ വണ്ണപ്പുറംകൊലപാതകങ്ങളും ഈ സർക്കാർ ഭരിക്കുന്ന കേരളത്തിലാണ് നടന്നത്.അതിനിടയിൽ ചെറുതുംവലുതുമായ എത്രയോ തട്ടിപ്പുകളും പീഡനങ്ങളും. പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജചെയ്യാൻ 'ഇടത്നേതാക്കൾപോലും നേതൃത്വം നൽകുന്ന നാട്ടിൽ ഈ സർക്കാരിൽ നിന്നും ഈ വിഷയത്തിൽ നമുക്ക് എന്തുമാത്രം പ്രതീക്ഷിക്കാമെന്നത് ഒരു ചോദ്യമാണ്!

ഒരു ജീവിതകാലംമുഴുവൻ നരേന്ദ്രദാഭോൽക്കർ എന്നൊരു മനുഷ്യൻ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ സ്തുത്യർഹമായ പോരാട്ടങ്ങൾ മഹാരാഷ്ട്രയിൽ വിജയംകണ്ടു.                        2013ൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് അന്ധവിശ്വാസനിർമ്മാർജ്ജനനിയമം അങ്ങനെ നടപ്പാക്കപ്പെട്ടു.പക്ഷെ അതിന് ദാഭോൽക്കർക്ക് തന്റെ ജീവൻ കൊടുക്കേണ്ടിവന്നു.അതിന്റെ മാതൃകയിൽ പിന്നീട് കർണ്ണാടകയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ അനേകംപേര് പരിശ്രമിച്ചു.മനുഷ്യബലിദുര്‍മന്ത്രവാദംഅഘോരി ആചാരംഅസുഖങ്ങള്‍ ഭേദപ്പെടുത്തുന്നതിനുള്ള പൂജനാരീപൂജസ്വയം പീഡനമേല്‍ക്കല്‍ തുടങ്ങി അനേകം  ദുരാചാരങ്ങള്‍ നിരോധിക്കുന്നതും നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽകുറ്റങ്ങളുടെ ശിക്ഷാനടപടികൾ നിർദ്ദേശിക്കുന്നതുമായിരുന്നു പ്രസ്തുത ബില്‍.എന്നാൽ സംഘപരിവാരങ്ങളുടേയും   ബിജെപി-കോൺഗ്രസ്സ് പ്രവർത്തകരുടേയും പ്രതിഷേധത്തെയും എതിർപ്പുകളേയും തുടർന്ന് അനേകം ഭേദഗതികൾ കൊണ്ടുവരാൻ അന്ന് അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ നിർബന്ധിതരായി.ജ്യോതിഷംകൈനോട്ടംവാസ്തു തുടങ്ങി അനേകം വിഷയങ്ങൾ  ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി.ചുരുക്കിപറഞ്ഞാൽ 'പേരിനൊരു ബില്ലാണ്അവിടെ നടപ്പാക്കപ്പെടാൻ പോകുന്നത്.കൽബുർഗി ,ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ ബില്ല് നടപ്പാക്കാനുള്ള അവസാനഒരുക്കത്തിലാണ് സർക്കാർ!
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനബില്ല് നിയമമായപ്പോൾ കർണ്ണാടകയിൽ എന്നതുപോലെ കേരളത്തിലും പുരോഗമനവാദികൾ പതിവുപോലെ ആവിശ്യമുയർത്തി.എന്നാൽ നമ്മുടെ സർക്കാരുകൾ അതിന്റെ കരടുരേഖകൾ  ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത് !എല്ലാ മേഖലകളിലും താരതമ്യേന മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം ഈ ബില്ല് നടപ്പാക്കി രാജ്യത്തിനുമുഴുവൻ മാതൃകയാവും എന്ന് പ്രതീക്ഷിച്ചവരെല്ലാം ഓരോ സർക്കാരിന്റെ കാലത്തും നിരാശരായി.വ്യാജചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമെല്ലാം ആളുകളെ കൊള്ളയടിക്കുന്നതും  കൊല്ലിക്കുന്നതും നിർബാധം തുടരുകയാണ്.


നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷംപോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി,നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും  ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന  ജ്യോതിഷികൾ  തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും  രക്ഷിച്ചെടുക്കാൻപോന്ന സംഘടിതശക്തിയാണ്!'റോഡപകടം നടക്കുന്നത് കൊണ്ട് വാഹനങ്ങൾ നിരോധിക്കുമോതുടങ്ങിയ കുയുക്തികളാണ് അവർക്ക് ഉന്നയിക്കാനുള്ളതും.അതിലെല്ലാമുപരി സർക്കാർ സ്‌പോൺസേർഡ് ജ്യോത്സ്യൻമാർവരെ നാട്ടിലുണ്ട്.ഏതു നേരത്ത് ഏതു വേഷം ധരിക്കണം എങ്ങോട്ട് യാത്രചെയ്യണം തുടങ്ങി ഓരോ കാര്യങ്ങൾക്കും ഇത്തരക്കാരെ ആശ്രയിക്കുന്ന ജനസേവകർ കുറവല്ല.
മതഭേദമന്യേ നടത്തിവരുന്ന മന്ത്രവാദകർമ്മങ്ങളും അത്ഭുതരോഗശാന്തി ശുശ്രൂഷകളും ആത്മീയവ്യവസായങ്ങളും ആൾദൈവങ്ങളുമൊക്കെ രാഷ്ട്രീയസ്വാധീനങ്ങളും അധികാരങ്ങളുമുള്ള വലിയ കോർപ്പറേറ്റുകളാണിവിടെ.അവരെയൊക്കെ പിണക്കുക എന്നാൽ സർക്കാരുകൾക്ക് പലവട്ടം ചിന്തിക്കേണ്ട കാര്യമാണ്അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ കേരളസർക്കാർ മുന്നോട്ടുവന്നാലും കർണ്ണാടകയിൽ സംഭവിച്ചതുപോലെ അനേകംപേരുടെ 'വികാരംകണക്കിലെടുത്ത് 'ഒരഴുകൊഴമ്പൻബില്ലായിരിക്കും ഇവിടെയും കൊണ്ടുവരിക എന്നാന്നെങ്കിൽ കാര്യമായ ഒരുപ്രയോജനവുമില്ല.


നിയമത്തിന്റെ സംരക്ഷണവും നിയന്ത്രണവും ഇല്ലയെങ്കിൽ വരുംതലമുറകളെക്കൂടി വിശ്വാസപരമായ അടിമത്തങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാക്കുന്ന തരത്തിൽ ഇതിവിടെ തുടർന്നുകൊണ്ടിരിക്കും.ശാസ്ത്രബോധം ഉയർത്തിപ്പിടിക്കണമെന്ന ഭരണഘടനയുടെ പ്രഖ്യാപിത  ലക്ഷ്യം അർത്ഥശൂന്യമാകും.അതുകൊണ്ട് പുരോഗമനാശയങ്ങൾ ഉയർത്തിപിടിക്കുന്ന ഇടതുപക്ഷസർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വിദഗ്ധസമിതികളെക്കൊണ്ട് പരിശോധിപ്പിച്ച് കുറ്റമറ്റ ഒരു അന്ധവിശ്വാസനിരോധനബില്ല് കൊണ്ടുവരണം . അതിന് സർക്കാരിന് ആർജ്ജവമുണ്ടോ എന്നാണ് സാംസ്‌കാരികകേരളം ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനത്തിനുവേണ്ടി ദാഭോൽക്കർ സമർപ്പിച്ച കരടുരേഖയിലെ പ്രസക്തമായ ചില ശുപാർശകൾകൂടി ഇവിടെ പങ്കുവയ്ക്കുന്നു:
*അമാനുഷിക ശക്തികളുടെ പേരില്‍ ആഭിചാരകര്‍മ്മങ്ങള്‍ നടത്തുന്നത്
*പ്രേതബാധയുടെ പേരില്‍ നടത്തുന്ന മന്ത്രവാദവും ഭസ്മം,ഏലസ്സ്,മാന്ത്രികരക്ഷസ്സുകള്‍ തുടങ്ങിയവയുടെ കച്ചവടവും വിതരണവും
*അതീന്ദ്രശക്തികളുടെ പേരിലുള്ള സ്വപ്രഖ്യാപിത അവകാശവാദങ്ങളും പ്രചരണവും
*ആദിമസന്ന്യസികളുടെയോ ദൈവങ്ങളുടെയോ പുനര്‍ജന്മമാണ് എന്ന അവകാശവാദത്തിന്‍മേല്‍ ആളുകളെ വഞ്ചിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക
*ദിവ്യശക്തികളുടെയും ദുര്‍ശക്തികളുടെയും പേരില്‍ നടത്തുന്ന ദിവ്യാത്ഭുതപരിപാടികള്‍
*പ്രേതബാധയാണെന്ന അനുമാനത്തില്‍ രോഗികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത്
അഘോരികളുടെ അനുഷ്ടാനങ്ങള്‍
*ക്ഷുദ്രപ്രയോഗങ്ങളും അതുവഴി സമൂഹത്തില്‍ ഭയവും സൃഷ്ടിക്കല്‍
*ശാസ്ത്രീയ ചികിത്സാരീതികളെ എതിര്‍ത്തു കൊണ്ട് അഘോരി ചികിത്സാ രീതികള്‍ ആളുകളില്‍ ഭീഷണിപ്പെടുത്തി നടപ്പാക്കുക
*മാന്ത്രികക്കല്ലുകള്‍/എലസ്സുകള്‍/രക്ഷകള്‍/അത്ഭുത മോതിരങ്ങള്‍ തുടങ്ങിയവയുടെ വില്പനയും വിലപേശലും
*ആരാധനയുടെയും വിശ്വാസത്തിന്റെയും പേരില്‍ മൃഗബലി നടത്തുന്നത്
*ഗര്‍ഭധാരണം/വിഷബാധ/സര്‍പ്പദംശനം തുടങ്ങിയവയ്ക്ക് മന്ത്രവാദമരുന്നുകള്‍ നല്‍കുക തുടങ്ങി നിരവധി പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ നിയമം ചോദ്യംചെയ്യുന്നു!.

ഗോറ എന്ന ഹീറോ


ഗോറ എന്ന ഹീറോ:

രജീഷ് പാലവിള /തായ് ലാന്‍ഡ്


രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുപിന്നില്‍ ചരിത്രപുസ്തകങ്ങളിലെ കഥകള്‍ക്കുമപ്പുറം വസ്തുതാപരമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നല്ലോ.
രണ്ടാംലോകമഹായുദ്ധം ലോകവ്യാപകമായിയുണ്ടാക്കിയ രാഷ്ട്രീയവും നയതന്ത്രപരവുമായ അനേകംമാറ്റങ്ങള്‍ അതില്‍ വളരെപ്രധാനപ്പെട്ടതായിരുന്നു.
ആ മഹായുദ്ധത്തിനൊടുവില്‍ തങ്ങളുടെ കോളനികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സാമ്പത്തികമായബാധ്യതകള്‍കൂടി ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുണ്ടായിരുന്നു.യുദ്ധാനന്തരം ഇന്ത്യയുള്‍പ്പടെ അനേകം രാജ്യങ്ങള്‍  ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍  സ്വതന്ത്രമാക്കപ്പെട്ടു.ബ്രിട്ടണില്‍ അധികാരത്തില്‍വന്ന ലേബര്‍പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും കോളനികള്‍ക്ക് അനുകൂലമായിരുന്നു.എന്നാല്‍ ഇക്കാരണങ്ങളുടെപേരില്‍ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളെ വിലകുറച്ചു കാണേണ്ടതുമില്ല.നിറംപിടിപ്പിച്ച കഥകള്‍ക്കുമപ്പുറം വിസ്തരിക്കപ്പെടാതെപോയ യാഥാര്‍ത്ഥ്യങ്ങളുണ്ടായിരുന്നു എന്നോര്‍ക്കണമെന്ന്മാത്രം!. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച,പോരാടിയ ,രക്തംചിന്തിയ  അനേകംപേരുടെ ത്യാഗവും ആവേശവും വിസ്മരിക്കപ്പെട്ടുകൂടാ!
അനേകം സവിശേഷവ്യക്തിത്വങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു.അവരുടെ സ്വാതന്തത്ര്യബോധവും ദര്‍ശനങ്ങളും നമ്മെ എക്കാലവും സ്വാധീനിക്കുന്നവയുമാണ്;

സ്വാതന്തന്ത്ര്യസമരചരിത്രങ്ങളുടെ നാള്‍വഴികള്‍ പരതുമ്പോള്‍ അത്തരത്തിലുള്ള  എത്രപേരെ നാം കണ്ടെത്തുന്നു.അവരില്‍ പലരും നമ്മെ അത്ഭുതപ്പെടുത്തുന്നു.കാലത്തിനു മായ്ക്കാന്‍കഴിയാത്ത ഏതോ സുഗന്ധം അവരിലേക് നമ്മെ ആകര്‍ഷിക്കുന്നു.അങ്ങനെ ഒരു മനുഷ്യനെക്കുറിച്ച് വായിക്കേണ്ടതുണ്ട്.ഗോപരാജു രാമചന്ദ്രറാവോ (15 November 1902 – 26 July 1975)എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.ലോകം അദ്ദേഹത്തെ 'ഗോറ' എന്നുവിളിച്ചു! 1902 നവംബര്‍ 15ന് ഒരു യാഥാസ്ഥിതിക തെലുങ്ക്ബ്രാഹ്മണകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.ജീവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഗോറ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്.ഭാര്യയായ സരസ്വതിയും അദ്ദേഹത്തോടൊപ്പം സാമൂഹികനവോത്ഥാനപ്രവര്‍ത്തനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും ക്രിയാത്മകമായ പങ്കുവഹിച്ചു.ഗാന്ധിയുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു.ഗോറയുടെ മാനവികോന്മുഖമായ പ്രവര്‍ത്തനങ്ങളെ ഗാന്ധി ആദരപൂര്‍വ്വമാണ്‌ നോക്കിക്കണ്ടത്.പരസ്പരം
സ്വാധീനിക്കപ്പെട്ടവരായിരുന്നു അവര്‍!

ലളിതവും യുക്തിബോധത്തിന്റെ പ്രായോഗികതയുമായിരുന്നു ഗോറയുടെ ജീവിതം;'പ്രേതബാധ'യുണ്ടെന്ന് ആളുകള്‍ വിശ്വസിച്ചിരുന്ന വീടുകളില്‍പോയി താമസിക്കുക അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു.പ്രത്യേകിച്ചും  ഗര്‍ഭിണികളായ സ്ത്രീകളോട് പ്രേത-ഭൂതങ്ങള്‍ക്ക് കടുത്തവിരോധമുന്ടെന്നാണല്ലോ നമ്മുടെ ‘പരമ്പരാഗതവിശ്വാസം’!.തന്‍റെ ഭാര്യ,സരസ്വതി ഗര്‍ഭിണിയായിരുന്ന അവസരത്തില്‍ അത്തരം ഒരുവീട് തിരഞ്ഞെടുക്കുകയും ദീര്‍ഘകാലം അവിടെക്കഴിയുകയും ചെയ്തുകൊണ്ട്,ഗ്രാമവാസികളെ അത്തരം അന്ധവിശ്വാസത്തിനെതിരെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.ദളിത് വിഷയങ്ങളില്‍ ഗോറയുടെ നിലപാടുകള്‍ അങ്ങേയറ്റം മാതൃകാപരമായിരുന്നു; മിശ്രവിവാഹം,മിശ്രഭക്ഷണം തുടങ്ങിയ അനേകം പരിപാടികളില്‍ ഗോറ കര്‍മ്മനിരതനായി.ഓരോമാസത്തെയും പൂര്‍ണ്ണചന്ദ്രരാത്രികള്‍ ഇത്തരത്തില്‍ മിശ്രഭോജനപരിപാടികള്‍ക്കായി തിരഞ്ഞെടുത്തു.അതിനായി കുടുംബസമേതം രാജ്യത്തുടനീളം അനേകം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ  ഹരിജന്‍കോളനികളില്‍ താമസിക്കുകയും ചെയ്തു;എന്ന്മാത്രമല്ല,തന്‍റെ മക്കളെ ദളിത്‌ വിഭാഗങ്ങളില്‍ നിന്നും വിവാഹം കഴിപ്പിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു.ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇതിന്റെ പേരില്‍ സ്വസമുദായത്തിലും സമൂഹത്തിലും വളരെയധികംഒറ്റപ്പെട്ടു; ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി!അത്തരം അവഗണനകളെ  ‘മനുഷ്യനെ-മനുഷ്യനായിക്കാണുക’ എന്ന തന്‍റെ അടിയുറച്ച മാനവികബോധംകൊണ്ട് അദ്ദേഹംനേരിട്ടു!
ഭാര്യയുടേയും മക്കളുടേയും മറ്റനേകം മനുഷ്യസ്നേഹികളുടെയുംപിന്തുണ അദ്ദേഹത്തിന് ശക്തിപകര്‍ന്നു;സ്വാതന്ത്ര്യംകിട്ടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മിശ്രവിവാഹങ്ങളെ സാമൂഹികദുരന്തങ്ങളായി നോക്കിക്കാണുന്ന ഒരു സമൂഹമാണ് ഇപ്പോഴും നമുക്കുള്ളത്.ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ അവസാനിക്കുന്നില്ല. ഒറ്റപ്പെടലില്‍ പതറിപ്പോകാത്തവര്‍ക്കുമാത്രമേ അതിനൊക്കെ ഇറങ്ങിപ്പുറപ്പെടാന്‍കഴിയൂ എന്നാണ് ഇന്നുംഅവസ്ഥയെന്നോര്‍ക്കുമ്പോള്‍ ഗോറയുടെ ഹൃദയത്തിന്റെ ഔന്നിത്യം കൂടുതല്‍ ദൃശ്യമാകുന്നു!

ദളിത്‌വിഷയങ്ങളില്‍ കൂടുതല്‍തുറന്നസമീപനത്തോടെ ഇടപെടാന്‍ ഗോറയ്ക്ക്
പ്രചോദനം ഗാന്ധിയായിരുന്നു എന്നദ്ദേഹം എഴുതിയിട്ടുണ്ട്.ഗാന്ധിയുമായുള്ള ഓരോകൂടിക്കാഴ്ചയും അദ്ദേഹത്തെ ഗാന്ധിയനാക്കി.അതോടൊപ്പം യുക്തിവാദത്തെ ഉപയോഗശൂന്യമായ വെറുമൊരു സിദ്ധാന്തമായിമാത്രം കണ്ടിരുന്ന ഗാന്ധിയില്‍ ഗോറയുടെ സ്വാധീനവുമുണ്ടായി.ഗാന്ധിയെന്ന പ്രായോഗികവാദിയുടെ മുന്നില്‍ പോസിറ്റീവ് യുക്തിവാദം സമര്‍ത്ഥമായ് അവതരിപ്പിക്കാന്‍ ഗോറയ്ക്ക് കഴിഞ്ഞു.അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഗോറയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചതും ഗാന്ധിയില്‍ നിന്നായിരുന്നു;ഇവിടെ മറ്റൊരു കാര്യം ഓര്‍ത്തുപോകുന്നത്, ദളിത്‌വിഷയങ്ങളില്‍  ഗാന്ധിയുടെ നിലപാടുകള്‍ വാഴ്ത്തപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരുന്നു എന്നതാണ്.ദളിതരെ, ‘ദൈവത്തിന്റെ മക്കള്‍’ അഥവാ ‘ഹരിജനം’ എന്ന് വിശേഷിപ്പിക്കുകയും അയിത്തോച്ചാടനത്തെ ജീവിതവ്രതമായി സ്വീകരിക്കുകയുംചെയ്ത ഗാന്ധി ചരിത്രത്തിലെ ഏറ്റവുംവലിയ ദളിത്‌വിരുദ്ധനായ്ത്തീര്‍ന്നത് വിരോധാഭാസമായിത്തോന്നാം.
ചാതുര്‍വര്‍ണ്ണ്യവിശ്വാസം ഗാന്ധിയുടെ വ്യക്തിത്വത്തിലെ കളങ്കംതന്നെയായിരുന്നു. അനേകംപേരാല്‍ ആ വിശ്വാസം  ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.ഗാന്ധിസവും ബ്രാഹ്മണയിസവും തമ്മില്‍ വ്യത്യാസമില്ലെന്ന് കടുത്ത ഭാഷയില്‍ പെരിയാര്‍ രാമസ്വാമി പറഞ്ഞത് അതുകൊണ്ടാണ്.ദളിത്‌വിഷയത്തില്‍ ഗാന്ധിയുടെ ആത്മാര്‍ഥതയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളത് മറ്റാരെക്കാളും അംബേദ്‌ക്കരാണ്. അംബേദ്‌ക്കര്‍-ഗാന്ധി സംവാദങ്ങള്‍ഇന്ത്യയിലെ ദളിത്-സവര്‍ണ്ണരാഷ്ട്രീയങ്ങളുടെ എക്കാലത്തെയും ഉദാഹരണങ്ങളാണ്.ദളിതര്‍ക്ക് പ്രത്യേകതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തെ ചോദ്യംചെയ്തുകൊണ്ട് ജീവിതത്തിലെ ഏറ്റവുംവലിയ പട്ടിണിസമരംനടത്തി മരണംവരിക്കാന്‍പുറപ്പെട്ട ഗാന്ധിയോട്  Poona Pact സന്ധിചെയ്യേണ്ടിവന്നതാണ് തന്‍റെജീവിതത്തിലെ ഹിമാലയന്‍അബദ്ധമെന്ന് അംബേദ്‌കര്‍പറഞ്ഞതും അതുകൊണ്ടാണ്.
ഗാന്ധിവധത്തില്‍രാജ്യംകേഴുമ്പോഴും ഇനി നല്ലതുണ്ടാകുമെന്നും,ഗാന്ധിയെന്ന ബിംബത്തില്‍നിന്നും സ്വന്തംനേട്ടങ്ങളില്‍നിലയുറപ്പിക്കാന്‍ആളുകള്‍ക്ക് ഇനിയെങ്കിലും കഴിയട്ടെ എന്ന ക്രൂരമായ വാക്കുകള്‍പറയാന്‍അംബേദ്കറെ പ്രേരിപ്പിച്ചതും  തന്‍റെകയ്പ്പേറിയ അനുഭവങ്ങള്‍തന്നെ.പക്ഷെ അംബേദ്‌കര്‍ പറഞ്ഞതുപോലെ  ഗാന്ധി ഇല്ലാതെയായതിലൂടെമാത്രം പ്രത്യേകിച്ചൊരു നല്ലകാലവും ദളിത്‌ജനതയ്ക്ക് കൈവന്നില്ല!അറിഞ്ഞും അറിയാതെയും സവര്‍ണ്ണരാഷ്ട്രീയത്തിന്റെ ഉപകരണമായിട്ടുണ്ട് ഗാന്ധി;അതുകൊണ്ടുതന്നെ രാജ്യത്തെ ദളിത്‌വിഭാഗങ്ങളില്‍ ഗാന്ധിവിരോധം ഇന്നുംപുകയുന്നുണ്ട്.
സവര്‍ണ്ണ-ദളിത്‌രാഷ്ട്രീയസംഘട്ടനം നിലനില്‍ക്കുന്ന കാലംവരെയും ഗാന്ധി-അംബേദ്‌കര്‍ സംവാദങ്ങള്‍തുടര്‍ന്നുകൊണ്ടിരിക്കും!എന്നിരുന്നാലും,
ദളിത്‌വിഷയങ്ങള്‍ മുഖ്യധാരയില്‍ചര്‍ച്ചചെയ്യപെടാന്‍ഗാന്ധി കാരണമായിട്ടുണ്ട് എന്ന്പറഞ്ഞാല്‍ അതാര്‍ക്കും നിഷേധിക്കാന്‍കഴിയില്ല!


ഗാന്ധിയനായിജീവിക്കുമ്പോഴും,ഗാന്ധിയുമായി-വിശ്വാസപരമായകാര്യങ്ങളില്‍ 
ഗോറയ്ക്ക്  പ്രകടമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു; ഗാന്ധിയും ഒരുയുക്തിവാദിയും (An Atheist with Gandhi) എന്ന തന്റെ വിഖ്യാതമായ പുസ്തകത്തില്‍ ഗാന്ധിയുമായി അദ്ദേഹം നടത്തിയ ചര്‍ച്ചകള്‍ തുറന്നെഴുതിയിട്ടുണ്ട്.1930ലാണ് ഗാന്ധിയെ കാണുവാന്‍ആദ്യമായി ഗോറ ശ്രമിച്ചത് .അന്ന് ഗോറയ്ക്ക് വെറും ഇരുപത്തിയെട്ട് വയസ്സ് പ്രായം.’ദൈവം എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്തെന്നും ജീവിതത്തില്‍അതിന്റെ സ്ഥാനമെന്തെന്നുമായിരുന്നു ഗോറയുടെ ചോദ്യം; ദൈവം മനുഷ്യന്റെ നിര്‍വ്വചനങ്ങള്‍ക്ക് അതീതമാണ് എന്ന ഒറ്റവാക്യമാണ് ഗാന്ധി എഴുതിയത്.ആ ഉത്തരം ഗോറയെ തൃപ്തനാക്കിയില്ല.ഉപ്പ്സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധി തിരക്കിലായിപ്പോയതിനാല്‍  സംഭാഷണങ്ങള്‍തുടരാനും കഴിഞ്ഞില്ല. ശേഷം 1941വരെയും ഗോറ,ഗാന്ധിക്ക് എഴുതിയില്ല.തന്‍റെ യുക്തിവാദലേഖനങ്ങളുടെയും ദൈവനിഷേധങ്ങളുടെയും പേരില്‍1933ല്‍പ്രശസ്തമായ പിത്തപുര രാജാകോളേജില്‍നിന്നും, 1939ല്‍ഹിന്ദുകോളേജില്‍നിന്നും അധ്യാപകജോലിയില്‍നിന്നും ഗോറയെ പുറത്താക്കിയതിനു ശേഷം  മുഴുവന്‍സമയ സാമൂഹികപ്രവര്‍ത്തകാനായി അദ്ദേഹം മാറുകയായിരുന്നു. സാമൂഹികപരിഷ്കാരങ്ങള്‍ലക്ഷ്യമിട്ട് 1940ഇല്‍ആന്ധ്രയിലെ മുണ്ടൂര്‍ഗ്രാമത്തില്‍യുക്തിവാദകേന്ദ്രം സ്ഥാപിച്ചത് ആ അവസരത്തിലായിരുന്നു.(പില്‍ക്കാലത്ത്,ഈ സ്ഥാപനം ആന്ധ്രയിലെ വിജയവാഡയിലേക്ക് മാറ്റുകയുണ്ടായി.)




1941ല്‍ഗോറ ഗാന്ധിക്ക് വീണ്ടുമെഴുതി;യുക്തിബോധത്തിന്റെ വെളിച്ചത്തിലുള്ള തന്‍റെസംഘത്തിന്റെ  പരിഷ്കാരപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അദ്ദേഹം ഗാന്ധിയോട് വിസ്തരിച്ചു;നിശിതമായ യുക്തിയുടെ നിലപാടുകളിലൂടെയായിരുന്നു ഗാന്ധിയിലേക്കുള്ള ഗോറയുടെ സമീപനം.പക്ഷെ ഗാന്ധി നിരീശ്വരവാദത്തെ നിരുത്സാഹപ്പെടുത്തുകയും ഗോറയുടെ സാമൂഹികപ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍അദ്ദേഹത്തിന്റെ വ്യക്തിപരമായ നന്മകൊണ്ടാണെന്നും യുക്തിവാദത്തെ ഒരിക്കലും വിജയിക്കാത്ത ഒരാശയം എന്നനിലയില്‍തള്ളിക്കളയുകയും ചെയ്തു ;എന്ന്മാത്രമല്ല തന്നെ കാണാനുള്ള അവസരം തിരക്കുകളുടെപേരില്‍ഗാന്ധി നിഷേധിക്കുകയും ചെയ്തു.അഭിമുഖത്തിനുള്ള അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടത്  ആ യുവാവിനെ തെല്ലല്ല വേദനിപ്പിച്ചത് ;എങ്കിലും ഗോറ തന്‍റെനിരീശ്വരവാദത്തില്‍നിന്നും പിന്തിരിഞ്ഞില്ല.യുക്തിബോധംനല്‍കിയ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും അളവറ്റതായിരുന്നു.ഗോറയും സുഹൃത്തുക്കളും അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.


1942ലെ ക്വിറ്റ് ഇന്ത്യാസമരത്തില്‍ ഗോറയും ഭാര്യ,സരസ്വതിയും സംഘത്തിലെ അനേകംപേരും പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയുംചെയ്തു; അക്കാലത്ത്  ഗാന്ധിയോടൊപ്പം സേവാഗ്രാമില്‍ഉണ്ടായിരുന്ന പ്രമുഖയുക്തിവാദി ഡി.രാമസ്വാമി  ഗോറയുടെ സുഹൃത്തായിത്തീരുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ആകൃഷ്ടനാവുകയും ചെയ്തു.1944ല്‍ക്വിറ്റ് ഇന്ത്യാസമരത്തിന്റെ അറസ്റ്റില്‍നിന്നും ഗാന്ധിജി ജയില്‍മോചിതനായസമയം രാമസ്വാമി ഗാന്ധിജിയെ  സന്ദര്‍ശിക്കുകയും ഗോറയോടൊപ്പമുള്ള തന്‍റെ രണ്ടുവര്‍ഷത്തെ അനുഭവങ്ങളും യുക്തിമാര്‍ഗ്ഗത്തിലുള്ള അയിത്തോച്ചാടനപ്രവര്‍ത്തനങ്ങളുമെല്ലാം വിവരിക്കുകയും ചെയ്തു;അതില്‍നിന്നും ഗാന്ധി ഗോറയെ കാണുവാന്‍ആഗ്രഹിച്ചു;ഗോറയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും നിരീക്ഷിച്ചറിഞ്ഞ ഗാന്ധി,ഗോറയെ തന്‍റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്തു.കടുത്തവിശ്വാസിയും അടിയുറച്ച നിരീശ്വരവാദിയും തമ്മിലുള്ള ആദ്യകൂടിക്കാഴ്ചയായിരുന്നു അത്;ഗോറയുടെ ലാളിത്യവും
അച്ചടക്കവും വിശാലമായ മനുഷ്യസ്നേഹവും ഗാന്ധിയെ ആകര്‍ഷിച്ചു;ഗാന്ധിയോടൊപ്പം സബര്‍മതിആശ്രമത്തില്‍ അനേകമാസക്കാലം ഗോറയും കുടുംബവും താമസിച്ചു.ആശ്രമത്തിലെ ദൈനംദിന പ്രാര്‍ത്ഥനപ്പരിപാടികളില്‍ഒഴികെ അവര്‍ സജീവമായി ഇടപെട്ടിരുന്നു.ഗോറയുടെ ഇളയമകള്‍ക്ക്  സബര്‍മതിയില്‍വച്ച് ഗാന്ധിയുടെ നേതൃത്വത്തില്‍  മിശ്രവിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു;പക്ഷെ ആ വിവാഹം നടത്താന്‍ഗാന്ധിയ്ക്ക് കഴിഞ്ഞില്ല.1948 ജനുവരി 30ന് ഗാന്ധി വെടിയേറ്റ്മരിച്ചു;ഗോറയുടെ മക്കളുടെ വിവാഹം ഗാന്ധി ആഗ്രഹിച്ചത്പോലെ സേവാഗ്രാമില്‍വച്ച് നെഹ്രുവിന്റെ നേതൃത്വത്തില്‍പിന്നീട് നടത്തുകയുണ്ടായി;ഗാന്ധിയുടെ വിയോഗശേഷം സബര്‍മതിവിട്ട് ഗോറയും കുടുംബവും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഗ്രാമങ്ങളിലേക്ക്മടങ്ങി! ഗാന്ധിവധത്തിനുശേഷം കോണ്ഗ്രെസ്സിലെ മുഖ്യനേതൃത്വങ്ങളോട് പ്രത്യേകിച്ചും വിനോഭാവയോടുംമറ്റും അദ്ദേഹം അകലംപാലിച്ചിരുന്നു;



കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായ ഒരുജനാധിപത്യവ്യവസ്ഥയോടായിരുന്നു ഗോറയുടെ താല്പര്യം.രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ആഹാരം,തൊഴില്‍,സമാധാനം ഇവ ഉറപ്പാക്കുക എന്നതാണ് ആ-വ്യവസ്ഥകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കിയത്.ആഹാരം വോട്ടിനേക്കാള്‍ പ്രധാനമാണ് എന്നായിരുന്നു അദ്ദേഹം അടിവരയിട്ടുപറഞ്ഞത്.മനുഷ്യന്റെ സ്വാതന്ത്ര്യങ്ങളില്‍
വിശ്വാസങ്ങളുടെ മാറാലകള്‍മൂടുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു.രാജ്യത്താദ്യമായി ബീഫ് നിരോധനം നടത്തിയപ്പോള്‍,പ്രതിഷേധസൂചകമായി  ബീഫ്-പോര്‍ക്ക്‌ ഫെസ്ടിവല്‍ നടത്തിയതും അദ്ദേഹമായിരുന്നു എന്നത് ആവേശത്തോടെമാത്രമേ ഇന്ന് ഓര്ക്കാനാവൂ!അന്നത്തെ സാഹചര്യത്തില്‍ അതിനു പുറപ്പെടുക എന്നത് തീരെയും ചെറിയകാര്യമായിരുന്നില്ല!വ്യക്തിയുടെ ആത്മവിശ്വാസത്തിലും പുരോഗതിയിലും യുക്തിചിന്തയ്ക്ക് വലിയപ്രധാന്യമുണ്ടെന്ന് അദ്ദേഹം തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന പോസിറ്റീവ് യുക്തിവാദത്തെക്കുറിച്ച് അദ്ദേഹം ഏറെഎഴുതുകയും പറയുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തു.
ജീവിതത്തില്‍ലാളിത്യവും അച്ചടക്കവും അദ്ദേഹം കാത്തുസൂക്ഷിച്ചു .പരമാധികാരംകിട്ടിയകാലത്ത് രാജ്യത്ത് ആര്ഭാടത്തോട്‌ഭ്രമംകാണിച്ച മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.അധ:സ്ഥിതജനതയുടെ ജീവിതാഭിവൃദ്ധികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവരെ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു.തമിഴ്നാട്ടിലെ ഭൂരഹിതരായ ദളിത്‌ജനതയ്ക്ക് അവിടുത്തെക്ഷേത്രങ്ങള്‍ കയ്യടക്കിവച്ചിരുന്ന ഭൂമിവിട്ടുകൊടുക്കാന്‍ അദ്ദേഹം നടത്തിയ സമരം ചരിത്രപ്രസിദ്ധമാണ്.അറസ്റ്റ്ചെയ്തിട്ടും പിന്മാറാതെ ആവിഷയത്തില്‍ ഉറച്ചുനിന്ന ഗോറയ്ക്ക് മുന്നില്‍ ഒടുവില്‍ ക്ഷേത്രവും സര്‍ക്കാരും മുട്ടുമടക്കിയതും ചരിത്രം!തന്‍റഭൂമിദാനപ്രവര്‍ത്തനങ്ങളും കിടക്കാടസമരങ്ങളും  സ്വാന്ത്ര്യാനന്തരഭാരതത്തിലും അദ്ദേഹം ഉശിരോടെനയിച്ചു!



1975ഇല്‍ മരണപ്പെടുംവരെ കര്‍മ്മനിരതമായ ആജീവിതം നമുക്ക് അത്രമേല്‍പ്രചോദനമാണ്; അദ്ദേഹം കൊളുത്തിവച്ച മാനവികബോധം അനേകംപേര്‍നെഞ്ചിലേറ്റുന്നു..ശൈശവവിവാഹങ്ങള്‍ക്കെതിരെയും അവശരുടേയും അനാഥരുടേയും  നിസ്സഹായരായ അനേകംപേരുടെയും സഹായഹസ്തമായും അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനതിന്റെ പ്രേരകശക്തിയായും മതപരവും വിശ്വാസപരവുമായ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും എതിരെ നിതാന്ത ജാഗ്രതപുലര്‍ത്തിക്കൊണ്ടും അദ്ദേഹം തുടങ്ങിയ യുക്തിവാദകേന്ദ്രം സാമൂഹികവിഷയങ്ങളില്‍ക്രിയാത്മകമായ ഇടപെടലുകള്‍നടത്തിക്കൊണ്ട് ഇന്നും സജീവമാണ്.ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന International Humanist and Ethical Union (IHEU)ന്‍റെ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള ഈ സ്ഥാപനം ലോകത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടേയും യുക്തിവാദികളുടെയും ശ്രദ്ധാകേന്ദ്രമാണ്.ഗോറയുടെ മകള്‍ മൈത്രിയാണ് ഈസ്ഥാപനത്തിന്റെ ഇപ്പോഴുള്ള
രക്ഷാധികാരി.

സാമൂഹികപരിഷ്കര്‍ത്താവ്‌,സ്വാതന്ത്ര്യസമരപോരാളി,മാനവികതാവാദി,മനുഷ്യസ്നേഹി,ഗാന്ധിയന്‍,ഗ്രന്ഥകാരന്‍തുടങ്ങി ബഹുമുഖവിശേഷങ്ങളോടുകൂടി തലമുറകള്‍ ഗോറയെ വായിക്കും. ഇന്ത്യന്‍ തപാല്‍വകുപ്പ് ഗോറയോടുള്ള  ആദരസൂചകമായി 2002ല്‍ സ്റ്റാമ്പ്‌പുറത്തിറക്കി..ഭാരതീയയുക്തിചിന്തയുടെ എക്കാലത്തെയും മികച്ച ആചാര്യനും പ്രയോക്താവുമായ ഗോറയുടെ ഓര്‍മ്മകള്‍ക്ക്മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു!

By Rejeesh Palavila 



അമേരിക്കയിലെ ജിഹാദി അക്കാഡമികള്‍


അമേരിക്കയിലെ ജിഹാദി അക്കാഡമികള്‍ :
രജീഷ് പാലവിള

ലോകത്തെ സാമ്പത്തികവും സാമൂഹികവും
നൈതികവുമായ പ്രവര്‍ത്തനത്തിനും നിയന്ത്രണത്തിനും ഇസ്‌ലാം മാത്രമാണ് ഒരേയൊരു വ്യവസ്ഥയെന്നും ശരീഅത്ത്  മാത്രമാണ് പരിഹാരമെന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഇസ്‌ലാമികമതമൌലികവാദികള്‍ .അതിനുവേണ്ടി ജിഹാദ് അനിവാര്യമാണ് എന്നകാര്യത്തില്‍ അവര്‍ക്ക് സംശയലേശമില്ല.ഇസ്ലാമിലെ മിതവാദിക്കും തീവ്രവാദിക്കും ഒക്കെപ്രചോദനം അടിസ്ഥാനപരമായി അതിന്റെ പ്രമാണങ്ങള്‍ തന്നെയാണ് .ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍  കുറ്റബോധമില്ലാതെ കൊല്ലാനും മരിക്കാനും ആളുകളെ ഈ പ്രമാണങ്ങള്‍ ഉദ്ദരിച്ച്‌തന്നെ  പരുവപ്പെടുത്തിയെടുക്കാം  എന്നത് ഒരപ്രിയസത്യമാണ് .മുസ്ലീംമതതീവ്രസംഘടനകളുടെ പിറവിക്ക്പിന്നില്‍  രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളും കാരണങ്ങളുംകൂടിയുണ്ടെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളെക്കൂടാതെ ഇസ്‌ലാമികതീവ്രവാദത്തിന് വളരാന്‍കഴിയില്ല  എന്നത് പഠനവിഷയമാണ് .ഇസ്ലാമികതീവ്രവാദം ചോദ്യംചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ ആധികാരികഗ്രന്ഥങ്ങളും വിമര്‍ശിക്കപ്പെടുന്നത് അതുകൊണ്ടാണ് .തീവ്രമതവികാരം കൊണ്ടുനടക്കുന്നവരെ ആകര്‍ഷിക്കാനും തങ്ങളിലേക്ക് ചേര്‍ക്കാനും തീവ്രവാദഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതും ഈ പ്രമാണങ്ങളാണ്!മറ്റേതൊരു മതത്തെക്കാളും ഇസ്‌ലാം അതിന്റെ പ്രമാണങ്ങളാല്‍ പ്രതിക്കൂട്ടിലാകുന്നതും അതുകൊണ്ടാണ് .ഇന്ന് നാം കേള്‍ക്കുന്ന തരത്തില്‍ തീവ്രവാദം അതിന്റെ മുഴുവന്‍ ഭീകരതയോടും ലോകത്തിലെങ്ങും വളരുകയാണ് .

 റാഡിക്കല്‍ ഇസ്ലാമികഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍പോലും അത്രമേല്‍പ്രബലമാണ് .കുപ്രസിദ്ധരായ തീവ്രവാദികളോടും സംഘടനകളോടും തങ്ങളുടെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി  ഇണങ്ങിയും പിണങ്ങിയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക.ലോകപോലീസ് വേഷംകെട്ടി തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച അമേരിക്ക റാഡിക്കല്‍ ഇസ്‌ലാമിന്റെ വിളഭൂമിയായി കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു വിരോധാഭാസം.വിഖ്യാതഎഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അയാന്‍ ഹിര്‍സിഅലി കുറച്ചുനാള്‍മുന്‍പ് പ്രശസ്തമായ  'വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ' ഒരു ലേഖനം എഴുതി. അമേരിക്കയില്‍ അപകടകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികതീവ്രവാദഗ്രൂപ്പുകളെകുറിച്ചായിരുന്നു അത്.അമേരിക്കയില്‍ ഇസ്‌ലാമികതീവ്രവാദം ഏറ്റവും ശക്തമായും ക്രിയാത്മകമായും പ്രചരിക്കുന്നതും വളരുന്നതും അവിടുത്തെ ജയിലുകളിലാണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം.അമേരിക്കന്‍ ജയിലുകളെ 'ജിഹാദിന്റെ അക്കാഡമികള്‍ ' എന്നാണ് അയാന്‍ വിവരിക്കുന്നത് .ഡന്മാര്‍ക്കില്‍നിന്നും അമേരിക്കയില്‍ കുടിയേറിയകാലത്ത്  പിറ്റ്സ്ബര്‍ഗ് കോളേജില്‍ ഒരു പ്രഭാഷണത്തിനായ്‌ ക്ഷണിക്കപ്പെട്ട തന്നെ അവിടുത്തെ ഇസ്‌ലാമിക സെന്ട്രറിലെ ഒരു ഇമാം(ഈജിപ്റ്റില്‍ ജനിച്ച ഇദ്ദേഹം1976മുതല്‍ അമേരിക്കയില്‍ ജീവിക്കുന്ന ആളാണ് ) ഭീഷണിപ്പെടുത്തിയ സംഭവം അയാന്‍ വിവരിക്കുന്നു.ഇസ്‌ലാമികപ്രമാണങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള  ശിക്ഷ മരണമാണ്  എന്നയാള്‍ ആ പരിപാടിയില്‍ പരസ്യമായിപ്പറഞ്ഞു . ഒരു പ്രാദേശികപത്രത്തില്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍ അദ്ദേഹം അവിടെ നിന്നും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി .തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ  ആ മനുഷ്യനെ കുറിച്ച് താന്‍ പിന്നീട് കേള്‍ക്കുന്നത് അമേരിക്കന്‍ ജയിലുകളില്‍  സര്‍ക്കാര്‍ചിലവില്‍ ഇസ്‌ലാമികവിദ്യാഭ്യാസം നല്‍കാന്‍ അയാള്‍ നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് എന്ന് അയാന്‍ കുറിക്കുന്നു .കുറ്റവാളികളുടെ എണ്ണംകൊണ്ട് ലോകത്തെ തന്നെ വലിയ ജയിലുകലാണ് അമേരിക്കയില്‍ ഉള്ളത് .അവിടെ കുറ്റവാളികളുടെ മതസ്വാതന്ത്ര്യത്തിന്റെയും 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായാണ് ഇത്തരം മതപഠനങ്ങള്‍ഏര്‍പ്പെടുത്തിയിരിക്കുന്നത്!! രണ്ടുദശാബ്ദങ്ങളോളം ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഇസ്ലാമിക് ജയില്‍ പരിപാടികള്‍ നയിച്ച മറ്റൊരു ഇമാമിനെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു .2003ലെ  9/11അക്രമത്തിനു വിമാനറാഞ്ചികളെ 'സ്തുതിച്ചുകൊണ്ട്'' അയാള്‍ ഒരു ന്യൂസ്പേപ്പറില്‍ നല്‍കിയ അഭിമുഖവും പരാമര്‍ശിക്കുന്നു .അത്തരം അനേകം പട്ടികകള്‍ നിരത്തിവയ്ക്കുന്നു. ഏകാന്തതടവറകളില്‍ ഇത്തരം ഇമാംമാരാണ്  മതംപഠിപ്പിക്കാന്‍ വരുന്നത് എന്നത് കെടുകാര്യസ്ഥതയായി അവര്‍ ഉറക്കെപ്പറയുന്നുണ്ട്.


2003ഇല്‍ ലോസ് എയ്ഞ്ചലസ് പോലീസ് പുറത്ത്വിട്ട കണക്കില്‍ അമേരിക്കന്‍ ജയിലുകളിലെ ഇരുപത് ശതമാനത്തോളം വരുന്ന ജനസംഖ്യയില്‍ മൂന്നുലക്ഷത്തിഅന്‍പതിനായിരത്തോളംപേര്‍ മുസ്ലീങ്ങളാണ്.അതില്‍ നല്ലൊരുശതമാനത്തോളംപേര്‍ ജയിലുകളില്‍വച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് .പ്രതിവര്‍ഷം മുപ്പത്തിയയ്യായിരം തടവുപുള്ളികള്‍ ഇത്തരത്തില്‍ മതം മാറുന്നു എന്നാണ് കണക്ക് .ഇതിലെ ദുരന്തം എന്താണെന്നാല്‍ കടുത്തമതമൌലികവാദികളാല്‍ ഇവരിലേറെപ്പേരും തീവ്രവാദത്തിന്റെ പ്രഥമപാഠങ്ങള്‍ പഠിക്കുകയും ജയില്‍ മോചിതരായി തുടര്‍പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സുകരാവുകയും ചെയ്യുന്നു . ഇത്തരത്തില്‍ അമേരിക്കന്‍ ജയിലുകളില്‍ നിന്നും ജിഹാദപ്രവര്ത്തനങ്ങളിലേക്ക്  പോകുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളുണ്ട് .അമേരിക്കയില്‍ നടന്ന തീവ്രവാദ സ്ഫോടനങ്ങളിലും അക്രമങ്ങളിലും അവിടുത്തെ  ജയിലുകളില്‍ മുട്ടയിട്ടു വിരിഞ്ഞ ഇത്തരം ജിഹാദികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട് ! അമേരിക്കയിലെ ഇസ്‌ലാമിക സംഘടനകളില്‍ പലതിന്റെയും നേതൃത്വം റാഡിക്കല്‍ഇസ്‌ലാമിസ്റ്റ് കളിലേക്ക് ചെന്നെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട് .അമേരിക്കന്‍ ജയിലുകളിലെ സര്‍ക്കാര്‍ സ്പോന്‍സര്‍ മതപഠനം സലഫികളെപ്പോലെയുള്ള കടുത്ത മതചിന്തകരാല്‍ നയിക്കപ്പെടുന്നത് ഇതിനകം ചര്‍ച്ചചെയ്യപ്പെടുകയും വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്.അമേരിക്കയില്‍ നിന്നും ഐ എസ് അടക്കമുള്ള അനേകം തീവ്രസംഘടനകളിലേക്ക് പോയവരില്‍  ഇങ്ങനെ 'ജയിലില്‍ ജനിച്ച ജിഹാദികള്‍' ധാരാളമുണ്ട്. അതീവഗൌരവമുള്ള സുരക്ഷാപാളിച്ചയാണ് ഇത് .റാഡിക്കല്‍ ഇസ്‌ലാംപഠനം അവസാനിപ്പിക്കാനും  നിയന്ത്രിക്കാനുമുള്ള അനേകം നടപടികളും നിയന്ത്രണങ്ങളും ഇതിനോടകം ജയിലുകളില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു.


ജിഹാദ് ഒരു വികാരമായി യുവാക്കളിലേക്ക് മാത്രമല്ല സ്ത്രീകളിലേക്കും കുട്ടികളിലേക്കും  എങ്ങനെ പടര്‍ന്നുപിടിക്കുന്നു എന്നത് പഠിക്കേണ്ടതും തിരുത്തേണ്ടതുമായ വസ്തുതയാണ്.
ലോകം അത്രമേല്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു!ലോകത്തെ മുഴുവന്‍ മാനവികതയ്ക്കും എതിരെ അതിന്റെ സാമ്രാജ്യം വളരുകയാണ് .അതിനെ രാഷ്ട്രീയമായി ഉപയോഗിച്ച അമേരിക്ക ഉള്‍പ്പടെയുള്ള സാമ്രാജ്യത്വശക്തികള്‍കൂടി അതിനു സമാധാനം പറയണം !