To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

Is it possible to implement Anti Superstitious law in Kerala ?

അന്ധവിശ്വാസനിരോധനനിയമം നടപ്പാക്കാൻ സർക്കാരിന് ആർജ്ജവമുണ്ടോ?
രജീഷ് പാലവിള തായ് ലാൻഡ്

വളരെ പൈശാചികമായ ഒരു കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാം. തൊടുപുഴ വണ്ണപ്പുറത്ത് ഒരു മന്ത്രവാദിയേയും  അയാളുടെ കുടുംബത്തേയും സന്തതസഹചാരിയായിരുന്ന ശിഷ്യനും കൂട്ടുകാരുംചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി.ഗുരു അവകാശപ്പെട്ടിരുന്ന  മുന്നൂറോളം  മൂർത്തികളുടെ ശക്തി തനിക്ക് സ്വന്തമാക്കണം എന്ന ചിന്തയാണ് ശിഷ്യനെ ഹീനമായ ഈ  കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചത്എന്നാണ് സംഭവത്തിൽ പോലീസിന് ലഭിച്ച വിശദീകരണം. ഇത്നടന്നത് ഉത്തരേന്ത്യയിലെ ഏതോ അപരിഷ്കൃത സമൂഹത്തിലല്ല ,സാക്ഷരതയിലും സാംസ്കാരികതയിലും മുന്നിൽനിൽക്കുന്നു എന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ! എന്നാലിതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞവർഷമാണ് കേരളത്തിന്റെ തലസ്ഥാനനഗരിയിൽ നന്തൻകോഡ് ഒരു വീട്ടിൽ കേദൽ ജിൻസൻരാജ് എന്ന യുവാവ് തന്റെ അച്ഛനമ്മമാരെയും സഹോദരിയേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തി വീടിനു തീവച്ചത്!ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് അയാൾ പോലീസിൽ കുറ്റബോധമില്ലാതെ മൊഴിനൽകിയത്! ഓരോരോ രീതികളിൽ-രൂപങ്ങളിൽ തട്ടിപ്പുകളും പീഡനങ്ങളും കൊലപാതകങ്ങളും കേരളത്തിലും നിത്യസംഭവങ്ങളാവുകയാണ്.



പതിവുപോലെ ഓരോ സമയത്തും  നമ്മൾ ചാനൽ ചർച്ചകൾ നടത്തും  ,തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ചാത്തൻസേവകളെക്കുറിച്ചും ബ്ലാക്ക് മാജിക്കുകളെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കും .രാഷ്ട്രീയക്കാരും ഭരണകൂടവും ഉന്നതപോലീസ് ഉദ്യോഗസ്ഥരും സാംസ്കാരികനായകരുമെല്ലാം  കേരളത്തെക്കുറിച്ചോർത്ത് കുണ്ഠിതപ്പെടും .പക്ഷെ ഒന്നും സംഭവിക്കില്ല!നന്ദൻകോഡ് നിന്നും ഇന്ന് നാം വണ്ണപ്പുറത്തേക്ക് എത്തുമ്പോൾ ബോധ്യപ്പെടുന്നത് വളരെ ആഴത്തിൽ വേരോടിക്കഴിഞ്ഞ  ഒന്നാണ് കേരളത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെന്നാണ്.മന്ത്രചരടും കൂടോത്രവും  ചെയ്തുകൊടുക്കുന്ന ലോക്കൽ ദിവ്യൻമുതൽ നരബലികൾവരെ നടത്തുന്ന മഹാമാന്ത്രികന്മാർവരെ  നമ്മുടെ ഇടയിൽ തടിച്ചുകൊഴുക്കുകയാണ്.നിരക്ഷരരും സാധുക്കളും മാത്രമല്ല ഉന്നത വിദ്യാഭ്യാസവും ഉയർന്നപദവികളും സമ്പത്തുമുള്ള ആളുകൾവരെ ഇവരുടെ വലയിലാണ് .കക്ഷിരാഷ്ട്രീയ-ജാതി-മതഭേദമന്യേ  രഹസ്യമായും പരസ്യമായും മന്ത്രവാദികളെയും ദിവ്യന്മാരെയുംതേടി ആളുകൾ പരക്കം പായുകയാണ്!

അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക്പോലും  അല്പസ്വല്പം വാചക കസറത്തൊക്കെ നടത്താനുള്ള കഴിവുണ്ടെങ്കിൽ നാട്ടിൽ ഒരു പെട്ടിക്കടജ്യോതിഷാലയമിട്ടാൽ ക്രമേണ വച്ചടി-വച്ചടി കയറ്റമുണ്ടാകുമെന്നത് തമാശയല്ല.'ഞങ്ങളെ പറ്റിച്ചോളൂഎന്ന് ആളുകൾ അവരോടു പറയാതെ പറയുകയാണ്.യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യംപോലും  ഒരു ജ്യോതിഷിയോ മന്ത്രവാദിയോ പറഞ്ഞാൽ പിന്നെ അതിന്റെ പ്രതിവിധിക്കും പ്രാപ്തിക്കുംവേണ്ടി എന്തും ചെയ്യുവാൻ നമ്മൾ തയ്യാറായി നിൽക്കുകയാണ്.വിവാഹപൊരുത്തം,ചൊവ്വാദോഷം,ഗ്രഹദോഷങ്ങൾ ശത്രുസംഹാരം,ഗാർഹികദോഷം,വിദ്യാഭ്യാസം,തൊഴിൽ എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചതുരക്കളവും നക്ഷത്രകണക്കുകളുമായി മുക്കിനുമുക്കിന് സ്ഥലത്തെ ദിവ്യന്മാർ ഇരുപത്തിനാലുമണിക്കൂറും റെഡിയാണ്. ഒരുകാലത്ത് ആളുകളുടെ പ്രായം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതും കലണ്ടറുകളും ക്ലോക്കുകളും കണ്ടുപിടിച്ചതോടുകൂടി അപ്രസക്തമായതുമായ 'ഗ്രഹനിലകൾവച്ച് അതുമിതുംപറഞ്ഞ് അനേകം മനുഷ്യരുടെ ജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ പന്താടുകയാണ്.വില്ലൊടിച്ചും അമ്പെയ്തും യുദ്ധംചെയ്തുമൊക്കെ വിജയിക്കുന്നവരെയും സ്വയംവരം ചെയ്തുമൊക്കെയാണ് ഹിന്ദുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വിവാഹകഥകൾ പറഞ്ഞിരിക്കുന്നത് എന്നത് ഇവിടെ ഓർത്തുപോകുന്നു . എപ്പോഴാണ് ഗ്രഹനിലകൾ കല്യാണംമുടക്കികളായി അവതരിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.

വിവിധതരം നിധികൾ,വെള്ളിമൂങ്ങഇരുതലമൂളി,നാഗമാണിക്യം,മാന്ത്രിക രത്നങ്ങൾ  എന്നുവേണ്ട കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇതിന്റെയൊക്കെ പേരിൽ രാജ്യത്തിനകത്തും പുറത്തുമൊക്കെ നടക്കുന്നത്.ക്ഷുദ്രപ്രയോഗങ്ങളുടെയും ആഭിചാരകർമ്മങ്ങളുടേയും മണിയടികളും മന്ത്രവാദവും എവിടെയും മുഴങ്ങുന്നത് ചെവിയോർത്താൽ ആർക്കും കേൾക്കാം.പ്രാകൃതമായ ചികിത്സാരീതികൾ,പ്രേതബാധ ഒഴിപ്പിക്കൽ ജനിക്കാൻപോകുന്ന കുഞ്ഞുങ്ങൾ ദോഷമാകുമെന്ന പ്രവചനങ്ങളിൽ ങ്ങൾക്കുമേൽ ഗർഭംകലക്കൽ,ശത്രുനിഗ്രഹം,കുഞ്ഞുങ്ങളെയും സ്ത്രീകളേയും ശാരീരികമായും മാനസികമായും പീഡിപ്പിക്കൽ ,മാനസികവൈകല്യമുള്ളവരെ വിശ്വാസചികിത്സകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കൽ,ശൂലംകുത്തലുകൾ,ചേലാകർമ്മങ്ങൾ എന്നുവേണ്ട വിശ്വാസങ്ങളുടെ മറവിൽ രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന അനേകം അസംബന്ധങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രയുക്തികളും സാമാന്യബോധവും പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്തതരത്തിൽ നമ്മെ ചൂഴ്ന്നുനിൽക്കുന്ന പരാശ്രയബോധവും പാപചിന്തകളും അങ്ങേയറ്റം അപലപനീയവും അപകടകരവുമാണ്!ചെറുതും വലുതുമായ മനോരോഗങ്ങളിലേക്കാണ് വിശ്വാസപരമായ ഈ വിധേയത്തങ്ങൾ സമൂഹത്തെ കൊണ്ടുപോകുന്നത്.അങ്ങനെയെല്ലാ അർത്ഥത്തിലും നമ്മൾ പുറകോട്ടു നടക്കുകയാണ്.വിശ്വാസങ്ങളുടെ പേരിൽ ആർക്കും ഏതുവിധവും കബളിപ്പിക്കാൻ കഴിയുന്നതരത്തിൽ നാം കീഴ്പ്പെടുകയാണ്.

ഇത്രയൊക്കെ കോളിളക്കങ്ങളും കോലാഹലങ്ങളും നടന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രതയും കരുതലുകളും കാണിക്കാത്തത്?എത്രയോ ദശാബ്ദങ്ങളായി കേരളത്തിലെ പുരോഗമനവാദികളും യുക്തിവാദികളും പരിഷത്തുമൊക്കെ  ആവശ്യപ്പെട്ടിട്ടും അനേകം കരടുരേഖകളും സെക്രട്ടറിയേറ്റ് മാർച്ചുകളും ജാഗ്രതാജാഥകൾ നടത്തിയിട്ടും അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ നമ്മുടെ സർക്കാരുകൾക്ക് നട്ടെല്ലില്ലാത്തത്മതപരമായ വികാരങ്ങൾ വൃണപ്പെടുകയും വോട്ടുബാങ്കുകൾ ഇല്ലാതെയാവുകയുംചെയ്യും എന്ന ഭയമാണ് ഓരോ കാലത്തും ഓരോ സർക്കാരുകളെയും ഈ വിഷയത്തിൽ ഒരുതീരുമാനമെടുക്കുന്നതിൽ പിന്നോട്ട് നയിച്ചത്.മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് എല്ലാരും എക്കാലവും പയറ്റുന്നത്.അതിന്റെ ദാരുണമായ തിക്തഫലങ്ങൾ രാജ്യത്തുടനീളം നാം പ്രതിനിമിഷം കണ്ടുകൊണ്ടിരിക്കുകയാണ്.വിശ്വാസങ്ങൾ ഭീകരമായ ആൾക്കൂട്ടങ്ങളായി നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ആക്രമിച്ച് അട്ടഹസിക്കുകയാണ്!



കേരളത്തിൽ വി .എസ്.അച്യുതാനന്ദനും ഉമ്മൻചാണ്ടിയുമൊക്കെ മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ഈ ആവിശ്യങ്ങളെല്ലാം ആവർത്തിക്കപ്പെട്ടു.അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രഖ്യാപിച്ച  ഒരുഇടതുപക്ഷ സർക്കാർ പിണറായി വിജയൻറെ നേതൃത്വത്തിൽ 'ദൃഢപ്രതിജ്ഞ ചെയ്ത്അധികാരമേറ്റെടുത്തിട്ട്  രണ്ടുവർഷമായി. നന്ദൻകോഡ് കൊലപാതങ്ങളും ഇപ്പോഴിതാ വണ്ണപ്പുറംകൊലപാതകങ്ങളും ഈ സർക്കാർ ഭരിക്കുന്ന കേരളത്തിലാണ് നടന്നത്.അതിനിടയിൽ ചെറുതുംവലുതുമായ എത്രയോ തട്ടിപ്പുകളും പീഡനങ്ങളും. പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജചെയ്യാൻ 'ഇടത്നേതാക്കൾപോലും നേതൃത്വം നൽകുന്ന നാട്ടിൽ ഈ സർക്കാരിൽ നിന്നും ഈ വിഷയത്തിൽ നമുക്ക് എന്തുമാത്രം പ്രതീക്ഷിക്കാമെന്നത് ഒരു ചോദ്യമാണ്!

ഒരു ജീവിതകാലംമുഴുവൻ നരേന്ദ്രദാഭോൽക്കർ എന്നൊരു മനുഷ്യൻ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ സ്തുത്യർഹമായ പോരാട്ടങ്ങൾ മഹാരാഷ്ട്രയിൽ വിജയംകണ്ടു.                        2013ൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് അന്ധവിശ്വാസനിർമ്മാർജ്ജനനിയമം അങ്ങനെ നടപ്പാക്കപ്പെട്ടു.പക്ഷെ അതിന് ദാഭോൽക്കർക്ക് തന്റെ ജീവൻ കൊടുക്കേണ്ടിവന്നു.അതിന്റെ മാതൃകയിൽ പിന്നീട് കർണ്ണാടകയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ അനേകംപേര് പരിശ്രമിച്ചു.മനുഷ്യബലിദുര്‍മന്ത്രവാദംഅഘോരി ആചാരംഅസുഖങ്ങള്‍ ഭേദപ്പെടുത്തുന്നതിനുള്ള പൂജനാരീപൂജസ്വയം പീഡനമേല്‍ക്കല്‍ തുടങ്ങി അനേകം  ദുരാചാരങ്ങള്‍ നിരോധിക്കുന്നതും നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽകുറ്റങ്ങളുടെ ശിക്ഷാനടപടികൾ നിർദ്ദേശിക്കുന്നതുമായിരുന്നു പ്രസ്തുത ബില്‍.എന്നാൽ സംഘപരിവാരങ്ങളുടേയും   ബിജെപി-കോൺഗ്രസ്സ് പ്രവർത്തകരുടേയും പ്രതിഷേധത്തെയും എതിർപ്പുകളേയും തുടർന്ന് അനേകം ഭേദഗതികൾ കൊണ്ടുവരാൻ അന്ന് അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ നിർബന്ധിതരായി.ജ്യോതിഷംകൈനോട്ടംവാസ്തു തുടങ്ങി അനേകം വിഷയങ്ങൾ  ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി.ചുരുക്കിപറഞ്ഞാൽ 'പേരിനൊരു ബില്ലാണ്അവിടെ നടപ്പാക്കപ്പെടാൻ പോകുന്നത്.കൽബുർഗി ,ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ ബില്ല് നടപ്പാക്കാനുള്ള അവസാനഒരുക്കത്തിലാണ് സർക്കാർ!
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനബില്ല് നിയമമായപ്പോൾ കർണ്ണാടകയിൽ എന്നതുപോലെ കേരളത്തിലും പുരോഗമനവാദികൾ പതിവുപോലെ ആവിശ്യമുയർത്തി.എന്നാൽ നമ്മുടെ സർക്കാരുകൾ അതിന്റെ കരടുരേഖകൾ  ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത് !എല്ലാ മേഖലകളിലും താരതമ്യേന മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം ഈ ബില്ല് നടപ്പാക്കി രാജ്യത്തിനുമുഴുവൻ മാതൃകയാവും എന്ന് പ്രതീക്ഷിച്ചവരെല്ലാം ഓരോ സർക്കാരിന്റെ കാലത്തും നിരാശരായി.വ്യാജചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമെല്ലാം ആളുകളെ കൊള്ളയടിക്കുന്നതും  കൊല്ലിക്കുന്നതും നിർബാധം തുടരുകയാണ്.


നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷംപോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി,നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും  ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന  ജ്യോതിഷികൾ  തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും  രക്ഷിച്ചെടുക്കാൻപോന്ന സംഘടിതശക്തിയാണ്!'റോഡപകടം നടക്കുന്നത് കൊണ്ട് വാഹനങ്ങൾ നിരോധിക്കുമോതുടങ്ങിയ കുയുക്തികളാണ് അവർക്ക് ഉന്നയിക്കാനുള്ളതും.അതിലെല്ലാമുപരി സർക്കാർ സ്‌പോൺസേർഡ് ജ്യോത്സ്യൻമാർവരെ നാട്ടിലുണ്ട്.ഏതു നേരത്ത് ഏതു വേഷം ധരിക്കണം എങ്ങോട്ട് യാത്രചെയ്യണം തുടങ്ങി ഓരോ കാര്യങ്ങൾക്കും ഇത്തരക്കാരെ ആശ്രയിക്കുന്ന ജനസേവകർ കുറവല്ല.
മതഭേദമന്യേ നടത്തിവരുന്ന മന്ത്രവാദകർമ്മങ്ങളും അത്ഭുതരോഗശാന്തി ശുശ്രൂഷകളും ആത്മീയവ്യവസായങ്ങളും ആൾദൈവങ്ങളുമൊക്കെ രാഷ്ട്രീയസ്വാധീനങ്ങളും അധികാരങ്ങളുമുള്ള വലിയ കോർപ്പറേറ്റുകളാണിവിടെ.അവരെയൊക്കെ പിണക്കുക എന്നാൽ സർക്കാരുകൾക്ക് പലവട്ടം ചിന്തിക്കേണ്ട കാര്യമാണ്അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ കേരളസർക്കാർ മുന്നോട്ടുവന്നാലും കർണ്ണാടകയിൽ സംഭവിച്ചതുപോലെ അനേകംപേരുടെ 'വികാരംകണക്കിലെടുത്ത് 'ഒരഴുകൊഴമ്പൻബില്ലായിരിക്കും ഇവിടെയും കൊണ്ടുവരിക എന്നാന്നെങ്കിൽ കാര്യമായ ഒരുപ്രയോജനവുമില്ല.


നിയമത്തിന്റെ സംരക്ഷണവും നിയന്ത്രണവും ഇല്ലയെങ്കിൽ വരുംതലമുറകളെക്കൂടി വിശ്വാസപരമായ അടിമത്തങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാക്കുന്ന തരത്തിൽ ഇതിവിടെ തുടർന്നുകൊണ്ടിരിക്കും.ശാസ്ത്രബോധം ഉയർത്തിപ്പിടിക്കണമെന്ന ഭരണഘടനയുടെ പ്രഖ്യാപിത  ലക്ഷ്യം അർത്ഥശൂന്യമാകും.അതുകൊണ്ട് പുരോഗമനാശയങ്ങൾ ഉയർത്തിപിടിക്കുന്ന ഇടതുപക്ഷസർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വിദഗ്ധസമിതികളെക്കൊണ്ട് പരിശോധിപ്പിച്ച് കുറ്റമറ്റ ഒരു അന്ധവിശ്വാസനിരോധനബില്ല് കൊണ്ടുവരണം . അതിന് സർക്കാരിന് ആർജ്ജവമുണ്ടോ എന്നാണ് സാംസ്‌കാരികകേരളം ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനത്തിനുവേണ്ടി ദാഭോൽക്കർ സമർപ്പിച്ച കരടുരേഖയിലെ പ്രസക്തമായ ചില ശുപാർശകൾകൂടി ഇവിടെ പങ്കുവയ്ക്കുന്നു:
*അമാനുഷിക ശക്തികളുടെ പേരില്‍ ആഭിചാരകര്‍മ്മങ്ങള്‍ നടത്തുന്നത്
*പ്രേതബാധയുടെ പേരില്‍ നടത്തുന്ന മന്ത്രവാദവും ഭസ്മം,ഏലസ്സ്,മാന്ത്രികരക്ഷസ്സുകള്‍ തുടങ്ങിയവയുടെ കച്ചവടവും വിതരണവും
*അതീന്ദ്രശക്തികളുടെ പേരിലുള്ള സ്വപ്രഖ്യാപിത അവകാശവാദങ്ങളും പ്രചരണവും
*ആദിമസന്ന്യസികളുടെയോ ദൈവങ്ങളുടെയോ പുനര്‍ജന്മമാണ് എന്ന അവകാശവാദത്തിന്‍മേല്‍ ആളുകളെ വഞ്ചിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക
*ദിവ്യശക്തികളുടെയും ദുര്‍ശക്തികളുടെയും പേരില്‍ നടത്തുന്ന ദിവ്യാത്ഭുതപരിപാടികള്‍
*പ്രേതബാധയാണെന്ന അനുമാനത്തില്‍ രോഗികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത്
അഘോരികളുടെ അനുഷ്ടാനങ്ങള്‍
*ക്ഷുദ്രപ്രയോഗങ്ങളും അതുവഴി സമൂഹത്തില്‍ ഭയവും സൃഷ്ടിക്കല്‍
*ശാസ്ത്രീയ ചികിത്സാരീതികളെ എതിര്‍ത്തു കൊണ്ട് അഘോരി ചികിത്സാ രീതികള്‍ ആളുകളില്‍ ഭീഷണിപ്പെടുത്തി നടപ്പാക്കുക
*മാന്ത്രികക്കല്ലുകള്‍/എലസ്സുകള്‍/രക്ഷകള്‍/അത്ഭുത മോതിരങ്ങള്‍ തുടങ്ങിയവയുടെ വില്പനയും വിലപേശലും
*ആരാധനയുടെയും വിശ്വാസത്തിന്റെയും പേരില്‍ മൃഗബലി നടത്തുന്നത്
*ഗര്‍ഭധാരണം/വിഷബാധ/സര്‍പ്പദംശനം തുടങ്ങിയവയ്ക്ക് മന്ത്രവാദമരുന്നുകള്‍ നല്‍കുക തുടങ്ങി നിരവധി പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ നിയമം ചോദ്യംചെയ്യുന്നു!.

No comments:

Post a Comment