To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Sunday 23 September 2018

ഇന്ത്യൻ കുടുംബവ്യവസ്ഥ നടത്തുന്ന ഭ്രൂണഹത്യകൾ:

ഇന്ത്യൻ കുടുംബവ്യവസ്ഥ നടത്തുന്ന ഭ്രൂണഹത്യകൾ:
രജീഷ് പാലവിള ,തായ് ലാൻഡ്.

തമിഴ്‌നാട്ടിൽ മധുരൈ ജില്ലയിലെ ഉസിലാംപെട്ടിയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിന് ഗർഭിണിയായിരുന്ന ഒരു സ്ത്രീ മരണപ്പെട്ട വാർത്ത നമ്മുടെ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ഭ്രൂണഹത്യയുടെ ദാരുണമായ ഒരു ദുരന്തചിത്രമാണ് വരച്ചിടുന്നത്.മൂന്നു പെൺകുട്ടികളുടെ അമ്മയായ ഇരുപത്തിയെട്ട്കാരിയായ സ്ത്രീ തന്റെ നാലാമത്തെ കുഞ്ഞിനെ ഏഴുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് നിയമവിരുദ്ധമായ ഗർഭച്ഛിദ്രത്തിനിടയിൽ 'കൊല്ലപ്പെടുന്നത്'. സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണം ആരെയും ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

ഉസിലാംപെട്ടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക്വേണ്ടി എത്തിയ സ്ത്രീയോട് ആശുപത്രിയിലെ ജ്യോതിലക്ഷ്മി എന്ന ഒരു നഴ്സ് സ്കാനിംഗ് റിപ്പോർട്ട് പരിശോധിച്ചിട്ട് ഗർഭസ്ഥശിശു പെണ്കുട്ടിയാണെന്ന് പറഞ്ഞു.തന്റെ കുടുംബത്തിൽ വീണ്ടും ഒരുപെൺകുട്ടി പിറക്കാൻ പോകുന്നു എന്നത് യുവതിയെ അസ്വസ്ഥപ്പെടുത്തിയിരിക്കണം.ആശുപത്രിയിലെ ഡോക്ടറോട് ലിംഗനിർണ്ണയവും ഗർഭച്ഛിദ്രവും ആവശ്യപ്പെട്ടപ്പോൾ നിയമവിരുദ്ധമായത് ചെയ്യാൻ കഴിയില്ലെന്നും കുഞ്ഞിന് ഏഴുമാസം പ്രായമുള്ളതുകൊണ്ട് അപകടമാണെന്നും ഡോക്ട്ടർ ഉപദേശിക്കുകയും അവരെ നിരുത്സാഹപെടുത്തുകയും ചെയ്തു.എന്നാൽ ജ്യോതിലക്ഷ്മി നഴ്സ് ഡോക്ടർ അറിയാതെ അവരെ ''സഹായിക്കാൻ'' സജ്ജമായി.ഗർഭഛിദ്രത്തിനുള്ള ഇഞ്ചക്‌ഷൻ എടുത്താൽ മതിയെന്നും വളരെ വർഷമായി പ്രവർത്തനപരിചയമുള്ള ആളെന്ന നിലയിൽ തനിക്ക് അത് ചെയ്യാൻ കഴിയുമെന്നും പതിനയ്യായിരം രൂപമാത്രമേ ചിലവ് വരികയുള്ളൂ എന്നും അവർ അവരെ ധരിപ്പിച്ചു.ഗർഭിണിയായ ആ യുവതി തന്റെ ഒരു ബന്ധുവിനെയുംകൂട്ടി നഴ്‌സിന്റെ വീട്ടിൽ ചെല്ലുകയും അവർ നടത്തിയ കുത്തിവയ്പ്പിനെതുടർന്ന് യുവതി മരണപ്പെടുകയും ചെയ്തു!

സെപ്റ്റംബർ പത്തൊമ്പത് ബുധനാഴ്ച ഉസിലാംപെട്ടി രാജാജി സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോ ർട്ടത്തിൽ അവരുടെ ഗർഭത്തിൽ വളർന്നത് ആൺകുഞ്ഞായിരുന്നു എന്ന് തെളിയുകയും ചെയ്തു !ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയവും ഗർഭഛിദ്രവും നിയമപരമായി കുറ്റകരമാണെന്ന് അറിയാത്ത ഒരാളായിരിക്കില്ല ആശുപത്രിയിലെ ഒരു നഴ്സ്.ജ്യോതിലക്ഷ്മി എന്ന നഴ്‌സിന്റെ അജ്ഞതയും പണക്കൊതിയുമാണ് രണ്ടു ജീവനുകൾ നശിപ്പിക്കപ്പെടാൻ ഇടയാക്കിയത്.മരണപ്പെട്ട യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിന്മേൽ വിവിധവകുപ്പുകൾ ചുമത്തി നഴ്‌സിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുപക്ഷെ അവർ ഇതിനുമുൻപും ഇങ്ങനെ നിയമവിരുദ്ധ ഗർഭച്ഛിദ്രത്തിനുള്ള സമാന്തരസഹായശക്തിയായി പ്രവർത്തിക്കുകയും പണംഉണ്ടാക്കുകയും ചെയ്തിട്ടുണ്ടാകാം.അത് അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.

തമിഴ് നാട്ടിലെ പെൺഭ്രൂണഹത്യകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച നാടാണ് ഉസിലാംപെട്ടി.ഈ സംഭവം ആ യുവതിയുടെ മരണത്തോടെയാണ് പുറംലോകമറിഞ്ഞത്.അറിയപ്പെടാതെ ശിശുകൊലപാതകങ്ങൾ എത്രയോ നടക്കുന്നുണ്ടെന്നത് ഇത്തരം ഓരോ സംഭവങ്ങളിൽ നിന്നും അനുമാനിക്കാം.ഇങ്ങനെ നഴ്‌സുമാരും മറ്റ് ആശുപത്രിജീവനക്കാരും പണക്കൊതിയന്മാരായ ഡോക്ടർമാരും വ്യാജവൈദ്യന്മാരും നാട്ടുചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമൊക്ക 'പെൺകുഞ്ഞുങ്ങളെ കൊന്നുകൊടുക്കും' എന്നിങ്ങനെ അത്രവേഗം എല്ലാവർക്കും കണ്ടുപിടിക്കാൻ കഴിയാത്ത 'അത്ഭുതബോർഡുകളും' തൂക്കി രാജ്യത്തെങ്ങും കച്ചവടം നടത്തുന്നുണ്ട്.റിപ്പോർട്ട് ചെയ്യപ്പെടുന്നതിലും കൂടുതലാണ് ഇന്ത്യയിലെ ഭ്രൂണഹത്യകൾ എന്നത് ഐക്യരാഷ്ട്ര സഭയുടേത് ഉൾപ്പടെ അനവധി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭ്രൂണഹത്യയ്ക്ക് 'മെഡിക്കൽ' സഹായം ചെയ്യുന്നവർ മാത്രമല്ല ,നമ്മുടെ പുരുഷാധിപത്യ സാമൂഹികഘടനയ്ക്കും ആണധികാരസംസ്‌കാരത്തിനും ഇതിൽ കുറ്റകരമായ പങ്കുണ്ട്.അതിന്റെ ഉപോല്പന്നങ്ങളായ, കുടുംബം പെൺകുഞ്ഞുങ്ങളോട് പുലർത്തുന്ന നിഷേധമനോഭാവവും വിവാഹമാർക്കറ്റിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള മുൻവിധികളും ആശങ്കളും ദാരിദ്രവും അജ്ഞതയും തുടങ്ങി നമുക്ക് വിവരിക്കാൻ കഴിയുന്ന അനേകം ഘടകങ്ങളാൽ തെറ്റായ തീരുമാനം എടുക്കാൻ നിര്ബന്ധിക്കപ്പെടുന്ന 'ഒരു ശരാശരി ഇന്ത്യൻ കുടുംബവ്യവസ്ഥ'യുടെ സമ്മർദ്ദം കൂടിയാണ് ഇത്തരം ഓരോ സംഭവങ്ങളിലേയും പൈശാചികമായ അദൃശ്യകരങ്ങൾ!

ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ലോകമെമ്പാടും നടക്കുന്ന പെൺഭ്രൂണഹത്യകളെക്കുറിച്ച് നടത്തിയ പഠനത്തിൽ ലോകത്തേറ്റവുമധികം പെൺഭ്രൂണഹത്യകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കണക്കുകൾ നിരത്തിപ്പറയുന്നു.രണ്ടായിരത്തി ഒന്നിൽ ഇന്ത്യയിലെ ആറ് വയസ്സിനു താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ എണ്ണം 78.83 ലക്ഷമായിരുന്നെങ്കിൽ രണ്ടായിരത്തി പതിനൊന്നിൽ അത് 75.85 ലക്ഷമായി കുറഞ്ഞു! ദേശീയ ആരോഗ്യ-കുടുംബ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിയമവിരുദ്ധമായ അബോർഷൻ രാജ്യത്ത് കണക്കില്ലാതെ നടക്കുന്നു എന്നുള്ളതാണ്.റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ, സുരക്ഷിതമല്ലാത്ത അബോർഷൻമൂലംമാത്രം ലക്ഷകണക്കിന് സ്ത്രീകൾ മരണപ്പെടുകയോ ഗർഭധാരണത്തിന് ശേഷിയില്ലാത്തവരോ ആയിതീരുന്നുണ്ട് . ഹരിയാന,രാജസ്ഥാൻ,ബീഹാർ,ഉത്തർപ്രദേശ്,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പെൺകുഞ്ഞുങ്ങളുടെ ശവപ്പറമ്പുകളാണ്.ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സമാന്തരകോടതികളായി പ്രവർത്തിക്കുന്ന ഖാപ്പ് പഞ്ചായത്തുകൾക്ക് കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള ഈ വിശുദ്ധകൊലപാതകങ്ങളിൽ കുറ്റകരമായ പങ്കുണ്ടെന്നത് രാജ്യത്ത് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതാണ്.

ഇന്ത്യൻ പീനൽ കോഡ്(1860) സെക്ഷൻ 312 അനുസരിച്ച് 1971 വരെ  ഗർഭച്ഛിദ്രം ഇന്ത്യയിൽ ക്രിമിനൽ കുറ്റമായിരുന്നു.എന്നാൽ 1971ൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (MTP) അബോർഷന് ചില നിയമസാധുതകൾ നൽകുകയുണ്ടായി. അതനുസരിച്ച്  മാതാവിന്റെ ജീവനോ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനോ വെല്ലുവിളിയാകുമെങ്കിൽ ഗർഭച്ഛിദ്രം അനുവദനീയമെന്നുണ്ട്.ഗർഭസ്ഥശിശുവിന് ഇരുപത് ആഴ്ചകൾക്ക് മുകളിൽ പ്രായമുണ്ടെങ്കിൽ അബോർഷൻ പാടില്ലെന്നും ഈ നിയമം പറയുന്നു.ഇതിന്റെ മറവിൽ ഡോക്ടർമാരെ സ്വാധീനിച്ച് ലിംഗനിർണ്ണയം നടത്തി അബോർഷൻ നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.സർക്കാർ ആശുപത്രികളിൽ അംഗീകൃത ഡോക്ടർമാർക്ക് മാത്രമായിരുന്നു ഇത്തരത്തിൽ അബോർഷൻ നടത്താനുള്ള അനുവാദം .ക്രമേണ ഈ നിയമത്തിൽ വന്ന അനേകം ഭേദഗതികൾ സ്വകാര്യമേഖലയ്ക്കും നിബന്ധനകളോടെ അബോർഷൻ ചെയ്യുന്നതിനുള്ള അംഗീകാരമായി.1994ലെ ഗർഭചികിത്സാസംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ  (The Prenatal Diagnostic Techniques (Regulation
and Prevention of Misuse) Act (PNDT Act)പിന്നീട് കൊണ്ടുവന്ന കൂട്ടിച്ചേർക്കൽ അനുസരിച്ച്  ലിംഗനിർണ്ണയ പരിശോധന നടത്തുന്നത് കുറ്റകരമാണെന്നും പരിശോധനകളിൽ ലിംഗനിർണ്ണയ പരസ്യം നൽകുന്നതും കർശനമായി വിലക്കുന്നുണ്ട് .ഇന്ത്യയിലെ ജനസംഖ്യാ നിരീക്ഷണ സമിതിയുടെ(PRC) കണക്കനുസരിച്ച് രണ്ടായിരത്തിനും രണ്ടായിരത്തി പതിന്നാലിനുമിടയിൽ ഇത്തരത്തിൽ ലിംഗനിർണ്ണയ അബോർഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏതാണ്ട് ഒരുകോടി ഇരുപത്തിയെട്ടുലക്ഷത്തോളം കേസുകളാണ്.നാഷണൽ ക്രൈം ബ്യുറോ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് അബോർഷനാണ് ഇന്ത്യയിൽ ഇങ്ങനെ പ്രതിവർഷവും നടക്കുന്നത്.ഭ്രൂണം പെൺകുഞ്ഞാണ്‌ എന്നുറപ്പുവരുത്തി ആശുപത്രികളുടേയും ഡോക്ടർമാരുടേയും ഒത്താശയോടെ നടത്തുന്ന ഇത്തരം 'നിയമപരമായ കൊലപാതകം' പെൺകുഞ്ഞുങ്ങളുടെ ജന്മാവകാശത്തിന്മേലുള്ള ഏറ്റവും ക്രൂരമായ മനുഷ്യാവകാശലംഘനമാണ്.MTP ആക്ടിന്റെ നിയമഭേദഗതിയുടെ കുറ്റകരമായ ദുരുപയോഗമാണിത് എന്നാണ് ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ളവർ പറയുന്നത്.ബേട്ടി ബച്ചാവോ പോലെയുള്ള പലബോധവൽക്കരണ പരിപാടികളും പദ്ധതികളും സർക്കാർ കൊണ്ടുവരുന്നെങ്കിലും പെൺകുട്ടികളോടുള്ള ഇന്ത്യയുടെ 'സാംസ്‌കാരിക മനോരോഗത്തെ' അത്രപെട്ടെന്നൊന്നും ചികിത്സിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന പെൺഭ്രൂണഹത്യകളും പീഡനങ്ങളും മനുഷ്യക്കടത്തുകളും ഓർമ്മപ്പെടുത്തുന്നു!

നിയമപരമായ വിലക്കുകളും ഡോക്ടർമാരുടെ നിസ്സഹകരണവുംമൂലം പലരാജ്യങ്ങളിൽ നിന്നും അമേരിക്ക,മെക്സിക്കോ, തായ്‌ലാൻഡ് തുടങ്ങി ലിംഗനിർണ്ണയമോ ഗർഭച്ഛിദ്രമോ കുറ്റകരമല്ലാത്ത രാജ്യങ്ങളിലേക്ക്പോയി അബോർഷൻ ചെയ്യുന്നവരുടെ എണ്ണവും വർദ്ദിക്കുന്നതായി പഠനങ്ങൾ പറയുന്നു.ഇന്ത്യക്കാർ ഇതിൽ ഏറ്റവുമധികം ആശ്രയിക്കുന്നത് തായ്ലാൻഡാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവരാണ് ഇത്തരം 'റീപ്രൊഡക്റ്റിവ് ടുറിസത്തിന്റെ' ഉപഭോക്താക്കൾ.ദരിദ്രരും നിരക്ഷരരും ആയവർക്കിടയിലാകട്ടെ സ്ഥലത്തെ ദിവ്യന്മാർ മുതൽ ആശുപത്രിജീവനക്കാർവരെ സഹായഹസ്തവുമായി നിൽക്കുന്നു.കുടുംബത്തിൽ ഒരു പെണ്ണിന്റെ ഗർഭം പെൺകുഞ്ഞാണ് എന്ന് ഏതെങ്കിലും ജ്യോതിഷിയോ മന്ത്രവാദിയോ ഗണിച്ചുപറഞ്ഞാൽ അതോടെ അതിനെ ഏതുവിധത്തിലും വകവരുത്താനുള്ള തത്രപ്പാടാണ്.കുഞ്ഞിന്റെ ലിംഗനിർണ്ണയത്തിൽ പിതാവിനാണ് മാതാവിനേക്കാളും പങ്കെന്നിരിക്കെ ആധുനികസമൂഹത്തിലും അന്ധവിശ്വാസങ്ങളും കുടുംബവിചാരണകളും സ്ത്രീയെ പ്രതിക്കൂട്ടിൽ നിര്ത്തുന്നു.പെൺകുഞ്ഞിനെ പ്രസവിക്കുന്നവൾ 'പാപിയായും' കുലദ്രോഹിയായും മുദ്രകുത്തപ്പെടുന്നു.

വ്യവസ്ഥാപിത കുടുംബസംവിധാനങ്ങളും സംഘടിതമതങ്ങളും ഖാപ്പ്കോടതികളും സ്ത്രീധന സമ്പ്രദായങ്ങളും ഇന്ത്യയിലെ ഓരോ പെൺകുഞ്ഞിനെയും ജനനം മുതൽ മരണംവരെ വേട്ടയാടുന്നു.നിയമങ്ങൾകൊണ്ടുമാത്രം ഇല്ലാതെയാക്കാൻ കഴിയുന്നതല്ല ഇതൊന്നും.
നിയമങ്ങൾ നടപ്പാക്കപ്പെടുന്നതിലുള്ള ഉദാസീനതകളും പഴുതുകളും പ്രാകൃതമായ സാമൂഹികബോധവും വലിയ വിലങ്ങുതടികളാണ്.ഫലപ്രദമായ ബോധവൽക്കരണവും വിദ്യാഭ്യാസവും സുശക്തമായ നിയമപരിരക്ഷയും ഉണ്ടാകാതെ ഇന്ത്യയ്ക്ക് ഈ കളങ്കത്തിൽ നിന്നും മോചനമില്ല.അതിനുവേണ്ടി പ്രവർത്തിക്കുവാനും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുവാനും ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം.അങ്ങനെ ആകുമെന്ന് പ്രത്യാശിക്കാം !

Thursday 20 September 2018

ഏകീകൃത സിവിൽ കോഡ്

ഏകീകൃത സിവിൽ കോഡ് 
രജീഷ് പാലവിള 


image.png


ഏകീകൃത സിവിൽകോഡ് എന്ന് കേൾക്കുമ്പോഴേ ഇതാണോ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹികപ്രശ്നം  എന്നാണ് ചിലർ ചോദിക്കുന്നത്.ഇങ്ങനെ ചോദിക്കുന്നത് കേട്ടാൽ  മറ്റുള്ള സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഇവരെന്ന്  തോന്നിപ്പോകും!ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെ അങ്ങേയറ്റം നിസ്സാരവൽക്കരിക്കുക എന്നത് മാത്രമാണ്ചോദ്യത്തിന് പിന്നിലെ മതോൽപ്പന്നമായ ചേതോവികാരം.രാജ്യത്ത് നിലവിലുള്ള വിവിധ വ്യക്തിനിയമങ്ങളിൽ വിവാഹംവിവാഹമോചനംപിന്തുടർച്ചാവകാശം,ദത്തെടുക്കൽ ,ജീവനാംശം തുടങ്ങി പല കാര്യങ്ങളിലും അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട് എന്നിടത്താണ് ഏകീകൃത സിവിൽ നിയമത്തിന്റെ പ്രസക്തി.രാജ്യത്തിലെ വിവിധ കോടതികളിലായി നീതിക്കുവേണ്ടി കാത്തുകഴിയുന്ന അനേകായിരങ്ങൾക്ക് വേണ്ടി പലതും ഉടച്ചുവർക്കേണ്ടതുണ്ടെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ടത് ഓരോരുത്തരുടേയും കടമയാണ് എന്നുമോർക്കുമ്പോൾ ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ഏതൊരു നീക്കവും പ്രസക്തവും പ്രധാനവുമാണ്.

2016 ഒക്റ്റോബറിലാണ്  ദേശീയ നിയമക്കമ്മീഷൻ പൊതു സിവിൽ നിയമത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടത്.നീണ്ട രണ്ടുവർഷത്തിനുശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പതാം തീയതി കമ്മീഷൻ സമർപ്പിച്ച അന്തിമറിപ്പോർട്ട് പറയുന്നത് നിലവിലുള്ള വ്യക്തിനിയമങ്ങളിലെ അപാകതകളും ലിംഗഅസമത്വങ്ങളും പരിഹരിക്കണമെന്നാണ്.ഏകീകൃത സിവിൽ കോഡ് ഇപ്പോൾ അഭിലഷണീയമല്ലെന്നും നിയമക്കമ്മീഷൻ പറയുന്നു.സത്യത്തിൽ ഇതൊരു വിചിത്രവാദമായിട്ടാണ് തോന്നിയത്.നിലവിലുള്ള വ്യക്തിനിയമങ്ങളിൽ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീസമത്വവും അവകാശങ്ങളും പാലിക്കപ്പെടുന്നില്ല എന്ന് സമ്മതിക്കുന്ന കമ്മീഷൻ ഏകീകൃതസിവിൽ നിയമത്തിന്റെ സാധ്യതയെ എന്തുകൊണ്ട് തള്ളിക്കളയുന്നു എന്ന് മനസ്സിലാകുന്നില്ല.നിലവിലുള്ള വ്യക്തിനിയമങ്ങൾ എല്ലാം തന്നെ പരിഷ്കരിക്കണമെന്നും കുടുംബങ്ങളിലുള്ള ലിംഗപരമായ അസമത്വങ്ങൾ തിരുത്തണമെന്നും കമ്മീഷൻ പറയുകയും ചെയ്യുന്നുണ്ട്.അതായത് ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട്.പക്ഷെ ഏകീകൃത സിവിൽ കോഡ് അനാവശ്യമാണ് എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. വ്യക്തി നിയമങ്ങൾ പരിഷ്കരിച്ച് ലിംഗനീതി ഉറപ്പുവരുത്തുക എന്നത് അത് ഏകീകരിക്കുക എന്നത് തന്നെയാണ്.കാരണം ലിംഗനീതി എന്നത് മതയുക്തിവച്ചല്ല,ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നിർവ്വചിക്കപ്പെടുന്നത്!

ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്ത് പ്രശ്നമാണുള്ളത്?

ഭരണഘടനാപരമായ പൗരാവകാശമാണ് മാനദണ്ഡമെങ്കിൽ പൊതുകാര്യങ്ങളിൽ ഒരൊറ്റനിയമമാണ് വരേണ്ടത് എന്നത് സാമാന്യയുക്തിക്ക് ബോധിക്കുന്നതാണ്.സിവിൽ നിയമങ്ങൾ ഏകീകരിക്കപ്പെടുകവഴി  മതപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രത്തോളം സത്യമാണ്?.ഇന്ത്യയിൽ ഒരു ഏകീകൃത സിവിൽ നിയമമുണ്ടെന്ന് പറയാവുന്ന ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്ത് പ്രശ്നമാണുള്ളത്?മതം നിർവച്ചിട്ടുള്ള ധാർമ്മിക നിയമങ്ങളിൽമേൽ നീതി നടപ്പാക്കുമ്പോൾ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് രാജ്യത്തെ കോടതികളിൽ നീതിക്കുവേണ്ടി നെട്ടോട്ടമോടുന്നവരുടെ നീണ്ട നിര!ഏകീകൃത സിവിൽ നിയമത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ കുടുംബനിയമങ്ങളിലെ വിവേചനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി തിരുത്തലുകൾക്ക് നിർദ്ദേശിച്ചുകൊണ്ട് റിപ്പോർട്ട് മടക്കുമ്പോൾ ഏറ്റെടുത്ത ദൗത്യത്തോട് എന്ത് നീതിപുലർത്തി എന്ന് പരിശോധിക്കേണ്ടതുണ്ട്.വ്യക്തിനിയമങ്ങളിൽ  പ്രശ്നങ്ങളുണ്ടെന്ന് ആർക്കും സംശയമില്ല,അതെല്ലാം ദൂരീകരിച്ച് എല്ലാ പൗരന്മാർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നത് അതി സങ്കീർണ്ണമായ ഒരു പ്രശ്നമായി ഉയർത്തിക്കാണിക്കുന്നതിന്റെ നേട്ടമെന്താണ്?എന്തുകൊണ്ട് 'ഒരു ഗോവൻ മാതൃകഎല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാവുന്നില്ല.എന്തുമറുപടിയാണ് ഈ ചോദ്യത്തിന് നൽകാനുള്ളത്.

ഇതുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ ചോദ്യാവലി പ്രസിദ്ധീകരിച്ച കാലത്ത്തന്നെ ചില മുൻവിധികളോടെയാണ് കമ്മീഷൻ നീങ്ങിയത്.ഒരു വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിയമക്കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ പറഞ്ഞത് വ്യക്തിനിയമങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും ഏകീകൃത നിയമം സാധ്യമല്ലെന്നുമാണ്.ഭരണഘടനയുടെ നാൽപ്പത്തി നാലാം അനുച്ഛേദത്തിലെ നിർദ്ദേശകതത്ത്വമായ ഏകീകൃത സിവിൽ നിയമം നടപ്പാക്കാൻ രാജ്യം പരിശ്രമിക്കണം എന്ന നിർദ്ദേശത്തെ ഇക്കാലമത്രയും തടഞ്ഞുവച്ചിരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാലംഘനം എന്ന നിലയ്ക്കാണ്.ഡോ.ബി.ആർ.അംബേദ്ക്കർ മുതൽ ഇന്ത്യയിലെ അനേകം നിയമവിദഗ്ദരായ ജഡ്ജിമാരും അഭിഭാഷകരും പറഞ്ഞിട്ടുള്ളത് മേൽ നിർദ്ദേശക തത്ത്വം നിയമമാക്കുന്നത് കൊണ്ട് മതപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നാണ്.മറിച്ച് മതയുക്തിയുടേയും മതം നിർവ്വചിച്ച ധാർമ്മികതയുടേയും അടിസ്ഥാനത്തിൽ നീതിയെ നിർവ്വചിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന പല അടിസ്ഥാന അവകാശങ്ങളും ലംഘിക്കപ്പെടുന്നുണ്ട് എന്നതാണ്.ഒരു പുരോഗമനസമൂഹം ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചിന്തിക്കണമെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ് . 
കമ്മീഷന്റെ ചോദ്യാവലിയിൽ ഏറ്റവും അധികം വിയോജിപ്പ് രേഖപ്പെടുത്തപ്പെട്ട മുത്തലാഖ്‌ സംബന്ധിച്ച് പിൽക്കാലത്ത് അത് നിരോധിച്ചുകൊണ്ട് ലോകസഭ നിയമം പാസ്സാക്കിയിട്ടുണ്ട്.രാജ്യസഭയുടെ പരിഗണനയിലാണ് നിലവിൽ അതുള്ളത്.പക്ഷെ അതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിച്ചു എന്ന് പറയാനാവില്ല.സ്വത്തവകാശത്തിലും ദത്തെടുക്കലിലിലും ഒക്കെ വിവിധ വ്യക്തിനിയമങ്ങൾ പലതരം പൗരന്മാരെ സൃഷ്ടിക്കുന്നുണ്ട്.കമ്മീഷൻ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

ഏകീകൃത സിവിൽ കോഡ് സംഘപരിവാർ അജണ്ടയോ?

പൊതു സിവിൽ നിയമത്തെക്കുറിച്ചുള്ള ചർച്ചകളും ചുവടുകളും ഈ രാജ്യത്ത് ആദ്യത്തെ സംഭവമല്ല.ഓരോ കാലത്തും അതിനെ ഓരോ രീതിയിൽ എതിർക്കാനും ഒരു നിയമമായി മാറുന്നതിൽ നിന്നും തടുക്കാനും സംഘടിത മതങ്ങളും പൗരോഹിത്യവും വർഗ്ഗീയവാദികളും പരിശ്രമിച്ചിട്ടുണ്ട്.ഓരോ കാലത്തും അവർ അതിനായി ന്യായവാദങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.2014ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായി അധികാരത്തിൽ ഇരിക്കുന്ന ബിജെപി സർക്കാർ അതുമായി ബന്ധപ്പെട്ട് നീങ്ങിയപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ഹിന്ദു കോഡ് കൊണ്ടുവരാനുള്ള അജണ്ടയാണ് എന്ന പ്രചരണമാണ് ശക്തമാകുന്നത്.അനവധി ഹിന്ദുധ്രുവീകരണ പ്രവർത്തനങ്ങൾക്കും പശുവിന്റെ പേരിലുള്ള ആൾക്കൂട്ടവിചാരണകൾക്കും ഒളിഞ്ഞും തെളിഞ്ഞും ഒത്താശ നൽകുന്ന ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത് .സ്വാഭാവികമായും രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് പല ആശങ്കകളും ഇവിടെയുണ്ട് .അതൊന്നും നിഷേധിക്കുന്നില്ല.പക്ഷെ അതുകൊണ്ടെല്ലാം ഏകീകൃത സിവിൽ കോഡ് ഹിന്ദു കോഡായി മാറുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?ഹിന്ദുകോഡ് അടിച്ചേൽപ്പിക്കാൻ  മാത്രം ഈ രാജ്യത്തെ നിയമവ്യവസ്ഥയും കോടതി വ്യവഹാരവും ഭരണഘടനയും ഇല്ലാതെയായോ?ഇക്കാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം പറയുന്നവരെ സംഘിയെന്ന് ചാപ്പകുത്തിയാൽ ന്യായമാകുമോ?ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏതെങ്കിലും രൂപ രേഖ കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ടോ?എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുസിവിൽ നിയമം സംഘി-നിയമമാകും എന്ന്  പറയുന്നത്?

അംബേദ്ക്കർ അവതരിപ്പിച്ചത് 'ഹിന്ദു കോഡ്ആയിരുന്നില്ല,ഹിന്ദുവിരുദ്ധകോഡായിരുന്നു’:

image.png

ചരിത്രത്തിലേക്ക് കൂടി നോക്കുക.സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്‌റു നിയമസഭയിൽനിയമമന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കർ അവതരിപ്പിച്ച  'ഹിന്ദു കോഡ് ബില്ലുകൾ' യഥാർത്ഥത്തിൽ ഹിന്ദുകോഡുകൾ ആയിരുന്നില്ല.ഹിന്ദുധർമ്മശാസ്ത്രങ്ങളോ വേദപുസ്തകങ്ങളോ വച്ചിട്ടല്ല അംബേദ്ക്കർ അത് തയ്യാറാക്കിയത്. ബ്രിട്ടീഷ് സിവിൽ നിയമങ്ങളുടെ പരിഷ്കൃതരൂപമായിരുന്നു അത്.അംബേദ്ക്കർ ആത്യന്തികമായി മാനദണ്ഡമാക്കിയത് ഭരണഘടന പുരുഷനും സ്ത്രീയ്ക്കും നൽകുന്ന തുല്യതയും അവസരസമത്വവുമായിരുന്നു.അതുകൊണ്ടു തന്നെ മറ്റേതൊരു വ്യക്തിനിയമത്തേക്കാളും ഈ സോകാൾഡ് ഹിന്ദുകോഡിന്ജനാധിപത്യരൂപമുണ്ടായിരുന്നു.ഒരർത്ഥത്തിൽ അത് ഹിന്ദുവിരുദ്ധകോഡായിരുന്നു എന്ന് പറയാം. അതുകൊണ്ടുതന്നെ അതിനെ അംഗീകരിക്കാൻ ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞില്ല.ഹിന്ദുമഹാസഭയും ജനസംഘവും ഉൾപ്പടെ അനവധി സംഘടനകൾ അംബേദ്ക്കറിനെതിരെ രംഗത്ത് വന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖരായ സർദ്ദാർ വല്ലഭായ് പട്ടേലും ഡോ.ആർ.രാജേന്ദ്രപ്രസാദും ഉൾപ്പടെ നിരവധിപേർ ബില്ലിനെ എതിർക്കുകയാണുണ്ടായത്. ജനസംഘത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ശ്യാമപ്രസാദ് മുഖർജി ഉൾപ്പടെയുള്ളവർ ഹിന്ദുധർമ്മത്തിനുമേലുള്ള അംബേദ്‌കറിന്റെ ഗൂഢപദ്ധതിയായിട്ടാണ് അതിനെ വ്യാഖ്യാനിച്ചത്. കർപാത്രിജി മഹാരാജ് എന്നൊരു ഹിന്ദുസന്ന്യാസിയെ മുന്നിൽനിർത്തി രാജ്യവ്യാപകമായി സംഘപരിവാർ സംഘടനകൾ അംബേദ്ക്കറിനെതിരെ പ്രതിഷേധസമരങ്ങളും പ്രകടനങ്ങളും നടത്തി.ദളിതനായ അംബേദ്ക്കർക്ക്  ഹിന്ദുധർമ്മസംഹിതകൾ തിരുത്താനും ഹിന്ദുക്കൾക്ക്വേണ്ടി നിയമം നടത്താനും എന്തവകാശമെന്നാണ് തീവ്രഹിന്ദുത്വവാദിയായിരുന്ന  കർപാത്രിജി മഹാരാജ് ചോദിച്ചത്.ഹിന്ദുപെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് തുല്യമായ സ്വത്തവകാശവും മറ്റുജാതിയിൽ നിന്നും ദത്തെടുക്കുന്നതും ഒക്കെ മനുസ്മൃതി ഉപാസകർക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല!

image.png

ഹിന്ദുക്കൾക്ക് മേൽ പതിക്കുന്ന ഭീകരമായ ഒരു ദുരന്തമായി ഹിന്ദുകോഡ് വ്യാഖ്യാനിക്കപ്പെട്ടു.നിയമസഭ സ്തംഭിച്ചു.ഹിന്ദുമതനേതാക്കളുടെ  തിട്ടൂരങ്ങൾ അംബേദ്ക്കറിനെ അസ്വസ്ഥനാക്കി.നെഹ്രുവിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും ഫലത്തിൽ അംബേദ്ക്കർ ഒറ്റപ്പെട്ടു.നിയമ മന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവയ്ക്കുകയാണുണ്ടായത്.എങ്കിലും പല വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ചില ഭേദഗതികളൊക്കെ നടത്തി നെഹ്‌റു ഹിന്ദു കോഡുകൾ നീണ്ടകാലങ്ങൾ കൊണ്ടാണെങ്കിലും പാസ്സാക്കിയെടുത്തു.അംബേദ്ക്കർ നേരിട്ട പ്രതിസന്ധികളും ആക്ഷേപങ്ങളും പ്രതിഷേധങ്ങളും എത്രമാത്രമായിരുന്നു എന്ന് മനസ്സിലാക്കിയാൽ ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് നിർദ്ദേശകതത്ത്വമായി ചുരുങ്ങി എന്നതിന്റെ ഉത്തരം കിട്ടും!ഏതായാലും അന്ന് കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഹിന്ദുത്വവാദികളുടെ ആദർശങ്ങളിൽനിന്നും പാലുകുടിച്ച് വളർന്നവരാണ് ഇന്ന് ഏകീകൃത സിവിൽ കോഡിന് ശ്രമിക്കുന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാം! 

നിലവിൽ ഏതെങ്കിലും ഹിന്ദുമാതൃകയിൽ ഒരു പൊതുസിവിൽ കോഡ്  ബിജെപി മുന്നോട്ടുവച്ചിട്ടില്ല.അങ്ങനെ ഒരു നീക്കവും നടക്കാത്തിടത്തോളം ഹിന്ദുകോഡ് എന്നും പറഞ്ഞ് സിവിൽ നിയമങ്ങളുടെ പൊതുവൽക്കരണത്തെ തടയുന്നത് ഉദ്ദേശശുദ്ധിയുള്ളവരല്ല.ഏകീകൃത സിവിൽ നിയമത്തിനുവേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ രാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കുന്നു.ബിജെപി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ് ഇതിനെ എതിർക്കുന്നവർ ഇതിവിടെ വേറെ ആരെങ്കിലും കൊണ്ടുവരുമോ എന്ന് ഉറപ്പ് പറയണം!എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പോലെ ബിജെപിയെ എതിർക്കാൻ വേണ്ടി ഏകീകൃത സിവിൽ കോഡിനെ അപ്രസക്തമാക്കുന്നത് അംഗീകരിക്കപ്പെട്ടുകൂടാ.

മതപ്രീണനങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനുമുള്ള വിഷയമായി ഏകീകൃത സിവിൽ നിയമത്തെ തട്ടിക്കളിക്കാനാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നീക്കമെങ്കിൽ അതിനെ  എതിർക്കേണ്ടത് ഈ രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യമൂല്യങ്ങളേയും ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ കടമയാണ്.എന്തുകൊണ്ടെന്നാൽ ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളും നിലനിൽക്കുന്നതോടൊപ്പം രാജ്യത്തെ പൗരന്മാരെ പലതട്ടുകളിൽ വിഘടിക്കുന്ന വ്യക്തിനിയമങ്ങൾ പരിഷ്കരിച്ച് അതിനൊരു പൊതുരൂപം നൽകി ജാതിമതങ്ങൾക്കും വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കും അതീതമായ ഒരു സിവിൽ നിയമായി കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവിശ്യമാണ്.വൈവിധ്യങ്ങൾ ആചാരങ്ങളിലും വിശ്വാസങ്ങളിലും നിലനിൽക്കട്ടെ .പക്ഷെ അത് സ്ത്രീയേയും പുരുഷനേയും പല തട്ടുകളിൽ കാണുന്ന നീതിനിർവ്വചനങ്ങളായും നീതിനിഷേധങ്ങളായും നിലനിൽക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.ചോദിച്ചും വാദിച്ചും തിരുത്തിയും തന്നെയാണ് നാൾവഴികളിൽ നമ്മൾ പലതും നന്നാക്കിയെടുത്തതും നവോത്‌ഥാനങ്ങൾ കെട്ടിപ്പടുത്തതും.അടിസ്ഥാനപാരമായി ഓരോ മതവും പുരുഷാധിപത്യനീതിബോധത്തിന്റേതാണ് എന്ന് തുറന്നു പറയേണ്ടതുണ്ട്.

ശരീഅത്ത് വാദികളുടെ ആശങ്കകൾ:

മുത്തലാഖ്‌ ആകട്ടെ സിവിൽ കോഡ് ആകട്ടെ ഇത്തരം ഏതു ചർച്ചവന്നാലും മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നുംപറഞ്ഞ് ബഹളം വയ്ക്കുന്ന 'ഇസ്ലാമികധർമ്മസമരങ്ങൾ ഇവിടെ അനേകം നടന്നിട്ടുണ്ട്.മൂന്നുംകെട്ടും നാലും കെട്ടും എന്ന് മുദ്രാവാക്യം വിളിച്ചവരൊക്കെ മുത്തലാഖ്‌ നിരോധിക്കപ്പെടുന്നത് കേട്ട് അന്ധാളിച്ചിരിക്കുന്നുണ്ടാവും. മുത്തലാഖ്‌ നിരോധനത്തിന് വേണ്ടി ആത്മാർത്ഥമായ ശബ്ദമുയർത്തിയത് അതിന്റെ ഇരകൾ തന്നെയാണ്.ഷബാനുബീഗം തൊട്ട് ഇന്നുവരെയുള്ള മുത്തലാഖ്‌ ഇരകൾക്ക് വേണ്ടി ചരിത്രത്തിന്റെ നീതിയാണ് അതിന്റെ നിരോധനത്തോടെ പുലരുന്നത്.ഇസ്ലാമിന്റെ തിരുവെഴുത്തുകളിൽപോലും പറഞ്ഞിട്ടില്ലാത്ത പല ഇസ്‌ലാമിക രാജ്യങ്ങൾപോലും നിരോധിച്ചിട്ടുള്ള മുത്തലാഖ്‌ ഇന്ത്യയിൽ നിരോധിക്കപ്പെടാൻ സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകൾ കഴിയേണ്ടിവന്നു എന്നത് നമ്മുടെ രാജ്യം ഇസ്ലാമിക പുരുഷാധിപത്യത്തിനും മതത്തിന്റെ അണഹങ്കാരത്തിനും മുന്നിൽ തൊഴുകൈയ്യോടെ നിന്നു എന്നതിന്റെ തെളിവാണ്.ഇസ്ലാമിക വ്യക്തിനിയമങ്ങളുടെ മറവിൽ ഭരണഘടന സ്ത്രീയ്ക്ക് നൽകുന്ന അവകാശങ്ങൾക്ക് മേൽ 'വിശുദ്ധലംഘനംനടത്തി ആഘോഷിക്കുന്നത് എത്രയോ കാലംമുൻപേ അവസാനിക്കപ്പെടേണ്ടതായിരുന്നു!

image.png

ഏകീകൃത സിവിൽ കോഡ് സാധ്യതാപഠനത്തിനായി ദേശീയനിയമക്കമ്മീഷൻ തയ്യാറാക്കിയ ചോദ്യാവലികളെ ബഹിഷ്കരിക്കാനാണ് ആൾ ഇന്ത്യാ മുസ്ലീം പേഴ്‌സണൽ ലാ ബോർഡ് ആവശ്യപ്പെട്ടത്.പൊതു സിവിൽ നിയമം ഇസ്ലാമിക വിശ്വാസങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് എന്ന വാദമാണ് എല്ലാക്കാലവും ഉയർന്നുകേട്ടത്.ഹിന്ദുകോഡ് ബില്ലിനേയും അംബേദ്ക്കറേയും  അന്ന് ഹിന്ദുത്വവാദികൾ എതിർത്തത് എങ്ങനെയാണോ അതിന്റെ ഇസ്ലാമിക വേർഷനാണ് ഇസ്‌ലാമിക  സംഘടനകൾ കാലാകാലങ്ങളായി ആവർത്തിക്കുന്നത്.നിയമക്കമ്മീഷൻ്റെ അന്തിമറിപ്പോർട്ടിലെ 'വ്യക്തിനിയമങ്ങൾ പരിഷ്കരിക്കണം' എന്ന നിർദ്ദേശത്തോടും സഹകരിക്കാൻ തയ്യാറല്ല എന്ന ആൾ ഇന്ത്യാ മുസ്ലീം പേഴ്‌സണൽ ലാ ബോർഡിന്റെ പ്രതികരണം പ്രതിഷേധാർഹമാണ്.മതാധികാരത്തിന്റെ ഇത്തരം തിട്ടൂരങ്ങൾ ഭരണഘടന വ്യക്തികൾക്ക് നൽകുന്ന തുല്യതാവകാശത്തെ ബാധിക്കുന്നതിനെക്കുറിച്ചാണ് മറ്റേതിനേക്കാളും നാം ഉത്കണ്ഠപ്പെടേണ്ടത്.മുസ്ലിം മഹിളാ ആന്തോളൻ പോലെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ പുലർത്തുന്ന പുരോഗമനപരമായ സമീപനങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്.

image.png

പ്രീണനരാഷ്ട്രീയത്തിന്റെ വോട്ടുബാങ്കുകൾ ഇസ്ലാമിക വ്യക്തിനിയമങ്ങളിൽമേൽ   ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം രാജ്യത്ത് ഹിന്ദുവർഗ്ഗീയത വളർത്താനുള്ള വളമായിട്ടാണ് സംഘപരിവാർ ഉപയോഗിച്ചിട്ടുള്ളത് .ഇതുകൊണ്ട് ആകെ പ്രയോജനമുള്ളത് ഇരുവിഭാഗങ്ങളിലേയും വർഗ്ഗീയവാദികൾക്കും പുരോഹിതർക്കും മാത്രമാണ്.ഗോവ കഴിഞ്ഞ എത്രയോ കാലമായി ഇങ്ങനെയൊരു സംഘർഷമില്ലാതെ മതേതരമായ ഒരു സിവിൽ നിയമത്തെ പിന്തുടരുന്നു എന്നത് ആരും  പഠിക്കേണ്ടതുണ്ട്.

രാജ്യത്തിന് ഒരു ഏകീകൃത സിവിൽ കോഡ് വേണമെന്നുള്ളത് ഒരാവിശ്യമാണ്.ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും  അവകാശങ്ങളും സംരക്ഷിക്കുന്നതിൽ  നിലവിലുള്ള വ്യക്തിനിയമങ്ങളിൽ അപാകതകളുണ്ട് എന്നത് അവിതർക്കിതമായ കാര്യമാണ്.ഇന്ത്യയിലെ വിവിധകോടതികളിൽ വിവാഹവും വിവാഹമോചനവും സ്വത്തവകാശവും സംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും വിവിധ കോടതി വിധികളുമൊക്കെ അതിന്റെ പച്ചയായ തെളിവുകളാണ്.ജീവിതകാലം മുഴുവൻ നീതിക്കുവേണ്ടി കോടതികൾ കയറിയിറങ്ങേണ്ടിവന്ന അനേകം ഇരകൾ നമ്മുടെ സമൂഹത്തിലുണ്ട്.നിയമവ്യവസ്ഥ ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ പിന്നിൽ വിവിധമതങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുള്ള വ്യക്തിനിയമങ്ങൾക്ക് കുറ്റകരമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ   മുഴുവൻ സംസ്ഥാനങ്ങൾക്കും പൗരന്മാർക്കും ബാധകമായ ഒരു ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം.അത് എന്നെങ്കിലും നടപ്പിൽ വരുമോ എന്നത് മാത്രമാണ് ആശങ്ക!

വ്യക്തിനിയമങ്ങൾ പരിഷ്കരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഏകീകൃത നിയമത്തിന്റെ സാധ്യതയെ തള്ളിക്കളയുന്ന നിയമക്കമ്മീഷൻ ഉത്തരവാദിത്വത്തോടെ ഒരു മികച്ച മാതൃക തയ്യാറാക്കികൊടുക്കുകയാണ് വേണ്ടത്.അതിന്റെ മാനദണ്ഡം ഇന്ത്യയുടെ ഭരണഘടന ആയിരിക്കണം..ഹിമാലയപർവ്വതത്തെ പൊക്കിയെടുത്ത് അറബിക്കടലിൽ കൊണ്ടുവയ്ക്കുന്നപോലെ അതിസങ്കീർണ്ണവും അസാധ്യവുമായ പ്രവൃത്തിയാണ് പൊതു സിവിൽ നിയമ നിർമ്മാണം എന്ന് പറഞ്ഞ് ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികളേയും നീതിനിഷേധിക്കപ്പെട്ടവരേയും പരിഹസിക്കരുത്.മഹാനായ അംബേദ്ക്കർ സ്വപ്നംകണ്ട അവസരസമത്വവും ലിംഗനീതിയും വിവേചനമില്ലായ്മയും പുലരാൻ ഏകീകൃത സിവിൽ നിയമം കൂടി ആവിശ്യമാണ്.ഖാപ്പ് പഞ്ചായത്തുകളും ഗോത്രകോടതികളും നീതിയെ പലതട്ടിൽ നിർവ്വചിക്കുന്നത് ഇനിയും തുടരാൻ അനുവദിച്ചുകൂടാ.ഏകീകൃത സിവിൽ നിയമത്തിന് ശ്രമിക്കണം എന്ന ഭരണഘടനയുടെ നിർദ്ദേശകതത്വത്തോട് ആത്മാർത്ഥത പുലർത്താനുള്ള സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു.ഏകീകൃത സിവിൽ നിയമം വന്നാൽ എല്ലാം ശെരിയാകുമോ ഇന്ത്യയുടെ അടിസ്ഥാന പ്രശ്നം അതാണോ എന്ന് ചോദിക്കുന്നത് ഒരു ഒളിച്ചോട്ടം മാത്രമല്ല മതാന്ധമായ സാമൂഹികബോധങ്ങളെ രസിപ്പിക്കാൻ നടത്തുന്ന കാപട്യംകൂടിയാണ്!

''നിയമനിർമ്മാണങ്ങൾ തടയുന്ന തരത്തിൽ മതത്തിന് ഇത്ര വിപുലവും വിശാലവുമായ അധികാരപരിധി കൊടുക്കേണ്ടത് എന്തിനാണെന്ന് വ്യക്തിപരമായി മനസ്സിലാകുന്നില്ല.അങ്ങനെയാണെങ്കിൽ നമുക്ക് എന്തിനാണ് സ്വാതന്ത്ര്യം?അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുകയും  സമത്വമില്ലാത്ത,വിവേചനങ്ങളുള്ള, അതുപോലെ മറ്റു കുഴപ്പങ്ങൾ പലതും നിറഞ്ഞ നമ്മുടെ സാമൂഹികസംവിധാനങ്ങളെ നവീകരിക്കാനല്ലെങ്കിൽ ഈ സ്വാതന്ത്ര്യം കൊണ്ട് എന്താണ് പ്രയോജനം?''.ഡോ.ബി.ആർ.അംബേദ്ക്കർ പറഞ്ഞ പ്രസക്തമായ വാക്കുകളാണിത്.ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ച് മതപ്രീണനങ്ങളുടേയും വോട്ടുബാങ്കിന്റെയും പേരിൽ  സത്യസന്ധമായ അഭിപ്രായം പറയാൻ കഴിയാത്ത രാഷ്ട്രീയപാർട്ടികളും നേതാക്കളും  ഏകീകൃത സിവിൽ കോഡിന് വേണ്ടി സംസാരിച്ചാൽ കയ്യടികളും സ്ഥാനമാനങ്ങളും നഷ്ടപ്പെടുമോ എന്നോർത്ത് നിശബ്ദരായിരിക്കുന്ന സാഹിത്യ-  സാംസ്‌കാരിക നായകരുമെല്ലാം ഈ രാജ്യത്തെ വരുംതലമുറകളെക്കൂടി വഞ്ചിക്കുകയാണ്.

കർണ്ണാട്ടിക്ക് സംഗീതജ്ഞർക്കെതിരെ സംഘപരിവാർ പുറപ്പെടുവിച്ച ഫത്വകൾക്കെതിരെ ടി.എം.കൃഷ്ണയോടൊപ്പം എത്രപേരുണ്ട് ?

'ആവിഷ്കാരസ്വാതന്ത്ര്യം' മനോഹരമായ ഒരാശയം മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .ബഹുസ്വരതയും  സാംസ്‌കാരികവൈവിധ്യങ്ങളും ആൾക്കൂട്ടവിചാരണകൾക്കും ഭീഷണികൾക്കുംമുന്നിൽ പതറുകയാണ്.എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രചിന്തകരുമെല്ലാം ഒറ്റപ്പെടുകയും ഒറ്റുകൊടുക്കപ്പെടുകയും ചെയ്യുന്ന പരിതാപകരമായ ഒരവസ്ഥ ആക്രമിച്ചും ഭയപ്പെടുത്തിയും പിന്മാറാത്തവരെ കൊലപ്പെടുത്തിയും തങ്ങളുടെ തിട്ടൂരം നടപ്പാക്കുന്നതിൽ  ഹിന്ദുത്വവാദികൾ അടവുകൾ പയറ്റുകയാണ് . ഇതിൻറെ  അവസാനത്തെ ഉദാഹരണമാണ് ഗായകരുടെ നേരെ പുറപ്പെടുവിച്ചിരിക്കുന്ന  'ഹിന്ദുത്വഫത്വകൾ'


ടി.എം.കൃഷ്ണ,ബോംബെ ജയശ്രീ,നിത്യശ്രീമഹാദേവൻ,അരുണാ സായിറാം,ഓ.എസ്.അരുൺ,ഉണ്ണികൃഷ്ണൻ  തുടങ്ങി കർണ്ണാട്ടിക്ക് സംഗീതരംഗത്തെ ശ്രദ്ധേയരായ ഗായകർക്കെതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഹിന്ദുത്വവാദികളുടെ ക്യാമ്പയിൻ നടക്കുകയാണ് .രാഷ്ട്രീയ സനാതന സേവാ സംഘം (RSSS) എന്നൊരു ഹിന്ദുത്വ സംഘടനയാണ് ഇതിന്റെ നേതൃത്വത്തിൽ. കർണ്ണാട്ടിക് സംഗീതജ്ഞർ ക്രൈസ്തവ-ഇസ്‌ലാം ദൈവങ്ങളെക്കുറിച്ചും അവരുടെ ആരാധനാലയങ്ങളിലും ആൽബങ്ങളിലും പാടരുതെന്നും അത്തരത്തിൽ പാടിക്കൊണ്ട് കർണ്ണാട്ടിക്ക് സംഗീതത്തിന്റെ 'ഹൈന്ദവപാരമ്പര്യത്തെ' അന്യമതങ്ങൾക്ക് അടിയറവുവയ്ക്കുതെന്നുമാണ് ഇവരുടെ ആവിശ്യം.അതിനുമുതിരുന്ന  ഗായകരെയോർത്ത് ലജ്ജിക്കുവാനും അവരുടെ പരിപാടികൾ ബഹിഷ്കരിക്കുവാനും ഈ സംഘടന ആഹ്വാനം ചെയ്യുന്നു.നമ്മുടെ സമ്പന്നമായ സംഗീതപാരമ്പര്യത്തെ ഹിന്ദുത്വത്തിലേക്ക്  ഹൈജാക്ക് ചെയ്തുകൊണ്ട്  സംഗീതജ്ഞർക്ക് നേർക്ക് പുറപ്പെടുവിച്ചിരിക്കുന്ന 'ഹിന്ദുത്വഫത്വകൾ ' നമ്മുടെ രാജ്യം എവിടെച്ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു  ഉദാഹരണമാണ്.

image.png

'രാഷ്ട്രീയ സനാതന സേവാ സംഘ'ത്തിന്റെ സ്ഥാപകൻ എന്നവകാശപ്പെടുന്ന രാമനാഥൻ എന്നൊരാൾ കർണാട്ടിക്ക് സംഗീതജ്ഞനും പിന്നണിഗായകനുമായ ഓ.എസ്.അരുണുമായി നടത്തിയ ശബ്ദരേഖ അത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് .സുപ്രസിദ്ധ കർണാട്ടിക് വയലിനിസ്റ്റ് ലാൽഗുഡി ജയറാമിന്റെ ശിഷ്യനും  'ശ്യാം ' എന്നപേരിൽ തമിഴ്സംഗീതലോകത്തുള്ളവർക്ക് പരിചിതനുമായ  ടി.സാമുവൽ ജോസഫ് ആഗസ്ത് ഇരുപത്തിയാറിന് നടത്തുവാൻ തീരുമാനിച്ച ഓ.എസ്.അരുൺ പാടുന്ന 'യേശുവിൻ സംഗമ സംഗീതം' എന്ന പരിപാടിയിൽനിന്നും അരുൺ പിന്മാറണമെന്നാണ്  രംഗനാഥൻ ഭീഷണിപ്പെടുത്തുന്നത്  .നിർഭാഗ്യവശാൽ അരുൺ അതിനു കീഴടങ്ങുകയും ഈ പരിപാടിയിൽനിന്നും താൻ പിന്മാറുകയാണ് എന്നറിയിക്കുകയും ചെയ്യുന്നു !ഒരു തെലുങ്ക്ക്രിസ്ത്യൻ ആൽബത്തിനുവേണ്ടി പാടിയതാണ് ഡി.കെ.പട്ടമ്മാളിന്റെ ചെറുമകൾ നിത്യശ്രീമഹാദേവിനോടുള്ള പരിഭവം.പതിവ് ക്രിസ്ത്യൻ ഗാനങ്ങളിൽനിന്നും വ്യത്യസ്തമായി പൂർണ്ണമായി കർണ്ണാട്ടിക് ശൈലിയിലുള്ള കീർത്തനങ്ങളും ഉപകരണങ്ങളുമാണ് ഈ ആൽബത്തിൽ ഉപയോഗിക്കപ്പെട്ടത് .അത്തരത്തിൽ കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ശൈലിയും സംസ്കാരവും അന്യമതപ്രഘോഷണത്തിന് ഉപയോഗിക്കുന്നത് ഹിന്ദുത്വവിരുദ്ധമാണെന്നാണ് ഈ സംഘടന 'ബോധിപ്പിക്കുന്നത്'.അരുണാ സായിറാം,ബോംബെ ജയശ്രീ,ഉണ്ണികൃഷ്ണൻ എന്നിവരും അന്യമതകീർത്തനങ്ങൾ ചെയ്യുന്നത് പരിഹാസ്യമെന്ന നിലയിൽ ഇവർ ചോദ്യം ചെയ്യുന്നു.പതിവുപോലെ ഇവിടെ ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് സുപ്രസിദ്ധ സംഗീതജ്ഞനും മാഗ്‌സസേ അവാർഡ് ജേതാവുമായ ടി.എം.കൃഷ്ണയാണ് !

image.png
image.png

ഇത്തരം ഭീഷണികൾ സംഗീതജ്ഞരുടെ നേർക്കുണ്ടാവുന്നത് 'ഞെട്ടലുളവാക്കി' എന്നാണ് നിത്യശ്രീയുടെ മറുപടിക്കുറിപ്പ് .രാജ്യത്ത് അനേകംപേർ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കുകയും കൊല്ലപ്പെടുകയും ചെയ്തപ്പോഴെല്ലാം നിശബ്ദമായി ഇരിക്കുകയും അതൊന്നും തങ്ങളെ ബാധിക്കാൻ പോന്ന പ്രശ്നങ്ങളല്ല എന്ന് നിനയ്ക്കുകയുംചെയ്തവർ തങ്ങൾക്ക് നേർക്കും അവർ വരുമെന്നറിയുമ്പോൾ ഞെട്ടുക സ്വാഭാവികമാണല്ലോ !ഇനിയും ഉണരാത്തവർ ഇതിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് !ടി.എം.കൃഷ്ണമാത്രമാണ് ഈ മേഖലയിൽ ഇക്കാര്യത്തിൽ ഒരപവാദം.അതുകൊണ്ടുതന്നെ കലാകാരന്മാരുടെ പരിധിനിശ്ചയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട  രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖ്യശത്രു ടി.എം.കൃഷ്ണയാവുന്നത് സ്വാഭാവികമാണ് !അവരുടെ  മേൽപ്പറഞ്ഞ ഭീഷണിയുടെ ശബ്ദരേഖയിൽ 'പൊറുക്കി' എന്ന വാക്കുകൊണ്ടാണ് രംഗനാഥൻ കൃഷ്ണയെ സംബോധനചെയ്യുന്നത്.ഒരു ക്രിസ്ത്യൻപള്ളിയിൽ അദ്ദേഹം നടത്തിയ കച്ചേരി അവരെ ചൊടിപ്പിച്ചിരിക്കുകയാണ്.
image.png
എന്നാൽ,ടി.എം.കൃഷ്ണയ്ക്ക് നേർക്കുള്ള ഈ പ്രതിഷേധങ്ങൾ പുതിയതല്ല.കർണ്ണാട്ടിക്ക് സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തെ എക്കാലവും വിമർശിച്ചിട്ടുള്ള ആളാണ് കൃഷ്ണ. അതുകൊണ്ടുതന്നെ കലാരംഗത്തെയും ആസ്വാദകർക്കിടയിലെയും ജാതിക്കോമരങ്ങൾക്ക് കൃഷ്ണ എക്കാലവും കല്ലുകടിയായിരുന്നു! ചെന്നൈ മ്യൂസിക്ക് അക്കാഡമിയുടെ വർണ്ണവിവേചനത്തോടുള്ള പ്രതിഷേധമായി അവിടുത്തെ സംഗീതസഭ ഉപേക്ഷിച്ച ബ്രാഹ്മണസമുദായാംഗമായ കൃഷ്ണ മാറ്റിനിർത്തപ്പെട്ടവർക്ക്‌വേണ്ടി തെരുവുകളിലേക്ക് ചെന്ന് സംഗീതസഭകൾ സംഘടിപ്പിച്ചത് പലരേയും ചൊടിപ്പിച്ചിരുന്നു.അടുത്തിടെ എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.സംഗീതസമൂഹത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ പരിവേഷത്തിനുവേണ്ടി അബ്രാഹ്മണയായ എം.എസ്സിന് അവരുടെ വേഷത്തിലും സംഗീതത്തിലും പിൽക്കാലത്ത് 'ബ്രാഹ്മണിസം' കലർത്തേണ്ടിവന്നെന്നും അത്തരത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ മേധാവിത്വത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞത് അനുകൂലവും പ്രതികൂലവുമായ കോളിളക്കങ്ങളാണ്  ഉണ്ടാക്കിയത് !

image.png

രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖപുസ്തകപ്പേജിൽ അഖിലലോക ബ്രാഹ്മണ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടയാണ് എന്നാണ് സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ അവരുടെ പ്രധാന എതിരാളി ടി.എം.കൃഷ്ണയാണ്.തമിഴ് നാട്ടിലെ മുഴുവൻ സംഗീതസഭകളും കൃഷ്ണയെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളിൽ സംഘം ചേർന്ന് ബഹളംവയ്ക്കുമെന്നുമാണ് സനാതന സേവാസംഘത്തിന്റെ ഭീഷണി.ഒരുപടികൂടികടന്ന്, കൃഷ്ണയെ പരസ്യമായി അടിക്കുമെന്നും അവർ പറയുന്നു ! ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റുപലരും മുട്ടുമടക്കുകയും മാപ്പപേക്ഷയുടെ സ്വരത്തിൽ വിശദീകരണംനൽകി തലകുനിക്കുകയും ചെയ്യുമ്പോൾ പതിവുപോലെ ഇതിനെ ധീരമായി നേരിടുകയും വെല്ലുവിളിക്കുകയുമാണ് ടി.എം.കൃഷ്ണ ചെയ്തത് .തന്റെ പ്രതിമാസ സംഗീതപരിപാടികളിൽ ക്രിസ്ത്യൻ-ഇസ്ലാമിക കൃതികളുടെ കർണ്ണാട്ടിക് അവതരണങ്ങൾ നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് .മായാവരം വേദനായകംപിള്ള,എബ്രഹാം പണ്ഡിതർ ,കൂനാങ്കുടി മസ്താൻ സാഹിബ്,ഡി.വേദനായകം ശാസ്ത്രികൾ തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ കർണ്ണാട്ടിക്ക് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ക്രിസ്ത്യൻ -ഇസ്ലാമിക കൃതികൾ  അതിനുവേണ്ടി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു!
image.png

കർണ്ണാട്ടിക്ക് സംഗീതലോകം കാലാകാലങ്ങളായി വച്ചുപുലർത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ബ്രാഹ്മണിസം ഇന്ന് കലാകാരന്മാരെ തിരിഞ്ഞുകുത്തുകയാണ് എന്ന് കൃഷ്ണ പറയുന്നു .അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കുകയും സംഗീതത്തെ അതിന്റെ എല്ലാ ഔന്നിത്യത്തോടും ജാതി-മതങ്ങൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം സഹപ്രവർത്തകരോടും കലാകാരന്മാരോടും ആവശ്യപ്പെടുന്നു.ക്രൈസ്തവ-ഇസ്ലാം-ജൈന-ബുദ്ധമതങ്ങൾക്കെന്നല്ല അതിനുമപ്പുറം യുക്തിവാദ-നിരീശ്വരസാഹിത്യകൃതികൾക്ക് വേണ്ടിപ്പോലുംപ്പാടാൻ ഗായകർ തയ്യാറാവണമെന്നും സംഗീതം അതിനെല്ലാമപ്പുറമാണെന്നും അതിനുവേണ്ടി ആരോടൊപ്പവും താനുണ്ടാകുമെന്നും ടി.എം.കൃഷ്ണ തന്റെ ധീരമായ നിലപാടുകൾ കുറിക്കുന്നു. 

image.png


എത്രപേർ കൃഷ്ണയോടൊപ്പം നിൽക്കുമെന്നുള്ളതാണ് ചോദ്യം.സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നഷ്ടപ്പെടുമെന്നോർത്ത് നിശബ്ദതപുലർത്തുന്ന കലാകാരന്മാർ വളരെപ്പേരാണ്.എന്നിരുന്നാലും സംഗീതത്തിന്റെ മഹിതമായ പാരമ്പര്യത്തെയും വൈവിധ്യത്തെയും കെട്ടുപാടുകളില്ലാത്ത സ്വാതന്ത്ര്യത്തെയും ആഗ്രഹിക്കുന്നവർ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നുറപ്പാണ് .ശബ്ദമുയർത്തേണ്ട സമയമാണിത് !ഫാസിസം അതിന്റെ നഖവും പല്ലുകളും പുറത്തേക്കെടുത്ത് തുടങ്ങിയിരിക്കുന്നു.ഹിന്ദുസ്ഥാനിയുടേയും സൂഫിസംഗീതത്തിന്റെയും  കർണ്ണാടിക്ക് സംഗീതത്തിന്റെയും  സമ്പന്നമായ നമ്മുടെ പാരമ്പര്യങ്ങളെ മതമൗലികവാദികൾക്ക് അടിയറവുവച്ചുകൂടാ!അയൽരാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇസ്ലാമികമതഭ്രാന്തന്മാർ സൂഫിഗായകരേയും കലാകാരന്മാരെയും ആക്രമിക്കുന്നതും കൊന്നൊടുക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഹൈന്ദവവേർഷൻ ഇന്ത്യയിൽ സംഭവിക്കുമെന്ന് പറഞ്ഞാൽ അതിനെ അതിശയോക്തിയെന്ന് തള്ളിക്കളയേണ്ടതില്ല.രോഗാതുരമായ അസഹിഷ്ണുത ആ രീതിയിൽ വർദ്ദിക്കുകയാണ്! 

image.png

വിവിധമതസ്ഥരായ മഹാസംഗീതജ്ഞർ ഒരുമിച്ചിരുന്നു പാടിയ രാജ്യമാണിത് .തന്നോടൊപ്പം ഇരുത്തി പഠിപ്പിച്ചും പാടിപ്പിച്ചുമാണ് ക്രിസ്ത്യാനിയായ യേശുദാസിന്  ചെമ്പൈ വൈദ്യനാഥഭാഗവതർ ശിഷ്യത്വം നൽകിയത് .നിരീശ്വരവാദിയായിരുന്ന ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടിയ  ഹരിവരാസനമാണ് ശബരിമലയിൽ കേൾക്കുന്നത് .മാനവചരിത്രത്തിന്റെ മഹത്തായ നേട്ടങ്ങളിലൊന്നായ സംഗീതത്തെയും അതിന്റെ ഉപാസകരേയും മതഭ്രാന്തന്മാർ നിയന്ത്രിക്കാൻ ഒരുമ്പെടുന്നത് അനുവദിച്ചുകൊടുത്തുകൂടാ .അരസികന്മാരും വിവേകശൂന്യരുമായ ഭ്രാന്തന്മാരെ നിലയ്ക്ക് നിർത്താനും നീക്കിനിർത്താനും കലാകാരന്മാരും ആസ്വാദകരും  മുന്നോട്ടുവരണം. വേണ്ടത്ര ഗൗരവത്തോടെ ഇതിനെ നേരിടാതെയും ടി.എം.കൃഷ്ണയെപ്പോലുള്ളവർക്ക് പിന്തുണ കൊടുക്കാതെയുമിരുന്നാൽ കലയുടേയും സംഗീതത്തിന്റെയും ഭാവിലോകം അത്രമേൽ സങ്കുചിതവും ഇരുണ്ടതുമായിരിക്കും.ജാഗ്രതൈ !

ജനാധിപത്യത്തിന്റെ സുരക്ഷാവാൽവ്

2019 ലെ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി വിധിയെഴുത്താകുമോ എന്നാശങ്കപ്പെടുന്നത് അതിശയോക്തിപരമല്ല എന്നതാണ് രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളും ഓർമ്മപ്പെടുത്തുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ  നാൾവഴികൾ രാജ്യത്തിൻറെ  ഭരണഘടനയും പൗരാവകാശങ്ങളും ദാരുണമായി വെല്ലുവിളിക്കപ്പെട്ട അനേകം സംഭവങ്ങൾ നിറഞ്ഞതാണ്.ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരുകൂട്ടം മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്.രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയോ എന്ന് ഉത്കണ്ഠയോടെയാണ് ആളുകൾ  ചോദിച്ചത് . ഇതിൽ ആശങ്കപ്പെടുന്നത് സാധാരണക്കാർ മാത്രമല്ലഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാക്ഷാൽ സുപ്രീംകോടതി പറഞ്ഞത്  ജനാധിപത്യത്തിൻറെ സുരക്ഷാവാൽവാണ് അഭിപ്രായഭിന്നതകളെന്നതും അത് നഷ്ടപ്പെട്ടാൽ ജനാധിപത്യം പൊട്ടിത്തെറിക്കുമെന്നുമാണ്.

തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്ത്തകനുമായ വരവരറാവുഅഭിഭാഷക സുധാഭരദ്വാജ്സന്നദ്ധപ്രവര്ത്തകന്‍ വെര്നണ്‍ ഗോണ്സാകല്വവസ്,അരുണ്‍ ഫെരേരമാധ്യമപ്രവര്ത്തകന്‍ ഗൗതം നവ്‌ലാഖ തുടങ്ങിയവരെയാണ്  ഭീമാ-കൊരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രപോലീസ്  അറസ്റ്റ് ചെയ്തത്.ഭീമാ-കൊരേഗാവ് സംഭവം നടന്നിട്ട് ഏതാണ്ട് ഒൻപതുമാസം കഴിഞ്ഞിട്ടാണ് അത്യന്തം നാടകീയമായ അറസ്റ്റ് എന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്.രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നക്സൽ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ശേഖരണം,ആയുധ ശേഖരണംഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ നക്സൽ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മഹാരാഷ്ട്രപോലീസ് 'പ്രതികൾ'ക്കെതിരെ ചുമത്തിയിരിക്കുന്നത്! സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽകൊണ്ട് പ്രതികളെ ജയിലിലേക്ക് മാറ്റുന്നത് തടഞ്ഞെങ്കിലും അടുത്ത വാദംകേൾക്കാനായി കോടതി നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബർ 6 വരെ 'പ്രതികൾക്ക്വീട്ടുതടങ്കലിൽ കഴിയേണ്ട അവസ്ഥയാണ്!   

രാജ്യത്തെ ഫാസിസ്റ്റ് ശക്തികളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയോ എതിർക്കുകയോ ചെയ്താൽ അത് ഭരണകൂടത്തിനെതിരെയുള്ള കുൽസിതപ്രവൃത്തിയായി പ്രഖ്യാപിക്കുകയും വിമർശകരെ മാവോയിസ്റ്റുകളും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി മുദ്രകുത്തി പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഭരണകൂടങ്ങൾ തന്നെ വേട്ടയാടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.സമാന്തരമായി,ആശയപരമായ വിമർശനങ്ങളെപ്പോലും തികഞ്ഞ  അസഹിഷ്ണുതയോടെ സമീപിക്കുന്ന സൈബർ പോരാളികൾ നേരിട്ടും വ്യാജവിലാസങ്ങളിലും    സാമൂഹികമാധ്യമങ്ങൾവഴി പടച്ചുവിടുന്ന അസഭ്യങ്ങൾ അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്.മോദിക്കെതിരെയോ ഭരണകൂടത്തിനെതിരെയോ സംസാരിച്ചാൽ അത് രാജ്യത്തിനെതിരെയാണെന്ന് വരുത്തിതീർക്കുകയാണ് ഇവരുടെ ജോലി. അഡോൾഫ് ഹിറ്റ്ലർക്ക്വേണ്ടി ഗീബൽസ് നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് ഈ സൈബർ സൈന്യം.

അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ആധികാരികമായ തെളിവുകളോ കോടതിവിധികളോ ഉണ്ടാകുംമുൻപ് 'മാവോയിസ്റ്റുകൾഎന്ന ചാപ്പകുത്തി  അവരെ തേജോവധം ചെയ്യുന്നത് ഒരു ജനാധിപത്യരാജ്യം ഏകാധിപത്യസാമ്രാജ്യമാകാൻ എങ്ങനെയെല്ലാം തയ്യാറെടുക്കുന്നു എന്ന ദുസ്സൂചനകളാണ് നൽകുന്നത്.
ഭീമാ-കൊരേഗാവ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും എന്ത് പാതകമാണ് ചെയ്തതെന്ന് അറിയുവാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്.


ഭീമാ-കൊരേഗാവ് സംഭവം സർക്കാരിനെതിരെയുള്ളതെന്ന് ആരാണ് പറയുന്നത് ?

1818 ജനുവരി ഒന്നാം തീയതിയാണ് മഹാരാഷ്ട്രയിലെ കൊരേഗാവിൽ  ഗ്രാമീണരായ ദളിതരുടെ അതിശക്തമായ പിന്തുണയോടെ ഭാജി റാവോ രണ്ടാമന്റെ പെഷ്വാ സൈന്യത്തിനുമേൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാക്കമ്പനി  യുദ്ധവിജയം നേടുന്നത്. പെഷ്വാകൾ  മഹർ വിഭാഗത്തിൽപ്പെട്ട ദളിതരുടെ മേൽ നടത്തിവന്ന ക്രൂരമായ ദുർഭരണത്തിനും ജാതിവിവേചനങ്ങൾക്കും  അന്ത്യംകുറിക്കുന്നതായിരുന്നു  ആ ചരിത്രസംഭവം.ഒരർത്ഥത്തിൽ ദളിതരുടെ സ്വാതന്ത്ര്യസമരവിജയം! ഇതിന്റെ  സ്മരണാർത്ഥം എല്ലാവർഷവും ജനുവരിയിൽ  പൂനയിൽ നിന്നും ഭീമാ-കൊരേഗാവ് യുദ്ധസ്മാരക പ്രദേശംവരെ ദളിതുകൾ പ്രകടനം നടത്താറുണ്ട്.എന്നാൽ ദളിതുകൾ ഇങ്ങനെ ആഘോഷം നടത്തുന്നതിനെതിരെ പെഷ്വാവിഭാഗങ്ങൾക്ക് കടുത്ത അതൃപ്തിയാണുള്ളത്.'താഴെതട്ടിൽ കിടക്കേണ്ടവർ' 'മേലെതട്ടിലുള്ളവരോട്നടത്തുന്ന ധിക്കാരമായാണ് അവരതിനെ എല്ലാക്കാലവും വ്യാഖ്യാനിച്ചത്.അഖില ഭാരതീയ ബ്രാഹ്മണമഹാസംഘ് പോലെയുള്ള സവർണ്ണ സംഘടകളും  ഹിന്ദുത്വവാദികളും പ്രാദേശിക ബിജെപി നേതൃത്വവും പോലീസും പെഷ്വാകൾക്ക് നൽകിയ പിന്തുണ അക്ഷരാർത്ഥത്തിൽ ദളിതുകളെ ഒറ്റപ്പെടുത്തുന്നതായിരുന്നു.

2018 ജനുവരിയിൽ ഭീമാ-കൊരേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ  ജിഗ്നേഷ് മേവാനിഡോ. ബി.ആര്‍. അംബേദ്കറിന്റെ പേരമകന്‍ പ്രകാശ് അംബേദ്കര്‍, ഭീം ആര്‍മി ദേശീയ അധ്യക്ഷന്‍ രത്തന്‍ സിങ്,രോഹിത് വെനുലയുടെ മാതാവ് രാധാവെനുല,ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട്  വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് ദളിത് സംഘടകൾ നടത്തിയത്.ദളിതർക്കും മുസ്‌ലിങ്ങൾക്കുമെതിരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളെയും കലാപങ്ങളെയും അപലപിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടികൾ.ഗോസംരക്ഷണത്തിന്റെ മറവിൽ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടതിലും മുറിവേറ്റതിലും ഭൂരിപക്ഷവും  മുസ്ലിങ്ങളായിരുന്നു.സമാനമായി ദളിതരോടുള്ള അക്രമങ്ങളും.ഇതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ ഗൗരവമായി എടുക്കാനോ അക്രമികളെ നിലയ്ക്ക്നിർത്താനോ തയ്യാറാകുന്നതിനുപകരം കുറ്റവാളികളെ പുകഴ്ത്തുകയും മാലയിട്ടുസ്വീകരിക്കുകയുമാണ് ഭരണകൂടങ്ങൾ ചെയ്തത്.ഇതിലെല്ലാം മനുഷ്യവകാശ ബോധമുള്ള ഏതൊരു പൗരനും പ്രതിഷേധമുണ്ട്.ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽക്കൂടി  ഭീമാ-കൊരേഗാവ് പ്രകടനത്തിൽ ദലിതുകൾ സംഘടിച്ചപ്പോൾ അതിന് രാജ്യത്തെ എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും ജനാധിപത്യവിശ്വാസികളുമെല്ലാം  ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . ഇതിനെതിരെ പെഷ്വാകളും  സംഘപരിവാരങ്ങളും മറ്റു തീവ്രഹിന്ദുത്വസംഘടനകളും  പലരീതിയിലുള്ള ഭീഷണികളും പ്രകോപനങ്ങളും നടത്തുകയും വളരെ ആസൂത്രിതമായി സർക്കാരിനും രാജ്യത്തിനും എതിരെയുള്ള നീക്കങ്ങളായി വഴിതിരിച്ചുവിടുകയും ചെയ്യുകയാണ് ഉണ്ടായത്.ഇതിന്റെ ഏറ്റവും അവസാനത്തെ നാടകമാണ് കഴിഞ്ഞ ദിവസങ്ങളിൽ  നടന്ന പോലീസ് റെയ്ഡ്കളും മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്റും!വിവിധ സംഘപരിവാർ സംഘടനകളും നേതാക്കളും ഈ അറസ്റ്റിനെ സ്വാഗതം ചെയ്യുകയും സാമൂഹികമാധ്യമങ്ങൾ വഴി ആഘോഷിക്കുകയും ചെയ്തു.

സനാതൻ സൻസ്ത പോലെയുള്ള ,രാജ്യം അടിയന്തിരമായി നിരോധിക്കേണ്ട ഹിന്ദുതീവ്രസംഘടനയുടെ പ്രമുഖ നേതാക്കളെ ചിലരെ മഹാരാഷ്ട്രഭീകരവിരുദ്ധ സേന കുറച്ചു ദിവസംമുൻപ് ബോംബുകളുമായി അറസ്റ്റ് ചെയ്തിരുന്നു.നരേന്ദ്ര ദാഭോൽക്കർ മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകത്തിന് പിന്നിൽ ഈ സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന നിർണ്ണായക തെളിവുകൾ സിബിഐ അടുത്തിടെ പുറത്തുവിടുകയും ചെയ്തു.അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളെ പുറത്തുവിടാൻ സനാതൻ സൻസ്തയും സമാനനിലപാടുകൾ പുലർത്തുന്ന ഹിന്ദുസംഘടനകളും മഹാരാഷ്ട്രയിൽ ഏതാണ്ട് ഒൻപതിനായിരത്തോളംപേരെ അണിനിരത്തിക്കൊണ്ടു വമ്പിച്ച പ്രകടനമാണ് നടത്തിയത്.ഈ സംഘടനയ്‌ക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രണമാണ് എഴുത്തുകാരെ ഉൾപ്പടെ അറസ്റ്റ് ചെയ്തുകൊണ്ട് മഹാരാഷ്ട്രപോലീസ് നടത്തുന്നതെന്ന ആരോപണം ഗൗരവമുള്ളതാണ്.

രാജ്യത്തിനെതിരെ നിൽക്കുന്നവരാണ് ഏതെങ്കിലും  എഴുത്തുകാരും സാമൂഹികപ്രവർത്തകരും എന്ന് പറയുകയേ വേണ്ടൂ അവരെ അടപടലം ആക്രമിക്കാനും തേജോവധം ചെയ്യാനും വിവേകശൂന്യരായ ഒരു ജനക്കൂട്ടം കാണിച്ചുകൂട്ടുന്ന ആക്രാന്തങ്ങളെ നിശബ്ദരായി നമ്മൾ നോക്കിനിൽക്കുന്നത് എന്തായാലും ആത്മഹത്യാപരമാണ്.വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ച് നുണകളെ സത്യമാക്കി അവതരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇക്കൂട്ടങ്ങളുടെ മിടുക്ക് തിരിച്ചറിയേണ്ടതുണ്ട്.ജനാധിപത്യം നമ്മുടെ ബഹുസ്വരതയുടെ ജീവവായുവാണ്.ഇന്ത്യൻ പാർലമെന്റിന്റെ പുറത്ത് നമ്മുടെ രാജ്യത്തിൻറെ ഭരണഘടനയുടെ പകർപ്പ് കത്തിച്ചുപ്രതിഷേധിച്ചവരെ നാം ഭയപ്പെടേണ്ടതുണ്ട് .ഹിന്ദുരാഷ്ട്രം സ്വപ്നം കണ്ടിരിക്കുന്നവർക്കും അതിനുവേണ്ടി കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്നവർക്കും നാം കീഴടങ്ങിക്കൂടാ!നിയമവ്യവസ്ഥയെക്കുറിച്ചുള്ള അവസാനത്തെ പ്രതീക്ഷ കോടതികളാണ്.സുപ്രീംകോടതി മേൽപ്പറഞ്ഞ അറസ്റ്റ് വിഷയത്തിൽ നടത്തിയ നിരീക്ഷണങ്ങളും പ്രസ്താവനകളും അല്പമെങ്കിലും ആശ്വാസകരമാണ്.

പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടൊപ്പം നിൽക്കുക എന്നത് രാജ്യദ്രോഹമാണെങ്കിൽ അങ്ങനെ നിൽക്കുന്നവരെ മാവോയിസ്റ്റ് എന്ന് വിളിക്കുമെങ്കിൽ അതെ ഞാനും രാജ്യദ്രോഹിയാണ് എന്ന് ഉറക്കെപ്പറയുവാൻ ഓരോരുത്തരും മുന്നോട്ടുവരേണ്ടതുണ്ട്.ഫാസിസശക്തികളെല്ലാം മോദിഭാരതത്തിൽ കരുത്താർജ്ജിക്കുമ്പോൾ 2019ലെ തിരഞ്ഞെടുപ്പ് നമുക്ക് അത്രമേൽ നിർണ്ണായകമാണ്!അപ്രിയ സത്യങ്ങളെ അവർ കൂട്ടംചേർന്ന് അക്രമിച്ചേക്കാം.എന്നാൽ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി നിലകൊള്ളേണ്ടത് നമ്മുടെ ആധുനിക സ്വാതന്ത്ര്യസമരമാണ്!അതിനുവേണ്ടിയുള്ള നമ്മുടെ ഏതൊരു ചെറുത്ത് നിൽപ്പും അന്വർത്ഥമാണ്.ഫാസിസത്തെ വിഘടനവാദം കൊണ്ടല്ല,ജനാധിപത്യംകൊണ്ടും മതേതരത്വംകൊണ്ടും നമുക്ക് ജയിക്കാൻ കഴിയും.

Friday 10 August 2018

Is it possible to implement Anti Superstitious law in Kerala ?

അന്ധവിശ്വാസനിരോധനനിയമം നടപ്പാക്കാൻ സർക്കാരിന് ആർജ്ജവമുണ്ടോ?
രജീഷ് പാലവിള തായ് ലാൻഡ്

വളരെ പൈശാചികമായ ഒരു കൂട്ടക്കൊലയുടെ ഞെട്ടലിലാണ് നാം. തൊടുപുഴ വണ്ണപ്പുറത്ത് ഒരു മന്ത്രവാദിയേയും  അയാളുടെ കുടുംബത്തേയും സന്തതസഹചാരിയായിരുന്ന ശിഷ്യനും കൂട്ടുകാരുംചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി.ഗുരു അവകാശപ്പെട്ടിരുന്ന  മുന്നൂറോളം  മൂർത്തികളുടെ ശക്തി തനിക്ക് സ്വന്തമാക്കണം എന്ന ചിന്തയാണ് ശിഷ്യനെ ഹീനമായ ഈ  കൂട്ടക്കുരുതിക്ക് പ്രേരിപ്പിച്ചത്എന്നാണ് സംഭവത്തിൽ പോലീസിന് ലഭിച്ച വിശദീകരണം. ഇത്നടന്നത് ഉത്തരേന്ത്യയിലെ ഏതോ അപരിഷ്കൃത സമൂഹത്തിലല്ല ,സാക്ഷരതയിലും സാംസ്കാരികതയിലും മുന്നിൽനിൽക്കുന്നു എന്നഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ! എന്നാലിതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞവർഷമാണ് കേരളത്തിന്റെ തലസ്ഥാനനഗരിയിൽ നന്തൻകോഡ് ഒരു വീട്ടിൽ കേദൽ ജിൻസൻരാജ് എന്ന യുവാവ് തന്റെ അച്ഛനമ്മമാരെയും സഹോദരിയേയും ബന്ധുവിനേയും ക്രൂരമായി കൊലപ്പെടുത്തി വീടിനു തീവച്ചത്!ശരീരത്തിൽ നിന്നും ആത്മാവിനെ വേർപെടുത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് അയാൾ പോലീസിൽ കുറ്റബോധമില്ലാതെ മൊഴിനൽകിയത്! ഓരോരോ രീതികളിൽ-രൂപങ്ങളിൽ തട്ടിപ്പുകളും പീഡനങ്ങളും കൊലപാതകങ്ങളും കേരളത്തിലും നിത്യസംഭവങ്ങളാവുകയാണ്.



പതിവുപോലെ ഓരോ സമയത്തും  നമ്മൾ ചാനൽ ചർച്ചകൾ നടത്തും  ,തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ചാത്തൻസേവകളെക്കുറിച്ചും ബ്ലാക്ക് മാജിക്കുകളെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കും .രാഷ്ട്രീയക്കാരും ഭരണകൂടവും ഉന്നതപോലീസ് ഉദ്യോഗസ്ഥരും സാംസ്കാരികനായകരുമെല്ലാം  കേരളത്തെക്കുറിച്ചോർത്ത് കുണ്ഠിതപ്പെടും .പക്ഷെ ഒന്നും സംഭവിക്കില്ല!നന്ദൻകോഡ് നിന്നും ഇന്ന് നാം വണ്ണപ്പുറത്തേക്ക് എത്തുമ്പോൾ ബോധ്യപ്പെടുന്നത് വളരെ ആഴത്തിൽ വേരോടിക്കഴിഞ്ഞ  ഒന്നാണ് കേരളത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെന്നാണ്.മന്ത്രചരടും കൂടോത്രവും  ചെയ്തുകൊടുക്കുന്ന ലോക്കൽ ദിവ്യൻമുതൽ നരബലികൾവരെ നടത്തുന്ന മഹാമാന്ത്രികന്മാർവരെ  നമ്മുടെ ഇടയിൽ തടിച്ചുകൊഴുക്കുകയാണ്.നിരക്ഷരരും സാധുക്കളും മാത്രമല്ല ഉന്നത വിദ്യാഭ്യാസവും ഉയർന്നപദവികളും സമ്പത്തുമുള്ള ആളുകൾവരെ ഇവരുടെ വലയിലാണ് .കക്ഷിരാഷ്ട്രീയ-ജാതി-മതഭേദമന്യേ  രഹസ്യമായും പരസ്യമായും മന്ത്രവാദികളെയും ദിവ്യന്മാരെയുംതേടി ആളുകൾ പരക്കം പായുകയാണ്!

അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക്പോലും  അല്പസ്വല്പം വാചക കസറത്തൊക്കെ നടത്താനുള്ള കഴിവുണ്ടെങ്കിൽ നാട്ടിൽ ഒരു പെട്ടിക്കടജ്യോതിഷാലയമിട്ടാൽ ക്രമേണ വച്ചടി-വച്ചടി കയറ്റമുണ്ടാകുമെന്നത് തമാശയല്ല.'ഞങ്ങളെ പറ്റിച്ചോളൂഎന്ന് ആളുകൾ അവരോടു പറയാതെ പറയുകയാണ്.യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യംപോലും  ഒരു ജ്യോതിഷിയോ മന്ത്രവാദിയോ പറഞ്ഞാൽ പിന്നെ അതിന്റെ പ്രതിവിധിക്കും പ്രാപ്തിക്കുംവേണ്ടി എന്തും ചെയ്യുവാൻ നമ്മൾ തയ്യാറായി നിൽക്കുകയാണ്.വിവാഹപൊരുത്തം,ചൊവ്വാദോഷം,ഗ്രഹദോഷങ്ങൾ ശത്രുസംഹാരം,ഗാർഹികദോഷം,വിദ്യാഭ്യാസം,തൊഴിൽ എന്നുവേണ്ട മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തിനും ചതുരക്കളവും നക്ഷത്രകണക്കുകളുമായി മുക്കിനുമുക്കിന് സ്ഥലത്തെ ദിവ്യന്മാർ ഇരുപത്തിനാലുമണിക്കൂറും റെഡിയാണ്. ഒരുകാലത്ത് ആളുകളുടെ പ്രായം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതും കലണ്ടറുകളും ക്ലോക്കുകളും കണ്ടുപിടിച്ചതോടുകൂടി അപ്രസക്തമായതുമായ 'ഗ്രഹനിലകൾവച്ച് അതുമിതുംപറഞ്ഞ് അനേകം മനുഷ്യരുടെ ജീവിതം യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ പന്താടുകയാണ്.വില്ലൊടിച്ചും അമ്പെയ്തും യുദ്ധംചെയ്തുമൊക്കെ വിജയിക്കുന്നവരെയും സ്വയംവരം ചെയ്തുമൊക്കെയാണ് ഹിന്ദുപുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ വിവാഹകഥകൾ പറഞ്ഞിരിക്കുന്നത് എന്നത് ഇവിടെ ഓർത്തുപോകുന്നു . എപ്പോഴാണ് ഗ്രഹനിലകൾ കല്യാണംമുടക്കികളായി അവതരിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്.

വിവിധതരം നിധികൾ,വെള്ളിമൂങ്ങഇരുതലമൂളി,നാഗമാണിക്യം,മാന്ത്രിക രത്നങ്ങൾ  എന്നുവേണ്ട കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇതിന്റെയൊക്കെ പേരിൽ രാജ്യത്തിനകത്തും പുറത്തുമൊക്കെ നടക്കുന്നത്.ക്ഷുദ്രപ്രയോഗങ്ങളുടെയും ആഭിചാരകർമ്മങ്ങളുടേയും മണിയടികളും മന്ത്രവാദവും എവിടെയും മുഴങ്ങുന്നത് ചെവിയോർത്താൽ ആർക്കും കേൾക്കാം.പ്രാകൃതമായ ചികിത്സാരീതികൾ,പ്രേതബാധ ഒഴിപ്പിക്കൽ ജനിക്കാൻപോകുന്ന കുഞ്ഞുങ്ങൾ ദോഷമാകുമെന്ന പ്രവചനങ്ങളിൽ ങ്ങൾക്കുമേൽ ഗർഭംകലക്കൽ,ശത്രുനിഗ്രഹം,കുഞ്ഞുങ്ങളെയും സ്ത്രീകളേയും ശാരീരികമായും മാനസികമായും പീഡിപ്പിക്കൽ ,മാനസികവൈകല്യമുള്ളവരെ വിശ്വാസചികിത്സകൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കൽ,ശൂലംകുത്തലുകൾ,ചേലാകർമ്മങ്ങൾ എന്നുവേണ്ട വിശ്വാസങ്ങളുടെ മറവിൽ രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിക്കുന്ന അനേകം അസംബന്ധങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രയുക്തികളും സാമാന്യബോധവും പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്തതരത്തിൽ നമ്മെ ചൂഴ്ന്നുനിൽക്കുന്ന പരാശ്രയബോധവും പാപചിന്തകളും അങ്ങേയറ്റം അപലപനീയവും അപകടകരവുമാണ്!ചെറുതും വലുതുമായ മനോരോഗങ്ങളിലേക്കാണ് വിശ്വാസപരമായ ഈ വിധേയത്തങ്ങൾ സമൂഹത്തെ കൊണ്ടുപോകുന്നത്.അങ്ങനെയെല്ലാ അർത്ഥത്തിലും നമ്മൾ പുറകോട്ടു നടക്കുകയാണ്.വിശ്വാസങ്ങളുടെ പേരിൽ ആർക്കും ഏതുവിധവും കബളിപ്പിക്കാൻ കഴിയുന്നതരത്തിൽ നാം കീഴ്പ്പെടുകയാണ്.

ഇത്രയൊക്കെ കോളിളക്കങ്ങളും കോലാഹലങ്ങളും നടന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങൾ വേണ്ടത്ര ജാഗ്രതയും കരുതലുകളും കാണിക്കാത്തത്?എത്രയോ ദശാബ്ദങ്ങളായി കേരളത്തിലെ പുരോഗമനവാദികളും യുക്തിവാദികളും പരിഷത്തുമൊക്കെ  ആവശ്യപ്പെട്ടിട്ടും അനേകം കരടുരേഖകളും സെക്രട്ടറിയേറ്റ് മാർച്ചുകളും ജാഗ്രതാജാഥകൾ നടത്തിയിട്ടും അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ നമ്മുടെ സർക്കാരുകൾക്ക് നട്ടെല്ലില്ലാത്തത്മതപരമായ വികാരങ്ങൾ വൃണപ്പെടുകയും വോട്ടുബാങ്കുകൾ ഇല്ലാതെയാവുകയുംചെയ്യും എന്ന ഭയമാണ് ഓരോ കാലത്തും ഓരോ സർക്കാരുകളെയും ഈ വിഷയത്തിൽ ഒരുതീരുമാനമെടുക്കുന്നതിൽ പിന്നോട്ട് നയിച്ചത്.മതങ്ങളെയും വിശ്വാസങ്ങളെയും പ്രീണിപ്പിക്കുക എന്ന തന്ത്രമാണ് എല്ലാരും എക്കാലവും പയറ്റുന്നത്.അതിന്റെ ദാരുണമായ തിക്തഫലങ്ങൾ രാജ്യത്തുടനീളം നാം പ്രതിനിമിഷം കണ്ടുകൊണ്ടിരിക്കുകയാണ്.വിശ്വാസങ്ങൾ ഭീകരമായ ആൾക്കൂട്ടങ്ങളായി നമ്മുടെ ജനാധിപത്യ അവകാശങ്ങളെ ആക്രമിച്ച് അട്ടഹസിക്കുകയാണ്!



കേരളത്തിൽ വി .എസ്.അച്യുതാനന്ദനും ഉമ്മൻചാണ്ടിയുമൊക്കെ മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ഈ ആവിശ്യങ്ങളെല്ലാം ആവർത്തിക്കപ്പെട്ടു.അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രഖ്യാപിച്ച  ഒരുഇടതുപക്ഷ സർക്കാർ പിണറായി വിജയൻറെ നേതൃത്വത്തിൽ 'ദൃഢപ്രതിജ്ഞ ചെയ്ത്അധികാരമേറ്റെടുത്തിട്ട്  രണ്ടുവർഷമായി. നന്ദൻകോഡ് കൊലപാതങ്ങളും ഇപ്പോഴിതാ വണ്ണപ്പുറംകൊലപാതകങ്ങളും ഈ സർക്കാർ ഭരിക്കുന്ന കേരളത്തിലാണ് നടന്നത്.അതിനിടയിൽ ചെറുതുംവലുതുമായ എത്രയോ തട്ടിപ്പുകളും പീഡനങ്ങളും. പാർട്ടി ഓഫീസുകൾക്ക് തറക്കല്ലിടാൻ 'ഭൂമിപൂജചെയ്യാൻ 'ഇടത്നേതാക്കൾപോലും നേതൃത്വം നൽകുന്ന നാട്ടിൽ ഈ സർക്കാരിൽ നിന്നും ഈ വിഷയത്തിൽ നമുക്ക് എന്തുമാത്രം പ്രതീക്ഷിക്കാമെന്നത് ഒരു ചോദ്യമാണ്!

ഒരു ജീവിതകാലംമുഴുവൻ നരേന്ദ്രദാഭോൽക്കർ എന്നൊരു മനുഷ്യൻ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം കൊണ്ടുവരാൻ നടത്തിയ സ്തുത്യർഹമായ പോരാട്ടങ്ങൾ മഹാരാഷ്ട്രയിൽ വിജയംകണ്ടു.                        2013ൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് അന്ധവിശ്വാസനിർമ്മാർജ്ജനനിയമം അങ്ങനെ നടപ്പാക്കപ്പെട്ടു.പക്ഷെ അതിന് ദാഭോൽക്കർക്ക് തന്റെ ജീവൻ കൊടുക്കേണ്ടിവന്നു.അതിന്റെ മാതൃകയിൽ പിന്നീട് കർണ്ണാടകയിൽ അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ അനേകംപേര് പരിശ്രമിച്ചു.മനുഷ്യബലിദുര്‍മന്ത്രവാദംഅഘോരി ആചാരംഅസുഖങ്ങള്‍ ഭേദപ്പെടുത്തുന്നതിനുള്ള പൂജനാരീപൂജസ്വയം പീഡനമേല്‍ക്കല്‍ തുടങ്ങി അനേകം  ദുരാചാരങ്ങള്‍ നിരോധിക്കുന്നതും നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽകുറ്റങ്ങളുടെ ശിക്ഷാനടപടികൾ നിർദ്ദേശിക്കുന്നതുമായിരുന്നു പ്രസ്തുത ബില്‍.എന്നാൽ സംഘപരിവാരങ്ങളുടേയും   ബിജെപി-കോൺഗ്രസ്സ് പ്രവർത്തകരുടേയും പ്രതിഷേധത്തെയും എതിർപ്പുകളേയും തുടർന്ന് അനേകം ഭേദഗതികൾ കൊണ്ടുവരാൻ അന്ന് അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ നിർബന്ധിതരായി.ജ്യോതിഷംകൈനോട്ടംവാസ്തു തുടങ്ങി അനേകം വിഷയങ്ങൾ  ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി.ചുരുക്കിപറഞ്ഞാൽ 'പേരിനൊരു ബില്ലാണ്അവിടെ നടപ്പാക്കപ്പെടാൻ പോകുന്നത്.കൽബുർഗി ,ലങ്കേഷ് വധങ്ങളോടെ ഉയർന്നുകേൾക്കുന്ന മുറവിളികൾക്കൊടുവിൽ ബില്ല് നടപ്പാക്കാനുള്ള അവസാനഒരുക്കത്തിലാണ് സർക്കാർ!
മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനബില്ല് നിയമമായപ്പോൾ കർണ്ണാടകയിൽ എന്നതുപോലെ കേരളത്തിലും പുരോഗമനവാദികൾ പതിവുപോലെ ആവിശ്യമുയർത്തി.എന്നാൽ നമ്മുടെ സർക്കാരുകൾ അതിന്റെ കരടുരേഖകൾ  ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത് !എല്ലാ മേഖലകളിലും താരതമ്യേന മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനം ഈ ബില്ല് നടപ്പാക്കി രാജ്യത്തിനുമുഴുവൻ മാതൃകയാവും എന്ന് പ്രതീക്ഷിച്ചവരെല്ലാം ഓരോ സർക്കാരിന്റെ കാലത്തും നിരാശരായി.വ്യാജചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമെല്ലാം ആളുകളെ കൊള്ളയടിക്കുന്നതും  കൊല്ലിക്കുന്നതും നിർബാധം തുടരുകയാണ്.


നക്ഷത്രങ്ങൾക്ക് താറുമാറാക്കാൻ കഴിയുന്നതാണ് മനുഷ്യജീവിതമെങ്കിൽ അതിനൊരു വിലയുമില്ലെന്നും ജ്യോതിഷംപോലുള്ള വിദ്യകളിൽ അമിതമായ താത്പര്യം തോന്നിയാൽ നല്ലൊരു ഡോക്ട്ടറെക്കണ്ട് മരുന്നുവാങ്ങി,നല്ല ഭക്ഷണവും കഴിച്ച് വിശ്രമിക്കണം എന്നുപദേശിച്ച സ്വാമി വിവേകാനന്ദനെപ്പോലും  ഇക്കാര്യത്തിൽ തിരിഞ്ഞുകുത്തുന്ന  ജ്യോതിഷികൾ  തങ്ങളുടെ വയറ്റിപ്പിഴപ്പായ ജ്യോതിഷത്തെ എങ്ങനേയും  രക്ഷിച്ചെടുക്കാൻപോന്ന സംഘടിതശക്തിയാണ്!'റോഡപകടം നടക്കുന്നത് കൊണ്ട് വാഹനങ്ങൾ നിരോധിക്കുമോതുടങ്ങിയ കുയുക്തികളാണ് അവർക്ക് ഉന്നയിക്കാനുള്ളതും.അതിലെല്ലാമുപരി സർക്കാർ സ്‌പോൺസേർഡ് ജ്യോത്സ്യൻമാർവരെ നാട്ടിലുണ്ട്.ഏതു നേരത്ത് ഏതു വേഷം ധരിക്കണം എങ്ങോട്ട് യാത്രചെയ്യണം തുടങ്ങി ഓരോ കാര്യങ്ങൾക്കും ഇത്തരക്കാരെ ആശ്രയിക്കുന്ന ജനസേവകർ കുറവല്ല.
മതഭേദമന്യേ നടത്തിവരുന്ന മന്ത്രവാദകർമ്മങ്ങളും അത്ഭുതരോഗശാന്തി ശുശ്രൂഷകളും ആത്മീയവ്യവസായങ്ങളും ആൾദൈവങ്ങളുമൊക്കെ രാഷ്ട്രീയസ്വാധീനങ്ങളും അധികാരങ്ങളുമുള്ള വലിയ കോർപ്പറേറ്റുകളാണിവിടെ.അവരെയൊക്കെ പിണക്കുക എന്നാൽ സർക്കാരുകൾക്ക് പലവട്ടം ചിന്തിക്കേണ്ട കാര്യമാണ്അന്ധവിശ്വാസനിർമ്മാർജ്ജനനിയമം നടപ്പാക്കാൻ കേരളസർക്കാർ മുന്നോട്ടുവന്നാലും കർണ്ണാടകയിൽ സംഭവിച്ചതുപോലെ അനേകംപേരുടെ 'വികാരംകണക്കിലെടുത്ത് 'ഒരഴുകൊഴമ്പൻബില്ലായിരിക്കും ഇവിടെയും കൊണ്ടുവരിക എന്നാന്നെങ്കിൽ കാര്യമായ ഒരുപ്രയോജനവുമില്ല.


നിയമത്തിന്റെ സംരക്ഷണവും നിയന്ത്രണവും ഇല്ലയെങ്കിൽ വരുംതലമുറകളെക്കൂടി വിശ്വാസപരമായ അടിമത്തങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാക്കുന്ന തരത്തിൽ ഇതിവിടെ തുടർന്നുകൊണ്ടിരിക്കും.ശാസ്ത്രബോധം ഉയർത്തിപ്പിടിക്കണമെന്ന ഭരണഘടനയുടെ പ്രഖ്യാപിത  ലക്ഷ്യം അർത്ഥശൂന്യമാകും.അതുകൊണ്ട് പുരോഗമനാശയങ്ങൾ ഉയർത്തിപിടിക്കുന്ന ഇടതുപക്ഷസർക്കാരിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വിദഗ്ധസമിതികളെക്കൊണ്ട് പരിശോധിപ്പിച്ച് കുറ്റമറ്റ ഒരു അന്ധവിശ്വാസനിരോധനബില്ല് കൊണ്ടുവരണം . അതിന് സർക്കാരിന് ആർജ്ജവമുണ്ടോ എന്നാണ് സാംസ്‌കാരികകേരളം ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയിൽ അന്ധവിശ്വാസനിർമ്മാർജ്ജനത്തിനുവേണ്ടി ദാഭോൽക്കർ സമർപ്പിച്ച കരടുരേഖയിലെ പ്രസക്തമായ ചില ശുപാർശകൾകൂടി ഇവിടെ പങ്കുവയ്ക്കുന്നു:
*അമാനുഷിക ശക്തികളുടെ പേരില്‍ ആഭിചാരകര്‍മ്മങ്ങള്‍ നടത്തുന്നത്
*പ്രേതബാധയുടെ പേരില്‍ നടത്തുന്ന മന്ത്രവാദവും ഭസ്മം,ഏലസ്സ്,മാന്ത്രികരക്ഷസ്സുകള്‍ തുടങ്ങിയവയുടെ കച്ചവടവും വിതരണവും
*അതീന്ദ്രശക്തികളുടെ പേരിലുള്ള സ്വപ്രഖ്യാപിത അവകാശവാദങ്ങളും പ്രചരണവും
*ആദിമസന്ന്യസികളുടെയോ ദൈവങ്ങളുടെയോ പുനര്‍ജന്മമാണ് എന്ന അവകാശവാദത്തിന്‍മേല്‍ ആളുകളെ വഞ്ചിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക
*ദിവ്യശക്തികളുടെയും ദുര്‍ശക്തികളുടെയും പേരില്‍ നടത്തുന്ന ദിവ്യാത്ഭുതപരിപാടികള്‍
*പ്രേതബാധയാണെന്ന അനുമാനത്തില്‍ രോഗികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത്
അഘോരികളുടെ അനുഷ്ടാനങ്ങള്‍
*ക്ഷുദ്രപ്രയോഗങ്ങളും അതുവഴി സമൂഹത്തില്‍ ഭയവും സൃഷ്ടിക്കല്‍
*ശാസ്ത്രീയ ചികിത്സാരീതികളെ എതിര്‍ത്തു കൊണ്ട് അഘോരി ചികിത്സാ രീതികള്‍ ആളുകളില്‍ ഭീഷണിപ്പെടുത്തി നടപ്പാക്കുക
*മാന്ത്രികക്കല്ലുകള്‍/എലസ്സുകള്‍/രക്ഷകള്‍/അത്ഭുത മോതിരങ്ങള്‍ തുടങ്ങിയവയുടെ വില്പനയും വിലപേശലും
*ആരാധനയുടെയും വിശ്വാസത്തിന്റെയും പേരില്‍ മൃഗബലി നടത്തുന്നത്
*ഗര്‍ഭധാരണം/വിഷബാധ/സര്‍പ്പദംശനം തുടങ്ങിയവയ്ക്ക് മന്ത്രവാദമരുന്നുകള്‍ നല്‍കുക തുടങ്ങി നിരവധി പ്രാകൃതമായ വിശ്വാസങ്ങളും ആചാരങ്ങളും ഈ നിയമം ചോദ്യംചെയ്യുന്നു!.