To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 13 September 2013


ഭാഷ



ഈശ്വരപ്രാര്‍ത്ഥന


ആരാമം


വധശിക്ഷാവിധി

ഇന്ത്യയുടെ മനസ്സ്‌ ആഗ്രഹിച്ചതാണ് ഡല്‍ഹി സാകേത് കോടതിയുടെ വധശിക്ഷാവിധി .വിധി,വരുംനാളില്‍ നിയമത്തിന്‍റെ പഴുതുകളില്‍ നേര്‍ത്ത് പോകാം !ആരും വധിക്കപ്പെടുന്നത് ആഘോഷിക്കപ്പെട്ടുകൂടാ;എങ്കിലും ,ക്രൂരമായി വേട്ടയാടപ്പെട്ട ആ പെണ്‍കുട്ടിയെ സ്വന്തം മകളുടെയോ സഹോദരിയുടെയോ സ്ഥാനത്ത് കാണുന്ന ആര്‍ക്കും കോടതിവിധിയില്‍ സന്തോഷം തോന്നും.ഇങ്ങനെ ഒരു വിധിക്ക്‌ അര്‍ഹതയുണ്ടായിരുന്ന അനേകം കാടന്മാര്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയില്‍ സുഖലോലുപരായി വിലസുന്നുണ്ട് എന്നോര്‍ക്കുമ്പോള്‍ അമര്‍ഷവും തോന്നും .ഇത് പറയുമ്പോള്‍ കൊലപാതകത്തിനു ശിക്ഷ കൊലപാതകമോ എന്ന അതിശയോക്തിയോടെ ബുദ്ധിജീവികള്‍ കഴുത്ത് നീട്ടിയേക്കാം. വിഷപാമ്പ്‌ വീട്ടിനുള്ളില്‍ കടന്നുവന്നാല്‍ നിവൃത്തികേടുകൊണ്ട്നാം എന്താണ് ചെയ്യുക?

ഈ പ്രഖ്യാപനം കൊണ്ട് ഈ രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതമായിരിക്കുന്നു എന്നൊന്നും ആരും കരുതുന്നില്ല.മാധ്യമങ്ങളുടെയോ ജനകീയ സമരങ്ങളുടെയോ പിന്തുണ കിട്ടാതെ പോയ,നീതി നിഷേധിക്കപ്പെട്ടവരുടെ നീണ്ട പട്ടിക ഇവിടെയുണ്ടുതാനും .കുറ്റവാളികളുടെ സ്വാധീനവും ശക്തിയും നിയമത്തിന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ ഈ രാജ്യത്ത്‌ നടന്നു.ഡല്‍ഹി സംഭവത്തിന്‌ ശേഷവും അതൊക്കെ നടന്നു.ഇപ്പോഴും നടക്കുന്നു .ഇരകളുടെയും വേട്ടക്കാരുടെയും വര്‍ണ്ണവും വര്‍ഗ്ഗവും ഗോത്രവും നോക്കാതെ നീതിക്കുവേണ്ടി സുശക്തമായ നിലപാടെടുക്കാന്‍ നമ്മുടെ സമൂഹവും നീതിപീഠവും കൂടുതല്‍ ജാഗ്രതപ്പെടട്ടെ എന്നാശിക്കാം .


രജീഷ് പാലവിള 
13/09/2013

ഇന്നസെന്റ്

മാതൃഭുമി ആഴ്ചപ്പതിപ്പിന്റെ ഇത്തവണത്തെ ഓണപ്പതിപ്പ് വായനക്കാരന് നല്‍കുന്നത് രോഗികളുടെ ലോകത്തെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളും കാഴ്ചപ്പാടുകളും ആയിരിക്കും .കവിതകളും കഥകളും തിരയുന്നവര്‍ക്ക് മുന്നില്‍ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ആഴ്ചപ്പതിപ്പ്‌ പുറത്തിറങ്ങിയത് .ഏറെ സാഹിത്യ വിഭവങ്ങള്‍ കാത്തിരുന്ന സഹൃദയര്‍ 'അസുഖപതിപ്പ്' എന്നും മറ്റും വിമര്‍ശിക്കുകയും ചെയ്തു .ആഴ്ചപ്പതിപ്പ്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ ആദ്യം വായിച്ചത് ജോഷി ജോസഫ്‌ ,വിജയന്‍ മാഷിനെ കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പും സിനിമാ നടന്‍ ഇന്നസെന്റ് തന്റെ രോഗകാലത്തെക്കുറിച്ച് എഴുതിയ ഓര്‍മ്മകളുമാണ്.നര്‍മ്മവും മര്‍മ്മവുമുള്ള ഭാഷകൊണ്ട് ഇന്നസെന്റ് നമ്മുടെ മനസ്സില്‍ ക്യാന്‍സര്‍ രോഗത്തെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നു .താന്‍ അവിശ്വാസിയല്ലെന്നു പറയുമ്പോഴും ,ജീവിത പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ പതറുന്ന മനുഷ്യരുടെ മുന്നില്‍ ആശ്വാസത്തിന്റെ മൊത്തവിതരണക്കാരായി എത്തിച്ചേരുന്ന സംഘടിത ശക്തികളെ യുക്തിബോധം കൊണ്ട് അദ്ദേഹം പരിഹസിക്കുന്നുണ്ട്. ഒരു ഉദാഹരണം ഇവിടെ പകര്‍ത്തി വയ്ക്കുന്നു.ഇനി അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ......
-----------------------------------------------------------------------

എല്ലാ രോഗികള്‍ക്കും സന്ദര്‍ശകര്‍ ഉണ്ടാകും.രോഗി അല്പം പ്രശസ്തന്‍ കൂടിയാണെങ്കില്‍ സന്ദര്‍ശകരുടെ എണ്ണവും തരവും കൂടും.ക്യാന്‍സര്‍ കാലത്ത് എന്തെല്ലാം തരം ആളുകളാണ് എന്റെ മുന്നില്‍ വന്നത് !ഒറ്റമൂലിക്കാര്‍,മൂത്രചികിത്സകര്‍,സുവിശേഷപ്രസംഗകര്‍,കന്യാസ്ത്രീകള്‍ ..എല്ലാവരും എന്റെ ആരോഗ്യതിനാണ് വന്നത് .എന്നാല്‍ എല്ലാവരും എന്നില്‍ ചിരിയാണ് ഉണ്ടാക്കിയത് .അത്തരത്തില്‍ അത് ഒരൌഷധമായി .ബാന്ഗ്ലൂരില്‍ നിന്നോ മറ്റോ ആണ് സുവിശേഷ പ്രസംഗകര്‍ വന്നത് .അവര്‍ പറഞ്ഞു 

''കര്‍ത്താവ് ഇന്നലെ രാത്രി സ്വപ്നത്തില്‍ വന്ന് ഞങ്ങളോട് പറഞ്ഞു ;ഇന്നസെന്റിന്റെ അടുത്ത്‌ ചെന്ന് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ''

''ഇന്നലെ ഏകദേശം എത്രമണിക്കാണ് കര്‍ത്താവ്‌ നിങ്ങളുടെ വീട്ടില്‍ എത്തിയത് ?'' ഞാന്‍ ചോദിച്ചു 

''ഒരു പതിനൊന്നര പന്ത്രണ്ടു മണിയായിക്കാണും ''..അവര്‍ പറഞ്ഞു 

''അതിനു വഴിയില്ലല്ലോ;രാത്രി പന്ത്രണ്ടര വരെ കര്‍ത്താവ് ഇവിടെ ഇബടെണ്ടായിരുന്നു ''.അത് കേട്ട് സുവിശേഷകര്‍ കണ്ണ് മിഴിച്ചിരുന്നു അധികസമയം അവര്‍ സുവിശേഷം തുടര്‍ന്നില്ല .

എന്തെങ്കിലും രോഗം വരുമ്പോഴേക്കും ദൈവത്തെ വിളിച്ച് അലമുറയിടാനും പ്രാര്‍ഥനകളുടെ എണ്ണം കൂട്ടാനും ഞാന്‍ തയ്യാറല്ല.പ്രാര്‍ത്ഥനയുടെ എണ്ണം കുറഞ്ഞു എന്നത് കൊണ്ട് മാത്രം എന്നെപ്പോലെ ഒരു സാധു മനുഷ്യന് മേല്‍ ഇത്തരത്തില്‍ ഒരു രോഗം ചാര്‍ത്താന്‍ ദൈവം തീരുമാനിക്കുകയാണെങ്കില്‍ അത്തരം ദൈവം എന്തൊരു ബോറനായിരിക്കും.കുറേ പ്രാര്‍ത്ഥിച്ചാല്‍ എല്ലാം മറന്ന് രോഗിയെ രക്ഷപ്പെടുത്തുമെങ്കില്‍ ദൈവം എത്രമാത്രം മുഖസ്തുതിപ്രിയനായിരിക്കും ?

(ഇന്നസെന്റ് /മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ;ഓണപ്പതിപ്പ്‌ )

രജീഷ് പാലവിള
11/09/2013

129 കോടി രൂപ പാഴായി

129 കോടി രൂപ പാഴായി !!
--------------------------------------
കോടികള്‍ പാഴാവുന്നത് ഇവിടെ ഇന്നൊരു വാര്‍ത്തയല്ല .എങ്കിലും ഇതുമായി ബന്ധപ്പെട്ട്മു ഇന്ന് കേട്ട ഒരു കോടതിവിധി ഒരു വാര്‍ത്തയാവേണ്ടാതുണ്ട് . മുസ്ലിം മതപുരോഹിതര്‍ക്ക് പൊതു ഖജനാവില്‍ നിന്നും തുകയെടുത്ത് വേതനം നല്‍കുന്ന നടപടിയെ ഇന്ന് കോടതി ചോദ്യം ചെയ്തു .(ബംഗാള്‍ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് മുസ്ലിം മതപുരോഹിതര്‍ക്ക് വേതനം നല്കിയ മമതാ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിധി.)

ഇതില്‍ ഏറ്റവും വിചിത്രമായി തോന്നിയ സംഗതി
ഭരണഘടനയുടെ 282 മത് വകുപ്പ് പ്രകാരം പൊതു താല്പര്യം കണക്കിലെടുത്താണ് ഇമാമുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വേതനം നല്കാനുള്ള തീരുമാനം എടുത്തത് എന്ന സര്‍ക്കാരിന്റെ വാദമാണ് .സ്വതന്ത്ര ചിന്തയോടുകൂടി വളര്‍ന്നു വരുന്നതിനു വിഘാതം സൃഷ്ടിക്കുന്നവയാണ് മതപാഠശാലകള്‍ .അത് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്നതിനു ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത് വികലമായ മതപ്രീണനം മാത്രമാണ് .ജനാധിപത്യ മതേതര സമൂഹത്തില്‍ അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു.മദ്രസ്സ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ അനുവദിച്ചത് അടക്കം ഉപദ്രവകരവും ഉപയോഗശൂന്യവുമായ കാര്യങ്ങള്‍ക്ക് പൊതുഖജനാവിലെ പണം വിനിയോഗിക്കുന്നത് ദുഃഖകരമാണ് .ബംഗാളില്‍ മാത്രം ഏതാണ്ട് 129 കോടി രൂപ ഇത്തരത്തില്‍ മതപുരോഹിതന്മാര്‍ക്ക് വേതനം നല്‍കിയ ഇനത്തില്‍ പാഴായി!!

അതിനെ ചോദ്യം ചെയ്ത ബംഗാള്‍
ഹൈക്കോടതിയെ അഭിനന്ദിക്കുന്നു .

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍,അങ്ങയുടെ വെളിച്ചം കെട്ടടങ്ങുകയില്ല......
-----------------------------------------------------------------------
ശാസ്ത്രാവബോധം വളര്‍ത്താന്‍ ഓരോ പൌരനും പരിശ്രമിക്ക്ണം എന്ന് ഉദ്ഘോഷിച്ച നിയമസംഹിതകളാല്‍ അലങ്കരിക്കപ്പെട്ട ഈ രാജ്യത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദിച്ചു എന്ന കുറ്റത്തിന് മുംബയിലെ തെരുവില്‍ ഒരു സാധുമനുഷ്യന്‍ വെടിയേറ്റു മരിച്ചു .മതസംഘടനകള്‍ക്കും ആശ്രമങ്ങള്‍ക്കും പിന്നില്‍ ഭീകരമായ മാഫിയാസംഘങ്ങള്‍ വിലസുകയാണ് .ആളുകളുടെ വിശ്വാസവും ദൌര്‍ബല്യവും മുതലെടുത്ത് പകല്‍കൊള്ള നടത്തുന്ന ഈ തെമ്മാടിക്കൂട്ടങ്ങളെ തിരിച്ചറിയാത്ത ഒരു സമൂഹത്തിനും പുരോഗതി സാധ്യമല്ല .അധികാരവും നിയമവും അധീനപ്പെടുത്തി ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന അരാജകത്വം നാം മറികടന്നെ മതിയാകൂ!തടിച്ചു കൊഴുക്കുന്ന ആത്മീയ വ്യവസായവും അതിന്‍റെ സാമ്രാജ്യവും സംരക്ഷിക്കാന്‍ ആരെയും എന്തും ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല .ഇത്തരം കപടതകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വലിയൊരു വിശ്വാസലോകമാണ് അവരുടെ അടിസ്ഥാനം ഉറപ്പിച്ചു കൊടുക്കുന്നത്.

മാജിക്‌ സ്വാമിമാരെയും മന്ത്രവാദികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ രാജ്യം.ഉന്നതവിദ്യാഭ്യാസവും ശാസ്ത്രജ്ഞാനവും ഉള്ളവര്‍ പോലും അവരുടെ ഇരകളാണ് എന്ന വസ്തുത അത്യന്തം ദുഖകരമാണ് .ക്ഷുദ്രരാഷ്ട്രീയക്കാരും ജ്യോതിഷികളും പുരോഹിതന്മാരും മതവക്താക്കളും എല്ലാം ഒത്തുചേര്‍ന്ന് ഘോരാന്ധകാരത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.ഇതിനിടയില്‍ യുക്തിവാദികളുടെയും മനുഷ്യസ്നേഹികളുടെയും ശബ്ദം ഒറ്റപ്പെട്ടു പോകുന്നു.വിശ്വാസങ്ങള്‍ സൃഷ്ടിക്കുന്ന ചിന്താപരമായ അടിമത്തത്തിന്റെ വേരറുക്കാതെ ഈ മായാവലയത്തെ സ്വയം തിരിച്ചറിയാന്‍ ആര്‍ക്കും സാധ്യമല്ല !എല്ലാ മതവും ചൂഷണമാണ് ..എല്ലാ വിശ്വാസവും ചൂഷണമാണ് .ആള്‍ദൈവങ്ങളുടെയും പുരോഹിതത്വത്തിന്റെയും കാല്‍ക്കീഴില്‍നിന്നും ഉണര്‍ന്നെണീക്കാത്ത സമൂഹം നശിപ്പിക്കുന്നത് തലമുറകളെക്കൂടിയാണ് .

ഡോ.നരേന്ദ്ര ദബോല്‍ക്കറിന്‍റെ അരുംകൊല ഏറ്റവും നിര്‍ഭാഗ്യകരമാണ് .മണ്ണില്‍ വാര്‍ന്നൊഴുകിയ അദ്ധേഹത്തിന്റെ ചുടുരക്തം മനസ്സില്‍ ഉണ്ടായിരിക്കട്ടെ ! .തങ്ങളെ ചോദ്യം ചെയ്യരുത് എന്ന് ശഠിക്കുന്ന മതമാഫിയാസംഘങ്ങളെ നമുക്ക് തുടച്ചുനീക്കിയെ മതിയാകൂ ..ശാസ്ത്രത്തിന്റെ പ്രകാശം പരക്കുന്ന വഴികളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ യുക്തിയുടെ പ്രചണ്ഡവാതങ്ങള്‍ കൊണ്ട് ചിതറിപ്പറത്തുവാന്‍ നാം കൂടുതല്‍ സജ്ജരാകണം .

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍,അങ്ങയുടെ വെളിച്ചം കെട്ടടങ്ങുകയില്ല......ഈ രക്തസാക്ഷിത്വത്തിനു മുന്നില്‍ കണ്ണീര്‍പുഷ്പങ്ങള്‍ 

രജീഷ് പാലവിള
21/08/2013

പണമുള്ളവരേ,ഇതിലേ..ഇതിലേ

പണമുള്ളവരേ,ഇതിലേ..ഇതിലേ 
-------------------------------------------------
മഹാത്മാ ഗാന്ധിയുടെ 'വേലയില്‍ വിളയുന്ന വിദ്യാഭ്യാസം ' എന്നൊരു പാഠം പണ്ട് സ്കൂളില്‍ പഠിച്ചതോര്‍ക്കുന്നു.അറിവിന്റെയും തൊഴിലിന്റെയും മഹത്വം ഉദ്ഘോഷിക്കുന്ന ഗംഭീരമായ ഒരുസുഭാഷിതം.ഗാന്ധിജിയുടെ ദാര്‍ശനികമായ ഈ സങ്കല്‍പ്പം ഇനി കൂടുതല്‍ പ്രസക്തമാകാന്‍ പോകുകയാണ് !!

പാവപ്പെട്ട കുട്ടികള്‍ക്ക് എല്ലുമുറിയെ പണിയെടുത്ത് പത്ത് കാശുണ്ടാക്കാതെ ഭാവിയില്‍ പഠിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല .ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്കാരം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ .പതിവുപോലെ ഈ പദ്ധതിയും കൂടുതല്‍ പ്രയോജനപ്പെടുക ഈ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തന്നെ !കേട്ടാല്‍ ,ഇപ്പോള്‍ ശരിക്കും ചിരി വരുമെങ്കിലും ലാഭത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്നൊരു വിലക്ക് ഈ രാജ്യത്തുണ്ട്.അതൊക്കെ പാടെ നീക്കം ചെയ്ത് ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വമ്പന്‍ കമ്പനികള്‍ക്കും മുതലാളിമാര്‍ക്കും ഇനി ഇഷ്ടത്തിനു ഫീസും വാങ്ങി ഇനി ഇവിടെ കോളേജുകള്‍ തുടങ്ങാം .സാമ്പത്തികവും അക്കാദമികവും ഭരണപരവുമായ എല്ലാവിധ സ്വയംഭരണാധികാരവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.അങ്ങനെ ലോകനിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ വരുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പാവപ്പെട്ടവന്റെ മക്കള്‍ക്ക്‌ ഭാവിയില്‍ ഉന്നതപഠനം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീര്‍ക്കും എന്ന് തീര്‍ച്ച .കൂണുകള്‍ പോലെ മുളച്ചു പൊങ്ങിയ എഞ്ചിനീയറിംഗ് കോളേജുകളിലെ സ്ഥിതി നാം കാണുന്നതാണ് .കാലാകാലങ്ങളില്‍ അവര്‍ക്കായി സര്‍ക്കാര്‍ നീട്ടുന്ന സഹായഹസ്തങ്ങളും എല്ലാം ചേര്‍ന്ന് തുരങ്കം വയ്ക്കുന്നത് സമൂഹത്തിലെ സാധാരണക്കാരുടെ പഠനസ്വപ്നങ്ങളാണ് .(ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകള്‍ കൂടി പെരുകുമ്പോള്‍ എന്താണ് സംഭവിക്കുക എന്നത് ആശങ്കാജനകം .പണം ഉള്ളത് കൊണ്ട് മാത്രം പലരും ഡോക്ടര്‍ ആകും .മനുഷ്യശരീരങ്ങള്‍ വെറും കളിപ്പാട്ടങ്ങളാക്കും !)

സ്വകാര്യ -പൊതു നിക്ഷേപത്തിന്റെ അനുപാതം 50:50 എന്നൊക്കെ ആക്കുമെന്ന് പറയുമ്പോഴും ഭാവിയില്‍ അത് പൊതു മേഖലയില്‍ നിന്നും പിടിവിട്ട് സ്വകാര്യവ്യക്തികളുടെ കൈകളില്‍ എത്തിച്ചേരുമെന്ന് ഭയപ്പെട്ടു പോകുന്നു!!

രജീഷ് പാലവിള 

മക്കള്‍ തിരക്കിലാണ് !

മക്കള്‍ തിരക്കിലാണ് !-
-----------------------------
----
നമ്മുടെ നാട്ടില്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും വൃദ്ധസദനങ്ങള്‍ ഇന്ന് കൂടി വരികയാണ് .അവിടെ തളച്ചിടപ്പെടുന്ന ജീവിതങ്ങള്‍ നമ്മെ അസ്വസ്ഥതപ്പെടുത്തുന്നു .വലിച്ചെറിയപ്പെട്ട കരിമ്പിന്‍ തണ്ടുകള്‍ പോലെ ഉപയോഗശൂന്യരായ ഒരു കൂട്ടം മനുഷ്യര്‍ കരഞ്ഞും പറഞ്ഞും അവിടെ കഴിഞ്ഞുകൂടുന്നു .അവരുടെ മക്കള്‍ തിരക്കിലാണ് !ജീവിതത്തിന്റെ വെട്ടിപ്പിടുത്തലുകള്‍ക്ക് വേണ്ടി അ
വര്‍ നെട്ടോട്ടമോടുകയാണ് ! തങ്ങളും ഒരിക്കല്‍ പ്രായം ചെല്ലുമെന്നും തങ്ങള്‍ക്കും ഈ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരും എന്നൊന്നും ചിന്തിക്കാന്‍ അവര്‍ക്ക് സമയമില്ല .ജീവിതത്തിന്റെ വസന്തങ്ങളില്‍ ആസക്തിയോടെ അവര്‍ പായുകയാണ് .അതിനിടയില്‍ പുരാവസ്തുക്കള്‍ ചുമന്നു നടക്കാന്‍ നേരമില്ല!

'മണങ്ങളെല്ലാം മറന്നു പോകരുത് ' എന്ന പേരില്‍
ശ്രീ .പുനത്തില്‍ കുഞ്ഞബ്ദുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുറച്ചു നാള്‍ മുന്‍പ്‌ എഴുതിയ ലേഖനം ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു .വാര്‍ദ്ധക്യത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ അതോര്‍മ്മപ്പെടുത്തി.ഒരുപാട് കാലത്തിന് അപ്പുറത്ത്‌ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു .കാലടിയിലെ സായിശങ്കരശാന്തികേന്ദ്രം എന്ന വൃദ്ധസദനത്തില്‍ നിന്നും എം.പി.കരുണാകരന്‍ എന്ന് പേരുള്ള ഒരന്തേവാസി പുനത്തിലിന്റെ ലേഖനത്തിലെ ഒരു ഭാഗം അനുസ്മരിച്ചു കൊണ്ട് ആവര്‍ത്തിച്ചത് ആ ലേഖനം വായിച്ചതിലേറെ മനസ്സിനെ നൊമ്പരപ്പെടുത്തി .

''ഇപ്പോള്‍ എനിക്ക് തോന്നുന്നത് 70 കഴിഞ്ഞ ആള്‍ക്കാരെ വെടിവച്ചു കൊല്ലണം എന്നാണ് .നിങ്ങള്‍ക്ക്‌ അവരുടെ ക്ഷേമം നോക്കാന്‍ സമയമില്ല .അവര്‍ക്ക് വേണ്ടി ഒരുകാര്യം ചെയ്യാനും സമയമില്ല .നിയമമുണ്ടാക്കി കൊല്ലണം .എനിക്ക് 74 വയസ്സായി.എന്നെ കൊല്ലേണ്ട സമയം കഴിഞ്ഞു.ഞാനിപ്പോള്‍ സമൂഹത്തിനു ഒരു ബാധ്യതയാണ്.വേണ്ടാത്ത ബാധ്യതകള്‍ സമൂഹം ഏറ്റെടുക്കേണ്ടതില്ലല്ലോ!വൃദ്ധന്മാര്‍ ഇത്തരം സ്റ്റേറ്റിനു ഒരു ബാധ്യതയാണ് ''

നമുക് എന്തിനാണ് ഇത്ര തിരക്ക് ??
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല !!

അദൃശ്യശക്തികള്‍

അദൃശ്യശക്തികള്‍ 
--------------------------
ഓണം ആഘോഷിക്കാന്‍ മലയാളികള്‍ പണം നിറച്ച ബാഗുമായി തെരുവില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് 'അദൃശ്യശക്തികള്‍!'.കാണം വിറ്റും ഓണം ഉണ്ണണം എന്ന വാശി നമുക്ക്‌ ഇപ്പോഴുമുണ്ടെന്ന് അവര്‍ക്കറിയാം .മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ടണ്‍കണക്കിന് പച്ചക്കറികള്‍ ഇതിനകം തന്നെ അവര്‍ സംഭരിച്ചു കഴിഞ്ഞു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് കൂടുതല്‍ ലാഭത്തിനു അവ വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് അവര്‍.

പൂഴ്ത്തിവയ്പ്പ് തടയുന്നതിന് വ്യാപകമായി റെയ്‌‌ഡുകൾ നടത്താനും അമിതവില ഈടാക്കുന്ന കച്ചവടക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കിയെങ്കിലും പക്വതയില്ലാത്ത കുട്ടിയുടെ വാക്കുകള്‍ പോലെ മാത്രമേ ഉദ്വോഗസ്തര്‍ അത് കണ്ടുള്ളൂ!ഒരു രൂപയുടെയും രണ്ടു രൂപയുടെയും അരിയും ഗോതമ്പും മറ്റും 'മേക്കപ്പ്‌ അണിഞ്ഞ്' ബസുമതിഅരിയും കമനീയ കവറുകളില്‍ ഗോതമ്പ് പൊടിയായി എത്തുന്നതിനുമൊക്കെ കയ്യഴിഞ്ഞു സഹായിക്കുന്ന ഉദ്വോഗസ്തര്‍ക്ക് ഓണമോക്കെ ചാകരയാണ് !ഇത്തരം ഉദ്വോഗസ്തരും 'അദൃശ്യശക്തികളും' തമ്മിലുള്ള അവിശുദ്ധ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.കൃഷിവകുപ്പ് മന്ത്രിയും ഭക്ഷ്യമന്ത്രിയും തമ്മില്‍ ആലോചിച് മാവേലി സ്റ്റോറുകള്‍ വഴി പച്ചക്കറികള്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ്.എന്നിട്ടെന്തായി ,മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിമാര്‍ അതൊക്കെ അട്ടിമറിച്ചു .മാവേലി സ്റ്റോറുകളില്‍ സ്ഥലം ഇല്ലെന്നു പറഞ്ഞു സാക്ഷാല്‍ സിവിൽ സപ്ളൈസുകാർ കലിതുള്ളി!പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന് പറഞ്ഞ ഹോർട്ടികൾച്ചർ മിഷൻ ‌നിശബ്ദമായി .അദൃശ്യശക്തികളുടെ കരങ്ങള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്ന് അറിയുമ്പോള്‍ നാം മൂക്കത്ത് വിരല് വയ്ക്കും (പാവം നമ്മള്‍!)

NB:
''പാവങ്ങള്‍ പാവങ്ങളായിക്കഴിയണം
പാടില്ലവര്‍ക്കാര്‍ക്കുമഭ്യുദയം !!'' എന്ന് ചങ്ങന്പുഴ നമ്മെ നോക്കി പാടും .പക്ഷെ ,'കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞത് പോലെ ഇതെല്ലാം ഒരു പ്രതിഭാസം മാത്രമാണ് !!!!!!!

രജീഷ് പാലവിള