To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 13 September 2013

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍,അങ്ങയുടെ വെളിച്ചം കെട്ടടങ്ങുകയില്ല......
-----------------------------------------------------------------------
ശാസ്ത്രാവബോധം വളര്‍ത്താന്‍ ഓരോ പൌരനും പരിശ്രമിക്ക്ണം എന്ന് ഉദ്ഘോഷിച്ച നിയമസംഹിതകളാല്‍ അലങ്കരിക്കപ്പെട്ട ഈ രാജ്യത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദിച്ചു എന്ന കുറ്റത്തിന് മുംബയിലെ തെരുവില്‍ ഒരു സാധുമനുഷ്യന്‍ വെടിയേറ്റു മരിച്ചു .മതസംഘടനകള്‍ക്കും ആശ്രമങ്ങള്‍ക്കും പിന്നില്‍ ഭീകരമായ മാഫിയാസംഘങ്ങള്‍ വിലസുകയാണ് .ആളുകളുടെ വിശ്വാസവും ദൌര്‍ബല്യവും മുതലെടുത്ത് പകല്‍കൊള്ള നടത്തുന്ന ഈ തെമ്മാടിക്കൂട്ടങ്ങളെ തിരിച്ചറിയാത്ത ഒരു സമൂഹത്തിനും പുരോഗതി സാധ്യമല്ല .അധികാരവും നിയമവും അധീനപ്പെടുത്തി ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന അരാജകത്വം നാം മറികടന്നെ മതിയാകൂ!തടിച്ചു കൊഴുക്കുന്ന ആത്മീയ വ്യവസായവും അതിന്‍റെ സാമ്രാജ്യവും സംരക്ഷിക്കാന്‍ ആരെയും എന്തും ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് മടിയില്ല .ഇത്തരം കപടതകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വലിയൊരു വിശ്വാസലോകമാണ് അവരുടെ അടിസ്ഥാനം ഉറപ്പിച്ചു കൊടുക്കുന്നത്.

മാജിക്‌ സ്വാമിമാരെയും മന്ത്രവാദികളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ രാജ്യം.ഉന്നതവിദ്യാഭ്യാസവും ശാസ്ത്രജ്ഞാനവും ഉള്ളവര്‍ പോലും അവരുടെ ഇരകളാണ് എന്ന വസ്തുത അത്യന്തം ദുഖകരമാണ് .ക്ഷുദ്രരാഷ്ട്രീയക്കാരും ജ്യോതിഷികളും പുരോഹിതന്മാരും മതവക്താക്കളും എല്ലാം ഒത്തുചേര്‍ന്ന് ഘോരാന്ധകാരത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്.ഇതിനിടയില്‍ യുക്തിവാദികളുടെയും മനുഷ്യസ്നേഹികളുടെയും ശബ്ദം ഒറ്റപ്പെട്ടു പോകുന്നു.വിശ്വാസങ്ങള്‍ സൃഷ്ടിക്കുന്ന ചിന്താപരമായ അടിമത്തത്തിന്റെ വേരറുക്കാതെ ഈ മായാവലയത്തെ സ്വയം തിരിച്ചറിയാന്‍ ആര്‍ക്കും സാധ്യമല്ല !എല്ലാ മതവും ചൂഷണമാണ് ..എല്ലാ വിശ്വാസവും ചൂഷണമാണ് .ആള്‍ദൈവങ്ങളുടെയും പുരോഹിതത്വത്തിന്റെയും കാല്‍ക്കീഴില്‍നിന്നും ഉണര്‍ന്നെണീക്കാത്ത സമൂഹം നശിപ്പിക്കുന്നത് തലമുറകളെക്കൂടിയാണ് .

ഡോ.നരേന്ദ്ര ദബോല്‍ക്കറിന്‍റെ അരുംകൊല ഏറ്റവും നിര്‍ഭാഗ്യകരമാണ് .മണ്ണില്‍ വാര്‍ന്നൊഴുകിയ അദ്ധേഹത്തിന്റെ ചുടുരക്തം മനസ്സില്‍ ഉണ്ടായിരിക്കട്ടെ ! .തങ്ങളെ ചോദ്യം ചെയ്യരുത് എന്ന് ശഠിക്കുന്ന മതമാഫിയാസംഘങ്ങളെ നമുക്ക് തുടച്ചുനീക്കിയെ മതിയാകൂ ..ശാസ്ത്രത്തിന്റെ പ്രകാശം പരക്കുന്ന വഴികളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങളെ യുക്തിയുടെ പ്രചണ്ഡവാതങ്ങള്‍ കൊണ്ട് ചിതറിപ്പറത്തുവാന്‍ നാം കൂടുതല്‍ സജ്ജരാകണം .

ഡോ.നരേന്ദ്ര ദബോല്‍ക്കര്‍,അങ്ങയുടെ വെളിച്ചം കെട്ടടങ്ങുകയില്ല......ഈ രക്തസാക്ഷിത്വത്തിനു മുന്നില്‍ കണ്ണീര്‍പുഷ്പങ്ങള്‍ 

രജീഷ് പാലവിള
21/08/2013

No comments:

Post a Comment