To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Sunday 10 March 2019

കത്തുന്ന വേനൽ ; ആനകളുടെ നിലവിളി ആരു കേൾക്കും ?


Published in Leftclick news 
Link:https://www.leftclicknews.com/news/who-cares-for-the-pain-of-elephants-tortured-in-the-scorching-summer


കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് ദുരന്തനിവാരണസമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അന്തരീക്ഷത്തിലെ ആർദ്രത കുറയുന്നത് സൂര്യാഘാത സാധ്യത കൂട്ടുമെന്നും വെയിലത്ത് പണിയെടുക്കുന്നവരും വെയിൽ കൊള്ളാൻ ഇടയുള്ളവരും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളംകുടിക്കണമെന്നും വിശ്രമിക്കണമെന്നും അറിയിപ്പുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ സമിതി നിർദ്ദേശിച്ചു. .ചുരുക്കത്തിൽ കേരളം കൂടുതൽ പൊള്ളുകയാണ്. തിളച്ചുമറിഞ്ഞുവരുന്ന ഈ ഉഷ്ണകാലത്താണ് പതിവ്പോലെ കേരളത്തിലെ ഉത്സവങ്ങളും പൂരങ്ങളും നടക്കുന്നത്. ഉത്സവങ്ങൾ കൊഴുപ്പിക്കാൻ മത്സരാവേശത്തോടെ ആനകളെ അണിനിരത്താനുള്ള നെട്ടോട്ടത്തിലാണ് ആഘോഷക്കമ്മിറ്റികളും ആനപ്രേമികളും. നാട്ടാന പരിപാലനത്തിന്റെ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് ആനയുടമകളും ഏജന്റുമാരും.

തീഷ്ണമായിക്കൊണ്ടിരിക്കുന്ന ഈ ഉഷ്ണകാലത്തും ആനകൾക്ക് നേരിടേണ്ടത് കൊടിയ പീഡനങ്ങളാണ്. ആനയിടയുന്നതും ആളുകൾ മരിക്കുന്നതും പുതിയ വാർത്തയല്ലാത്ത കേരളത്തിൽ,ആനകളോടുള്ള ക്രൂരതകളും പീഡനങ്ങളും ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ട നാട്ടിൽ, സഹ്യപുത്രന്മാരുടെ നിലവിളി ആരാണ് കേൾക്കുക? ചങ്ങലപൊട്ടിച്ച് മദിച്ചുപായുന്ന ആനപ്രേമികളോട് ഇത് ഉത്സവകാലം മാത്രമല്ലെന്നും,ഉഷ്ണകാലം കൂടിയാണെന്നും ആരാണ് പറയുക? വേനൽ ചൂട് അധികമാകുന്ന പ്രത്യേക സാഹചര്യത്തിൽ പകൽ സമയത്തെങ്കിലും ആനകളെ എഴുന്നള്ളിക്കുന്നത് നിരുപാധികം നിരോധിക്കാൻ ഏത് ഭരണകൂടമാണ് തയ്യാറാകുക?

ആനയെക്കുറിച്ച് ആത്യന്തികമായി പറയേണ്ടത് അതൊരു വന്യമൃഗമാണ് എന്നതാണ്. വളർത്തുമൃഗങ്ങങ്ങളെപ്പോലെ മനുഷ്യന് ഇണക്കി വളർത്താൻ കഴിയുന്ന ജീവിയല്ല ആന. കഠിനമായ പീഡനങ്ങൾക്കൊണ്ടും ഭയപ്പാടുകൾ നൽകിയും മനുഷ്യൻ ഓരോ നിമിഷവും മെരുക്കിനിർത്തുന്ന ആനയുടെ സ്വഭാവം ഏതൊരു കാട്ടുമൃഗത്തെപ്പോലെയും പ്രവചനാതീതമാണ്. ആനകൾ നിറഞ്ഞ ഉത്സവപ്പറമ്പുകൾ സ്ഫോടനാത്മകമാണ്. കേരളത്തിന്റെ ഉത്സവാഘോഷങ്ങളുടെ നാൾവഴികളിൽ ദുരന്തങ്ങളുടെ അനേകം പൊള്ളുന്ന ചിത്രങ്ങളുണ്ട്.

'നാട്ടാന പരിപാലന ചട്ടങ്ങൾ' എന്ന പേരിൽ രൂപീകരിക്കപ്പെട്ട നിയമത്തിന്റെ നിയന്ത്രണങ്ങൾപോലും ആനയെ എങ്ങനെ പരമാവധി ലളിതമായി പീഡിപ്പിക്കാം എന്ന് മാത്രമാണ്. അതുപോലും പൂർണ്ണമായി പാലിക്കാനോ പരിശോധിക്കാനോ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.ആനകളെ ഉത്സവാഘോഷങ്ങൾക്കും മത്സരങ്ങൾക്കും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കാതെ ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതാകട്ടെ 'മതവിരുദ്ധമായതും മതവികാരത്തെ വൃണപ്പെടുത്തുന്നതുമായ' ഒന്നായി പ്രതിരോധിക്കപ്പെടുന്നു. ചുരുക്കത്തിൽ മരണംവരെ പീഡനങ്ങൾ സഹിക്കുക എന്നതാണ് നമ്മുടെ അവശേഷിക്കുന്ന നാട്ടാനകളുടെ 'വിധി'!

ആനക്കച്ചടവത്തിന്റെ വലിയൊരു കമ്പോളമാണ് കേരളം.കാട്ടാനകളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ടെകിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നുണ്ട്. ആനകളെ ലോറികളിൽ കൊണ്ടുപോകാനുള്ള സൗകര്യം വന്നതോടെ ജില്ലകളിൽ നിന്നും ജില്ലകളിലേക്ക് സഞ്ചരിച്ച് വിശ്രമമില്ലാതെ പണിയെടുക്കേണ്ട അവസ്ഥകൂടി വന്നു. പകല്‍ 11നും 3.30നും ഇടയിലുള്ള സമയം ആനയെ എഴുന്നള്ളിക്കാന്‍പാടില്ല എന്നാണ് നിയമം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇടങ്ങളില്‍ പന്തല്‍ കെട്ടി തണലൊരുക്കിയും, ഇടയ്ക്ക് കുടിവെള്ളം നല്‍കിയും 11നും 3.30നും ഇടയില്‍ എഴുന്നള്ളിക്കാന്‍ കളക്ടര്‍ക്ക് പ്രത്യേക അനുവാദം നല്‍കാമെന്നുണ്ട്ഇ ങ്ങനെ പഴുതുകൾ കൊണ്ട് പലരീതിയിൽ ഓരോ നിയമവും റദ്ദ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് ദുഃഖകരമായ സത്യം. അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.

ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായ എഴുന്നള്ളിപ്പിന് ഒരേ ആനയെ ഉപയോഗിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. അല്ലെങ്കില്‍ പരമാവധി ഒരുദിവസം രണ്ട് പ്രാവശ്യമായി നാലുമണിക്കൂര്‍വീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്നും പറയുന്നു. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കരുതെന്നും നിലവിൽ ആനകളെ ഉപയോഗിക്കുന്ന ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇങ്ങനെ ആനകളെ പീഡിപ്പിക്കുന്നതിന്റെ 'വീര്യം' കുറയ്ക്കാൻ ചട്ടങ്ങൾ അനവധിയുണ്ട്.

ആനകളുടേയും ആളുകളുടേയും സുരക്ഷിതത്വത്തിനുവേണ്ടി ആനപരിപാലന ചട്ടങ്ങളിൽ പറയുന്നത് പാലിക്കപ്പെടുകയോ ക്രിയാത്മകമായി പരിശോധിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നത് പരസ്യമായ കാര്യമാണ്. ആനകൾ നിൽക്കുന്നതിന് ചുരുങ്ങിയത് മൂന്നുമീറ്റർ അകലെമാത്രമേ ആളുകൾ നില്ക്കാൻ പാടുള്ളൂ എന്നതും ആനകൾക്ക് കൃത്യമായ ഇടവേളകളിൽ വെള്ളവും ഭക്ഷണവും കൊടുക്കണമെന്നും വെയിലത്ത് നിൽക്കേണ്ടി വരുന്ന ആനകളെ നനച്ചുകൊടുക്കണമെന്നതുംപോലെയുള്ള പ്രാഥമിക നിർദ്ദേശങ്ങൾപോലും കേരളത്തിലെ എത്ര ഉത്സവങ്ങളിൽ പാലിക്കപ്പെടുന്നുണ്ട്?

സിനിമാതാരങ്ങൾക്ക് എന്നതുപോലെ യൂണിറ്റ് അടിസ്ഥാനത്തിൽ ഫാൻസ്‌ ക്ലബ്ബ്കളുണ്ട് കേരളത്തിലെ ആനകൾക്ക്. തങ്ങളുടെ പ്രിയപ്പെട്ട ആനകൾ എത്തിച്ചേരുന്ന ഉത്സവപ്പറമ്പുകളിൽ കൂറ്റൻ ഫ്ലെക്സ് ബോർഡുകളും ഗംഭീരമായ സ്വീകരണങ്ങളുമാണ് ഇവർ ഒരുക്കുന്നത്. താടയ്ക്ക് കുത്തിയും തട്ടിപൊക്കിയും അവ തലപൊക്കിപ്പിടിച്ച് നിൽക്കേണ്ടിവരുന്നത് ക്യാമറകളിൽ പകർത്തി ഊറ്റംകൊള്ളുന്ന ഇവർ ആനപ്രേമികളെന്നാണ് അറിയപ്പെടുന്നത്. ആനകൾ വിരണ്ടോടുന്നതും ആളുകളെ ആക്രമിക്കുന്നതുമൊക്കെ അവരെ സംബന്ധിച്ച് 'ആനകളുടെ കുറുമ്പ്' മാത്രമാണ്. രണ്ടിലധികം ആനകളുള്ളിടത്ത് ഏതെങ്കിലും ആനയിടഞ്ഞാൽ ഇടഞ്ഞ ആനയ്ക്ക് പ്രധാന തിടമ്പ് കൊടുക്കാഞ്ഞതിന്റെ 'പിണക്കമാണ്' എന്നൊക്കെയുള്ള കുയുക്തികളാണ് ഇത്തരം ആനപ്രേമി സംഘങ്ങൾ പടച്ചുവിടുന്നത്. ആനകൾ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് പറഞ്ഞാൽ സിനിമാനടന്മാരെ ആരെങ്കിലും വിമർശിക്കുമ്പോൾ ഫാൻസ്‌ നടത്തുന്ന അതേതരം സംഘടിത അക്രമണമാണ് വിമർശകർക്ക് നേരെ ഇക്കൂട്ടറിൽനിന്നുണ്ടാവുക.

കരയിലെ ഏറ്റവും വലിയ ഒരു ജീവി തനിക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ചുറ്റുപാടുകളോട് മല്ലടിച്ച് മനുഷ്യന്റെ 'സാംസ്‌കാരിക ഭ്രാന്തിന്റെ ' ഇരകളായി ബധിരകർണ്ണങ്ങൾക്ക് മുന്നിൽ നീതിതേടുകയാണ്. ചൂടിനോട് സദാ പൊരുതുന്ന വലിയ കറുത്ത ശരീരമുള്ള ആനയുടെ പാദങ്ങളിൽ മാത്രമാണ് വിയർപ്പുഗ്രന്ഥികൾ ഉള്ളത്. ആന,കാടുകളിൽ ജീവിക്കുന്നത് ജലാശയങ്ങളോട് ചേർന്നുള്ള ഭാഗത്താണ്. മണ്ണും ചെളിയും ശരീരമാകെ വാരിപ്പുതച്ച നിലയില്ലാതെ കാട്ടാനകളെ കണ്ടെത്താൻ കഴിയില്ല. മരത്തണലുകളിലും ചതുപ്പ് നിലങ്ങളിലുമല്ലാതെ അത് ഏറെനേരം നിൽക്കാറില്ല. പാവം നാട്ടാനകളെ നോക്കൂ, കരിവീരപ്പട്ടങ്ങൾ ചാർത്തപ്പെട്ട അവയെ തൊണ്ടുരച്ച് കഴുകി കുട്ടപ്പന്മാരാക്കിയാണ് പൊരിവെയിലത്ത് കുടമാറ്റത്തിനും കൂത്തിനും അണിനിരത്തുന്നത്. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് ഇരുന്നൂറ് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടുന്ന ആനകളാണ് മണിക്കൂറുകളോളം ഉത്സവപ്പറമ്പുകളിൽ വെയിലുകായുന്നതും നിന്നും നടന്നും തളരുന്നതും.

പാട്ടകൊട്ടിയും ചെറിയ പടക്കംപൊട്ടിച്ചുമാണ് കാട്ടാനകളെ തുരത്തുന്നതെങ്കിൽ, കാതടപ്പിക്കുന്ന ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും ആനപ്രേമികൾ അവതരിപ്പിക്കുന്ന പ്രത്യേകതരം കൂക്കിവിളികൾക്കും ഭൂമികുലുക്കുന്ന വെടിക്കെട്ടുകൾക്കും ഇടയിലാണ് നാട്ടാനകളുടെ ഉത്സവക്കാലം! സ്വന്തം ദേഹത്തിൽ ഒരു കാക്കപോലും വന്നിരിക്കാൻ അനുവദിക്കാത്ത പ്രകൃതമാണ് കാട്ടാനയ്ക്കെങ്കിൽ, നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും പിടിച്ച് നാലും അഞ്ചും ആളുകൾ കയറുന്നതും ചേർത്ത് ഏതാണ്ട് ആയിരംകിലോ ഭാരവും ചുമന്നാണ് നാട്ടാനകളുടെ വേഷംകെട്ടലുകൾ. തീക്കൊള്ളി കണ്ടാൽ കാട്ടാന ഓടിമറയുമെങ്കിൽ കത്തിജ്വലിക്കുന്ന തീവെട്ടികൾകൊണ്ടാണ് നാട്ടാനയെ 'എഴുന്നള്ളിക്കുന്നത്'! പുല്ലും മരത്തൊലിയുമൊക്കെയാണ് കാട്ടാനകളുടെ ഭക്ഷണമെങ്കിൽ പനമ്പട്ടയും തെങ്ങോലയും പോലെയുള്ള അസ്വാഭാവിക ഭക്ഷണങ്ങൾ കഴിച്ച് എരണ്ടകെട്ട് പോലെയുള്ള ദഹനസ്തംഭനരോഗങ്ങളിൽ നരകിക്കുകയാണ് നാട്ടാനകളുടെ ജീവിതം. അങ്ങനെ ഓരോ രീതിയിലും നാടിന്റെ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കാട്ടുമൃഗമാണ് ഓരോ ആനയും!

ഒരു സാധുമൃഗത്തിന് സഹിക്കാൻ കഴിയുന്നതിനുമപ്പുറമുള്ളതെല്ലാം മനുഷ്യൻ ആനയോട് ചെയ്യുന്നു. വേദങ്ങളിലോ പുരാണങ്ങളിലോ ഇല്ലാത്ത ആചാരമാണ് ആനയെഴുന്നള്ളത്ത്. സാധാരണ ജനക്കൂട്ടങ്ങളിലും നിന്നും ഉയർന്ന് ആരെയും തൊട്ടും തീണ്ടാതെയും കയറിയിരിക്കാൻ ബ്രാഹ്മണ പൗരോഹിത്യങ്ങൾ കൊണ്ടുവന്നതാകണം ഈ ആചാരം. എണ്ണമറ്റ 'പീഡനാഘോഷങ്ങളെ'ക്കൊണ്ട് പൊറുതിമുട്ടി ആന ഭയന്നോടുകയോ ഇടയുകയോ കലാപകാരിയോ ആകുന്നതിലല്ല പലപ്പോഴും പ്രാണവേദനകളെല്ലാം സഹിച്ച് മെരുങ്ങിനിൽക്കുന്നതിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ!

ഒരു ചോദ്യം ഉറക്കെ ചോദിക്കേണ്ടതുണ്ട് ,കടുക്കുന്ന ഈ വേനൽച്ചൂടിലെങ്കിലും ആ മിണ്ടാപ്രാണികളുടെ നിലവിളി ആരെങ്കിലും കേൾക്കുമോ?


Rajeesh-Palavila