To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Sunday 10 March 2019

കത്തുന്ന വേനൽ ; ആനകളുടെ നിലവിളി ആരു കേൾക്കും ?


Published in Leftclick news 
Link:https://www.leftclicknews.com/news/who-cares-for-the-pain-of-elephants-tortured-in-the-scorching-summer


കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് ദുരന്തനിവാരണസമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അന്തരീക്ഷത്തിലെ ആർദ്രത കുറയുന്നത് സൂര്യാഘാത സാധ്യത കൂട്ടുമെന്നും വെയിലത്ത് പണിയെടുക്കുന്നവരും വെയിൽ കൊള്ളാൻ ഇടയുള്ളവരും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും ധാരാളം വെള്ളംകുടിക്കണമെന്നും വിശ്രമിക്കണമെന്നും അറിയിപ്പുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ സമിതി നിർദ്ദേശിച്ചു. .ചുരുക്കത്തിൽ കേരളം കൂടുതൽ പൊള്ളുകയാണ്. തിളച്ചുമറിഞ്ഞുവരുന്ന ഈ ഉഷ്ണകാലത്താണ് പതിവ്പോലെ കേരളത്തിലെ ഉത്സവങ്ങളും പൂരങ്ങളും നടക്കുന്നത്. ഉത്സവങ്ങൾ കൊഴുപ്പിക്കാൻ മത്സരാവേശത്തോടെ ആനകളെ അണിനിരത്താനുള്ള നെട്ടോട്ടത്തിലാണ് ആഘോഷക്കമ്മിറ്റികളും ആനപ്രേമികളും. നാട്ടാന പരിപാലനത്തിന്റെ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് ആനയുടമകളും ഏജന്റുമാരും.

തീഷ്ണമായിക്കൊണ്ടിരിക്കുന്ന ഈ ഉഷ്ണകാലത്തും ആനകൾക്ക് നേരിടേണ്ടത് കൊടിയ പീഡനങ്ങളാണ്. ആനയിടയുന്നതും ആളുകൾ മരിക്കുന്നതും പുതിയ വാർത്തയല്ലാത്ത കേരളത്തിൽ,ആനകളോടുള്ള ക്രൂരതകളും പീഡനങ്ങളും ആചാരത്തിന്റെയും ആഘോഷത്തിന്റെയും പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ട നാട്ടിൽ, സഹ്യപുത്രന്മാരുടെ നിലവിളി ആരാണ് കേൾക്കുക? ചങ്ങലപൊട്ടിച്ച് മദിച്ചുപായുന്ന ആനപ്രേമികളോട് ഇത് ഉത്സവകാലം മാത്രമല്ലെന്നും,ഉഷ്ണകാലം കൂടിയാണെന്നും ആരാണ് പറയുക? വേനൽ ചൂട് അധികമാകുന്ന പ്രത്യേക സാഹചര്യത്തിൽ പകൽ സമയത്തെങ്കിലും ആനകളെ എഴുന്നള്ളിക്കുന്നത് നിരുപാധികം നിരോധിക്കാൻ ഏത് ഭരണകൂടമാണ് തയ്യാറാകുക?

ആനയെക്കുറിച്ച് ആത്യന്തികമായി പറയേണ്ടത് അതൊരു വന്യമൃഗമാണ് എന്നതാണ്. വളർത്തുമൃഗങ്ങങ്ങളെപ്പോലെ മനുഷ്യന് ഇണക്കി വളർത്താൻ കഴിയുന്ന ജീവിയല്ല ആന. കഠിനമായ പീഡനങ്ങൾക്കൊണ്ടും ഭയപ്പാടുകൾ നൽകിയും മനുഷ്യൻ ഓരോ നിമിഷവും മെരുക്കിനിർത്തുന്ന ആനയുടെ സ്വഭാവം ഏതൊരു കാട്ടുമൃഗത്തെപ്പോലെയും പ്രവചനാതീതമാണ്. ആനകൾ നിറഞ്ഞ ഉത്സവപ്പറമ്പുകൾ സ്ഫോടനാത്മകമാണ്. കേരളത്തിന്റെ ഉത്സവാഘോഷങ്ങളുടെ നാൾവഴികളിൽ ദുരന്തങ്ങളുടെ അനേകം പൊള്ളുന്ന ചിത്രങ്ങളുണ്ട്.

'നാട്ടാന പരിപാലന ചട്ടങ്ങൾ' എന്ന പേരിൽ രൂപീകരിക്കപ്പെട്ട നിയമത്തിന്റെ നിയന്ത്രണങ്ങൾപോലും ആനയെ എങ്ങനെ പരമാവധി ലളിതമായി പീഡിപ്പിക്കാം എന്ന് മാത്രമാണ്. അതുപോലും പൂർണ്ണമായി പാലിക്കാനോ പരിശോധിക്കാനോ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.ആനകളെ ഉത്സവാഘോഷങ്ങൾക്കും മത്സരങ്ങൾക്കും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കാതെ ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. അതാകട്ടെ 'മതവിരുദ്ധമായതും മതവികാരത്തെ വൃണപ്പെടുത്തുന്നതുമായ' ഒന്നായി പ്രതിരോധിക്കപ്പെടുന്നു. ചുരുക്കത്തിൽ മരണംവരെ പീഡനങ്ങൾ സഹിക്കുക എന്നതാണ് നമ്മുടെ അവശേഷിക്കുന്ന നാട്ടാനകളുടെ 'വിധി'!

ആനക്കച്ചടവത്തിന്റെ വലിയൊരു കമ്പോളമാണ് കേരളം.കാട്ടാനകളെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ടെകിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നുണ്ട്. ആനകളെ ലോറികളിൽ കൊണ്ടുപോകാനുള്ള സൗകര്യം വന്നതോടെ ജില്ലകളിൽ നിന്നും ജില്ലകളിലേക്ക് സഞ്ചരിച്ച് വിശ്രമമില്ലാതെ പണിയെടുക്കേണ്ട അവസ്ഥകൂടി വന്നു. പകല്‍ 11നും 3.30നും ഇടയിലുള്ള സമയം ആനയെ എഴുന്നള്ളിക്കാന്‍പാടില്ല എന്നാണ് നിയമം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇടങ്ങളില്‍ പന്തല്‍ കെട്ടി തണലൊരുക്കിയും, ഇടയ്ക്ക് കുടിവെള്ളം നല്‍കിയും 11നും 3.30നും ഇടയില്‍ എഴുന്നള്ളിക്കാന്‍ കളക്ടര്‍ക്ക് പ്രത്യേക അനുവാദം നല്‍കാമെന്നുണ്ട്ഇ ങ്ങനെ പഴുതുകൾ കൊണ്ട് പലരീതിയിൽ ഓരോ നിയമവും റദ്ദ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് ദുഃഖകരമായ സത്യം. അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.

ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായ എഴുന്നള്ളിപ്പിന് ഒരേ ആനയെ ഉപയോഗിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. അല്ലെങ്കില്‍ പരമാവധി ഒരുദിവസം രണ്ട് പ്രാവശ്യമായി നാലുമണിക്കൂര്‍വീതം എഴുന്നള്ളിപ്പിക്കാം. രാത്രി എഴുന്നള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്നും പറയുന്നു. ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കരുതെന്നും നിലവിൽ ആനകളെ ഉപയോഗിക്കുന്ന ഉത്സവങ്ങൾക്ക് ആനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇങ്ങനെ ആനകളെ പീഡിപ്പിക്കുന്നതിന്റെ 'വീര്യം' കുറയ്ക്കാൻ ചട്ടങ്ങൾ അനവധിയുണ്ട്.

ആനകളുടേയും ആളുകളുടേയും സുരക്ഷിതത്വത്തിനുവേണ്ടി ആനപരിപാലന ചട്ടങ്ങളിൽ പറയുന്നത് പാലിക്കപ്പെടുകയോ ക്രിയാത്മകമായി പരിശോധിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നത് പരസ്യമായ കാര്യമാണ്. ആനകൾ നിൽക്കുന്നതിന് ചുരുങ്ങിയത് മൂന്നുമീറ്റർ അകലെമാത്രമേ ആളുകൾ നില്ക്കാൻ പാടുള്ളൂ എന്നതും ആനകൾക്ക് കൃത്യമായ ഇടവേളകളിൽ വെള്ളവും ഭക്ഷണവും കൊടുക്കണമെന്നും വെയിലത്ത് നിൽക്കേണ്ടി വരുന്ന ആനകളെ നനച്ചുകൊടുക്കണമെന്നതുംപോലെയുള്ള പ്രാഥമിക നിർദ്ദേശങ്ങൾപോലും കേരളത്തിലെ എത്ര ഉത്സവങ്ങളിൽ പാലിക്കപ്പെടുന്നുണ്ട്?

സിനിമാതാരങ്ങൾക്ക് എന്നതുപോലെ യൂണിറ്റ് അടിസ്ഥാനത്തിൽ ഫാൻസ്‌ ക്ലബ്ബ്കളുണ്ട് കേരളത്തിലെ ആനകൾക്ക്. തങ്ങളുടെ പ്രിയപ്പെട്ട ആനകൾ എത്തിച്ചേരുന്ന ഉത്സവപ്പറമ്പുകളിൽ കൂറ്റൻ ഫ്ലെക്സ് ബോർഡുകളും ഗംഭീരമായ സ്വീകരണങ്ങളുമാണ് ഇവർ ഒരുക്കുന്നത്. താടയ്ക്ക് കുത്തിയും തട്ടിപൊക്കിയും അവ തലപൊക്കിപ്പിടിച്ച് നിൽക്കേണ്ടിവരുന്നത് ക്യാമറകളിൽ പകർത്തി ഊറ്റംകൊള്ളുന്ന ഇവർ ആനപ്രേമികളെന്നാണ് അറിയപ്പെടുന്നത്. ആനകൾ വിരണ്ടോടുന്നതും ആളുകളെ ആക്രമിക്കുന്നതുമൊക്കെ അവരെ സംബന്ധിച്ച് 'ആനകളുടെ കുറുമ്പ്' മാത്രമാണ്. രണ്ടിലധികം ആനകളുള്ളിടത്ത് ഏതെങ്കിലും ആനയിടഞ്ഞാൽ ഇടഞ്ഞ ആനയ്ക്ക് പ്രധാന തിടമ്പ് കൊടുക്കാഞ്ഞതിന്റെ 'പിണക്കമാണ്' എന്നൊക്കെയുള്ള കുയുക്തികളാണ് ഇത്തരം ആനപ്രേമി സംഘങ്ങൾ പടച്ചുവിടുന്നത്. ആനകൾ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് പറഞ്ഞാൽ സിനിമാനടന്മാരെ ആരെങ്കിലും വിമർശിക്കുമ്പോൾ ഫാൻസ്‌ നടത്തുന്ന അതേതരം സംഘടിത അക്രമണമാണ് വിമർശകർക്ക് നേരെ ഇക്കൂട്ടറിൽനിന്നുണ്ടാവുക.

കരയിലെ ഏറ്റവും വലിയ ഒരു ജീവി തനിക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ചുറ്റുപാടുകളോട് മല്ലടിച്ച് മനുഷ്യന്റെ 'സാംസ്‌കാരിക ഭ്രാന്തിന്റെ ' ഇരകളായി ബധിരകർണ്ണങ്ങൾക്ക് മുന്നിൽ നീതിതേടുകയാണ്. ചൂടിനോട് സദാ പൊരുതുന്ന വലിയ കറുത്ത ശരീരമുള്ള ആനയുടെ പാദങ്ങളിൽ മാത്രമാണ് വിയർപ്പുഗ്രന്ഥികൾ ഉള്ളത്. ആന,കാടുകളിൽ ജീവിക്കുന്നത് ജലാശയങ്ങളോട് ചേർന്നുള്ള ഭാഗത്താണ്. മണ്ണും ചെളിയും ശരീരമാകെ വാരിപ്പുതച്ച നിലയില്ലാതെ കാട്ടാനകളെ കണ്ടെത്താൻ കഴിയില്ല. മരത്തണലുകളിലും ചതുപ്പ് നിലങ്ങളിലുമല്ലാതെ അത് ഏറെനേരം നിൽക്കാറില്ല. പാവം നാട്ടാനകളെ നോക്കൂ, കരിവീരപ്പട്ടങ്ങൾ ചാർത്തപ്പെട്ട അവയെ തൊണ്ടുരച്ച് കഴുകി കുട്ടപ്പന്മാരാക്കിയാണ് പൊരിവെയിലത്ത് കുടമാറ്റത്തിനും കൂത്തിനും അണിനിരത്തുന്നത്. ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് ഇരുന്നൂറ് ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടുന്ന ആനകളാണ് മണിക്കൂറുകളോളം ഉത്സവപ്പറമ്പുകളിൽ വെയിലുകായുന്നതും നിന്നും നടന്നും തളരുന്നതും.

പാട്ടകൊട്ടിയും ചെറിയ പടക്കംപൊട്ടിച്ചുമാണ് കാട്ടാനകളെ തുരത്തുന്നതെങ്കിൽ, കാതടപ്പിക്കുന്ന ചെണ്ടമേളത്തിനും പഞ്ചവാദ്യത്തിനും ആനപ്രേമികൾ അവതരിപ്പിക്കുന്ന പ്രത്യേകതരം കൂക്കിവിളികൾക്കും ഭൂമികുലുക്കുന്ന വെടിക്കെട്ടുകൾക്കും ഇടയിലാണ് നാട്ടാനകളുടെ ഉത്സവക്കാലം! സ്വന്തം ദേഹത്തിൽ ഒരു കാക്കപോലും വന്നിരിക്കാൻ അനുവദിക്കാത്ത പ്രകൃതമാണ് കാട്ടാനയ്ക്കെങ്കിൽ, നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടയും പിടിച്ച് നാലും അഞ്ചും ആളുകൾ കയറുന്നതും ചേർത്ത് ഏതാണ്ട് ആയിരംകിലോ ഭാരവും ചുമന്നാണ് നാട്ടാനകളുടെ വേഷംകെട്ടലുകൾ. തീക്കൊള്ളി കണ്ടാൽ കാട്ടാന ഓടിമറയുമെങ്കിൽ കത്തിജ്വലിക്കുന്ന തീവെട്ടികൾകൊണ്ടാണ് നാട്ടാനയെ 'എഴുന്നള്ളിക്കുന്നത്'! പുല്ലും മരത്തൊലിയുമൊക്കെയാണ് കാട്ടാനകളുടെ ഭക്ഷണമെങ്കിൽ പനമ്പട്ടയും തെങ്ങോലയും പോലെയുള്ള അസ്വാഭാവിക ഭക്ഷണങ്ങൾ കഴിച്ച് എരണ്ടകെട്ട് പോലെയുള്ള ദഹനസ്തംഭനരോഗങ്ങളിൽ നരകിക്കുകയാണ് നാട്ടാനകളുടെ ജീവിതം. അങ്ങനെ ഓരോ രീതിയിലും നാടിന്റെ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കാട്ടുമൃഗമാണ് ഓരോ ആനയും!

ഒരു സാധുമൃഗത്തിന് സഹിക്കാൻ കഴിയുന്നതിനുമപ്പുറമുള്ളതെല്ലാം മനുഷ്യൻ ആനയോട് ചെയ്യുന്നു. വേദങ്ങളിലോ പുരാണങ്ങളിലോ ഇല്ലാത്ത ആചാരമാണ് ആനയെഴുന്നള്ളത്ത്. സാധാരണ ജനക്കൂട്ടങ്ങളിലും നിന്നും ഉയർന്ന് ആരെയും തൊട്ടും തീണ്ടാതെയും കയറിയിരിക്കാൻ ബ്രാഹ്മണ പൗരോഹിത്യങ്ങൾ കൊണ്ടുവന്നതാകണം ഈ ആചാരം. എണ്ണമറ്റ 'പീഡനാഘോഷങ്ങളെ'ക്കൊണ്ട് പൊറുതിമുട്ടി ആന ഭയന്നോടുകയോ ഇടയുകയോ കലാപകാരിയോ ആകുന്നതിലല്ല പലപ്പോഴും പ്രാണവേദനകളെല്ലാം സഹിച്ച് മെരുങ്ങിനിൽക്കുന്നതിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ!

ഒരു ചോദ്യം ഉറക്കെ ചോദിക്കേണ്ടതുണ്ട് ,കടുക്കുന്ന ഈ വേനൽച്ചൂടിലെങ്കിലും ആ മിണ്ടാപ്രാണികളുടെ നിലവിളി ആരെങ്കിലും കേൾക്കുമോ?


Rajeesh-Palavila

Sunday 23 September 2018

ഇന്ത്യൻ കുടുംബവ്യവസ്ഥ നടത്തുന്ന ഭ്രൂണഹത്യകൾ:

ഇന്ത്യൻ കുടുംബവ്യവസ്ഥ നടത്തുന്ന ഭ്രൂണഹത്യകൾ:
രജീഷ് പാലവിള ,തായ് ലാൻഡ്.

തമിഴ്‌നാട്ടിൽ മധുരൈ ജില്ലയിലെ ഉസിലാംപെട്ടിയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിന് ഗർഭിണിയായിരുന്ന ഒരു സ്ത്രീ മരണപ്പെട്ട വാർത്ത നമ്മുടെ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്ന ഭ്രൂണഹത്യയുടെ ദാരുണമായ ഒരു ദുരന്തചിത്രമാണ് വരച്ചിടുന്നത്.മൂന്നു പെൺകുട്ടികളുടെ അമ്മയായ ഇരുപത്തിയെട്ട്കാരിയായ സ്ത്രീ തന്റെ നാലാമത്തെ കുഞ്ഞിനെ ഏഴുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് നിയമവിരുദ്ധമായ ഗർഭച്ഛിദ്രത്തിനിടയിൽ 'കൊല്ലപ്പെടുന്നത്'. സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണം ആരെയും ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്.

ഉസിലാംപെട്ടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക്വേണ്ടി എത്തിയ സ്ത്രീയോട് ആശുപത്രിയിലെ ജ്യോതിലക്ഷ്മി എന്ന ഒരു നഴ്സ് സ്കാനിംഗ് റിപ്പോർട്ട് പരിശോധിച്ചിട്ട് ഗർഭസ്ഥശിശു പെണ്കുട്ടിയാണെന്ന് പറഞ്ഞു.തന്റെ കുടുംബത്തിൽ വീണ്ടും ഒരുപെൺകുട്ടി പിറക്കാൻ പോകുന്നു എന്നത് യുവതിയെ അസ്വസ്ഥപ്പെടുത്തിയിരിക്കണം.ആശുപത്രിയിലെ ഡോക്ടറോട് ലിംഗനിർണ്ണയവും ഗർഭച്ഛിദ്രവും ആവശ്യപ്പെട്ടപ്പോൾ നിയമവിരുദ്ധമായത് ചെയ്യാൻ കഴിയില്ലെന്നും കുഞ്ഞിന് ഏഴുമാസം പ്രായമുള്ളതുകൊണ്ട് അപകടമാണെന്നും ഡോക്ട്ടർ ഉപദേശിക്കുകയും അവരെ നിരുത്സാഹപെടുത്തുകയും ചെയ്തു.എന്നാൽ ജ്യോതിലക്ഷ്മി നഴ്സ് ഡോക്ടർ അറിയാതെ അവരെ ''സഹായിക്കാൻ'' സജ്ജമായി.ഗർഭഛിദ്രത്തിനുള്ള ഇഞ്ചക്‌ഷൻ എടുത്താൽ മതിയെന്നും വളരെ വർഷമായി പ്രവർത്തനപരിചയമുള്ള ആളെന്ന നിലയിൽ തനിക്ക് അത് ചെയ്യാൻ കഴിയുമെന്നും പതിനയ്യായിരം രൂപമാത്രമേ ചിലവ് വരികയുള്ളൂ എന്നും അവർ അവരെ ധരിപ്പിച്ചു.ഗർഭിണിയായ ആ യുവതി തന്റെ ഒരു ബന്ധുവിനെയുംകൂട്ടി നഴ്‌സിന്റെ വീട്ടിൽ ചെല്ലുകയും അവർ നടത്തിയ കുത്തിവയ്പ്പിനെതുടർന്ന് യുവതി മരണപ്പെടുകയും ചെയ്തു!

സെപ്റ്റംബർ പത്തൊമ്പത് ബുധനാഴ്ച ഉസിലാംപെട്ടി രാജാജി സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോ ർട്ടത്തിൽ അവരുടെ ഗർഭത്തിൽ വളർന്നത് ആൺകുഞ്ഞായിരുന്നു എന്ന് തെളിയുകയും ചെയ്തു !ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയവും ഗർഭഛിദ്രവും നിയമപരമായി കുറ്റകരമാണെന്ന് അറിയാത്ത ഒരാളായിരിക്കില്ല ആശുപത്രിയിലെ ഒരു നഴ്സ്.ജ്യോതിലക്ഷ്മി എന്ന നഴ്‌സിന്റെ അജ്ഞതയും പണക്കൊതിയുമാണ് രണ്ടു ജീവനുകൾ നശിപ്പിക്കപ്പെടാൻ ഇടയാക്കിയത്.മരണപ്പെട്ട യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിന്മേൽ വിവിധവകുപ്പുകൾ ചുമത്തി നഴ്‌സിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുപക്ഷെ അവർ ഇതിനുമുൻപും ഇങ്ങനെ നിയമവിരുദ്ധ ഗർഭച്ഛിദ്രത്തിനുള്ള സമാന്തരസഹായശക്തിയായി പ്രവർത്തിക്കുകയും പണംഉണ്ടാക്കുകയും ചെയ്തിട്ടുണ്ടാകാം.അത് അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.

തമിഴ് നാട്ടിലെ പെൺഭ്രൂണഹത്യകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച നാടാണ് ഉസിലാംപെട്ടി.ഈ സംഭവം ആ യുവതിയുടെ മരണത്തോടെയാണ് പുറംലോകമറിഞ്ഞത്.അറിയപ്പെടാതെ ശിശുകൊലപാതകങ്ങൾ എത്രയോ നടക്കുന്നുണ്ടെന്നത് ഇത്തരം ഓരോ സംഭവങ്ങളിൽ നിന്നും അനുമാനിക്കാം.ഇങ്ങനെ നഴ്‌സുമാരും മറ്റ് ആശുപത്രിജീവനക്കാരും പണക്കൊതിയന്മാരായ ഡോക്ടർമാരും വ്യാജവൈദ്യന്മാരും നാട്ടുചികിത്സകരും മന്ത്രവാദികളും ജ്യോതിഷികളുമൊക്ക 'പെൺകുഞ്ഞുങ്ങളെ കൊന്നുകൊടുക്കും' എന്നിങ്ങനെ അത്രവേഗം എല്ലാവർക്കും കണ്ടുപിടിക്കാൻ കഴിയാത്ത 'അത്ഭുതബോർഡുകളും' തൂക്കി രാജ്യത്തെങ്ങും കച്ചവടം നടത്തുന്നുണ്ട്.റിപ്പോർട്ട് ചെയ്യപ്പെടുന്നതിലും കൂടുതലാണ് ഇന്ത്യയിലെ ഭ്രൂണഹത്യകൾ എന്നത് ഐക്യരാഷ്ട്ര സഭയുടേത് ഉൾപ്പടെ അനവധി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭ്രൂണഹത്യയ്ക്ക് 'മെഡിക്കൽ' സഹായം ചെയ്യുന്നവർ മാത്രമല്ല ,നമ്മുടെ പുരുഷാധിപത്യ സാമൂഹികഘടനയ്ക്കും ആണധികാരസംസ്‌കാരത്തിനും ഇതിൽ കുറ്റകരമായ പങ്കുണ്ട്.അതിന്റെ ഉപോല്പന്നങ്ങളായ, കുടുംബം പെൺകുഞ്ഞുങ്ങളോട് പുലർത്തുന്ന നിഷേധമനോഭാവവും വിവാഹമാർക്കറ്റിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള മുൻവിധികളും ആശങ്കളും ദാരിദ്രവും അജ്ഞതയും തുടങ്ങി നമുക്ക് വിവരിക്കാൻ കഴിയുന്ന അനേകം ഘടകങ്ങളാൽ തെറ്റായ തീരുമാനം എടുക്കാൻ നിര്ബന്ധിക്കപ്പെടുന്ന 'ഒരു ശരാശരി ഇന്ത്യൻ കുടുംബവ്യവസ്ഥ'യുടെ സമ്മർദ്ദം കൂടിയാണ് ഇത്തരം ഓരോ സംഭവങ്ങളിലേയും പൈശാചികമായ അദൃശ്യകരങ്ങൾ!

ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ ലോകമെമ്പാടും നടക്കുന്ന പെൺഭ്രൂണഹത്യകളെക്കുറിച്ച് നടത്തിയ പഠനത്തിൽ ലോകത്തേറ്റവുമധികം പെൺഭ്രൂണഹത്യകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കണക്കുകൾ നിരത്തിപ്പറയുന്നു.രണ്ടായിരത്തി ഒന്നിൽ ഇന്ത്യയിലെ ആറ് വയസ്സിനു താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ എണ്ണം 78.83 ലക്ഷമായിരുന്നെങ്കിൽ രണ്ടായിരത്തി പതിനൊന്നിൽ അത് 75.85 ലക്ഷമായി കുറഞ്ഞു! ദേശീയ ആരോഗ്യ-കുടുംബ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിയമവിരുദ്ധമായ അബോർഷൻ രാജ്യത്ത് കണക്കില്ലാതെ നടക്കുന്നു എന്നുള്ളതാണ്.റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ, സുരക്ഷിതമല്ലാത്ത അബോർഷൻമൂലംമാത്രം ലക്ഷകണക്കിന് സ്ത്രീകൾ മരണപ്പെടുകയോ ഗർഭധാരണത്തിന് ശേഷിയില്ലാത്തവരോ ആയിതീരുന്നുണ്ട് . ഹരിയാന,രാജസ്ഥാൻ,ബീഹാർ,ഉത്തർപ്രദേശ്,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പെൺകുഞ്ഞുങ്ങളുടെ ശവപ്പറമ്പുകളാണ്.ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സമാന്തരകോടതികളായി പ്രവർത്തിക്കുന്ന ഖാപ്പ് പഞ്ചായത്തുകൾക്ക് കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള ഈ വിശുദ്ധകൊലപാതകങ്ങളിൽ കുറ്റകരമായ പങ്കുണ്ടെന്നത് രാജ്യത്ത് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളതാണ്.

ഇന്ത്യൻ പീനൽ കോഡ്(1860) സെക്ഷൻ 312 അനുസരിച്ച് 1971 വരെ  ഗർഭച്ഛിദ്രം ഇന്ത്യയിൽ ക്രിമിനൽ കുറ്റമായിരുന്നു.എന്നാൽ 1971ൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (MTP) അബോർഷന് ചില നിയമസാധുതകൾ നൽകുകയുണ്ടായി. അതനുസരിച്ച്  മാതാവിന്റെ ജീവനോ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനോ വെല്ലുവിളിയാകുമെങ്കിൽ ഗർഭച്ഛിദ്രം അനുവദനീയമെന്നുണ്ട്.ഗർഭസ്ഥശിശുവിന് ഇരുപത് ആഴ്ചകൾക്ക് മുകളിൽ പ്രായമുണ്ടെങ്കിൽ അബോർഷൻ പാടില്ലെന്നും ഈ നിയമം പറയുന്നു.ഇതിന്റെ മറവിൽ ഡോക്ടർമാരെ സ്വാധീനിച്ച് ലിംഗനിർണ്ണയം നടത്തി അബോർഷൻ നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.സർക്കാർ ആശുപത്രികളിൽ അംഗീകൃത ഡോക്ടർമാർക്ക് മാത്രമായിരുന്നു ഇത്തരത്തിൽ അബോർഷൻ നടത്താനുള്ള അനുവാദം .ക്രമേണ ഈ നിയമത്തിൽ വന്ന അനേകം ഭേദഗതികൾ സ്വകാര്യമേഖലയ്ക്കും നിബന്ധനകളോടെ അബോർഷൻ ചെയ്യുന്നതിനുള്ള അംഗീകാരമായി.1994ലെ ഗർഭചികിത്സാസംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ  (The Prenatal Diagnostic Techniques (Regulation
and Prevention of Misuse) Act (PNDT Act)പിന്നീട് കൊണ്ടുവന്ന കൂട്ടിച്ചേർക്കൽ അനുസരിച്ച്  ലിംഗനിർണ്ണയ പരിശോധന നടത്തുന്നത് കുറ്റകരമാണെന്നും പരിശോധനകളിൽ ലിംഗനിർണ്ണയ പരസ്യം നൽകുന്നതും കർശനമായി വിലക്കുന്നുണ്ട് .ഇന്ത്യയിലെ ജനസംഖ്യാ നിരീക്ഷണ സമിതിയുടെ(PRC) കണക്കനുസരിച്ച് രണ്ടായിരത്തിനും രണ്ടായിരത്തി പതിന്നാലിനുമിടയിൽ ഇത്തരത്തിൽ ലിംഗനിർണ്ണയ അബോർഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏതാണ്ട് ഒരുകോടി ഇരുപത്തിയെട്ടുലക്ഷത്തോളം കേസുകളാണ്.നാഷണൽ ക്രൈം ബ്യുറോ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് അബോർഷനാണ് ഇന്ത്യയിൽ ഇങ്ങനെ പ്രതിവർഷവും നടക്കുന്നത്.ഭ്രൂണം പെൺകുഞ്ഞാണ്‌ എന്നുറപ്പുവരുത്തി ആശുപത്രികളുടേയും ഡോക്ടർമാരുടേയും ഒത്താശയോടെ നടത്തുന്ന ഇത്തരം 'നിയമപരമായ കൊലപാതകം' പെൺകുഞ്ഞുങ്ങളുടെ ജന്മാവകാശത്തിന്മേലുള്ള ഏറ്റവും ക്രൂരമായ മനുഷ്യാവകാശലംഘനമാണ്.MTP ആക്ടിന്റെ നിയമഭേദഗതിയുടെ കുറ്റകരമായ ദുരുപയോഗമാണിത് എന്നാണ് ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ളവർ പറയുന്നത്.ബേട്ടി ബച്ചാവോ പോലെയുള്ള പലബോധവൽക്കരണ പരിപാടികളും പദ്ധതികളും സർക്കാർ കൊണ്ടുവരുന്നെങ്കിലും പെൺകുട്ടികളോടുള്ള ഇന്ത്യയുടെ 'സാംസ്‌കാരിക മനോരോഗത്തെ' അത്രപെട്ടെന്നൊന്നും ചികിത്സിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന പെൺഭ്രൂണഹത്യകളും പീഡനങ്ങളും മനുഷ്യക്കടത്തുകളും ഓർമ്മപ്പെടുത്തുന്നു!

നിയമപരമായ വിലക്കുകളും ഡോക്ടർമാരുടെ നിസ്സഹകരണവുംമൂലം പലരാജ്യങ്ങളിൽ നിന്നും അമേരിക്ക,മെക്സിക്കോ, തായ്‌ലാൻഡ് തുടങ്ങി ലിംഗനിർണ്ണയമോ ഗർഭച്ഛിദ്രമോ കുറ്റകരമല്ലാത്ത രാജ്യങ്ങളിലേക്ക്പോയി അബോർഷൻ ചെയ്യുന്നവരുടെ എണ്ണവും വർദ്ദിക്കുന്നതായി പഠനങ്ങൾ പറയുന്നു.ഇന്ത്യക്കാർ ഇതിൽ ഏറ്റവുമധികം ആശ്രയിക്കുന്നത് തായ്ലാൻഡാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്നവരാണ് ഇത്തരം 'റീപ്രൊഡക്റ്റിവ് ടുറിസത്തിന്റെ' ഉപഭോക്താക്കൾ.ദരിദ്രരും നിരക്ഷരരും ആയവർക്കിടയിലാകട്ടെ സ്ഥലത്തെ ദിവ്യന്മാർ മുതൽ ആശുപത്രിജീവനക്കാർവരെ സഹായഹസ്തവുമായി നിൽക്കുന്നു.കുടുംബത്തിൽ ഒരു പെണ്ണിന്റെ ഗർഭം പെൺകുഞ്ഞാണ് എന്ന് ഏതെങ്കിലും ജ്യോതിഷിയോ മന്ത്രവാദിയോ ഗണിച്ചുപറഞ്ഞാൽ അതോടെ അതിനെ ഏതുവിധത്തിലും വകവരുത്താനുള്ള തത്രപ്പാടാണ്.കുഞ്ഞിന്റെ ലിംഗനിർണ്ണയത്തിൽ പിതാവിനാണ് മാതാവിനേക്കാളും പങ്കെന്നിരിക്കെ ആധുനികസമൂഹത്തിലും അന്ധവിശ്വാസങ്ങളും കുടുംബവിചാരണകളും സ്ത്രീയെ പ്രതിക്കൂട്ടിൽ നിര്ത്തുന്നു.പെൺകുഞ്ഞിനെ പ്രസവിക്കുന്നവൾ 'പാപിയായും' കുലദ്രോഹിയായും മുദ്രകുത്തപ്പെടുന്നു.

വ്യവസ്ഥാപിത കുടുംബസംവിധാനങ്ങളും സംഘടിതമതങ്ങളും ഖാപ്പ്കോടതികളും സ്ത്രീധന സമ്പ്രദായങ്ങളും ഇന്ത്യയിലെ ഓരോ പെൺകുഞ്ഞിനെയും ജനനം മുതൽ മരണംവരെ വേട്ടയാടുന്നു.നിയമങ്ങൾകൊണ്ടുമാത്രം ഇല്ലാതെയാക്കാൻ കഴിയുന്നതല്ല ഇതൊന്നും.
നിയമങ്ങൾ നടപ്പാക്കപ്പെടുന്നതിലുള്ള ഉദാസീനതകളും പഴുതുകളും പ്രാകൃതമായ സാമൂഹികബോധവും വലിയ വിലങ്ങുതടികളാണ്.ഫലപ്രദമായ ബോധവൽക്കരണവും വിദ്യാഭ്യാസവും സുശക്തമായ നിയമപരിരക്ഷയും ഉണ്ടാകാതെ ഇന്ത്യയ്ക്ക് ഈ കളങ്കത്തിൽ നിന്നും മോചനമില്ല.അതിനുവേണ്ടി പ്രവർത്തിക്കുവാനും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ലിംഗനീതിക്ക് വേണ്ടി നിലകൊള്ളുവാനും ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം.അങ്ങനെ ആകുമെന്ന് പ്രത്യാശിക്കാം !

Thursday 20 September 2018

ഏകീകൃത സിവിൽ കോഡ്

ഏകീകൃത സിവിൽ കോഡ് 
രജീഷ് പാലവിള 


image.png


ഏകീകൃത സിവിൽകോഡ് എന്ന് കേൾക്കുമ്പോഴേ ഇതാണോ ഇന്ത്യയുടെ ഏറ്റവും വലിയ സാമൂഹികപ്രശ്നം  എന്നാണ് ചിലർ ചോദിക്കുന്നത്.ഇങ്ങനെ ചോദിക്കുന്നത് കേട്ടാൽ  മറ്റുള്ള സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് ഇവരെന്ന്  തോന്നിപ്പോകും!ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തെ അങ്ങേയറ്റം നിസ്സാരവൽക്കരിക്കുക എന്നത് മാത്രമാണ്ചോദ്യത്തിന് പിന്നിലെ മതോൽപ്പന്നമായ ചേതോവികാരം.രാജ്യത്ത് നിലവിലുള്ള വിവിധ വ്യക്തിനിയമങ്ങളിൽ വിവാഹംവിവാഹമോചനംപിന്തുടർച്ചാവകാശം,ദത്തെടുക്കൽ ,ജീവനാംശം തുടങ്ങി പല കാര്യങ്ങളിലും അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട് എന്നിടത്താണ് ഏകീകൃത സിവിൽ നിയമത്തിന്റെ പ്രസക്തി.രാജ്യത്തിലെ വിവിധ കോടതികളിലായി നീതിക്കുവേണ്ടി കാത്തുകഴിയുന്ന അനേകായിരങ്ങൾക്ക് വേണ്ടി പലതും ഉടച്ചുവർക്കേണ്ടതുണ്ടെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ടത് ഓരോരുത്തരുടേയും കടമയാണ് എന്നുമോർക്കുമ്പോൾ ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ഏതൊരു നീക്കവും പ്രസക്തവും പ്രധാനവുമാണ്.

2016 ഒക്റ്റോബറിലാണ്  ദേശീയ നിയമക്കമ്മീഷൻ പൊതു സിവിൽ നിയമത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടത്.നീണ്ട രണ്ടുവർഷത്തിനുശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പതാം തീയതി കമ്മീഷൻ സമർപ്പിച്ച അന്തിമറിപ്പോർട്ട് പറയുന്നത് നിലവിലുള്ള വ്യക്തിനിയമങ്ങളിലെ അപാകതകളും ലിംഗഅസമത്വങ്ങളും പരിഹരിക്കണമെന്നാണ്.ഏകീകൃത സിവിൽ കോഡ് ഇപ്പോൾ അഭിലഷണീയമല്ലെന്നും നിയമക്കമ്മീഷൻ പറയുന്നു.സത്യത്തിൽ ഇതൊരു വിചിത്രവാദമായിട്ടാണ് തോന്നിയത്.നിലവിലുള്ള വ്യക്തിനിയമങ്ങളിൽ ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീസമത്വവും അവകാശങ്ങളും പാലിക്കപ്പെടുന്നില്ല എന്ന് സമ്മതിക്കുന്ന കമ്മീഷൻ ഏകീകൃതസിവിൽ നിയമത്തിന്റെ സാധ്യതയെ എന്തുകൊണ്ട് തള്ളിക്കളയുന്നു എന്ന് മനസ്സിലാകുന്നില്ല.നിലവിലുള്ള വ്യക്തിനിയമങ്ങൾ എല്ലാം തന്നെ പരിഷ്കരിക്കണമെന്നും കുടുംബങ്ങളിലുള്ള ലിംഗപരമായ അസമത്വങ്ങൾ തിരുത്തണമെന്നും കമ്മീഷൻ പറയുകയും ചെയ്യുന്നുണ്ട്.അതായത് ഒരു പൊളിച്ചെഴുത്ത് ആവിശ്യമാണ് എന്ന് അടിവരയിട്ട് പറയുന്നുണ്ട്.പക്ഷെ ഏകീകൃത സിവിൽ കോഡ് അനാവശ്യമാണ് എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. വ്യക്തി നിയമങ്ങൾ പരിഷ്കരിച്ച് ലിംഗനീതി ഉറപ്പുവരുത്തുക എന്നത് അത് ഏകീകരിക്കുക എന്നത് തന്നെയാണ്.കാരണം ലിംഗനീതി എന്നത് മതയുക്തിവച്ചല്ല,ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നിർവ്വചിക്കപ്പെടുന്നത്!

ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്ത് പ്രശ്നമാണുള്ളത്?

ഭരണഘടനാപരമായ പൗരാവകാശമാണ് മാനദണ്ഡമെങ്കിൽ പൊതുകാര്യങ്ങളിൽ ഒരൊറ്റനിയമമാണ് വരേണ്ടത് എന്നത് സാമാന്യയുക്തിക്ക് ബോധിക്കുന്നതാണ്.സിവിൽ നിയമങ്ങൾ ഏകീകരിക്കപ്പെടുകവഴി  മതപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രത്തോളം സത്യമാണ്?.ഇന്ത്യയിൽ ഒരു ഏകീകൃത സിവിൽ നിയമമുണ്ടെന്ന് പറയാവുന്ന ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്ത് പ്രശ്നമാണുള്ളത്?മതം നിർവച്ചിട്ടുള്ള ധാർമ്മിക നിയമങ്ങളിൽമേൽ നീതി നടപ്പാക്കുമ്പോൾ ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് രാജ്യത്തെ കോടതികളിൽ നീതിക്കുവേണ്ടി നെട്ടോട്ടമോടുന്നവരുടെ നീണ്ട നിര!ഏകീകൃത സിവിൽ നിയമത്തിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ കുടുംബനിയമങ്ങളിലെ വിവേചനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി തിരുത്തലുകൾക്ക് നിർദ്ദേശിച്ചുകൊണ്ട് റിപ്പോർട്ട് മടക്കുമ്പോൾ ഏറ്റെടുത്ത ദൗത്യത്തോട് എന്ത് നീതിപുലർത്തി എന്ന് പരിശോധിക്കേണ്ടതുണ്ട്.വ്യക്തിനിയമങ്ങളിൽ  പ്രശ്നങ്ങളുണ്ടെന്ന് ആർക്കും സംശയമില്ല,അതെല്ലാം ദൂരീകരിച്ച് എല്ലാ പൗരന്മാർക്കും ബാധകമായ ഒരു പൊതുനിയമം സൃഷ്ടിക്കുന്നത് അതി സങ്കീർണ്ണമായ ഒരു പ്രശ്നമായി ഉയർത്തിക്കാണിക്കുന്നതിന്റെ നേട്ടമെന്താണ്?എന്തുകൊണ്ട് 'ഒരു ഗോവൻ മാതൃകഎല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാവുന്നില്ല.എന്തുമറുപടിയാണ് ഈ ചോദ്യത്തിന് നൽകാനുള്ളത്.

ഇതുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ ചോദ്യാവലി പ്രസിദ്ധീകരിച്ച കാലത്ത്തന്നെ ചില മുൻവിധികളോടെയാണ് കമ്മീഷൻ നീങ്ങിയത്.ഒരു വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ നിയമക്കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ബൽബീർ സിംഗ് ചൗഹാൻ പറഞ്ഞത് വ്യക്തിനിയമങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും ഏകീകൃത നിയമം സാധ്യമല്ലെന്നുമാണ്.ഭരണഘടനയുടെ നാൽപ്പത്തി നാലാം അനുച്ഛേദത്തിലെ നിർദ്ദേശകതത്ത്വമായ ഏകീകൃത സിവിൽ നിയമം നടപ്പാക്കാൻ രാജ്യം പരിശ്രമിക്കണം എന്ന നിർദ്ദേശത്തെ ഇക്കാലമത്രയും തടഞ്ഞുവച്ചിരിക്കുന്നത് മതസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാലംഘനം എന്ന നിലയ്ക്കാണ്.ഡോ.ബി.ആർ.അംബേദ്ക്കർ മുതൽ ഇന്ത്യയിലെ അനേകം നിയമവിദഗ്ദരായ ജഡ്ജിമാരും അഭിഭാഷകരും പറഞ്ഞിട്ടുള്ളത് മേൽ നിർദ്ദേശക തത്ത്വം നിയമമാക്കുന്നത് കൊണ്ട് മതപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നാണ്.മറിച്ച് മതയുക്തിയുടേയും മതം നിർവ്വചിച്ച ധാർമ്മികതയുടേയും അടിസ്ഥാനത്തിൽ നീതിയെ നിർവ്വചിക്കുമ്പോൾ ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന പല അടിസ്ഥാന അവകാശങ്ങളും ലംഘിക്കപ്പെടുന്നുണ്ട് എന്നതാണ്.ഒരു പുരോഗമനസമൂഹം ഏകീകൃത സിവിൽ കോഡിനെ കുറിച്ച് ചിന്തിക്കണമെന്ന് ആവർത്തിച്ച് പറയുന്നത് അതുകൊണ്ടാണ് . 
കമ്മീഷന്റെ ചോദ്യാവലിയിൽ ഏറ്റവും അധികം വിയോജിപ്പ് രേഖപ്പെടുത്തപ്പെട്ട മുത്തലാഖ്‌ സംബന്ധിച്ച് പിൽക്കാലത്ത് അത് നിരോധിച്ചുകൊണ്ട് ലോകസഭ നിയമം പാസ്സാക്കിയിട്ടുണ്ട്.രാജ്യസഭയുടെ പരിഗണനയിലാണ് നിലവിൽ അതുള്ളത്.പക്ഷെ അതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിച്ചു എന്ന് പറയാനാവില്ല.സ്വത്തവകാശത്തിലും ദത്തെടുക്കലിലിലും ഒക്കെ വിവിധ വ്യക്തിനിയമങ്ങൾ പലതരം പൗരന്മാരെ സൃഷ്ടിക്കുന്നുണ്ട്.കമ്മീഷൻ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

ഏകീകൃത സിവിൽ കോഡ് സംഘപരിവാർ അജണ്ടയോ?

പൊതു സിവിൽ നിയമത്തെക്കുറിച്ചുള്ള ചർച്ചകളും ചുവടുകളും ഈ രാജ്യത്ത് ആദ്യത്തെ സംഭവമല്ല.ഓരോ കാലത്തും അതിനെ ഓരോ രീതിയിൽ എതിർക്കാനും ഒരു നിയമമായി മാറുന്നതിൽ നിന്നും തടുക്കാനും സംഘടിത മതങ്ങളും പൗരോഹിത്യവും വർഗ്ഗീയവാദികളും പരിശ്രമിച്ചിട്ടുണ്ട്.ഓരോ കാലത്തും അവർ അതിനായി ന്യായവാദങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.2014ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായി അധികാരത്തിൽ ഇരിക്കുന്ന ബിജെപി സർക്കാർ അതുമായി ബന്ധപ്പെട്ട് നീങ്ങിയപ്പോൾ ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ഹിന്ദു കോഡ് കൊണ്ടുവരാനുള്ള അജണ്ടയാണ് എന്ന പ്രചരണമാണ് ശക്തമാകുന്നത്.അനവധി ഹിന്ദുധ്രുവീകരണ പ്രവർത്തനങ്ങൾക്കും പശുവിന്റെ പേരിലുള്ള ആൾക്കൂട്ടവിചാരണകൾക്കും ഒളിഞ്ഞും തെളിഞ്ഞും ഒത്താശ നൽകുന്ന ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത് .സ്വാഭാവികമായും രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് പല ആശങ്കകളും ഇവിടെയുണ്ട് .അതൊന്നും നിഷേധിക്കുന്നില്ല.പക്ഷെ അതുകൊണ്ടെല്ലാം ഏകീകൃത സിവിൽ കോഡ് ഹിന്ദു കോഡായി മാറുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?ഹിന്ദുകോഡ് അടിച്ചേൽപ്പിക്കാൻ  മാത്രം ഈ രാജ്യത്തെ നിയമവ്യവസ്ഥയും കോടതി വ്യവഹാരവും ഭരണഘടനയും ഇല്ലാതെയായോ?ഇക്കാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം പറയുന്നവരെ സംഘിയെന്ന് ചാപ്പകുത്തിയാൽ ന്യായമാകുമോ?ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏതെങ്കിലും രൂപ രേഖ കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ടോ?എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുസിവിൽ നിയമം സംഘി-നിയമമാകും എന്ന്  പറയുന്നത്?

അംബേദ്ക്കർ അവതരിപ്പിച്ചത് 'ഹിന്ദു കോഡ്ആയിരുന്നില്ല,ഹിന്ദുവിരുദ്ധകോഡായിരുന്നു’:

image.png

ചരിത്രത്തിലേക്ക് കൂടി നോക്കുക.സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്‌റു നിയമസഭയിൽനിയമമന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കർ അവതരിപ്പിച്ച  'ഹിന്ദു കോഡ് ബില്ലുകൾ' യഥാർത്ഥത്തിൽ ഹിന്ദുകോഡുകൾ ആയിരുന്നില്ല.ഹിന്ദുധർമ്മശാസ്ത്രങ്ങളോ വേദപുസ്തകങ്ങളോ വച്ചിട്ടല്ല അംബേദ്ക്കർ അത് തയ്യാറാക്കിയത്. ബ്രിട്ടീഷ് സിവിൽ നിയമങ്ങളുടെ പരിഷ്കൃതരൂപമായിരുന്നു അത്.അംബേദ്ക്കർ ആത്യന്തികമായി മാനദണ്ഡമാക്കിയത് ഭരണഘടന പുരുഷനും സ്ത്രീയ്ക്കും നൽകുന്ന തുല്യതയും അവസരസമത്വവുമായിരുന്നു.അതുകൊണ്ടു തന്നെ മറ്റേതൊരു വ്യക്തിനിയമത്തേക്കാളും ഈ സോകാൾഡ് ഹിന്ദുകോഡിന്ജനാധിപത്യരൂപമുണ്ടായിരുന്നു.ഒരർത്ഥത്തിൽ അത് ഹിന്ദുവിരുദ്ധകോഡായിരുന്നു എന്ന് പറയാം. അതുകൊണ്ടുതന്നെ അതിനെ അംഗീകരിക്കാൻ ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞില്ല.ഹിന്ദുമഹാസഭയും ജനസംഘവും ഉൾപ്പടെ അനവധി സംഘടനകൾ അംബേദ്ക്കറിനെതിരെ രംഗത്ത് വന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖരായ സർദ്ദാർ വല്ലഭായ് പട്ടേലും ഡോ.ആർ.രാജേന്ദ്രപ്രസാദും ഉൾപ്പടെ നിരവധിപേർ ബില്ലിനെ എതിർക്കുകയാണുണ്ടായത്. ജനസംഘത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ശ്യാമപ്രസാദ് മുഖർജി ഉൾപ്പടെയുള്ളവർ ഹിന്ദുധർമ്മത്തിനുമേലുള്ള അംബേദ്‌കറിന്റെ ഗൂഢപദ്ധതിയായിട്ടാണ് അതിനെ വ്യാഖ്യാനിച്ചത്. കർപാത്രിജി മഹാരാജ് എന്നൊരു ഹിന്ദുസന്ന്യാസിയെ മുന്നിൽനിർത്തി രാജ്യവ്യാപകമായി സംഘപരിവാർ സംഘടനകൾ അംബേദ്ക്കറിനെതിരെ പ്രതിഷേധസമരങ്ങളും പ്രകടനങ്ങളും നടത്തി.ദളിതനായ അംബേദ്ക്കർക്ക്  ഹിന്ദുധർമ്മസംഹിതകൾ തിരുത്താനും ഹിന്ദുക്കൾക്ക്വേണ്ടി നിയമം നടത്താനും എന്തവകാശമെന്നാണ് തീവ്രഹിന്ദുത്വവാദിയായിരുന്ന  കർപാത്രിജി മഹാരാജ് ചോദിച്ചത്.ഹിന്ദുപെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് തുല്യമായ സ്വത്തവകാശവും മറ്റുജാതിയിൽ നിന്നും ദത്തെടുക്കുന്നതും ഒക്കെ മനുസ്മൃതി ഉപാസകർക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല!

image.png

ഹിന്ദുക്കൾക്ക് മേൽ പതിക്കുന്ന ഭീകരമായ ഒരു ദുരന്തമായി ഹിന്ദുകോഡ് വ്യാഖ്യാനിക്കപ്പെട്ടു.നിയമസഭ സ്തംഭിച്ചു.ഹിന്ദുമതനേതാക്കളുടെ  തിട്ടൂരങ്ങൾ അംബേദ്ക്കറിനെ അസ്വസ്ഥനാക്കി.നെഹ്രുവിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും ഫലത്തിൽ അംബേദ്ക്കർ ഒറ്റപ്പെട്ടു.നിയമ മന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവയ്ക്കുകയാണുണ്ടായത്.എങ്കിലും പല വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ചില ഭേദഗതികളൊക്കെ നടത്തി നെഹ്‌റു ഹിന്ദു കോഡുകൾ നീണ്ടകാലങ്ങൾ കൊണ്ടാണെങ്കിലും പാസ്സാക്കിയെടുത്തു.അംബേദ്ക്കർ നേരിട്ട പ്രതിസന്ധികളും ആക്ഷേപങ്ങളും പ്രതിഷേധങ്ങളും എത്രമാത്രമായിരുന്നു എന്ന് മനസ്സിലാക്കിയാൽ ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് നിർദ്ദേശകതത്ത്വമായി ചുരുങ്ങി എന്നതിന്റെ ഉത്തരം കിട്ടും!ഏതായാലും അന്ന് കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഹിന്ദുത്വവാദികളുടെ ആദർശങ്ങളിൽനിന്നും പാലുകുടിച്ച് വളർന്നവരാണ് ഇന്ന് ഏകീകൃത സിവിൽ കോഡിന് ശ്രമിക്കുന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാം! 

നിലവിൽ ഏതെങ്കിലും ഹിന്ദുമാതൃകയിൽ ഒരു പൊതുസിവിൽ കോഡ്  ബിജെപി മുന്നോട്ടുവച്ചിട്ടില്ല.അങ്ങനെ ഒരു നീക്കവും നടക്കാത്തിടത്തോളം ഹിന്ദുകോഡ് എന്നും പറഞ്ഞ് സിവിൽ നിയമങ്ങളുടെ പൊതുവൽക്കരണത്തെ തടയുന്നത് ഉദ്ദേശശുദ്ധിയുള്ളവരല്ല.ഏകീകൃത സിവിൽ നിയമത്തിനുവേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ രാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കുന്നു.ബിജെപി കൊണ്ടുവരുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ് ഇതിനെ എതിർക്കുന്നവർ ഇതിവിടെ വേറെ ആരെങ്കിലും കൊണ്ടുവരുമോ എന്ന് ഉറപ്പ് പറയണം!എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പോലെ ബിജെപിയെ എതിർക്കാൻ വേണ്ടി ഏകീകൃത സിവിൽ കോഡിനെ അപ്രസക്തമാക്കുന്നത് അംഗീകരിക്കപ്പെട്ടുകൂടാ.

മതപ്രീണനങ്ങൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനുമുള്ള വിഷയമായി ഏകീകൃത സിവിൽ നിയമത്തെ തട്ടിക്കളിക്കാനാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നീക്കമെങ്കിൽ അതിനെ  എതിർക്കേണ്ടത് ഈ രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യമൂല്യങ്ങളേയും ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ കടമയാണ്.എന്തുകൊണ്ടെന്നാൽ ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളും നിലനിൽക്കുന്നതോടൊപ്പം രാജ്യത്തെ പൗരന്മാരെ പലതട്ടുകളിൽ വിഘടിക്കുന്ന വ്യക്തിനിയമങ്ങൾ പരിഷ്കരിച്ച് അതിനൊരു പൊതുരൂപം നൽകി ജാതിമതങ്ങൾക്കും വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കും അതീതമായ ഒരു സിവിൽ നിയമായി കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവിശ്യമാണ്.വൈവിധ്യങ്ങൾ ആചാരങ്ങളിലും വിശ്വാസങ്ങളിലും നിലനിൽക്കട്ടെ .പക്ഷെ അത് സ്ത്രീയേയും പുരുഷനേയും പല തട്ടുകളിൽ കാണുന്ന നീതിനിർവ്വചനങ്ങളായും നീതിനിഷേധങ്ങളായും നിലനിൽക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.ചോദിച്ചും വാദിച്ചും തിരുത്തിയും തന്നെയാണ് നാൾവഴികളിൽ നമ്മൾ പലതും നന്നാക്കിയെടുത്തതും നവോത്‌ഥാനങ്ങൾ കെട്ടിപ്പടുത്തതും.അടിസ്ഥാനപാരമായി ഓരോ മതവും പുരുഷാധിപത്യനീതിബോധത്തിന്റേതാണ് എന്ന് തുറന്നു പറയേണ്ടതുണ്ട്.

ശരീഅത്ത് വാദികളുടെ ആശങ്കകൾ:

മുത്തലാഖ്‌ ആകട്ടെ സിവിൽ കോഡ് ആകട്ടെ ഇത്തരം ഏതു ചർച്ചവന്നാലും മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നുംപറഞ്ഞ് ബഹളം വയ്ക്കുന്ന 'ഇസ്ലാമികധർമ്മസമരങ്ങൾ ഇവിടെ അനേകം നടന്നിട്ടുണ്ട്.മൂന്നുംകെട്ടും നാലും കെട്ടും എന്ന് മുദ്രാവാക്യം വിളിച്ചവരൊക്കെ മുത്തലാഖ്‌ നിരോധിക്കപ്പെടുന്നത് കേട്ട് അന്ധാളിച്ചിരിക്കുന്നുണ്ടാവും. മുത്തലാഖ്‌ നിരോധനത്തിന് വേണ്ടി ആത്മാർത്ഥമായ ശബ്ദമുയർത്തിയത് അതിന്റെ ഇരകൾ തന്നെയാണ്.ഷബാനുബീഗം തൊട്ട് ഇന്നുവരെയുള്ള മുത്തലാഖ്‌ ഇരകൾക്ക് വേണ്ടി ചരിത്രത്തിന്റെ നീതിയാണ് അതിന്റെ നിരോധനത്തോടെ പുലരുന്നത്.ഇസ്ലാമിന്റെ തിരുവെഴുത്തുകളിൽപോലും പറഞ്ഞിട്ടില്ലാത്ത പല ഇസ്‌ലാമിക രാജ്യങ്ങൾപോലും നിരോധിച്ചിട്ടുള്ള മുത്തലാഖ്‌ ഇന്ത്യയിൽ നിരോധിക്കപ്പെടാൻ സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകൾ കഴിയേണ്ടിവന്നു എന്നത് നമ്മുടെ രാജ്യം ഇസ്ലാമിക പുരുഷാധിപത്യത്തിനും മതത്തിന്റെ അണഹങ്കാരത്തിനും മുന്നിൽ തൊഴുകൈയ്യോടെ നിന്നു എന്നതിന്റെ തെളിവാണ്.ഇസ്ലാമിക വ്യക്തിനിയമങ്ങളുടെ മറവിൽ ഭരണഘടന സ്ത്രീയ്ക്ക് നൽകുന്ന അവകാശങ്ങൾക്ക് മേൽ 'വിശുദ്ധലംഘനംനടത്തി ആഘോഷിക്കുന്നത് എത്രയോ കാലംമുൻപേ അവസാനിക്കപ്പെടേണ്ടതായിരുന്നു!

image.png

ഏകീകൃത സിവിൽ കോഡ് സാധ്യതാപഠനത്തിനായി ദേശീയനിയമക്കമ്മീഷൻ തയ്യാറാക്കിയ ചോദ്യാവലികളെ ബഹിഷ്കരിക്കാനാണ് ആൾ ഇന്ത്യാ മുസ്ലീം പേഴ്‌സണൽ ലാ ബോർഡ് ആവശ്യപ്പെട്ടത്.പൊതു സിവിൽ നിയമം ഇസ്ലാമിക വിശ്വാസങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് എന്ന വാദമാണ് എല്ലാക്കാലവും ഉയർന്നുകേട്ടത്.ഹിന്ദുകോഡ് ബില്ലിനേയും അംബേദ്ക്കറേയും  അന്ന് ഹിന്ദുത്വവാദികൾ എതിർത്തത് എങ്ങനെയാണോ അതിന്റെ ഇസ്ലാമിക വേർഷനാണ് ഇസ്‌ലാമിക  സംഘടനകൾ കാലാകാലങ്ങളായി ആവർത്തിക്കുന്നത്.നിയമക്കമ്മീഷൻ്റെ അന്തിമറിപ്പോർട്ടിലെ 'വ്യക്തിനിയമങ്ങൾ പരിഷ്കരിക്കണം' എന്ന നിർദ്ദേശത്തോടും സഹകരിക്കാൻ തയ്യാറല്ല എന്ന ആൾ ഇന്ത്യാ മുസ്ലീം പേഴ്‌സണൽ ലാ ബോർഡിന്റെ പ്രതികരണം പ്രതിഷേധാർഹമാണ്.മതാധികാരത്തിന്റെ ഇത്തരം തിട്ടൂരങ്ങൾ ഭരണഘടന വ്യക്തികൾക്ക് നൽകുന്ന തുല്യതാവകാശത്തെ ബാധിക്കുന്നതിനെക്കുറിച്ചാണ് മറ്റേതിനേക്കാളും നാം ഉത്കണ്ഠപ്പെടേണ്ടത്.മുസ്ലിം മഹിളാ ആന്തോളൻ പോലെയുള്ള സംഘടനകൾ ഇക്കാര്യത്തിൽ പുലർത്തുന്ന പുരോഗമനപരമായ സമീപനങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്.

image.png

പ്രീണനരാഷ്ട്രീയത്തിന്റെ വോട്ടുബാങ്കുകൾ ഇസ്ലാമിക വ്യക്തിനിയമങ്ങളിൽമേൽ   ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം രാജ്യത്ത് ഹിന്ദുവർഗ്ഗീയത വളർത്താനുള്ള വളമായിട്ടാണ് സംഘപരിവാർ ഉപയോഗിച്ചിട്ടുള്ളത് .ഇതുകൊണ്ട് ആകെ പ്രയോജനമുള്ളത് ഇരുവിഭാഗങ്ങളിലേയും വർഗ്ഗീയവാദികൾക്കും പുരോഹിതർക്കും മാത്രമാണ്.ഗോവ കഴിഞ്ഞ എത്രയോ കാലമായി ഇങ്ങനെയൊരു സംഘർഷമില്ലാതെ മതേതരമായ ഒരു സിവിൽ നിയമത്തെ പിന്തുടരുന്നു എന്നത് ആരും  പഠിക്കേണ്ടതുണ്ട്.

രാജ്യത്തിന് ഒരു ഏകീകൃത സിവിൽ കോഡ് വേണമെന്നുള്ളത് ഒരാവിശ്യമാണ്.ഭരണഘടന ഉറപ്പ് നൽകുന്ന ലിംഗസമത്വവും  അവകാശങ്ങളും സംരക്ഷിക്കുന്നതിൽ  നിലവിലുള്ള വ്യക്തിനിയമങ്ങളിൽ അപാകതകളുണ്ട് എന്നത് അവിതർക്കിതമായ കാര്യമാണ്.ഇന്ത്യയിലെ വിവിധകോടതികളിൽ വിവാഹവും വിവാഹമോചനവും സ്വത്തവകാശവും സംബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും വിവിധ കോടതി വിധികളുമൊക്കെ അതിന്റെ പച്ചയായ തെളിവുകളാണ്.ജീവിതകാലം മുഴുവൻ നീതിക്കുവേണ്ടി കോടതികൾ കയറിയിറങ്ങേണ്ടിവന്ന അനേകം ഇരകൾ നമ്മുടെ സമൂഹത്തിലുണ്ട്.നിയമവ്യവസ്ഥ ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിന്റെ പിന്നിൽ വിവിധമതങ്ങളുമായി ബന്ധപ്പെട്ട് പ്രാബല്യത്തിലുള്ള വ്യക്തിനിയമങ്ങൾക്ക് കുറ്റകരമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ   മുഴുവൻ സംസ്ഥാനങ്ങൾക്കും പൗരന്മാർക്കും ബാധകമായ ഒരു ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം.അത് എന്നെങ്കിലും നടപ്പിൽ വരുമോ എന്നത് മാത്രമാണ് ആശങ്ക!

വ്യക്തിനിയമങ്ങൾ പരിഷ്കരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഏകീകൃത നിയമത്തിന്റെ സാധ്യതയെ തള്ളിക്കളയുന്ന നിയമക്കമ്മീഷൻ ഉത്തരവാദിത്വത്തോടെ ഒരു മികച്ച മാതൃക തയ്യാറാക്കികൊടുക്കുകയാണ് വേണ്ടത്.അതിന്റെ മാനദണ്ഡം ഇന്ത്യയുടെ ഭരണഘടന ആയിരിക്കണം..ഹിമാലയപർവ്വതത്തെ പൊക്കിയെടുത്ത് അറബിക്കടലിൽ കൊണ്ടുവയ്ക്കുന്നപോലെ അതിസങ്കീർണ്ണവും അസാധ്യവുമായ പ്രവൃത്തിയാണ് പൊതു സിവിൽ നിയമ നിർമ്മാണം എന്ന് പറഞ്ഞ് ഈ രാജ്യത്തെ ജനാധിപത്യവിശ്വാസികളേയും നീതിനിഷേധിക്കപ്പെട്ടവരേയും പരിഹസിക്കരുത്.മഹാനായ അംബേദ്ക്കർ സ്വപ്നംകണ്ട അവസരസമത്വവും ലിംഗനീതിയും വിവേചനമില്ലായ്മയും പുലരാൻ ഏകീകൃത സിവിൽ നിയമം കൂടി ആവിശ്യമാണ്.ഖാപ്പ് പഞ്ചായത്തുകളും ഗോത്രകോടതികളും നീതിയെ പലതട്ടിൽ നിർവ്വചിക്കുന്നത് ഇനിയും തുടരാൻ അനുവദിച്ചുകൂടാ.ഏകീകൃത സിവിൽ നിയമത്തിന് ശ്രമിക്കണം എന്ന ഭരണഘടനയുടെ നിർദ്ദേശകതത്വത്തോട് ആത്മാർത്ഥത പുലർത്താനുള്ള സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു.ഏകീകൃത സിവിൽ നിയമം വന്നാൽ എല്ലാം ശെരിയാകുമോ ഇന്ത്യയുടെ അടിസ്ഥാന പ്രശ്നം അതാണോ എന്ന് ചോദിക്കുന്നത് ഒരു ഒളിച്ചോട്ടം മാത്രമല്ല മതാന്ധമായ സാമൂഹികബോധങ്ങളെ രസിപ്പിക്കാൻ നടത്തുന്ന കാപട്യംകൂടിയാണ്!

''നിയമനിർമ്മാണങ്ങൾ തടയുന്ന തരത്തിൽ മതത്തിന് ഇത്ര വിപുലവും വിശാലവുമായ അധികാരപരിധി കൊടുക്കേണ്ടത് എന്തിനാണെന്ന് വ്യക്തിപരമായി മനസ്സിലാകുന്നില്ല.അങ്ങനെയാണെങ്കിൽ നമുക്ക് എന്തിനാണ് സ്വാതന്ത്ര്യം?അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുകയും  സമത്വമില്ലാത്ത,വിവേചനങ്ങളുള്ള, അതുപോലെ മറ്റു കുഴപ്പങ്ങൾ പലതും നിറഞ്ഞ നമ്മുടെ സാമൂഹികസംവിധാനങ്ങളെ നവീകരിക്കാനല്ലെങ്കിൽ ഈ സ്വാതന്ത്ര്യം കൊണ്ട് എന്താണ് പ്രയോജനം?''.ഡോ.ബി.ആർ.അംബേദ്ക്കർ പറഞ്ഞ പ്രസക്തമായ വാക്കുകളാണിത്.ഏകീകൃത സിവിൽ നിയമങ്ങളെക്കുറിച്ച് മതപ്രീണനങ്ങളുടേയും വോട്ടുബാങ്കിന്റെയും പേരിൽ  സത്യസന്ധമായ അഭിപ്രായം പറയാൻ കഴിയാത്ത രാഷ്ട്രീയപാർട്ടികളും നേതാക്കളും  ഏകീകൃത സിവിൽ കോഡിന് വേണ്ടി സംസാരിച്ചാൽ കയ്യടികളും സ്ഥാനമാനങ്ങളും നഷ്ടപ്പെടുമോ എന്നോർത്ത് നിശബ്ദരായിരിക്കുന്ന സാഹിത്യ-  സാംസ്‌കാരിക നായകരുമെല്ലാം ഈ രാജ്യത്തെ വരുംതലമുറകളെക്കൂടി വഞ്ചിക്കുകയാണ്.

കർണ്ണാട്ടിക്ക് സംഗീതജ്ഞർക്കെതിരെ സംഘപരിവാർ പുറപ്പെടുവിച്ച ഫത്വകൾക്കെതിരെ ടി.എം.കൃഷ്ണയോടൊപ്പം എത്രപേരുണ്ട് ?

'ആവിഷ്കാരസ്വാതന്ത്ര്യം' മനോഹരമായ ഒരാശയം മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .ബഹുസ്വരതയും  സാംസ്‌കാരികവൈവിധ്യങ്ങളും ആൾക്കൂട്ടവിചാരണകൾക്കും ഭീഷണികൾക്കുംമുന്നിൽ പതറുകയാണ്.എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രചിന്തകരുമെല്ലാം ഒറ്റപ്പെടുകയും ഒറ്റുകൊടുക്കപ്പെടുകയും ചെയ്യുന്ന പരിതാപകരമായ ഒരവസ്ഥ ആക്രമിച്ചും ഭയപ്പെടുത്തിയും പിന്മാറാത്തവരെ കൊലപ്പെടുത്തിയും തങ്ങളുടെ തിട്ടൂരം നടപ്പാക്കുന്നതിൽ  ഹിന്ദുത്വവാദികൾ അടവുകൾ പയറ്റുകയാണ് . ഇതിൻറെ  അവസാനത്തെ ഉദാഹരണമാണ് ഗായകരുടെ നേരെ പുറപ്പെടുവിച്ചിരിക്കുന്ന  'ഹിന്ദുത്വഫത്വകൾ'


ടി.എം.കൃഷ്ണ,ബോംബെ ജയശ്രീ,നിത്യശ്രീമഹാദേവൻ,അരുണാ സായിറാം,ഓ.എസ്.അരുൺ,ഉണ്ണികൃഷ്ണൻ  തുടങ്ങി കർണ്ണാട്ടിക്ക് സംഗീതരംഗത്തെ ശ്രദ്ധേയരായ ഗായകർക്കെതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഹിന്ദുത്വവാദികളുടെ ക്യാമ്പയിൻ നടക്കുകയാണ് .രാഷ്ട്രീയ സനാതന സേവാ സംഘം (RSSS) എന്നൊരു ഹിന്ദുത്വ സംഘടനയാണ് ഇതിന്റെ നേതൃത്വത്തിൽ. കർണ്ണാട്ടിക് സംഗീതജ്ഞർ ക്രൈസ്തവ-ഇസ്‌ലാം ദൈവങ്ങളെക്കുറിച്ചും അവരുടെ ആരാധനാലയങ്ങളിലും ആൽബങ്ങളിലും പാടരുതെന്നും അത്തരത്തിൽ പാടിക്കൊണ്ട് കർണ്ണാട്ടിക്ക് സംഗീതത്തിന്റെ 'ഹൈന്ദവപാരമ്പര്യത്തെ' അന്യമതങ്ങൾക്ക് അടിയറവുവയ്ക്കുതെന്നുമാണ് ഇവരുടെ ആവിശ്യം.അതിനുമുതിരുന്ന  ഗായകരെയോർത്ത് ലജ്ജിക്കുവാനും അവരുടെ പരിപാടികൾ ബഹിഷ്കരിക്കുവാനും ഈ സംഘടന ആഹ്വാനം ചെയ്യുന്നു.നമ്മുടെ സമ്പന്നമായ സംഗീതപാരമ്പര്യത്തെ ഹിന്ദുത്വത്തിലേക്ക്  ഹൈജാക്ക് ചെയ്തുകൊണ്ട്  സംഗീതജ്ഞർക്ക് നേർക്ക് പുറപ്പെടുവിച്ചിരിക്കുന്ന 'ഹിന്ദുത്വഫത്വകൾ ' നമ്മുടെ രാജ്യം എവിടെച്ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു  ഉദാഹരണമാണ്.

image.png

'രാഷ്ട്രീയ സനാതന സേവാ സംഘ'ത്തിന്റെ സ്ഥാപകൻ എന്നവകാശപ്പെടുന്ന രാമനാഥൻ എന്നൊരാൾ കർണാട്ടിക്ക് സംഗീതജ്ഞനും പിന്നണിഗായകനുമായ ഓ.എസ്.അരുണുമായി നടത്തിയ ശബ്ദരേഖ അത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് .സുപ്രസിദ്ധ കർണാട്ടിക് വയലിനിസ്റ്റ് ലാൽഗുഡി ജയറാമിന്റെ ശിഷ്യനും  'ശ്യാം ' എന്നപേരിൽ തമിഴ്സംഗീതലോകത്തുള്ളവർക്ക് പരിചിതനുമായ  ടി.സാമുവൽ ജോസഫ് ആഗസ്ത് ഇരുപത്തിയാറിന് നടത്തുവാൻ തീരുമാനിച്ച ഓ.എസ്.അരുൺ പാടുന്ന 'യേശുവിൻ സംഗമ സംഗീതം' എന്ന പരിപാടിയിൽനിന്നും അരുൺ പിന്മാറണമെന്നാണ്  രംഗനാഥൻ ഭീഷണിപ്പെടുത്തുന്നത്  .നിർഭാഗ്യവശാൽ അരുൺ അതിനു കീഴടങ്ങുകയും ഈ പരിപാടിയിൽനിന്നും താൻ പിന്മാറുകയാണ് എന്നറിയിക്കുകയും ചെയ്യുന്നു !ഒരു തെലുങ്ക്ക്രിസ്ത്യൻ ആൽബത്തിനുവേണ്ടി പാടിയതാണ് ഡി.കെ.പട്ടമ്മാളിന്റെ ചെറുമകൾ നിത്യശ്രീമഹാദേവിനോടുള്ള പരിഭവം.പതിവ് ക്രിസ്ത്യൻ ഗാനങ്ങളിൽനിന്നും വ്യത്യസ്തമായി പൂർണ്ണമായി കർണ്ണാട്ടിക് ശൈലിയിലുള്ള കീർത്തനങ്ങളും ഉപകരണങ്ങളുമാണ് ഈ ആൽബത്തിൽ ഉപയോഗിക്കപ്പെട്ടത് .അത്തരത്തിൽ കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ശൈലിയും സംസ്കാരവും അന്യമതപ്രഘോഷണത്തിന് ഉപയോഗിക്കുന്നത് ഹിന്ദുത്വവിരുദ്ധമാണെന്നാണ് ഈ സംഘടന 'ബോധിപ്പിക്കുന്നത്'.അരുണാ സായിറാം,ബോംബെ ജയശ്രീ,ഉണ്ണികൃഷ്ണൻ എന്നിവരും അന്യമതകീർത്തനങ്ങൾ ചെയ്യുന്നത് പരിഹാസ്യമെന്ന നിലയിൽ ഇവർ ചോദ്യം ചെയ്യുന്നു.പതിവുപോലെ ഇവിടെ ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് സുപ്രസിദ്ധ സംഗീതജ്ഞനും മാഗ്‌സസേ അവാർഡ് ജേതാവുമായ ടി.എം.കൃഷ്ണയാണ് !

image.png
image.png

ഇത്തരം ഭീഷണികൾ സംഗീതജ്ഞരുടെ നേർക്കുണ്ടാവുന്നത് 'ഞെട്ടലുളവാക്കി' എന്നാണ് നിത്യശ്രീയുടെ മറുപടിക്കുറിപ്പ് .രാജ്യത്ത് അനേകംപേർ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കുകയും കൊല്ലപ്പെടുകയും ചെയ്തപ്പോഴെല്ലാം നിശബ്ദമായി ഇരിക്കുകയും അതൊന്നും തങ്ങളെ ബാധിക്കാൻ പോന്ന പ്രശ്നങ്ങളല്ല എന്ന് നിനയ്ക്കുകയുംചെയ്തവർ തങ്ങൾക്ക് നേർക്കും അവർ വരുമെന്നറിയുമ്പോൾ ഞെട്ടുക സ്വാഭാവികമാണല്ലോ !ഇനിയും ഉണരാത്തവർ ഇതിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് !ടി.എം.കൃഷ്ണമാത്രമാണ് ഈ മേഖലയിൽ ഇക്കാര്യത്തിൽ ഒരപവാദം.അതുകൊണ്ടുതന്നെ കലാകാരന്മാരുടെ പരിധിനിശ്ചയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട  രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖ്യശത്രു ടി.എം.കൃഷ്ണയാവുന്നത് സ്വാഭാവികമാണ് !അവരുടെ  മേൽപ്പറഞ്ഞ ഭീഷണിയുടെ ശബ്ദരേഖയിൽ 'പൊറുക്കി' എന്ന വാക്കുകൊണ്ടാണ് രംഗനാഥൻ കൃഷ്ണയെ സംബോധനചെയ്യുന്നത്.ഒരു ക്രിസ്ത്യൻപള്ളിയിൽ അദ്ദേഹം നടത്തിയ കച്ചേരി അവരെ ചൊടിപ്പിച്ചിരിക്കുകയാണ്.
image.png
എന്നാൽ,ടി.എം.കൃഷ്ണയ്ക്ക് നേർക്കുള്ള ഈ പ്രതിഷേധങ്ങൾ പുതിയതല്ല.കർണ്ണാട്ടിക്ക് സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തെ എക്കാലവും വിമർശിച്ചിട്ടുള്ള ആളാണ് കൃഷ്ണ. അതുകൊണ്ടുതന്നെ കലാരംഗത്തെയും ആസ്വാദകർക്കിടയിലെയും ജാതിക്കോമരങ്ങൾക്ക് കൃഷ്ണ എക്കാലവും കല്ലുകടിയായിരുന്നു! ചെന്നൈ മ്യൂസിക്ക് അക്കാഡമിയുടെ വർണ്ണവിവേചനത്തോടുള്ള പ്രതിഷേധമായി അവിടുത്തെ സംഗീതസഭ ഉപേക്ഷിച്ച ബ്രാഹ്മണസമുദായാംഗമായ കൃഷ്ണ മാറ്റിനിർത്തപ്പെട്ടവർക്ക്‌വേണ്ടി തെരുവുകളിലേക്ക് ചെന്ന് സംഗീതസഭകൾ സംഘടിപ്പിച്ചത് പലരേയും ചൊടിപ്പിച്ചിരുന്നു.അടുത്തിടെ എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.സംഗീതസമൂഹത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ പരിവേഷത്തിനുവേണ്ടി അബ്രാഹ്മണയായ എം.എസ്സിന് അവരുടെ വേഷത്തിലും സംഗീതത്തിലും പിൽക്കാലത്ത് 'ബ്രാഹ്മണിസം' കലർത്തേണ്ടിവന്നെന്നും അത്തരത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ മേധാവിത്വത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞത് അനുകൂലവും പ്രതികൂലവുമായ കോളിളക്കങ്ങളാണ്  ഉണ്ടാക്കിയത് !

image.png

രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖപുസ്തകപ്പേജിൽ അഖിലലോക ബ്രാഹ്മണ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടയാണ് എന്നാണ് സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ അവരുടെ പ്രധാന എതിരാളി ടി.എം.കൃഷ്ണയാണ്.തമിഴ് നാട്ടിലെ മുഴുവൻ സംഗീതസഭകളും കൃഷ്ണയെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളിൽ സംഘം ചേർന്ന് ബഹളംവയ്ക്കുമെന്നുമാണ് സനാതന സേവാസംഘത്തിന്റെ ഭീഷണി.ഒരുപടികൂടികടന്ന്, കൃഷ്ണയെ പരസ്യമായി അടിക്കുമെന്നും അവർ പറയുന്നു ! ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റുപലരും മുട്ടുമടക്കുകയും മാപ്പപേക്ഷയുടെ സ്വരത്തിൽ വിശദീകരണംനൽകി തലകുനിക്കുകയും ചെയ്യുമ്പോൾ പതിവുപോലെ ഇതിനെ ധീരമായി നേരിടുകയും വെല്ലുവിളിക്കുകയുമാണ് ടി.എം.കൃഷ്ണ ചെയ്തത് .തന്റെ പ്രതിമാസ സംഗീതപരിപാടികളിൽ ക്രിസ്ത്യൻ-ഇസ്ലാമിക കൃതികളുടെ കർണ്ണാട്ടിക് അവതരണങ്ങൾ നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് .മായാവരം വേദനായകംപിള്ള,എബ്രഹാം പണ്ഡിതർ ,കൂനാങ്കുടി മസ്താൻ സാഹിബ്,ഡി.വേദനായകം ശാസ്ത്രികൾ തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ കർണ്ണാട്ടിക്ക് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ക്രിസ്ത്യൻ -ഇസ്ലാമിക കൃതികൾ  അതിനുവേണ്ടി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു!
image.png

കർണ്ണാട്ടിക്ക് സംഗീതലോകം കാലാകാലങ്ങളായി വച്ചുപുലർത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ബ്രാഹ്മണിസം ഇന്ന് കലാകാരന്മാരെ തിരിഞ്ഞുകുത്തുകയാണ് എന്ന് കൃഷ്ണ പറയുന്നു .അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കുകയും സംഗീതത്തെ അതിന്റെ എല്ലാ ഔന്നിത്യത്തോടും ജാതി-മതങ്ങൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം സഹപ്രവർത്തകരോടും കലാകാരന്മാരോടും ആവശ്യപ്പെടുന്നു.ക്രൈസ്തവ-ഇസ്ലാം-ജൈന-ബുദ്ധമതങ്ങൾക്കെന്നല്ല അതിനുമപ്പുറം യുക്തിവാദ-നിരീശ്വരസാഹിത്യകൃതികൾക്ക് വേണ്ടിപ്പോലുംപ്പാടാൻ ഗായകർ തയ്യാറാവണമെന്നും സംഗീതം അതിനെല്ലാമപ്പുറമാണെന്നും അതിനുവേണ്ടി ആരോടൊപ്പവും താനുണ്ടാകുമെന്നും ടി.എം.കൃഷ്ണ തന്റെ ധീരമായ നിലപാടുകൾ കുറിക്കുന്നു. 

image.png


എത്രപേർ കൃഷ്ണയോടൊപ്പം നിൽക്കുമെന്നുള്ളതാണ് ചോദ്യം.സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നഷ്ടപ്പെടുമെന്നോർത്ത് നിശബ്ദതപുലർത്തുന്ന കലാകാരന്മാർ വളരെപ്പേരാണ്.എന്നിരുന്നാലും സംഗീതത്തിന്റെ മഹിതമായ പാരമ്പര്യത്തെയും വൈവിധ്യത്തെയും കെട്ടുപാടുകളില്ലാത്ത സ്വാതന്ത്ര്യത്തെയും ആഗ്രഹിക്കുന്നവർ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നുറപ്പാണ് .ശബ്ദമുയർത്തേണ്ട സമയമാണിത് !ഫാസിസം അതിന്റെ നഖവും പല്ലുകളും പുറത്തേക്കെടുത്ത് തുടങ്ങിയിരിക്കുന്നു.ഹിന്ദുസ്ഥാനിയുടേയും സൂഫിസംഗീതത്തിന്റെയും  കർണ്ണാടിക്ക് സംഗീതത്തിന്റെയും  സമ്പന്നമായ നമ്മുടെ പാരമ്പര്യങ്ങളെ മതമൗലികവാദികൾക്ക് അടിയറവുവച്ചുകൂടാ!അയൽരാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇസ്ലാമികമതഭ്രാന്തന്മാർ സൂഫിഗായകരേയും കലാകാരന്മാരെയും ആക്രമിക്കുന്നതും കൊന്നൊടുക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഹൈന്ദവവേർഷൻ ഇന്ത്യയിൽ സംഭവിക്കുമെന്ന് പറഞ്ഞാൽ അതിനെ അതിശയോക്തിയെന്ന് തള്ളിക്കളയേണ്ടതില്ല.രോഗാതുരമായ അസഹിഷ്ണുത ആ രീതിയിൽ വർദ്ദിക്കുകയാണ്! 

image.png

വിവിധമതസ്ഥരായ മഹാസംഗീതജ്ഞർ ഒരുമിച്ചിരുന്നു പാടിയ രാജ്യമാണിത് .തന്നോടൊപ്പം ഇരുത്തി പഠിപ്പിച്ചും പാടിപ്പിച്ചുമാണ് ക്രിസ്ത്യാനിയായ യേശുദാസിന്  ചെമ്പൈ വൈദ്യനാഥഭാഗവതർ ശിഷ്യത്വം നൽകിയത് .നിരീശ്വരവാദിയായിരുന്ന ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടിയ  ഹരിവരാസനമാണ് ശബരിമലയിൽ കേൾക്കുന്നത് .മാനവചരിത്രത്തിന്റെ മഹത്തായ നേട്ടങ്ങളിലൊന്നായ സംഗീതത്തെയും അതിന്റെ ഉപാസകരേയും മതഭ്രാന്തന്മാർ നിയന്ത്രിക്കാൻ ഒരുമ്പെടുന്നത് അനുവദിച്ചുകൊടുത്തുകൂടാ .അരസികന്മാരും വിവേകശൂന്യരുമായ ഭ്രാന്തന്മാരെ നിലയ്ക്ക് നിർത്താനും നീക്കിനിർത്താനും കലാകാരന്മാരും ആസ്വാദകരും  മുന്നോട്ടുവരണം. വേണ്ടത്ര ഗൗരവത്തോടെ ഇതിനെ നേരിടാതെയും ടി.എം.കൃഷ്ണയെപ്പോലുള്ളവർക്ക് പിന്തുണ കൊടുക്കാതെയുമിരുന്നാൽ കലയുടേയും സംഗീതത്തിന്റെയും ഭാവിലോകം അത്രമേൽ സങ്കുചിതവും ഇരുണ്ടതുമായിരിക്കും.ജാഗ്രതൈ !