To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Thursday 20 September 2018

കർണ്ണാട്ടിക്ക് സംഗീതജ്ഞർക്കെതിരെ സംഘപരിവാർ പുറപ്പെടുവിച്ച ഫത്വകൾക്കെതിരെ ടി.എം.കൃഷ്ണയോടൊപ്പം എത്രപേരുണ്ട് ?

'ആവിഷ്കാരസ്വാതന്ത്ര്യം' മനോഹരമായ ഒരാശയം മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .ബഹുസ്വരതയും  സാംസ്‌കാരികവൈവിധ്യങ്ങളും ആൾക്കൂട്ടവിചാരണകൾക്കും ഭീഷണികൾക്കുംമുന്നിൽ പതറുകയാണ്.എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രചിന്തകരുമെല്ലാം ഒറ്റപ്പെടുകയും ഒറ്റുകൊടുക്കപ്പെടുകയും ചെയ്യുന്ന പരിതാപകരമായ ഒരവസ്ഥ ആക്രമിച്ചും ഭയപ്പെടുത്തിയും പിന്മാറാത്തവരെ കൊലപ്പെടുത്തിയും തങ്ങളുടെ തിട്ടൂരം നടപ്പാക്കുന്നതിൽ  ഹിന്ദുത്വവാദികൾ അടവുകൾ പയറ്റുകയാണ് . ഇതിൻറെ  അവസാനത്തെ ഉദാഹരണമാണ് ഗായകരുടെ നേരെ പുറപ്പെടുവിച്ചിരിക്കുന്ന  'ഹിന്ദുത്വഫത്വകൾ'


ടി.എം.കൃഷ്ണ,ബോംബെ ജയശ്രീ,നിത്യശ്രീമഹാദേവൻ,അരുണാ സായിറാം,ഓ.എസ്.അരുൺ,ഉണ്ണികൃഷ്ണൻ  തുടങ്ങി കർണ്ണാട്ടിക്ക് സംഗീതരംഗത്തെ ശ്രദ്ധേയരായ ഗായകർക്കെതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഹിന്ദുത്വവാദികളുടെ ക്യാമ്പയിൻ നടക്കുകയാണ് .രാഷ്ട്രീയ സനാതന സേവാ സംഘം (RSSS) എന്നൊരു ഹിന്ദുത്വ സംഘടനയാണ് ഇതിന്റെ നേതൃത്വത്തിൽ. കർണ്ണാട്ടിക് സംഗീതജ്ഞർ ക്രൈസ്തവ-ഇസ്‌ലാം ദൈവങ്ങളെക്കുറിച്ചും അവരുടെ ആരാധനാലയങ്ങളിലും ആൽബങ്ങളിലും പാടരുതെന്നും അത്തരത്തിൽ പാടിക്കൊണ്ട് കർണ്ണാട്ടിക്ക് സംഗീതത്തിന്റെ 'ഹൈന്ദവപാരമ്പര്യത്തെ' അന്യമതങ്ങൾക്ക് അടിയറവുവയ്ക്കുതെന്നുമാണ് ഇവരുടെ ആവിശ്യം.അതിനുമുതിരുന്ന  ഗായകരെയോർത്ത് ലജ്ജിക്കുവാനും അവരുടെ പരിപാടികൾ ബഹിഷ്കരിക്കുവാനും ഈ സംഘടന ആഹ്വാനം ചെയ്യുന്നു.നമ്മുടെ സമ്പന്നമായ സംഗീതപാരമ്പര്യത്തെ ഹിന്ദുത്വത്തിലേക്ക്  ഹൈജാക്ക് ചെയ്തുകൊണ്ട്  സംഗീതജ്ഞർക്ക് നേർക്ക് പുറപ്പെടുവിച്ചിരിക്കുന്ന 'ഹിന്ദുത്വഫത്വകൾ ' നമ്മുടെ രാജ്യം എവിടെച്ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു  ഉദാഹരണമാണ്.

image.png

'രാഷ്ട്രീയ സനാതന സേവാ സംഘ'ത്തിന്റെ സ്ഥാപകൻ എന്നവകാശപ്പെടുന്ന രാമനാഥൻ എന്നൊരാൾ കർണാട്ടിക്ക് സംഗീതജ്ഞനും പിന്നണിഗായകനുമായ ഓ.എസ്.അരുണുമായി നടത്തിയ ശബ്ദരേഖ അത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് .സുപ്രസിദ്ധ കർണാട്ടിക് വയലിനിസ്റ്റ് ലാൽഗുഡി ജയറാമിന്റെ ശിഷ്യനും  'ശ്യാം ' എന്നപേരിൽ തമിഴ്സംഗീതലോകത്തുള്ളവർക്ക് പരിചിതനുമായ  ടി.സാമുവൽ ജോസഫ് ആഗസ്ത് ഇരുപത്തിയാറിന് നടത്തുവാൻ തീരുമാനിച്ച ഓ.എസ്.അരുൺ പാടുന്ന 'യേശുവിൻ സംഗമ സംഗീതം' എന്ന പരിപാടിയിൽനിന്നും അരുൺ പിന്മാറണമെന്നാണ്  രംഗനാഥൻ ഭീഷണിപ്പെടുത്തുന്നത്  .നിർഭാഗ്യവശാൽ അരുൺ അതിനു കീഴടങ്ങുകയും ഈ പരിപാടിയിൽനിന്നും താൻ പിന്മാറുകയാണ് എന്നറിയിക്കുകയും ചെയ്യുന്നു !ഒരു തെലുങ്ക്ക്രിസ്ത്യൻ ആൽബത്തിനുവേണ്ടി പാടിയതാണ് ഡി.കെ.പട്ടമ്മാളിന്റെ ചെറുമകൾ നിത്യശ്രീമഹാദേവിനോടുള്ള പരിഭവം.പതിവ് ക്രിസ്ത്യൻ ഗാനങ്ങളിൽനിന്നും വ്യത്യസ്തമായി പൂർണ്ണമായി കർണ്ണാട്ടിക് ശൈലിയിലുള്ള കീർത്തനങ്ങളും ഉപകരണങ്ങളുമാണ് ഈ ആൽബത്തിൽ ഉപയോഗിക്കപ്പെട്ടത് .അത്തരത്തിൽ കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ശൈലിയും സംസ്കാരവും അന്യമതപ്രഘോഷണത്തിന് ഉപയോഗിക്കുന്നത് ഹിന്ദുത്വവിരുദ്ധമാണെന്നാണ് ഈ സംഘടന 'ബോധിപ്പിക്കുന്നത്'.അരുണാ സായിറാം,ബോംബെ ജയശ്രീ,ഉണ്ണികൃഷ്ണൻ എന്നിവരും അന്യമതകീർത്തനങ്ങൾ ചെയ്യുന്നത് പരിഹാസ്യമെന്ന നിലയിൽ ഇവർ ചോദ്യം ചെയ്യുന്നു.പതിവുപോലെ ഇവിടെ ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് സുപ്രസിദ്ധ സംഗീതജ്ഞനും മാഗ്‌സസേ അവാർഡ് ജേതാവുമായ ടി.എം.കൃഷ്ണയാണ് !

image.png
image.png

ഇത്തരം ഭീഷണികൾ സംഗീതജ്ഞരുടെ നേർക്കുണ്ടാവുന്നത് 'ഞെട്ടലുളവാക്കി' എന്നാണ് നിത്യശ്രീയുടെ മറുപടിക്കുറിപ്പ് .രാജ്യത്ത് അനേകംപേർ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കുകയും കൊല്ലപ്പെടുകയും ചെയ്തപ്പോഴെല്ലാം നിശബ്ദമായി ഇരിക്കുകയും അതൊന്നും തങ്ങളെ ബാധിക്കാൻ പോന്ന പ്രശ്നങ്ങളല്ല എന്ന് നിനയ്ക്കുകയുംചെയ്തവർ തങ്ങൾക്ക് നേർക്കും അവർ വരുമെന്നറിയുമ്പോൾ ഞെട്ടുക സ്വാഭാവികമാണല്ലോ !ഇനിയും ഉണരാത്തവർ ഇതിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട് !ടി.എം.കൃഷ്ണമാത്രമാണ് ഈ മേഖലയിൽ ഇക്കാര്യത്തിൽ ഒരപവാദം.അതുകൊണ്ടുതന്നെ കലാകാരന്മാരുടെ പരിധിനിശ്ചയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട  രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖ്യശത്രു ടി.എം.കൃഷ്ണയാവുന്നത് സ്വാഭാവികമാണ് !അവരുടെ  മേൽപ്പറഞ്ഞ ഭീഷണിയുടെ ശബ്ദരേഖയിൽ 'പൊറുക്കി' എന്ന വാക്കുകൊണ്ടാണ് രംഗനാഥൻ കൃഷ്ണയെ സംബോധനചെയ്യുന്നത്.ഒരു ക്രിസ്ത്യൻപള്ളിയിൽ അദ്ദേഹം നടത്തിയ കച്ചേരി അവരെ ചൊടിപ്പിച്ചിരിക്കുകയാണ്.
image.png
എന്നാൽ,ടി.എം.കൃഷ്ണയ്ക്ക് നേർക്കുള്ള ഈ പ്രതിഷേധങ്ങൾ പുതിയതല്ല.കർണ്ണാട്ടിക്ക് സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തെ എക്കാലവും വിമർശിച്ചിട്ടുള്ള ആളാണ് കൃഷ്ണ. അതുകൊണ്ടുതന്നെ കലാരംഗത്തെയും ആസ്വാദകർക്കിടയിലെയും ജാതിക്കോമരങ്ങൾക്ക് കൃഷ്ണ എക്കാലവും കല്ലുകടിയായിരുന്നു! ചെന്നൈ മ്യൂസിക്ക് അക്കാഡമിയുടെ വർണ്ണവിവേചനത്തോടുള്ള പ്രതിഷേധമായി അവിടുത്തെ സംഗീതസഭ ഉപേക്ഷിച്ച ബ്രാഹ്മണസമുദായാംഗമായ കൃഷ്ണ മാറ്റിനിർത്തപ്പെട്ടവർക്ക്‌വേണ്ടി തെരുവുകളിലേക്ക് ചെന്ന് സംഗീതസഭകൾ സംഘടിപ്പിച്ചത് പലരേയും ചൊടിപ്പിച്ചിരുന്നു.അടുത്തിടെ എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.സംഗീതസമൂഹത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ പരിവേഷത്തിനുവേണ്ടി അബ്രാഹ്മണയായ എം.എസ്സിന് അവരുടെ വേഷത്തിലും സംഗീതത്തിലും പിൽക്കാലത്ത് 'ബ്രാഹ്മണിസം' കലർത്തേണ്ടിവന്നെന്നും അത്തരത്തിൽ നിലനിൽക്കുന്ന ബ്രാഹ്മണിക്കൽ മേധാവിത്വത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞത് അനുകൂലവും പ്രതികൂലവുമായ കോളിളക്കങ്ങളാണ്  ഉണ്ടാക്കിയത് !

image.png

രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖപുസ്തകപ്പേജിൽ അഖിലലോക ബ്രാഹ്മണ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടയാണ് എന്നാണ് സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ അവരുടെ പ്രധാന എതിരാളി ടി.എം.കൃഷ്ണയാണ്.തമിഴ് നാട്ടിലെ മുഴുവൻ സംഗീതസഭകളും കൃഷ്ണയെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളിൽ സംഘം ചേർന്ന് ബഹളംവയ്ക്കുമെന്നുമാണ് സനാതന സേവാസംഘത്തിന്റെ ഭീഷണി.ഒരുപടികൂടികടന്ന്, കൃഷ്ണയെ പരസ്യമായി അടിക്കുമെന്നും അവർ പറയുന്നു ! ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റുപലരും മുട്ടുമടക്കുകയും മാപ്പപേക്ഷയുടെ സ്വരത്തിൽ വിശദീകരണംനൽകി തലകുനിക്കുകയും ചെയ്യുമ്പോൾ പതിവുപോലെ ഇതിനെ ധീരമായി നേരിടുകയും വെല്ലുവിളിക്കുകയുമാണ് ടി.എം.കൃഷ്ണ ചെയ്തത് .തന്റെ പ്രതിമാസ സംഗീതപരിപാടികളിൽ ക്രിസ്ത്യൻ-ഇസ്ലാമിക കൃതികളുടെ കർണ്ണാട്ടിക് അവതരണങ്ങൾ നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് .മായാവരം വേദനായകംപിള്ള,എബ്രഹാം പണ്ഡിതർ ,കൂനാങ്കുടി മസ്താൻ സാഹിബ്,ഡി.വേദനായകം ശാസ്ത്രികൾ തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ കർണ്ണാട്ടിക്ക് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ക്രിസ്ത്യൻ -ഇസ്ലാമിക കൃതികൾ  അതിനുവേണ്ടി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു!
image.png

കർണ്ണാട്ടിക്ക് സംഗീതലോകം കാലാകാലങ്ങളായി വച്ചുപുലർത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ബ്രാഹ്മണിസം ഇന്ന് കലാകാരന്മാരെ തിരിഞ്ഞുകുത്തുകയാണ് എന്ന് കൃഷ്ണ പറയുന്നു .അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കുകയും സംഗീതത്തെ അതിന്റെ എല്ലാ ഔന്നിത്യത്തോടും ജാതി-മതങ്ങൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം സഹപ്രവർത്തകരോടും കലാകാരന്മാരോടും ആവശ്യപ്പെടുന്നു.ക്രൈസ്തവ-ഇസ്ലാം-ജൈന-ബുദ്ധമതങ്ങൾക്കെന്നല്ല അതിനുമപ്പുറം യുക്തിവാദ-നിരീശ്വരസാഹിത്യകൃതികൾക്ക് വേണ്ടിപ്പോലുംപ്പാടാൻ ഗായകർ തയ്യാറാവണമെന്നും സംഗീതം അതിനെല്ലാമപ്പുറമാണെന്നും അതിനുവേണ്ടി ആരോടൊപ്പവും താനുണ്ടാകുമെന്നും ടി.എം.കൃഷ്ണ തന്റെ ധീരമായ നിലപാടുകൾ കുറിക്കുന്നു. 

image.png


എത്രപേർ കൃഷ്ണയോടൊപ്പം നിൽക്കുമെന്നുള്ളതാണ് ചോദ്യം.സ്ഥാനമാനങ്ങളും അംഗീകാരങ്ങളും നഷ്ടപ്പെടുമെന്നോർത്ത് നിശബ്ദതപുലർത്തുന്ന കലാകാരന്മാർ വളരെപ്പേരാണ്.എന്നിരുന്നാലും സംഗീതത്തിന്റെ മഹിതമായ പാരമ്പര്യത്തെയും വൈവിധ്യത്തെയും കെട്ടുപാടുകളില്ലാത്ത സ്വാതന്ത്ര്യത്തെയും ആഗ്രഹിക്കുന്നവർ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നുറപ്പാണ് .ശബ്ദമുയർത്തേണ്ട സമയമാണിത് !ഫാസിസം അതിന്റെ നഖവും പല്ലുകളും പുറത്തേക്കെടുത്ത് തുടങ്ങിയിരിക്കുന്നു.ഹിന്ദുസ്ഥാനിയുടേയും സൂഫിസംഗീതത്തിന്റെയും  കർണ്ണാടിക്ക് സംഗീതത്തിന്റെയും  സമ്പന്നമായ നമ്മുടെ പാരമ്പര്യങ്ങളെ മതമൗലികവാദികൾക്ക് അടിയറവുവച്ചുകൂടാ!അയൽരാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇസ്ലാമികമതഭ്രാന്തന്മാർ സൂഫിഗായകരേയും കലാകാരന്മാരെയും ആക്രമിക്കുന്നതും കൊന്നൊടുക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഹൈന്ദവവേർഷൻ ഇന്ത്യയിൽ സംഭവിക്കുമെന്ന് പറഞ്ഞാൽ അതിനെ അതിശയോക്തിയെന്ന് തള്ളിക്കളയേണ്ടതില്ല.രോഗാതുരമായ അസഹിഷ്ണുത ആ രീതിയിൽ വർദ്ദിക്കുകയാണ്! 

image.png

വിവിധമതസ്ഥരായ മഹാസംഗീതജ്ഞർ ഒരുമിച്ചിരുന്നു പാടിയ രാജ്യമാണിത് .തന്നോടൊപ്പം ഇരുത്തി പഠിപ്പിച്ചും പാടിപ്പിച്ചുമാണ് ക്രിസ്ത്യാനിയായ യേശുദാസിന്  ചെമ്പൈ വൈദ്യനാഥഭാഗവതർ ശിഷ്യത്വം നൽകിയത് .നിരീശ്വരവാദിയായിരുന്ന ദേവരാജൻ മാസ്റ്റർ ഈണം നൽകി യേശുദാസ് പാടിയ  ഹരിവരാസനമാണ് ശബരിമലയിൽ കേൾക്കുന്നത് .മാനവചരിത്രത്തിന്റെ മഹത്തായ നേട്ടങ്ങളിലൊന്നായ സംഗീതത്തെയും അതിന്റെ ഉപാസകരേയും മതഭ്രാന്തന്മാർ നിയന്ത്രിക്കാൻ ഒരുമ്പെടുന്നത് അനുവദിച്ചുകൊടുത്തുകൂടാ .അരസികന്മാരും വിവേകശൂന്യരുമായ ഭ്രാന്തന്മാരെ നിലയ്ക്ക് നിർത്താനും നീക്കിനിർത്താനും കലാകാരന്മാരും ആസ്വാദകരും  മുന്നോട്ടുവരണം. വേണ്ടത്ര ഗൗരവത്തോടെ ഇതിനെ നേരിടാതെയും ടി.എം.കൃഷ്ണയെപ്പോലുള്ളവർക്ക് പിന്തുണ കൊടുക്കാതെയുമിരുന്നാൽ കലയുടേയും സംഗീതത്തിന്റെയും ഭാവിലോകം അത്രമേൽ സങ്കുചിതവും ഇരുണ്ടതുമായിരിക്കും.ജാഗ്രതൈ !

No comments:

Post a Comment