To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

Is Free thought is a crime in India ?


സ്വതന്ത്രചിന്ത ഇന്ത്യയിൽ അപരാധമോ ?
രജീഷ് പാലവിള ,തായ് ലാൻഡ്





2013 ആഗസ്റ്റ് 20, പ്രഭാതസമയം 7:20 .പൂനയിലെ ഓങ്കാരേശ്വരക്ഷേത്രപരിസരം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ പ്രഭാതസവാരിക്കിറങ്ങിയ ഒരുവൃദ്ധന്റെ നേർക്ക് പോയിന്റ് ബ്ളാങ്കിൽ നാലുതവണ വെടിയുതിർത്തു.തലയിലും നെഞ്ചിലും  വെടിയുണ്ടകൾതറച്ച് ആ മനുഷ്യൻ നിമിഷങ്ങൾക്കകം നിലംപതിച്ചു.തൻറെരാജ്യത്ത് തന്റെജനങ്ങളിൽനിന്നും തനിക്ക് സുരക്ഷിതത്വംവേണ്ടിവരികയാണെങ്കിൽ അതിലെന്തോ തകരാറുണ്ടെന്നും ഇന്ത്യയുടെ ഭരണഘടനയ്ക്കും നീതിന്യായത്തിനുംവേണ്ടിയാണ് താൻനിലകൊള്ളുന്നതെന്നും തന്റെപോരാട്ടങ്ങൾ ആർക്കെങ്കിലും എതിരെയല്ലെന്നും എല്ലാവർക്കുംവേണ്ടിയാണെന്നും പ്രഖ്യാപിച്ച്  ഇരുട്ട്നിറഞ്ഞ തെരുവുകളിൽ ഒരു ചെറുദീപനാളംപോലെ പ്രകാശിച്ച നരേന്ദ്ര ദാഭോൽക്കറായിരുന്നു അത് !ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉച്ചത്തിൽ ശബ്ദിക്കുകയും ക്രിയാത്മകമായി പ്രവർത്തിക്കുകയുംചെയ്തു എന്നതായിരുന്നു അദ്ദേഹംചെയ്ത അപരാധം.


2015 ഫെബ്രുവരി 16 മഹാരാഷ്ട്രയിലെ മറ്റൊരുപ്രഭാതം.സമയം:9:25 .പ്രഭാതസവാരികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന വൃദ്ധദമ്പതികളുടെനേർക്ക് മോട്ടോർബൈക്കിലെത്തിയ രണ്ടുപേർ അഞ്ചുതവണ നിറയൊഴിച്ചു.കഴുത്തിന്റെപിൻഭാഗത്തും നെഞ്ചത്തും തലയിലുമായി വെടിയേറ്റ് ഗുരുതരമായ നിലയിലായ അവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. മരണത്തോട്മല്ലിട്ട് നാലുദിവങ്ങളോളം അബോധാവസ്ഥയിൽ കിടന്ന് അതിലൊരാൾ ഫെബ്രുവരി ഇരുപതാം തീയതി മരണപ്പെട്ടു.ഇടതുചിന്തകനും ഇരുപത്തിയൊന്നോളം പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനും സാമൂഹികപരിഷ്കർത്താവുമായിരുന്ന അഡ്വക്കേറ്റ് ഗോവിന്ദ് പൻസരെയായിരുന്നു തന്റെഎൺപത്തിയേഴാംവയസ്സിൽ ദാരുണമായി കൊല്ലപ്പെട്ട ആമനുഷ്യൻ. വീരശിവജിയെക്കുറിച്ച് മറാത്തിഭാഷയിൽ
രചിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതും ഏറ്റവുംമനോഹരവുമായ ജീവചരിത്രത്തിൽ 'ആരായിരുന്നു ശിവജി' എന്നദ്ദേഹം വിശദീകരിച്ചു എന്നതായിരുന്നു പ്രകോപനം.ചരിത്രത്തിലെ ശിവജി 'ഹിന്ദുത്വവാദി'കളുടെ ശിവജിയല്ലെന്നും തന്റെസൈന്യത്തിലും സഭയിലും അനേകംമുസ്ലിങ്ങൾക്ക് അർഹമായപദവികൾനൽകിയ മതേതരബോധമുണ്ടായിരുന്ന പ്രജാസ്‌നേഹിയും പരിഷ്കർത്താവുമായിരുന്ന ശിവജിയായിരുന്നു എന്നദ്ദേഹം എല്ലാത്തെളിവുകളുംനിരത്തി ആധികാരികമായി വരച്ചിട്ടത് ഹിന്ദുഫാസിസ്റ്റുകളേയും ഹിന്ദുഭരണകൂടങ്ങളേയും ചൊടിപ്പിച്ചു.തങ്ങൾ തീരുമാനിക്കുന്ന 'ധർമ്മ'ത്തിനുവേണ്ടി അവർ അദ്ദേഹത്തെ കൊന്നുകളഞ്ഞു.'ധർമ്മത്തിനുവേണ്ടി' ആരെയും കൊല്ലാമെന്നാണ്‌ അവരുടെ വേദാന്തം!മഹാരാഷ്ട്രയിൽ സമാനമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട ദാഭോൽക്കറുടേയും പൻസരെയുടേയും കൊലപാതകങ്ങൾക്ക്പിന്നിൽ ഒരേ ബുദ്ധികേന്ദ്രമായിരുന്നു എന്നആരോപണത്തോടും വിമർശനത്തോടും അന്നത്തെ പോലീസ്മേധാവിയായിരുന്ന കെ.എൽ.ബിഷ്‌ണോയി ലാഘവത്തോടെപറഞ്ഞത് ഇരുവരും പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ടു എന്നതൊഴിച്ചാൽ ഇരുകൊലപാതകങ്ങൾക്കും മറ്റൊരുബന്ധവുമില്ലെന്നായിരുന്നു!



2015 ആഗസ്റ്റ് 30 കർണ്ണാടകയിലെ ധാർവാഡ് ജില്ലയിൽ ഒരുപ്രഭാതം .കല്യാൺനഗറിലെ ഒരുവീട്ടിലേക്ക് രണ്ടുപേർ ബൈക്കിലെത്തി. കതകിൽതട്ടിവിളിച്ച അതിഥികൾക്ക് വാതിൽതുറന്നുകൊടുത്ത പ്രായമായ സ്ത്രീയോട് വന്നവർ ഗൃഹനാഥന്റെശിഷ്യരാണ് എന്നുപറയുന്നു.
അവർക്കുള്ള കോഫിയുമായിവന്ന ആ സ്ത്രീ പിന്നീട്കേട്ടത് രണ്ടുറൌണ്ട് വെടിയൊച്ചയായിരുന്നു.ഗൃഹനാഥനെ ചോരപുതപ്പിച്ച് അക്രമികൾ കടന്നുകളഞ്ഞു.കന്നഡസാഹിത്യത്തിനും നവോത്ഥാനത്തിനും മൗലികമായ സംഭാവനകൾനൽകി കേന്ദ്ര-കന്നഡസാഹിത്യഅക്കാഡമികളുടേതുൾപ്പടെ അനവധിപുരസ്കാരങ്ങൾനേടിയ എം.എം.കൽബുർഗിയായിരുന്നു എഴുപത്തിയാറാംവയസ്സിൽ ക്രൂരമായികൊല്ലപ്പെട്ട ആഗൃഹനാഥൻ !




2017 സെപ്റ്റംബർ 5 ,ബംഗലുരുവിലെ രാജരാജേശ്വരി നഗറിൽ രാത്രി 8 മണി .ജോലികഴിഞ്ഞ് വസതിയിലേക്ക് മടങ്ങിയെത്തിയ ഒരു പത്രപ്രവർത്തകയെ അവരുടെ വീടിന്റെ പരിസരത്ത് മറഞ്ഞിരുന്ന ഒരാൾ പോയിന്റ് ബ്ളാങ്കിൽ വെടിവയ്ക്കുന്നു.അവരെ പിന്തുടർന്ന് ഒപ്പം വന്ന മറ്റുരണ്ടുപേർ തുടർന്നും വെടിവയ്ക്കുന്നു.തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകൾതുളച്ചുകയറി നിമിഷങ്ങൾക്കകം അവർകൊല്ലപ്പെട്ടു. പത്രികയിലൂടെയും പ്രസംഗങ്ങളിലൂടെയും ആത്മീയവ്യവസായങ്ങളെയും സംഘപരിവാർ അക്രമങ്ങളെയും നിശിതമായി വിമർശിച്ചതിന്റെ പ്രതികാരമായിരുന്നു ആഅക്രമം.
അമ്പത്തിയഞ്ചുവയസ്സുണ്ടായിരുന്ന ആ സ്ത്രീയിൽ ലക്‌ഷ്യംകണ്ടത് ഏഴോളം വെടിയുണ്ടകൾ!കർണ്ണാടകയിലെ
 വിഖ്യാതമായ ലങ്കേഷ്പത്രികയുടെ പത്രാധിപയായിരുന്ന ഗൗരിലങ്കേശായിരുന്നു അവിടെ നിഷ്കരുണംകൊല്ലപ്പെട്ടത്.


മേൽവിവരിച്ച ഏതാണ്ട്സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ട സാമൂഹികപ്രവർത്തകരും എഴുത്തുകാരും
 അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രക്തസാക്ഷികളാണ്.അവരുടെ അരുംകൊലകളിലേക്ക് നീണ്ടുചെന്ന  പലതരംഅന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത് അപകടകരമായ നിലയിൽ കരുത്താർജ്ജിക്കുന്ന ഹിന്ദുതീവ്രവാദത്തെകുറിച്ചാണ്.സനാതന സത്നപോലെയുള്ള കടുത്ത തീവ്രവാദസംഘടനകൾ തങ്ങളുടെ അജണ്ടകൾ നേടിയെടുക്കാൻ ഉയരാനിടയുള്ള ഏതുതരം ഭിന്നസ്വരങ്ങളെയും ഭയപ്പെടുത്തി അടക്കംചെയ്യാനും അതിനുകൂസാക്കാതെ എതിർപ്പുകൾ തുടരുന്നവരെ കൊന്നൊടുക്കാനും പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടവിഷയമാണ്.ഗൗരിലങ്കേഷ് വധവുമായി അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വളരെആസൂത്രിതമായ അക്രമണങ്ങളാണ് ഇതെല്ലാമെന്നായിരുന്നു.ഇരകളുടെ പേരുവിവരങ്ങൾ തയ്യാറാക്കി അവസരോചിതമായി ആക്രമിക്കാൻ പദ്ധതികൾരൂപീകരിച്ച് അതിനുവേണ്ടി ജീവത്യാഗംചെയ്യാൻവരെ തയ്യാറാകുന്നതരത്തിൽ മസ്തിഷ്കപ്രക്ഷാളനംചെയ്യപ്പെട്ട യുവാക്കളെ സംഘടിപ്പിച്ച് അവർക്ക് പണവും പാരിതോഷികവുംനൽകി ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന ഫാസിസത്തിന്റെ ക്രൂരമായസാമ്രാജ്യങ്ങൾ രാജ്യത്ത് വിശാലമായിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.ഗൗരി കൊല്ലപ്പെട്ട സമയത്ത് മോഡിഭക്തന്മാരും കേന്ദ്രമന്ത്രിമാരുംവരെനടത്തിയ പ്രതികരണങ്ങളും അർഹമായ ശിക്ഷയെന്നുപരിഹസിച്ചുനടത്തിയ ട്വീറ്റുകളുമൊക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നുവെന്നതിന് അടിവരയിടുന്നു.

ഇത്തരത്തിൽ എഴുത്തുകാരെയും സാമൂഹികപ്രവർത്തകരെയും ഒരുഭാഗത്ത് ഭീഷണിപ്പെടുത്തിയും ഇല്ലാതെയാക്കിയും കൈകാര്യംചെയ്യുമ്പോൾ മറ്റൊരു ഭാഗത്ത് പശുസംരക്ഷണത്തിന്റെ പേരിൽനടക്കുന്ന ആൾക്കൂട്ടവിചാരണകളും അരുംകൊലകളുമാണ്.പശുസ്നേഹത്തിന്റെ അക്രമങ്ങളെന്നപേരിൽ സംഘടിതമായി പലരും ഇതിനെലഘൂകരിക്കുമ്പോഴും,വളരെ ആസൂത്രിതമായി ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുംമേലുള്ള വംശീയഹത്യകളാണ് ഇതെന്നത് പ്രശ്നങ്ങളെ വിലയിരുത്തുന്ന ആർക്കും ബോധ്യമാകും.എന്തുകൊണ്ട് മുൻപെങ്ങുമില്ലാത്തതരത്തിൽ ഇത്തരത്തിൽ ജനക്കൂട്ടവിചാരണകൾ ശക്തമായി എന്നത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.നരേന്ദ്രമോഡിസർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ് ഇത്തരംകൊലപാതകങ്ങൾ പരക്കെആരംഭിച്ചതും തുടർക്കഥയായിമാറിയതും.ഇത്തരത്തിൽ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥകളെ  വെല്ലുവിളിച്ച് നിയമംകയ്യിലെടുക്കാൻ ആൾക്കൂട്ടങ്ങൾക്ക് പ്രചോദനമായത് ഭാരതീയ ജനതാപാർട്ടിയുടേയും സംഘപരിവാർ സംഘടനകളുടേയും നേതാക്കളും പ്രവർത്തകരും 'പശു' എന്ന ബിംബത്തെ ഉയർത്തിക്കാട്ടി പലപ്പോഴായി നടത്തിയതും തുടരുന്നതുമായ  നാടകങ്ങളും

പ്രസ്താവനകളുമായിരുന്നു.ഇരകളിൽ തൊണ്ണൂറുശതമാനവും മുസ്ലിംങ്ങളായിരുന്നു എന്നത് മതാധിഷ്ഠിത ഭീകരതയുടെ മുഖംകൂടി  വെളിപ്പെടുത്തുന്നതാണ്.ദാരുണമായ ഈ അരുംകൊലകളിലെല്ലാം രാജ്യത്തെ മതേതരസമൂഹവും ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കുകയും ഒച്ചവയ്ക്കുകയും ചെയ്യുമ്പോഴും ബഹു:പ്രധാനമന്ത്രി നിഗൂഢമായ നിശബ്ദത പുലർത്തുകയാണുണ്ടായത്.
ഫലത്തിൽ അക്രമങ്ങൾ വർദ്ദിക്കുകയാണ്.''ബീഫ്'' ഭയം രാജ്യവ്യാപകമായി ഉണ്ടാക്കാൻ കഴിഞ്ഞതിൽനിന്നും ഏറ്റവും നേട്ടമുണ്ടാക്കിയത് രാജ്യത്തെ ബീഫ്കയറ്റുമതിക്കാരാണ്.കഴിഞ്ഞ നാലുവർഷംകൊണ്ടു ബീഫ്കയറ്റുമതിയിൽ അമേരിക്കയേയും ആസ്ട്രേലിയായേയും പിന്നിലാക്കി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.ഇന്ത്യയുടെ ബീഫ് കയറ്റുമതിക്കാർ അധികവും ഹിന്ദുമുതലാളിമാരും സംഘപരിവാർഅനുകൂലികളോ പ്രവർത്തകരോ എന്നറിയുമ്പോഴാണ് 'ബീഫ്' വിഷയത്തിന്റെ വ്യാവസായികരാഷ്ട്രീയം ബോധ്യപ്പെടുന്നത്.



ഹിന്ദുരാഷ്ട്രമെന്ന തങ്ങളുടെ ചിരകാലസ്വപ്നത്തെ ആസന്നഭാവിയിൽ സാക്ഷാത്ക്കരിക്കാനുള്ള ചരടുവലികളാണ് സംഘപരിവാരങ്ങൾ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്.ഹിന്ദുക്കളുടെ സംരക്ഷകരായി അവതരിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ധ്രുവീകരണം നടപ്പാക്കുന്നതിൽ അവർ അക്ഷീണം പ്രവർത്തിക്കുകയാണ് .ഇസ്‌ലാമിക മതമൗലികവാദികളും തീവ്രസംഘടനകളും പരോക്ഷമായി സംഘപരിവാരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മതേതരസമൂഹം ഏറ്റവും ജാഗ്രതയോടെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയശക്തികളെ എല്ലാ രീതിയിലും ഒറ്റപ്പെടുത്തുകയും 'നാനാത്വത്തിൽ ഏകത്വം' എന്ന നമ്മുടെ ഭരണഘടനയുടെ പ്രഖ്യാപിത ആദർശത്തിനും വൈവിധ്യത്തിനുംവേണ്ടി നിലകൊള്ളേണ്ടതുണ്ട് .ജനാധിപത്യത്തെ ശക്തിപ്പെടുത്തുകമാത്രമാണ് മതശക്തികളെ ദുർബലപ്പെടുത്തുവാനുള്ള മാർഗ്ഗം.മതരാഷ്ട്രീയത്തിന്റെ വഴികളിലേക്ക് നമ്മുടെ സമൂഹങ്ങൾ വിഭജിക്കപ്പെട്ടാൽ സമാധാനപരമായി ജീവിക്കുക എന്നത് ഒരുമനോഹരമായ സ്വപ്നം മാത്രമായിരിക്കും.നമ്മുടെ ജനാധിപത്യഭരണഘടനതരുന്ന എല്ലാഅവകാശങ്ങളും നിലനിൽക്കേണ്ടതിൽ ഉത്തരവാദിത്തത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ഓരോരുത്തർക്കും കടമയുണ്ട്. കരുത്താർജ്ജിക്കുന്ന ഭൂരിപക്ഷവർഗ്ഗീയതയോടും  അതിനുകൂടുതൽ കരുത്തേകുന്ന ന്യൂനപക്ഷവർഗ്ഗീയതയോടും നാം കരുതലോടെ ഇരുന്നേമതിയാകൂ !





No comments:

Post a Comment