To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

ഗുരുവന്ദനം????

ഗുരുവന്ദനം?
Rejeesh Palavila 







അനന്തപുരി ഫൗണ്ടേഷൻ എന്നൊരു സ്വകാര്യട്രസ്റ് ഇക്കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടാം തീയതി പൊതുവിദ്യാഭ്യാസവകുപ്പിന് നൽകിയ കത്തിന്മേൽ 'ഗുരുവന്ദനം' എന്നൊരു പരിപാടി കേരളത്തിലെ സർക്കാർ സ്കൂളുകളിൽ നടത്തുന്നതിന് അവർക്ക് അനുമതിനല്കിക്കൊണ്ടു പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ ഒരു സർക്കുലർ കത്ത് കൈപ്പറ്റിയതിന്റെ  നാലാംനാൾ   പൊതുവിദ്യാലയങ്ങളുടെ ശ്രദ്ധയിലേക്ക് പുറപ്പെടുവിക്കുകയുണ്ടായി.മദ്യത്തിനും മയക്കുമരുന്നിനുമൊപ്പം മൽസ്യ-മാംസാദികളെപ്പെടുത്തി സസ്യാഹാരത്തിന്റെ ധാർമ്മികത ഉയർത്തിപ്പിടിച്ച ആദരണീയനായ വിദ്യാഭ്യാസമന്ത്രി ശ്രീ.രവീന്ദ്രനാഥിന്റെ വകുപ്പ്  ഇങ്ങനെ ഒരനുമതികൊടുത്തതിൽ ആർക്കും അതിശയംതോന്നാനിടയില്ല .
അനന്തപുരി ഫൗണ്ടേഷന്റെ  സെക്രട്ടറിക്ക് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനമുണ്ടോ എന്നറിയില്ല ,ഏതായാലും സംസ്ഥാനത്തെ വിദ്യാഭ്യാസ  ഉപഡയറക്‌ടർമാർക്കും ജില്ലാ/ഉപജില്ലാ ഓഫീസർമാർക്കും പ്രഥമാധ്യാപകർക്കുംവേണ്ടി പുറപ്പെടുവിച്ച പ്രസ്തുത സർക്കുലറിൽ അനന്തപുരി സെക്രട്ടറിക്കും 'പകർപ്പ്' വച്ചിട്ടുണ്ട് .  



'ഗുരുവന്ദനം' പരിപാടിയുടെ പ്രഖ്യാപിതലക്‌ഷ്യം 'മാതാപിതാക്കളെ പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയരുത്' എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്നതാണ് .എന്താണ് ഈ പരിപാടിയുടെ രൂപരേഖ എന്നത് 
വ്യക്തമല്ല .തങ്ങളുടെ ആഗ്രഹപ്രകാരം സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളിൽ നടത്താൻ അനുവാദംകിട്ടിയ  'ഗുരുവന്ദനം' നടത്താനുള്ള ഒരുക്കത്തിലായിരിക്കാം സംഘാടകർ .ഇക്കഴിഞ്ഞ ഗുരുപൂർണ്ണിമയോട് അനുബന്ധിച്ച്  ആർ.എസ്.എസ്സിന്റെ സഞ്ജീവനി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചേർപ്പ് സി.എൻ.എൻ ഗേൾസ് സ്കൂളിൽ നടന്ന 'ഗുരുപൂജ' എന്ന പരിപാടിയുടെ വിവാദപശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസകാര്യാലയത്തിന്റെ സർക്കുലർ 'അതുതാനല്ലയോ ഇത് എന്ന വർണ്യത്തിലാശങ്ക ഉണ്ടാക്കിയിരിക്കുകയാണ് .ആർ.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള വിവിധ ബാലഗോകുലങ്ങളിൽ ഇതേ സമയത്ത്  'ഗുരുവന്ദനം' എന്ന പേരിൽ  ഗുരുപൂർണിമ ആഘോഷിക്കപ്പെട്ടത്  ഇതിനോട് ചേർത്തുവായിക്കുന്ന ആർക്കും 'ശങ്ക' തോന്നുക സ്വാഭാവികം.ചേർപ്പ് സ്കൂളിന്റെ മാനേജ്മെന്റാകട്ടെ തങ്ങൾ നടത്തിയ ഗുരുപൂജ വിദ്യാഭ്യാസവകുപ്പിന്റെ  സർക്കുലറിന്റെ ഭാഗമാണെന്ന് വാദിക്കുകയും ചെയ്യുന്നു!അതിനെ നിഷേധിച്ചുകൊണ്ട് 'ഗുരുവന്ദനത്തിനും' 'ഗുരുപൂജയ്ക്കും' തമ്മിൽ യാതൊരുബന്ധവുമില്ല എന്നിങ്ങനെ ഒരു 'മറുപടി സർക്കുലർ' ഇറക്കേണ്ടിവന്ന ഗതികേടിലാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന്റെ  വിദ്യാഭ്യാസവകുപ്പ് !


ചേർപ്പ് സ്കൂളിൽ അതാത്‌ ക്ളാസ്സിലെ  വിവിധമതവിശ്വാസികളായ മുഴുവൻകുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു 'ഗുരുപൂജ' നടത്തിയത് .കസേരയിൽ ഇരിക്കുന്ന അധ്യാപകന്റെ കാൽക്കൽ പൂക്കളർപ്പിച്ച് നമ്രശിരസ്കരായി പാദംതൊട്ടുകുമ്പിടുന്ന വിദ്യാർത്ഥിയെ അധ്യാപകൻ കൈകളുയർത്തി തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതോടെ അവസാനിക്കുന്ന  ഒരുതരം മതചടങ്ങാണ്  കൊണ്ടാടപ്പെട്ടത്! പഠിപ്പിക്കുന്ന ഗുരുവിന്റെ കാല് തൊട്ടുവന്ദിക്കുന്നതിൽ എന്താണിത്ര അപരാധം എന്ന അതിശയോക്തിയുമായി  ആര്ഷഭാരതോദ്ധരണികളോടെ  അവതരിക്കുന്നവർ ധാരാളമുണ്ടാകാം.ആചാരവിശ്വാസങ്ങളുടെ മറവിൽ സംസ്കാരസംരക്ഷണം എന്ന പേരിൽ  സംഘപരിവാറിന്റെ അജണ്ടകൾ പൊതിയിടങ്ങളായ പള്ളിക്കൂടങ്ങളിൽ തന്ത്രപൂർവ്വം കൊണ്ടിറക്കുന്നു എന്നത് സംശയത്തോടെ കാണേണ്ടതുണ്ട്. 

സംസ്ഥാനത്തെ വിവിധ സ്കൂൾ മാനേജ് മെന്റുകൾ തങ്ങളുടെ മതപരമായ താത്പര്യങ്ങൾ വിദ്യാർത്ഥികളിൽ കെട്ടിയിറക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത് .വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ പച്ചയും കാവിയുമൊക്കെ പുരട്ടുന്ന മതവിദ്യാലയങ്ങളായി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ് !

നല്ല അധ്യാപകർ കുട്ടികളുടെ മനസ്സിൽ ജീവിക്കുന്നത് വേഷംകെട്ടലുകളിലൂടെയല്ല.എല്ലാ മേഖലയിലുമെന്നപോലെ അധ്യാപകർക്കിടയിലും നല്ലവരും തെമ്മാടികളുമുണ്ട് .സവിശേഷമായ മഹത്തവൽക്കരണവും ആദർശവൽക്കരണവും തികച്ചും അതിരുകടന്നതാണ്.അറിവും വിവേകവും വിദ്യാർത്ഥികളോട് ആത്മബന്ധങ്ങളും സൂക്ഷിക്കാൻ കഴിയുന്ന അധ്യാപകർ  കുട്ടികളുടെ മനസ്സിലാണ്  ജീവിക്കുന്നത് .അതിനുപകരം മതാധിഷ്ഠിതസങ്കൽപ്പങ്ങളുടെ ഉപോല്പന്നമായ പാദപൂജയും വിഗ്രഹദണ്ഡനമസ്കാരവും കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് നീതീകരിക്കാനാവില്ല.പാഠഭാഗങ്ങൾ ശ്രദ്ധയോടെ പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്താൽപോരാ അധ്യാപകർ ഇങ്ങനെ തങ്ങളുടെ പാദങ്ങളിൽ കുമ്പിടുന്ന ശിഷ്യരിൽ സവിശേഷമായി ചൊരിയുന്ന അനുഗ്രഹംകൂടിയുണ്ടെങ്കിലെ സമ്പൂർണ്ണതയുണ്ടാകൂ എന്നതരം ഫ്യുഡൽഭക്തിചിന്ത കുഞ്ഞുങ്ങളിൽ കുത്തിവയ്ക്കുകയാണ് ഇത്തരം ആചാര്യസങ്കല്പങ്ങളും പൂജാദികർമ്മങ്ങളും.



പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികളിൽ ഇത്തരം ഏതെങ്കിലും തരത്തിലുള്ള മതബോധം സൃഷ്ടിക്കേണ്ടയിടങ്ങളല്ല.മതേതരമായിരിക്കണം ഓരോ വിദ്യാലയവും.അവിടുത്തെ വിദ്യാർത്ഥികളുടെ മതമോ വിശ്വാസമോ മതനിരാസമോ ഒന്നും സ്കൂളിന്റെ വിഷയമോ സ്കൂൾ ഇടപെടണ്ട കാര്യമോ ആവരുത്.നിർഭാഗ്യവശാൽ നമ്മുടെ വിദ്യാലയങ്ങൾ വിവിധമതശക്തികളുടെ നിയന്ത്രണത്തിലും അധികാരത്തിലുമാണ്.കുഞ്ഞുമസ്തിഷ്കങ്ങളിൽ കുത്തിവയ്ക്കപ്പെടാൻ ഇടയുള്ള സ്വാർത്ഥമായ മതചിന്തകൾ നശിപ്പിക്കുന്നത് നാളത്തെ തലമുറയെക്കൂടിയാണ്.പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നിയേക്കാവുന്ന പല പഠനരീതികളുടെയും ചടങ്ങുകളുടെയും മറവിൽ മതശക്തികളുടെ സങ്കുചിതതാൽപ്പര്യങ്ങൾ കടന്നുവന്നേക്കാം.സ്ത്രീവിരുദ്ധ പ്രഭാഷണങ്ങൾ  നടത്തി കയ്യടിവാങ്ങിയ രജിത്കുമാറിനെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളിൽ മൂല്യബോധക്‌ളാസ്സുകള് നടത്താൻ ഏൽപ്പിച്ച ദാരുണമായ നടപടി ഒരു സാംസ്‌കാരികദുരന്തമായിരുന്നു.അതിനെ അപലപിച്ച ഇടതു സർക്കാർ ഗുരുവന്ദനം എന്ന പേരിൽ പൊതുവിദ്യാലയങ്ങളിൽ എന്താണ് നടത്താൻ പോകുന്നതെന്ന് കേരളത്തിലെ പൊതുസമൂഹത്തോട് പറയേണ്ടതുണ്ട് .മതോൽപ്പന്നമായ മൂല്യബോധങ്ങൾ കെട്ടിവച്ച് ഒരു തലമുറയുടെ ദിശാബോധത്തെ നിരുത്തരവാദപരമായി നശിപ്പക്കരുതേ എന്നോർമ്മിപ്പിച്ചുകൊള്ളുന്നു !

No comments:

Post a Comment