To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday 10 August 2018

A Tribute to Subbaraya Shasthrikal

സൗഭാഗ്യശ്രീമാനായ ഒരു സംഗീതജ്ഞൻ
രജീഷ് പാലവിള ,തായ് ലാൻഡ്




 കലയിൽ പ്രത്യേകിച്ചും സംഗീതത്തിൽ ഏറ്റവും സവിശേഷമായ ഒന്നാണ് പ്രതിഭാധനരും  പരിചയസമ്പന്നരുമായ  ഗുരുക്കന്മാരെ  ലഭിക്കുക എന്നത് .ശിഷ്യന്മാരുടെ കഴിവ്തിരിച്ചറിയാനും വേണ്ടവിധത്തിൽ പരിപോഷിപ്പിക്കാനും നല്ലൊരു ഗുരുവിനുമാത്രമേ കഴിയൂ.സംഗീതത്തിനുവേണ്ടി ആത്മസമർപ്പണംചെയ്തവരും ശ്രദ്ധാലുക്കളും  നിത്യഗാനോപാസകരുമായ സംഗീതജ്ഞർക്കാകട്ടെ ജിജ്ഞാസുക്കളും പ്രതിഭകളുമായ  ശിഷ്യന്മാരെ കണ്ടെത്തിഅഭ്യസിപ്പിക്കുക എന്നത് അത്രമേൽ അനായാസവും ആനന്ദകരവുമായ ഒരുപ്രവൃത്തിയിരിക്കും.അത്തരം ഗുരുക്കന്മാരെ ലഭിക്കുന്നതിൽപരം വലിയൊരുഭാഗ്യം സംഗീതലോകത്തിലില്ല .ഗുരുക്കന്മാർ 'ചമയുന്നവരുടെ' എണ്ണംകൂടുന്ന ഇക്കാലത്ത് കോലാഹലങ്ങൾ ചില്ലറയല്ലല്ലോ! ഭാഷയോടും അർത്ഥഭംഗിയോടും യാതൊരുവിധ നീതിയുംപുലർത്താതെ കേവലം  ശബ്ദകസറത്തുകൾ നടത്താനായിട്ട് കുട്ടികളെ  'ട്യൂൺ' ചെയ്തുവിടുന്നതാണ് കർണ്ണാട്ടിക് സംഗീതമെന്നപോലെയാണ് ഇത്തരം  'അധ്യാപകവേഷങ്ങൾ' അഭ്യാസംനടത്തുന്നത് .പൂന്താനം പാടിയപോലെ വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാൻമാരെന്നുനടിക്കുന്ന ഇവർ  'ഗുരുദക്ഷിണ'യുടെ പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയും വിദ്യാർത്ഥികളുടെ കലോത്സവവേദികളിലൊക്കെ വഴക്കിട്ടും വീമ്പുപറഞ്ഞും തമ്മിൽതല്ലുന്ന 'അപസ്വരങ്ങളായിഈ രംഗത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നു എന്നത് അതിശയോക്തിയല്ല.എങ്കിലും  മഹാസംഗീതജ്ഞർ പകർന്നുതന്ന മഹത്തായ സംഗീതപാരമ്പര്യത്തെ മുറുകെപിടിക്കുന്ന അനേകംപേരുണ്ട്.അവരുടെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കർണാടിക് സംഗീതത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും നിലനിർത്തുന്നതിൽ വലിയപങ്കുവഹിക്കുന്നു.നിറവും മണവും മധുവുമുള്ള പൂക്കളെത്തേടി ശലഭങ്ങൾഎന്നപോലെ പ്രയത്നശാലികളും പ്രതിഭകളുമായ സംഗീതവിദ്യാർത്ഥികൾ ഇത്തരം ഗുരുക്കന്മാരെത്തേടിയെത്തി തങ്ങളുടെ സംഗീതജീവിതം കൂടുതൽ ശ്രുതിമധുരമാക്കുന്നു.


ഏതെങ്കിലും തരത്തിലുള്ള ശബ്ദറെക്കോർഡിങ്സംവിധാനങ്ങളോ റേഡിയോയോ ഒന്നുമില്ലാതിരുന്ന കാലഘട്ടങ്ങളിൽ ജീവിച്ച  മഹാസംഗീതജ്ഞരുടെ കൃതികളും ശൈലികളുമൊക്കെ നമുക്ക് പകർന്നുകിട്ടിയത് അവരുടെ ശിഷ്യപരമ്പരകളിലൂടെയാണ്.അതുകൊണ്ടുതന്നെ ഗുരു-ശിഷ്യപാരമ്പര്യത്തിന്റെ ചരിത്രംകൂടിയാണ് സംഗീതത്തിനുള്ളത്.കർണ്ണാട്ടിക് സംഗീതത്തിന്റെ പിതാമഹൻ എന്ന് പുകഴ്പെട്ട പുരന്തരദാസന്റെയോ    ത്രിരത്നങ്ങളായ ത്യാഗരാജസ്വാമികളുടേയോ  ശ്യാമശാസ്ത്രികളുടേയോ  മുത്തുസ്വാമി ദീക്ഷിതരുടേയോ ഒക്കെ  എണ്ണമറ്റ ശിഷ്യപരമ്പരകളുടെ കണ്ണികളാവുക എന്നത്പോലും  സംഗീതവിദ്യാർത്ഥികളെ സംബന്ധിച്ച്  മഹാഭാഗ്യങ്ങളാണ്.പ്രതിഭകൊണ്ടും സംഗീതപാഠവംകൊണ്ടും  അദ്വിതീയന്മാരായ ഈ സംഗീതരാജാക്കന്മാരുടെ ശിഷ്യന്മാരൊക്കെ കർണാടിക് സംഗീതചരിത്രത്തിന്റെ മഹാശില്പികളുമാണ്.സംഗീതപ്രഭുക്കളായ ആ ഗുരുക്കന്മാരുടെ ശിഷ്യരായി അവരോടൊപ്പം ജീവിക്കാനും ആ കൃതികളുടെ അവാച്യസുന്ദരമായ ആലാപനത്തിന്റെ മാസ്മരികലോകങ്ങളിൽ അഭിരമിക്കാൻ ഭാഗ്യംലഭിക്കുകയും അവരുടെ കൃതികളും ശൈലികളുമൊക്കെ പകർത്തിവച്ച്  വരുംതലമുറകൾക്ക്കൂടി അതിരില്ലാത്ത ആനന്ദത്തിന്റെ അനുഭൂതികൾ പകർന്നുവച്ച ആ മഹാനുഭാവന്മാരെ കൃതജ്ഞതയോടെ എക്കാലവും സ്മരിക്കണം.

ത്യാഗരാജനോ ശ്യാമശാസ്ത്രികളോ എങ്ങനെയായിരിക്കും പാടിയതെന്നും അവരുടെ ശബ്ദവും ഭാവവുമൊക്കെ എങ്ങനെയായിരുന്നു എന്നുമൊക്കെ ചിന്തിച്ചു നോക്കുന്നതുപോലും നമ്മിൽ ഉണർത്തുന്ന കൗതുകവും ആവേശവും ചെറുതല്ല .അപ്പോൾ അവരുടെ ശിഷ്യരാകാൻ കഴിഞ്ഞവരുടെ ഭാഗ്യത്തെക്കുറിച്ച് പറയാൻ വാക്കുകളുമില്ല !സംഗീത-ചക്രവർത്തിമാരിൽ  ഒരാളുടെയെങ്കിലും ശിഷ്യനോ ആ ശിഷ്യപരമ്പരകളുടെ കണ്ണിയാവുക  എന്നത്പോലും അനുപമമായ പദവിയാണ്. അങ്ങനെയിരിക്കെ ആ സംഗീത ത്രിരത്നങ്ങളെ  മൂന്നുപേരെയും  ഒരാൾക്ക്ഗുരുക്കന്മാരായി ലഭിച്ചാലുള്ള കഥയെന്താവും !അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ മഹാഭാഗ്യം ലഭിച്ച ഒരു മഹാസംഗീതജ്ഞനുണ്ട് ,സാക്ഷാൽ സുബ്ബരായ ശാസ്ത്രികൾ! ശ്യാമശാസ്ത്രികളുടെ ഇളയമകനായിരുന്ന അദ്ദേഹത്തിന് മഹാനായ അച്ഛനിൽനിന്നും സംഗീതം പഠിക്കുന്നതിനൊപ്പം ത്യാഗരാജസ്വാമികളുടേയും മുത്തുസ്വാമി ദീക്ഷിതരുടേയും കീഴിൽ സംഗീതംപഠിക്കാനുള്ള അപൂർവ്വഭാഗ്യമുണ്ടായി .ഇങ്ങനെയൊരു സൗഭാഗ്യശ്രീമാനാവാൻ കഴിഞ്ഞത് സുബ്ബരായ ശാസ്ത്രികൾക്ക് മാത്രമായിരുന്നു.തന്റെ കീഴിൽ സംഗീതാഭ്യാസം തുടങ്ങിയ പ്രിയ പുത്രനെ തിരുവൈയാറിലെ ത്യാഗരാജസ്വാമികളുടെ അടുക്കലേക്ക് അയച്ചത് ശ്യാമശാസ്ത്രികളായിരുന്നു .ശാസ്ത്രികളോട് സ്നേഹ-ബഹുമാനങ്ങളുണ്ടായിരുന്ന ത്യാഗരാജൻ തന്റെശിഷ്യനായി സുബ്ബരായനെ സ്വീകരിക്കുകയും സംഗീതം പഠിപ്പിക്കുകയുംചെയ്തു.പ്രതിഭാധനനായിരുന്ന ആ സംഗീതവിദ്യാർത്ഥി ത്യാഗരാജന്റെ പ്രിയശിഷ്യനായിത്തീരുകയും ചെയ്തു .കുറച്ചുകാലം ത്യാഗരാജനോടൊപ്പമുള്ള  പഠനത്തിനുശേഷം സുബ്ബരായൻ,അച്ഛന്റെ ശിക്ഷണത്തിൽ  തന്റെസ്വദേശമായ തഞ്ചാവൂരിൽ പഠനം തുടർന്നു.അക്കാലത്ത് അവിടെയെത്തിയ സാക്ഷാൽ മുത്തുസ്വാമി ദീക്ഷിതർ ശ്യാമശാസ്ത്രികളുടെ വീടിനടുത്ത് താമസിക്കാനിടവരികയും ആ മഹാസംഗീതജ്ഞന്മാർക്ക് തങ്ങളിൽ കാണാനും സംഗീതസല്ലാപങ്ങൾ നടത്താൻ അവസരമുണ്ടാവുകയും ചെയ്തു.ശ്യാമശാസ്ത്രികളോടൊപ്പം ആ ചർച്ചകളിൽ സുബ്ബരായനും പങ്കെടുക്കുകയും അച്ഛന്റെ ആവശ്യപ്രകാരം താൻ സ്വന്തമായി ചിട്ടപ്പെടുത്തിയ ചില കൃതികൾ മുത്തുസ്വാമി ദീക്ഷിതരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ആലാപനത്തിലും സംഗീതത്തിലും സംതൃപ്തനായ ദീക്ഷിതർ തന്റെശിഷ്യന്റെ സ്ഥാനംകൊടുത്ത്കൊണ്ട് സുബ്ബരായനെ തന്റെകൃതികൾ ചൊല്ലിപ്പഠിപ്പിക്കുകയുംചെയ്തു .മഹാജ്ഞാനികളായ ആ മൂന്നുസംഗീതജ്ഞരുടേയും സ്വാധീനം സുബ്ബരായന്റെ സംഗീതത്തിൽ പ്രകടമായി എന്നൊരു വിശേഷംകൂടി അതുകൊണ്ടുണ്ടായി.അച്ഛൻ ശ്യാമശാസ്ത്രിയുടെ  ചിട്ടസ്വരങ്ങളും ത്യാഗരാജസ്വാമികളുടെ 'മധ്യമകാലം' ദീക്ഷിതരുടെ 'മൃദുവേഗത' എന്നിവ സുബ്ബരായ ശാസ്ത്രികളുടെ കൃതികളുടെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.വളരെക്കുറച്ചു കൃതികൾമാത്രം ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സൃഷ്ടികൾ അധികവും ശ്യാമശാസ്ത്രികളുടേത്പോലെ ദേവീസ്തുതികളായിരുന്നു.തെലുങ്കിൽ രചിക്കപ്പെട്ട ജനനീ നിനുവിന,നിന്നുസേവിഞ്ചിന,ഓ ജഗതാംബ തുടങ്ങിയ അദ്ദേഹത്തിന്റെ സുപ്രസിദ്ധകൃതികളിൽ ചിലതാണ്.സുബ്ബരായ ശാസ്ത്രികൾ മികച്ച വയലിനിസ്റ്റ് എന്ന നിലയിലും അറിയപ്പെട്ടിരുന്നു.സുബ്ബരായ കൃതികളുടെ ഏറ്റവും ശ്രദ്ധേയമായ ആലാപനങ്ങൾ കർണ്ണാട്ടിക് സംഗീതലോകത്തെ സുവർണ്ണതാരമായ സംഗീതകലാനിധി  എം.ഡി.രാമനാഥന്റേതായി വിലയിരുത്തപ്പെടുന്നു.  

കർണ്ണാട്ടിക് സംഗീതത്തിലെ മൂർത്തികളായ  മൂന്നുമഹാസംഗീതജ്ഞരുടെ ശിക്ഷണംലഭിച്ച സുബ്ബരായശാസ്ത്രികളുടെ ആ അപൂർവ്വഭാഗ്യം കർണ്ണാട്ടിക് സംഗീതചരിത്രത്തിലെ   അവിസ്മരണീയമായ ഒരേടായി അദ്ദേഹത്തിന്റെ കൃതികളോടൊപ്പം എക്കാലവും വാഴ്ത്തപ്പെടും



No comments:

Post a Comment