To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Wednesday, 10 August 2016

Sound Noise

അപശബ്ദങ്ങള്‍

ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വര്‍ഗ്ഗീയവാദികളുടെ കവലപ്രസംഗം വേണ്ടിവന്നു എന്നതാണ് ഏറ്റവും സഹതാപകരമായ കാര്യം. ഈവിഷയം കൂട്ടുത്തരവാദിത്വത്തിന്റെതാണ്.
ഒരുപരിപാടിനടക്കുന്ന ഇത്രചുറ്റളവില്‍ അനുവദനീയമായ സമയത്തിലും ശബ്ദത്തിലുംമാത്രം  മൈക്രോഫോണ്‍/ലൌഡ്സ്പീക്കര്‍ സംവിധാനങ്ങള്‍
ഉപയോഗിക്കണം എന്നതില്‍  നമുക്ക് ഇനിയും ബോധമുണ്ടായിട്ടില്ല.
ശബ്ദനിയന്ത്രണത്തില്‍ രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍
ആരും തയ്യാറല്ല .ഒരുപരിപാടി  അവിടെ ഒത്തുകൂടുന്നവരിലേക്ക്
അവിടുത്തെ ശബ്ദങ്ങളൊക്കെ ഒതുക്കി നിര്‍ത്തുന്നത് നമുക്കത്രമേല്‍ കുറച്ചിലാണ് .പോക്കറ്റ് റേഡിയോയ്ക്ക്പോലും കൂട്ടിവക്കാന്‍ തരത്തില്‍ ഒച്ചയുണ്ടെന്ന്‍ അനവസരത്തിലും നാം കാണിച്ചുകൊടുക്കും !
കഴിയുന്നത്ര ഉച്ചത്തില്‍ മറ്റുള്ളവരിലേക്ക് ശബ്ദവിസര്‍ജ്ജ്യനം നടത്തുക എന്നതിലാണ്  നമ്മുടെ ആവേശവും സുഖവും .ഇത് ഒരവകാശംപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ മതസ്ഥാപനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും മതേതരസ്ഥാപനങ്ങളും  ആര്‍ട്ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട്സ് ക്ലബ്ബുകളും  ഒക്കെയുണ്ട്.രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ പൊതുജനജീവിതം പലരീതിയില്‍ താറുമാറാകുന്ന നമ്മുടെ രാജ്യത്ത് ഇതൊക്കെ പൂര്‍ണ്ണമായും അവസാനിക്കപ്പെടണം എന്നത്
'എത്ര മനോഹരമായൊരു നടക്കാത്ത സ്വപ്നം' മാത്രമായിരിക്കും .ഇക്കാര്യത്തില്‍ നിഷ്പക്ഷമായി സംസാരിക്കാന്‍പോലും  ആര്‍ക്കും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എം.എസ്.സുബ്ബലക്ഷ്മിയുടെ കൌസല്യസുപ്രഭാതവും സംഗീതാത്മകമായ ബാങ്ക് വിളിയും നേര്‍ത്ത മണിമുഴക്കവും ഒക്കെ
നമ്മുടെ സുപ്രഭാതങ്ങളുടെ പ്രതാപത്തിന്റെ ഭാഗമായി നാം ആസ്വദിച്ചവയാണ് .ഇന്ന് കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു .
ഒരു പ്രദേശത്ത് ഒന്നിലധികം ആരാധനാലയങ്ങള്‍  പണിയുക എന്നത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള
രീതിയായാണ് ഓരോ വിശ്വാസസമൂഹവും കാണുന്നത് .രാഷ്ട്രീക്കാര്‍ അവരുടെ സാന്നിധ്യം  കാണിക്കാന്‍ മുക്കിനുമുക്കിന് കൊടിമരങ്ങള്‍ നാട്ടുന്നത് പോലെ .എണ്ണം കൂട്ടുക എന്നതാണ്  ശക്തിപ്രകടനത്തിന്റെ ഒരു രീതി!ഇതിങ്ങനെ അനിയന്ത്രിതമായി പൊയ്ക്കൊണ്ടിരിക്കുകയാണ്.
കാണിക്കവഞ്ചികളും നേര്‍ച്ചപ്പെട്ടികളും കവലകളില്‍ എങ്ങും നിരന്നിരിപ്പുണ്ട്.നേരം വെളുക്കും മുതല്‍ ഇരുട്ടുംവരെ
വിശ്രമമില്ലാത്ത പാവം ദൈവങ്ങള്‍!!റോഡില്‍ കുടിയേറിയിരിക്കുന്നവരോട് ഒഴിഞ്ഞുപോകണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടും
എഴുന്നേറ്റുപോകാന്‍ കഴിയാത്തതരത്തില്‍ അവര്‍ ക്ഷീണിതരാണ്! അല്ലെങ്കിലും സുപ്രീംകോടതിയൊക്കെ എന്നാണ് ഉണ്ടായത് ;)

ഒന്നോ രണ്ടോ മിനിറ്റില്‍ തീരുന്ന ഒരു ബാങ്കുവിളി,ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു പള്ളിയില്‍ നിന്നാണെങ്കില്‍ അത് സഹിക്കാവുന്നതാണ് .
കൂണുകള്‍ പോലെ പള്ളികള്‍ പൊന്തുകയും കൂട്ടബാങ്കുവിളി നടത്തുകയും ചെയ്യുമ്പോള്‍ അത് തികച്ചും നിലവിളി ശബ്ദമായിത്തീരും എന്ന്പറഞ്ഞാല്‍ അതൊരു അപ്രിയസത്യമാണ്.ഇതിലും ഭീകരമാണ് നാട്ടിലെ ക്ഷേത്രങ്ങളുടെ സംഭാവന .രാമായണമാസം,മണ്ഡലച്ചിറപ്പ്,സപ്താഹം,അഖണ്ഡനാമജപയജ്ഞം,
ലക്ഷാര്‍ച്ചന,ഭാഗവതപാരായണം,മൈക്കിലൂടെയുള്ള ചെണ്ടമേളം,വെടിക്കെട്ട്,ഉത്സവം തുടങ്ങി ശബ്ദമേളങ്ങളുടെ ഒരു ഘോഷയാത്രയാണ്.ഇതുകൂടാതെയാണ് അമ്പലം/പള്ളിവക പാട്ട്പെട്ടികളും പ്രഭാഷണഗുസ്തികളും.ആശുപത്രി/വിദ്യാലയം ഇത്തരം ഇടങ്ങള്‍പോലും
ഈ അവസ്ഥയില്‍ നിന്നും മുക്തമല്ല.രാഷ്ട്രീയാദി പരിപാടികളിലും വാഹനഹോണ്‍ ഉപയോഗങ്ങളിലുമെല്ലാം  ഇത്തരം ഔചിത്യങ്ങള്‍ സദാ ലംഘിക്കപ്പെടുന്നു.കോളാമ്പികള്‍ ഉപയോഗിക്കുന്നതില്‍ നിരോധനം ഉള്ളത് പലപ്പോഴും നടപ്പാക്കാറില്ല.അനുവദിച്ചിട്ടുള്ള ബോക്സുകളില്‍ ആര്‍ക്കുംകണ്ടുപിടിക്കാന്‍ കഴിയാത്തതരത്തില്‍ കോളാമ്പികളുടെ യൂണിറ്റുകള്‍ സ്ഥാപിച്ച്  വിരുതന്മാരായ മൈക്ക് ഓപ്പറേട്ടര്‍മാര്‍ തങ്ങളുടെ 'സൌണ്ട്'കച്ചവടം 'ഇടറാതെ' കാത്തുസൂക്ഷിക്കുന്നു.

ഓരോ സംസ്ഥാനവും ശബ്ദമേഖലകളെ തരംതിരിക്കുകയും ശബ്ദനിയന്ത്രണം നടത്തുകയും ചെയ്യണം എന്ന് പരിസ്ഥിതിസംരക്ഷണനിയമത്തില്‍
പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.ശബ്ദമലിനീകരണം കുറ്റകരമാണ് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.'അതൊന്നും അത്ര വലിയ കുറ്റമല്ല' എന്നാണ് നമ്മുടെ രാഷ്ട്രീയവും-മതപരവുമായ വികാരം!ആ വികാരത്തിന് മുന്നില്‍
നിശബ്ദരായി നില്‍ക്കുവോളം അപശബ്ദങ്ങള്‍ നമ്മെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും !!

Rejeesh Palavila
02/08/2016
Thailand


No comments:

Post a Comment