To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Wednesday 10 August 2016

Ammini

അമ്മിണി
---------------
രജീഷ് പാലവിള//തായ് ലാന്‍ഡ്

വടക്കേമുറ്റത്തുള്ള വരിക്കപ്ലാവിനന്നു,-
തടിയ്ക്കില്ലത്രവണ്ണം,അടയ്ക്കാമരംപോലെ!
അതിന്റെ ചുവട്ടിലാ'ണമ്മിണി' പകലെല്ലാം;
അവളെന്‍ ആട്ടിന്‍കുട്ടി;യന്നത്തെ കളിത്തോഴി!!

പാലൊത്തനിറമുള്ള പഞ്ഞിക്കുപ്പായം,കണ്ണില്‍-
നീലിമ,കുറുകെയായി കറുത്തചതുര്‍ഭാഗം;
പ്ലാവിനോടടുത്തുള്ള ചീലാന്തിമരത്തിന്റെ
ഛായയിലവളുടെ കിടപ്പുണ്ടിന്നുമുള്ളില്‍;

'അമ്മിണി'യെന്നുള്ളൊരെന്‍ വിളികേട്ടാലുടനെ
'മുംമുമ്മ' ശബ്ദത്തോടെ ഓര്‍മ്മയിലിന്നുമവള്‍!
**ഇളംവരിക്കപ്പൊല്ല്;പച്ചപ്ലാവിലയില;
തെളിഞ്ഞകഞ്ഞിവെള്ള,മൊക്കെയും പ്രിയങ്കരം;

കാലത്തേയെഴുന്നേറ്റ് ചെല്ലുംഞാ,നവളുടെ
ചാരത്തായിത്തുടങ്ങുന്നു ചക്കരവര്‍ത്തമാനം!
മഞ്ഞിനാല്‍ കുളിര്‍ന്നതാം ചെവികള്‍തഴുകിയാ-
മുഞ്ഞിയില്‍ പകരുംഞാ,നുമ്മതന്നിളം ചൂട്!!

നെറ്റിയില്‍ പൊട്ടുകുത്തും;കഴുത്തില്‍ മാലചാര്‍ത്തും;
തട്ടിയുംതലോടിയു,മവളെയോമനിക്കും!
തിരക്കില്ലെനിക്കു,മറ്റൊന്നിനും നേരമില്ല;
ഒരുക്കുമവളെ ഞാ,നമ്മവിളിക്കുംവരെ!!

ചെറിയകുട്ടിഞാ,നന്നവളെ പിരിഞ്ഞെന്നാല്‍
ചെറുതല്ലല്ലോ ദുഃഖം;പൊരുതുമെന്റെ ശാഠ്യം!
സ്കൂളില്‍ ചെന്നിരുന്നാലു,മമ്മിണിയ്ക്കായെന്‍ മനം
പ്ലാവില തിരക്കുന്നു;പറമ്പില്‍ നടക്കുന്നു!!

പഠിപ്പുകഴിഞ്ഞു,ഞാന്‍ തിരികെവീട്ടില്‍വന്നാല്‍
നടക്കുമവളുമായ് വടക്കേമുറ്റത്തെങ്ങും!
കണക്ക്ക്ളാസ്സിലന്നു കടുപ്പംതല്ലിത്തന്ന
ഗുണനപ്പട്ടികയ,ന്നവളും പഠിച്ചീടും!!

ചെവിയുംകുലുക്കിക്കൊണ്ട,വളോടുന്നകണ്ടാ-
ലെനിക്കുചിരിവരു,മതിനെന്തലങ്കാരം!
കടലപ്പിണ്ണാക്കെന്റെ കൈകളിലുരുട്ടിഞാ-
നവളെക്കഴിപ്പിക്കും,'അമ്മയുംകുഞ്ഞും' ഞങ്ങള്‍!!

അന്നെന്റെമനസ്സിന്റെ കുഞ്ഞുലോകം മുഴുക്കെ-,
യമ്മിണിക്കലയുവാന്‍ തൊടിയുംപൂന്തോട്ടവും!
ചങ്ങാതിമാരോടെല്ലാം,പറയും കഥകള്‍ഞാന്‍;
അമ്മിണിയ്ക്കറിയാത്ത വാര്‍ത്തയും കാണുകില്ല!!

ഒരിക്കല്‍,മുറ്റത്തുള്ള തളിര്‍വാഴക്കൈതിന്ന,
കുരുത്തക്കേടിനവള്‍ക്കച്ഛന്റെ തല്ലുകിട്ടി!
അന്നവള്‍ക്കമ്മതീര്‍ത്തു,കഴുത്തില്‍വട്ടച്ചണം;
അന്നുതൊട്ടവള്‍ക്കുണ്ടാ,യെങ്ങോട്ടും നിയന്ത്രണം!!

ഞാനടുത്തുണ്ടെന്നാലോ,യവള്‍ക്കില്ലാബന്ധനം;
കാണേണ്ടതാണാലോക,ത്താനന്ദനൃത്തോത്സവം!
ഭാഷകള്‍ക്കതീതമാം സ്നേഹത്തെയറിയുവാന്‍
കാഴ്ചകള്‍ ഉണ്ടാകുന്നതത്രെയോയതിശയം!!

അവള്‍തന്‍കഴുത്തിലെ കയര്‍തന്നവളുടെ
മരണക്കുരുക്കാവുമെന്നാരുമറിഞ്ഞില്ല;
പ്ലാവിനോടടുത്തുള്ള ചീലാന്തിമരത്തിന്റെ
ഛായയിലവളുടെ കിടപ്പുണ്ടിന്നുമുള്ളില്‍;

അമ്മിണിമരിച്ചുപോയ്‌;നൊമ്പരമുണങ്ങാതെ-
സങ്കടപ്പനിമൂടി,യെത്രനാള്‍ കിടന്നുഞാന്‍;
നിര്‍മ്മലസ്നേഹത്തിന്റെ നിത്യമാമനുഭൂതി-
യിന്നുമുണ്ടെന്റെയുള്ളി,ലമ്മിണി,കളിത്തോഴി!!
-------------------------------------------------------------


**വരിക്കപ്പൊല്ല് :വരിക്കചക്കയുടെ ചവിണി

No comments:

Post a Comment