To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Thursday 23 June 2011

കവികള്‍

കവികള്‍
കവികളെ നിങ്ങള്‍ക്ക് ഹൃദയമില്ല !
നിങ്ങളൊന്ന,ല്ലൊരായിരം പൊയ്മുഖങ്ങള്‍ !!  
അക്ഷരമാകും കരുക്കളുന്തി,എന്‍റെ-
ഹൃത്തടമാകും കളിക്കളത്തില്‍ ...
നിര്‍ദ്ധയമത്ത വിഹാരമാടി
നില്‍ക്കുന്നു നിങ്ങള്‍ മുഖംമൂടികള്‍ !!
കവികളെ നിങ്ങള്‍ക്ക് പ്രണയമില്ല!,
അവികലസ്നേഹസങ്കല്പ്പമില്ല !!
തെരുവിലൂടെരിയുന്ന വയറുമായി
ഉരുകി ഞാനെങ്ങോ തളര്‍ന്നുവീയ്കെ ..
അരികിലായിവന്നെന്നെ ബിംബമാക്കാന്‍
കവികളെ നിങ്ങള്‍ക്ക് നാണമില്ല !!
                                      (രജീഷ് പാലവിള)


കാണിക്കവഞ്ചി 
ദൈവം ധനികനായിരുന്നു !
അവന് സ്വര്‍ണ ഗോപുരങ്ങളും
സ്വര്‍ഗങ്ങളും ഉണ്ടായിരുന്നു!!
ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഉണ്ടായിരുന്നു .
അവന്‍റെ പാറാവുകാരും പുരോഹിതന്മാരും
എന്‍റെ സ്വാതന്ത്രത്തെയും സ്വപ്നങ്ങളെയും
വേട്ടയാടുകയും ,എന്‍റെ യുക്തിയില്‍
കറുപ്പ് പുരട്ടുകയും ചെയ്തു !!
അവര്‍ എന്‍റെ വേരുകളെ നിര്‍ജീവമാക്കുകയും
കണ്ണുകളില്‍ വിശ്വാസത്തിന്റെ
ധൂളി നിറയ്ക്കുകയും ചെയ്തു !
എനിക്ക് വേണ്ടി ചോദിക്കുവാന്‍
ആരുമുണ്ടായിരുന്നില്ല!,ചെകുത്താന്‍ പോലും !!
അങ്ങനെയാണ് ഞാനൊരു തെണ്ടിയായത് !
എന്നിട്ടും എനിക്ക് മനസിലാവാത്തത്‌
കാണിക്ക വഞ്ചിയുമായി,ദൈവം എന്‍റെ വഴികളില്‍
ഭിക്ഷയ്ക് ഇരിക്കുന്നത് എന്തിനുവേണ്ടിയാണെന്നാണ് ?!
സപ്രമഞ്ചങ്ങളില്‍ പുരോഹിതന്മാര്‍ ഉറങ്ങികിടക്കെ
ഒരിക്കല്‍ ഞാനിതവനോട് ചോദിച്ചു ;
"ദൈവമേ..നമ്മളിലാരാണു തെണ്ടി ?"
അവന്‍ ഉത്തരം ഒന്നും പറഞ്ഞില്ല !
പക്ഷെ ഒന്നുമാത്രം എനിക്കറിയാം ,
ഇന്നുമെന്റെ വഴികളില്‍
അവന്‍റെ കാണിക്ക വഞ്ചികള്‍ കിലുങ്ങുന്നുണ്ട് 
!!                                                                                                        (രജീഷ് പാലവിള )










1 comment:

  1. Nice Kavitha....Submit your Malayalam kavitha in Vaakyam.com
    http://vaakyam.com/

    ReplyDelete