To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Saturday, 24 November 2012

വില്‍പ്പത്രം


കടലമ്മകള്ളി


കവിത ജ്വലിക്കുമ്പോള്‍


Wednesday, 14 November 2012

സര്‍വ്വകക്ഷിയോഗം

സര്‍വ്വകക്ഷിയോഗം 
പ്രജകള്‍ക്ക്  കൊട്ടാരം നല്‍കി 

രാജാവ് പടിയിറങ്ങി !
"ഇത് നിങ്ങളുടെതാണ് ;നിങ്ങളുടെതാണ് "
ആള്‍ക്കൂട്ടങ്ങളെ നോക്കി
നീതിപീഠങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞു .
റേഷന്‍കടയുടെ മുന്നില്‍ കാത്തുനിന്നവര്‍ക്കും 
കരിക്കാടി കുടിച്ചവര്‍ക്കും 
അതുകേട്ട്  മോഹാലസ്യം ഉണ്ടായി !!

അങ്ങനെയിരിക്കെയാണ് മുതലാളി വരുന്നത് .
മുതലാളി നാടിന്റെ വിളക്കായി തീര്‍ന്നു .
കണ്ണടച്ച് തുറക്കും മുന്പ് കണ്ണിലുണ്ണിയായവന്‍ !
സാധുജനപാലകനായ മുതലാളിയുടെ അഭയവാണികള്‍ 
പ്രത്യയശാസ്ത്രങ്ങളെ പുളകം കൊള്ളിച്ചു !!
മുതലാളിയുടെ സപ്രമഞ്ചങ്ങളില്‍ 
കുഞ്ഞുങ്ങളെ കിടത്തിയുറക്കി 
സമരനായകര്‍  സ്തുതിപാടി .
കാക്കപ്പൊന്ന്  നല്‍കി ,കനകസൗധങ്ങള്‍ കെട്ടി 
മുതലാളി ആകാശങ്ങള്‍ കീഴടക്കി !
സര്‍വ്വസൈന്യാധിപരും  മന്ത്രിപുംഗവന്മാരും 
ചാമരം വീശിയിട്ടും
പത്മശ്രീമുതലാളിക്ക്  ഉറക്കം വന്നില്ല .
രാജാവിന്റെ കൊട്ടാരം വേണം !
അങ്ങനെയാണ് സര്‍വ്വകക്ഷിയോഗം വിളിക്കപ്പെട്ടത്‌ .!

(രജീഷ് പാലവിള /15-11-2012)

Monday, 12 November 2012

കവിത

ദന്തഗോപുരങ്ങളില്‍ മരുവി,ദിവാസ്വപ്ന-
ഗന്ധബിംബങ്ങള്‍ക്കൂട്ടി പുളകംകൊള്ളുവാനും..

ചിന്തയിലനുവേലം തന്നെത്താന്‍ നിരൂപിച്ച്
ചന്തത്തില്‍ ചമത്ക്കാരം വരുത്തി രസിക്കാനും ..

പ്രണയോജ്ജ്വലമായ ജീവിതരംഗങ്ങള്‍തന്‍
മധുരസ്മൃതികളില്‍ മലര്‍ന്നു കിടക്കാനും ..

മാനസഭാവാന്തര ശീലവൈകല്യങ്ങളെ
സാഹസമാക്കി സ്വയ,മുയര്‍ത്തിക്കാണിക്കാനും ..

അപഥസഞ്ചാരത്താല്‍ ബുദ്ധിയില്‍ നുരയ്ക്കുന്ന
ലഹരിയ്ക്കിളനീരിന്‍ മധുരം പകരാനും ..

ആത്മഹര്‍ഷങ്ങള്‍പാടി,യപദാനങ്ങള്‍ വാഴ്ത്തി
ആയിരംപൊയ്മുഖങ്ങള്‍ നിറംതേച്ചൊരുക്കാനും ..

തകര്‍ന്ന കിനാക്കള്‍തന്‍വളപ്പൊട്ടുകള്‍വാരി-
പ്പുണര്‍ന്നു കുടുകുടെ കണ്ണുനീരൊഴുക്കാനും ..

ലോകമേ !യെനിക്കൊട്ടു കൊതിയില്ലിടറാതെ
മാനവികതയ്ക്കായി പാടുവാന്‍ വരുന്നു ഞാന്‍ !!

ചുറ്റിലും ദാരിദ്യത്തില്‍ രേഖനീണ്ടിഴയുമ്പോള്‍
പറ്റുകില്ലെനിക്കൊരു പൂവിനെ തലോടുവാന്‍ !

ഏതുനേരവുമേതോ ഗൂഢമാംവിഷാദത്തിന്‍
തീയിലേക്കെന്നെത്തള്ളി കവിത ജ്വലിക്കുന്നു !!

(രജീഷ് പാലവിള)

Friday, 9 November 2012

ഏതുനേരവുമേതോഗൂഢമാംവിഷാദത്തിന്‍

തീയിലേക്കെന്നെത്തള്ളി കവിത ജ്വലിക്കുന്നു !!

Sunday, 4 November 2012

വായ്ക്കരി

വായ്ക്കരി
___________

കുളിപ്പിച്ച് കിടത്തിയപ്പോള്‍
ആദ്യം മുന്നോട്ടു വന്നത്
പഞ്ചായത്ത് പ്രസിഡന്റായിരുന്നു !

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ
എല്ലുന്തിയ നെഞ്ചില്‍
പുഷ്പചക്രവും പൂവും സമര്‍പ്പിച്ച്‌
കാഴ്ചക്കാരെ അഭിവാദ്യം ചെയ്തു
സാന്നിധ്യം കൊണ്ട് ധന്യമാക്കി
അയാള്‍ ധൃതിയില്‍ നടന്നു ..

മദ്രസ അധ്യാപകരുടെ
പെന്‍ഷന്‍പദ്ധതി ഉദ്ഘാടനം ചെയ്യാന്‍
മന്ത്രി വരുന്നുണ്ടത്രെ !!