To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Monday 17 December 2012

ചര്‍ച്ചയില്‍ നിന്നും

ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിധിപറയും മുന്‍പ്‌ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കാതെ വയ്യ..ഇവിടെ യഥാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത് ഗാന്ധിയുടെ മതമനസ്സ്‌ മാത്രമാണ് .പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഏതൊരാളുടെയും ജീവിത ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം അസ്ഥാനത്തല്ല.ഗാന്ധിയ്ക്ക് പറ്റിയ വലിയ പിഴ ,അദ്ദേഹം ഹിന്ദു മതത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അതിനെ പരിഷ്കരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു എന്നതാണ്.ഒരു പക്ഷെ അദ്ദേഹം മനസ്സില്‍ കണ്ട ഔന്നിത്യം പ്രായോഗികമായി അതിനുണ്ടായിരുന്നില്ല.അയിത്തത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതോടൊപ്പം ചാതുര്‍വര്‍ണ്യത്തെ നിഷേധിക്കുന്നത് ഹിന്ദു മതനിരാസം തന്നെയെന്നും ഗാന്ധി വിശ്വസിച്ചു .തൊട്ടു കൂടായ്മ ഇല്ലാതെ ഹരിജനം ഹരിജനം തന്നെയായി ജീവിക്കണം എന്ന് ഗാന്ധി ചിന്തിച്ചു.കുലത്തൊഴില്‍ ചെയ്യേണ്ടത് ധര്‍മ്മമാണ് എന്നദ്ദേഹം അവരെ പഠിപ്പിച്ചു എന്ന് മാത്രമല്ല ,സവര്‍ണ പ്രതീകമായ രാമനാമത്തെ അവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു.സനാതന ഹിന്ദു എന്നതില്‍ അഭിമാനം കൊണ്ട ഗാന്ധി ചാതുര്‍വര്‍ണ്യത്തെ ഹിന്ദു മതത്തിന്റെ അലങ്കാരമായി കണ്ടു .അയിത്തം ഇല്ലാത്ത വ്യവസ്ഥയാണ് അദ്ധേഹവും തീര്‍ച്ചയായും ആഗ്രഹിച്ചത്‌.ഹരിജന സംവരണം ഹിന്ദു വ്യവസ്ഥയെ തച്ചു തകര്‍ക്കുമെന്ന് അദ്ദേഹം ധരിക്കനിടയായത് ബാലിശമായ ഈ മതവിശ്വാസമാണ്.എങ്കിലും ഗാന്ധിയെ ഒരു ദ്രോഹിയായും ചതിയനായും ചിത്രീകരിക്കാന്‍ കഴിയില്ല.


അയിത്തോച്ചാടനം ,ഹരിജനോദ്ധാരണം തുടങ്ങിയവ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തന അജണ്ടയില്‍ കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത് ഗാന്ധിയാണ്.എന്നാല്‍ ഹിന്ദു സമൂഹം ഏകവും അവിഭക്തവുമാണ് എന്ന വിശ്വാസത്തില്‍ അടിയുറച്ചതാണ് ആ വിഷയത്തില്‍ ഗാന്ധി കൈക്കൊണ്ട പല തീരുമാനങ്ങളിലെയും ന്യൂനത .അംബേദ്കര്‍ വിഷമകരമായ നിരവധി ജീവിത സാഹചര്യങ്ങളെ തരണം ചെയ്താണ് ഉയര്‍ന്നു വന്നത്.രാജ്യത് നിലനിന്ന സവര്‍ണ്ണ മേധാവിത്വത്തെ പ്രതികാര ബുദ്ധിയോടെ തച്ചുടയ്ക്കുന്നത് അദ്ധേഹത്തിന്റെ ജീവിത വ്രതമായിരുന്നു .അതില്‍ ആര്‍ക്കും തെറ്റ് പറയാനും കഴിയില്ല.അവരിരുവരുടെയും അഭിപ്രായ വൈരുധ്യങ്ങളുടെ പേരില്‍ ഗാന്ധിയെ തീര്‍ത്തും ഹരിജന വിരുദ്ധനായി തള്ളിക്കളയുന്നതോടൊപ്പം ആത്യന്തികമായി അദ്ദേഹം ഒരു കള്ളനാണയം മാത്രമാണ് എന്ന് സ്ഥാപിക്കുന്നത് അല്‍പ്പം കടന്നു പോയി എന്നും പറയാതെ വയ്യ.


 south Africa യിലെ വര്‍ണവിവേചന സമരത്തില്‍ തുടങ്ങി സ്വതന്ത്രഭാരതത്തില്‍ കല്‍ക്കട്ടയില്‍ മതാന്ധരുടെ ഇടയില്‍ കലാപഭൂമിയില്‍ സമാധാന പ്രവര്‍ത്തനത്തില്‍ വ്യാപാരിക്കുംവരെയുള്ള ആ സംഭവബഹുലമായ ജീവിതം വിലയിരുത്തുമ്പോള്‍ അതെല്ലാം 'നിര്‍ഗുണവും നിസ്സംഗവുമായ കീഴടങ്ങല്‍ ' ആയി മാത്രം കാണാന്‍ സംശയ ദൃഷ്ടിയോട് കൂടി നോക്കുന്നവര്‍ക്ക് പോലും കഴിയില്ല.അദ്ധേഹത്തിന്റെ ആത്മാര്‍ഥതയില്‍ ആര്‍കും സംശയവുമില്ല.എല്ലാ യുദ്ധത്തിലും കാലാള്‍ മുതല്‍ രാജാവ്‌ വരെയുള്ളവരുടെ ഓരോ ചലങ്ങളും നീക്കങ്ങളും പോലും അതിന്റെ ഗതിയില്‍ നിര്‍ണായകമാണ്.അത്തരത്തില്‍ ഗാന്ധിജിയുടെ സമരത്തിനും ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.അത് ട്രെയിന്‍ ടിക്കെട്ടിനും ആട്ടിന്‍പാലിനും വേണ്ടിയായിരുന്നു എന്ന് പറഞ്ഞാല്‍ തലകുലുക്കാന്‍ പറ്റില്ല..'എന്തൊക്കെ പറഞ്ഞാലും'ഗാന്ധി കേമനാണ് എന്ന ചിന്തയില്‍ നിന്നല്ല ഇതൊന്നും പറയുന്നത് .തന്റെ ജീവിത പരീക്ഷണങ്ങളിലൂടെ മാനവികതയുടെ ഔന്നിത്യതിലെക് ഉയരുന്നതില്‍ പരിശ്രമിക്കുകയും തന്നലാവുംവിധം വിജയിക്കുകയും ചെയ്ത ഒരാദര്‍ശപുരുഷന്‍ എന്ന നിലയില്‍ അദ്ധേഹത്തെ ഞാന്‍ ആദരിക്കുന്നു ..സ്നേഹിക്കുന്നു.ഗന്ധിയിലെ നന്മകളെ അന്ഗീകരിക്കാന്‍ ഒരു വിമര്‍ശനവും തടസ്സമല്ല .ഗാന്ധിയുടെ ചിന്തകളിലെ ന്യൂനതകളെ കുറിച്ച് അജ്ഞനുമല്ല .മേഘങ്ങള്‍ക്ക് അപ്പുറത്ത് നിന്നും ഭൂമിയിലേക്ക്‌ അടര്‍ന്നു വീണ പ്രതിഭാസമാണ് ഗാന്ധിജി എന്ന് പറയാനുമില്ല.

No comments:

Post a Comment