To Freethinker...

ഇവിടെ ഓരോ മനുഷ്യനും പരിശീലിക്കപ്പെടുന്നതും വളരുന്നതും തയാറാക്കി നല്‍കിയ ഒരു മത മാതൃകയിലാണ്.കുഞ്ഞു നാള്‍ മുതല്‍ കുത്തി നിറയ്ക്കപ്പെട്ട ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിന് അവനു കരുത്ത് വേണം..തന്റെ സ്വാഭാവികതയെ മരവിപ്പിച്ച മതങ്ങളും പുരോഹിതന്മാരും പണിതുയര്‍ത്തിയ കോട്ടകള്‍ തച്ചുടയ്ക്കണം .ഈ പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലെക് തന്റെതായ ഒരു കാഴ്ച വേണം..വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ആ അന്വേഷനങ്ങളിലെക്കുള്ള അവന്റെ ചുവടുകള്‍ക്ക്‌ ധൈഷണികമായ ഒരു വീക്ഷണവും അതോടൊപ്പം സ്നേഹപരമായ ഹൃദയവും വേണം.അവന്‍ ശാസ്ത്രകാരന്റെ യുക്തിയും സഹൃദയന്റെ ഹൃദയ സാരള്യവും ഉള്ളവന്‍ ആയിരിക്കണം.അത്തരം ഒരാള്‍ ആകാന്‍ സ്വയം കരുത്താര്‍ജിക്കുന്ന ശാസ്ത്ര കുതുകിയും പ്രകൃതി സ്നേഹിയും ആയ ഒരു സാധാരണ മനുഷ്യന്‍.ഞാന്‍ ആത്യന്തികമായി മനുഷ്യ ശക്തിയില്‍ വിശ്വസിക്കുകയും മാനവികതയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു.ഈ പ്രപഞ്ചം എന്നെ സദാ അത്ഭുതം കൊള്ളിക്കുന്നു..എന്നാല്‍ അതിന്റെ പേരില്‍ മതങ്ങള്‍ പറഞ്ഞ ദൈവങ്ങളെയോ കഥകളെയോ തലയില്‍ ചുമക്കാന്‍ താല്പര്യം ഇല്ലാത്ത ഒരു സ്വതന്ത്ര ചിന്തകന്‍ ..എന്റെ അന്വേഷണം തുടരുന്നു .....
-----------------------------------------------------------------------------------------------------------------------------------

Friday, 13 July 2012

പുരോഹിതന്മാര്‍

പൂണൂലുകളും കൊന്തയുമെന്തി 
പുരോഹിതന്മാര്‍ നിക്കുന്നു !
വ്യഥകളിലുരുകും എന്‍ ഹൃദയത്തെ 
വിലയ്ക്ക് വാങ്ങാന്‍ നായാടാന്‍ ..
ജപമാലകളും മാന്ത്രിക വടിയും 
പുരോഹിതന്മാര്‍ നില്‍ക്കുന്നു !!
പുതിയ മതങ്ങള്‍ !പുതിയ മുഖങ്ങള്‍ !
പുതിയ പ്രവാചക വേഷങ്ങള്‍ !
അവര്‍ക്ക് പിന്നില്‍ മറഞ്ഞിരിപ്പൂ
അനുഗ്രഹിക്കും ദൈവങ്ങള്‍ !!
എന്നുടെ ശബ്ദം കേള്‍ക്കാത്തവരായി
ബധിരത പറ്റിയ ദൈവങ്ങള്‍ !
എന്നെക്കാണാന്‍ കഴിയാത്തവരായി 
അന്ധത മുറ്റിയ ദൈവങ്ങള്‍ !!
അവരുടെ പേരില്‍ വായ പിളര്‍ത്തിയ 
വഞ്ചികളെങ്ങുമിരിക്കുന്നു !
അതിന്റെ പിന്നില്‍ കയ്യുമുയര്‍ത്തി 
പുരോഹിതന്മാര്‍ നില്‍ക്കുന്നു !!
വേദാന്തത്തിന്‍ വാള്‍ത്തലകാട്ടി 
എന്നെ വിരട്ടി ഉരുട്ടുന്നു !
പാപിയെന്നു വിളിച്ചവരെന്നെ 
പ്രാര്‍ത്ഥനചൊല്ലി മയക്കുന്നു !
അവരുടെ അപദാനങ്ങള്‍ മുഴക്കാന്‍ 
അടയാളങ്ങള്‍ നല്‍കുന്നു !
ഭണ്ഡാരങ്ങളിലെന്‍ ചുടുരക്തം 
നാണയമാക്കി നിറയ്ക്കുന്നു !!
അവരെ എതിര്‍ത്താല്‍ നശിച്ച ദൈവം 
എനിക്ക് നരകം തന്നീടും !
അവര്‍ക്കുവേണ്ടി പടവെട്ടുമ്പോള്‍
അവന്റെ സ്വര്‍ഗം തന്നീടും !!
അള്‍ത്താരകളില്‍ എന്‍വിശ്വാസം 
മെഴുകുകളാക്കിക്കത്തിക്കും !
തീവെട്ടികളില്‍ എന്‍ നെടുവീര്‍പ്പുകള്‍ 
എണ്ണപടര്‍ത്തി ജ്വലിപ്പിക്കും !!
പരലോകത്തില്‍  മുന്തിരിവള്ളികള്‍ 
തണലുവിരിക്കും വഴിനീളെ ..
വരിവരി നില്‍ക്കും സുന്ദരിമാരുടെ
സ്തനവടിവങ്ങനെ വര്‍ണിച്ചും ,
സ്വര്‍ഗം!സ്വര്‍ഗ്ഗം!എന്ന് ഭ്രമിപ്പി-
ച്ചെന്നെമത്ത്‌ പിടിപ്പിച്ചും ..
എന്റെ ശവത്തിനു മഞ്ചലൊരുക്കി 
പള്ളികളെന്നെ വിളിക്കുന്നു !!
*****************************
പുരോഹിതന്മാര്‍ !പുരോഹിതന്മാര്‍ !
പറുദീസകളുടെ കാവല്‍ക്കാര്‍ !!
അവരുടെ ജയിലില്‍ ഇരുണ്ട മുറിയില്‍ 
വരം കൊടുക്കും ദൈവങ്ങള്‍ !!
തല കീഴായി ഞാന്നു കിടപ്പൂ
മത നേതാക്കള്‍ !മധ്യസ്ഥര്‍ !
നാളും പേരും എഴുതിയ തുണ്ടുക-
ളവരുടെ കൈകളിലേല്‍പ്പിച്ചാല്‍
അവര് പറഞ്ഞാല്‍ കേള്‍ക്കും ദൈവം !
അറുതി വരുത്തും പ്രശ്നങ്ങള്‍ !!
അധികാരങ്ങള്‍ക്കടരാടുന്നു
അവരുടെ ആളുകളുന്മാദം !
മത സംഘങ്ങള്‍ ,പ്രസ്ഥാനങ്ങള്‍ 
ചതുരംഗക്കളി തുടരുന്നു !!
സാമ്രാജ്യങ്ങളുടച്ചു തകര്‍ക്കാന്‍ 
ചാവേറുകളെ സൃഷ്ടിക്കാന്‍ ..
നിര്‍ധനരായ ചെറുപ്പക്കാരെ 
പലതും ചൊല്ലി മയക്കുന്നു ..
അവരുടെ സിരയില്‍ വീര്യം കൂടിയ 
മത വര്‍ഗീയത കുത്തുന്നു !!
അതുതീയാട്ടാളുംനേരം 
മണ്ണ് ചുവന്നു തുടുക്കുന്നു !!
അത്ഭുതമാര്‍ന്ന മനുഷ്യശരീരം 
ബോംബുകളായി പൊട്ടുമ്പോള്‍
വിശുദ്ധയുദ്ധം എന്ന് വലിച്ചതി -
ലൂറ്റംകൊള്ളും മൂഢന്‍മാര്‍ !!
വൈതരണീനദി നീന്തിക്കയറാന്‍,
ഏദന്‍തോട്ടം ചുറ്റിക്കാണാന്‍ ..
ഉജ്ജ്വല വാചാടോപമുയര്‍ത്തി 
ഗര്‍ജ്ജിക്കുന്നു പുരോഹിതവര്‍ഗം !
ഭാന്ധാരത്തിന്‍ താക്കോല്‍ക്കൂട്ടം
കൈകളിലിട്ടു ച്ചുഴറ്റീടും!
പിന്നതുവീഞ്ഞില്‍ മുക്കിയുയര്‍ത്തി 
ആരാധകരോടാരായും..
"പറുദീസകളുടെ പൂട്ടുതുറക്കാന്‍
ഈശ്വരനേകിയ സമാനം !  
നാസ്തികരായ മനുഷ്യ മൃഗങ്ങള്‍ 
നരകക്കുഴിയില്‍ മുങ്ങുമ്പോള്‍ 
നമുക്ക്പാര്‍ക്കാന്‍ അങ്ങകലത്തായി 
മുന്തിയ-മുന്തിയ കൊട്ടാരം !!"
പൊളിവാക്കുകളാലനുയായികളെ 
കബളിപ്പിപ്പൂ പാതിരിമാര്‍ !
കാശിയിലെക്കുംകാബയിലെക്കും 
തിരിഞ്ഞു നിന്ന് പെടുക്കരുത് !
അവനിലനില്‍ക്കും ദിക്കിലിരിപ്പൂ
അവനിക്കധിപതിയാം ദൈവം !
ആത്മീയതയുടെ നിയമാവലികള്‍ 
തുടരുന്നിങ്ങനെ പൊടിപൂരം !!
ത്യാഗികള്‍ ലോകഹിതത്തിനു നല്‍കിയ 
കാവ്യമനോഹര വാക്യങ്ങള്‍ 
ഛായംപൂശിയൊരുക്കി മിനുക്കി 
ഭഗവദ്‌ ഗീതയിലൂന്നി നിവര്‍ത്തി 
കാവിത്തുണിയും ചുറ്റിയൊരുങ്ങി
പാടുകയാണൊരു സന്യാസി !
തീര്‍ഥാടകരുടെ തുട്ടുകിലുങ്ങും 
കാണിക്കകളുടെ മുകളിരിക്കും 
പീഠംനോക്കി കൊതിയൂറിക്കൊ-
ണ്ടോട്ടുപിടിക്കും സന്യാസി !!
**************************
ഇടനിലനില്‍ക്കും കച്ചവടക്കാര്‍ 
ഇനിയും നിങ്ങളെ വഞ്ചിക്കും !
ഞാനീ ശബ്ദമുയര്‍ത്തീടുന്നത്  
അവരാരാണെന്നറിയിക്കാന്‍! !
ഞാനെന്‍ രക്തം നല്‍കീടുന്നത് 
അവരുടെ മുന്നില്‍ വിജയിക്കാന്‍ !!
പുരോഹിതന്മാര്‍ !പുരോഹിതന്മാര്‍ !
കരളില്ലാത്ത ചെകുത്താന്മാര്‍ !!


No comments:

Post a Comment